UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബ്ദം കുറയ്ക്കൂ അര്‍ണബ് ഗോസ്വാമി!

Avatar

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ ന്യൂസ് ഹവര്‍ പരിപാടിയില്‍ ജനകീയ പ്രസ്ഥാനങ്ങളെയും പൌരാവകാശ പ്രവര്‍ത്തകരേയും മോശം രീതിയില്‍ ചിത്രീകരിക്കുന്നു എന്നാരോപിച്ച് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ ടൈംസ് നൌ ചാനല്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അവര്‍ ഗോസ്വാമിക്കയച്ച കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ശ്രീ അര്‍ണബ് ഗോസ്വാമി,

ഞങ്ങള്‍, ഈ കത്തില്‍ ഒപ്പുവെച്ചവര്‍, പലതവണ രാത്രി 9 മണിക്ക് താങ്കള്‍ അവതരിപ്പിക്കുന്ന ന്യൂസ് അവര്‍ പരിപാടിയില്‍ പങ്കെടുത്തവരാണ്. ഈ പരിപാടിയില്‍ യുക്തിസഹമായ സംവാദത്തിനുള്ള ഇടം ചുരുങ്ങുന്നതും ജനകീയ മുന്നേറ്റങ്ങളെയും പൌരാവകാശ പ്രവര്‍ത്തകരേയും വളരെ മോശമായി ചിത്രീകരിക്കുന്നതും സംബന്ധിച്ച ആശങ്കകളാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്.

ഫെബ്രുവരി 17, 18 തിയ്യതികളിലെ ന്യൂസ് അവര്‍ പരിപാടിയില്‍, ഗ്രീന്‍പീസ് പ്രതിനിധി പ്രിയ പിള്ളയെ വിദേശയാത്ര ചെയ്യാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ച സംഭവത്തിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ ചില സാമൂഹ്യപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നു. തുടക്കം മുതല്‍ത്തന്നെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കൃത്യമായി പറയാനുള്ള അവസരം നിഷേധിച്ചു. അവരുടെ മൈക്കുകള്‍ നിശബ്ദമാക്കി എന്നു മാത്രമല്ല, നിരന്തരം തടസപ്പെടുത്തുകയും വെറുപ്പ് നിറഞ്ഞ ചീത്ത വിളിക്കുകയും ചെയ്തു. താങ്കള്‍ അവതാരകന്‍ എന്ന നിലക്ക് അതിനെ പ്രോത്സാഹിപ്പിക്കുകയും, പലപ്പോഴും അത് കൂട്ടിച്ചേര്‍ക്കുകയും അവരുടെ പ്രതികരണങ്ങളെ വീണ്ടും ഉച്ചത്തിലാക്കുകയും ചെയ്തു.

ഞങ്ങളുടെ വ്യക്തിപരമായ വേദനയും, അപമാനവും അല്ലെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരും, അവതാരകനും, ചാനലും  ബഹുമാനം നല്കാതിരുന്നതുമൊന്നുമല്ല പ്രശ്നമെന്ന് ആദ്യമേ വ്യക്തമാക്കട്ടെ.  ഇത്തരം പരിപാടിയില്‍ രൂക്ഷമായ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും ആളുകള്‍ ചൂടുപിടിച്ച രീതിയില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുമെന്നും ഞങ്ങള്‍ക്കറിയാം.

പക്ഷേ, സാമൂഹ്യപ്രവര്‍ത്തകരെ തുടര്‍ച്ചയായി വെറുപ്പ് നിറഞ്ഞ തരത്തില്‍ ‘ദേശ ദ്രോഹികള്‍’‘രാജ്യസ്നേഹമില്ലാത്തവര്‍’ എന്നു വിളിച്ച് അധിക്ഷേപിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു മാധ്യമ ഇടത്തില്‍ ഇത്തരം വിദ്വേഷജനകമായ വാക്കുകള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. നിയമ വ്യവഹാരങ്ങള്‍ നേരിടുന്നവരും പൊതുപ്രവര്‍ത്തകരുമായ പൌരാവകാശ പ്രവര്‍ത്തകര്‍ രാജ്യത്തു പലപ്പോഴും ആക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുകയും എന്തിന്, കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

മുമ്പും ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് പല അതിഥികളും താങ്കളെപ്പോലുള്ള അവതാരകരില്‍ നിന്നോ താങ്കളുടെ സഹപ്രവര്‍ത്തകരില്‍ നിന്നോ സമാനമായ അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. ഈ പ്രക്രിയയില്‍ ദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളിലെ ചര്‍ച്ചകളും വിമത ശബ്ദങ്ങളെയും വിയോജിപ്പുകളെയും മനപൂര്‍വം ഞെരുക്കിയൊതുക്കുന്ന നെടുങ്കന്‍ ചീത്തവിളി മാത്രമായി ചുരുങ്ങുന്നു. നിഷ്പക്ഷമായ, ന്യായയുക്തമായ, കൃത്യമായ രീതിയില്‍ നടത്തേണ്ട മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ചൊറിയുന്നു, അവരില്‍ ദുരുദ്ദേശം ആരോപിക്കപ്പെടുന്നു, അവരുടെ രാജ്യസ്നേഹത്തെ അധിക്ഷേപങ്ങള്‍ക്കൊണ്ട് ചോദ്യംചെയ്യുന്നു.

സാമൂഹ്യപ്രവര്‍ത്തകര്‍ ഇത്തരം പെരുമാറ്റത്തിന് വിധേയമാകുന്ന സന്ദര്‍ഭങ്ങളിലേക്ക് മാത്രം ഞങ്ങളുടെ പ്രതിഷേധം ചുരുക്കുന്നില്ല. ഞങ്ങളുടെ എതിരഭിപ്രായമുള്ളവരും ഇത്തരം പെരുമാറ്റം നേരിടുന്നതിനെ ഞങ്ങള്‍ ഇതേ പ്രതിഷേധത്തോടെ കാണുന്നു. വാദമുഖങ്ങളുടെ യുക്തിസഹമായ അവതരിപ്പിക്കലിനാണ് ഞങ്ങള്‍ മാധ്യമ ഇടം ആവശ്യപ്പെടുന്നത്-അനുകൂലവും എതിരും ആയ എല്ലാ അഭിപ്രായങ്ങള്‍ക്കും. ഞങ്ങളുടെ അഭിപ്രായങ്ങള്‍ അതേപടി മാധ്യമങ്ങള്‍ സ്വീകരിക്കാനല്ല.

മാധ്യമങ്ങളില്‍ നിന്നും സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെടേണ്ടതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ദേശീയ പ്രക്ഷേപണ സമിതിയുടെ (National Broadcasting Authority) മാധ്യമ പ്രവര്‍ത്തന നൈതികതകള്‍ മനപൂര്‍വം നിരന്തരമായി ലംഘിക്കപ്പെടുന്നു. NBA-യുടെ നൈതികത സംഹിതയുടെ (Code of Ethics) പ്രസക്തമായ ഭാഗങ്ങള്‍ ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

“ഏതെങ്കിലുമൊരു തത്പര സംഘത്തിന്റെ ആഗ്രഹങ്ങളോ, അഭിപ്രായങ്ങളോ, പ്രത്യേക വിശ്വാസമോ പ്രചരിപ്പിക്കുന്നതിനായി വാര്‍ത്തകള്‍ തെരഞ്ഞെടുക്കുകയോ, രൂപപ്പെടുത്തുകയോ ചെയ്യരുത്…”

“വാര്‍ത്തകളുടെ പൂര്‍ണവും നീതിപൂര്‍വ്വകവുമായ അവതരണം പ്രക്ഷേപകര്‍ ഉറപ്പുവരുത്തണം. അത് ഓരോ വാര്‍ത്താ നിലയത്തിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണ്. ജനാധിപത്യത്തില്‍ വിവിധ തരം വീക്ഷണങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ഓരോ വീക്ഷണത്തിനും ന്യായമായ സമയം അനുവദിച്ചുകൊണ്ട് വിവാദവിഷയങ്ങള്‍ യുക്തമായി അവതരിപ്പിക്കുന്നു എന്നു പ്രക്ഷേപകര്‍ ഉറപ്പുവരുത്തണം…”

ഒരു തര്‍ക്കത്തില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും അവരുടെ നിലപാട് അവതരിപ്പിക്കാന്‍ തുല്യത നകിക്കൊണ്ട് ടി വി വാര്‍ത്താ നിലയങ്ങള്‍ നിഷ്പക്ഷത പുലര്‍ത്തണം. നിഷ്പക്ഷ്ത എന്നാല്‍ എല്ലാവര്‍ക്കും തുല്യഇടം  നല്കുക എന്നല്ലെങ്കിലും  ആരോപണങ്ങള്‍ വാസ്തവം എന്ന രൂപത്തിലും കുറ്റകൃത്യങ്ങള്‍ എന്ന രീതിയിലും അവതരിപ്പിക്കാതിരിക്കാന്‍ വാര്‍ത്താ നിലങ്ങള്‍ ശ്രദ്ധിയ്ക്കണം.”

“വിദ്വേഷം നിറഞ്ഞ, പിന്തിരിപ്പനായ, മുന്‍വിധിയുള്ള, കൃത്യമല്ല എന്നറിയാവുന്ന, വ്രണപ്പെടുത്തുന്ന, വഴിതെറ്റിക്കുന്ന തരം വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത് ഒഴിവാക്കണം…”

ഇവിടെ സൂചിപ്പിച്ച ടെലിവിഷന്‍ പരിപാടികള്‍ സര്‍ക്കാരും രഹസ്യാന്വേഷണ വിഭാഗവും വെച്ചുപുലര്‍ത്തുന്ന ചില അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനുമായിരുന്നു രൂപപ്പെടുത്തിയത്. അതിലുണ്ടായിരുന്ന സാമൂഹ്യപ്രവര്‍ത്തകരെ പരസ്യമായി ചീത്തവിളിച്ചതും പരിഹസിച്ചതും ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ മാത്രമല്ല, അവതാരകന്‍ കൂടിയായിരുന്നു. നിഷ്പക്ഷതയും തൊഴില്‍വൈദഗ്ദ്ധ്യവും പ്രകടിപ്പിച്ചില്ല എന്നു മാത്രമല്ല ഒരു അവതാരകന്‍ എന്ന നിലയില്‍ രൂക്ഷമായും മറയില്ലാതെയും സ്വാഭിപ്രായവും ദുര്‍വാശിയും പുലര്‍ത്തുകയും നിങ്ങളില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമുള്ള അതിഥികളെ തടസപ്പെടുത്തിയും ബഹളം കൂട്ടി ആക്ഷേപിച്ചും ഒരിക്കല്‍ പോലും അവരുടെ അഭിപ്രായം പറയാന്‍ അനുവദിച്ചതുമില്ല. അവര്‍ക്ക് ന്യായമായ സമയം നല്‍കിയില്ല എന്നു മാത്രമല്ല, ഒരു അവതാരകന്‍ എന്ന നിലയില്‍ അവര്‍ ഉയര്‍ത്തിയ ന്യായമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ മിനക്കെട്ടതുമില്ല.  

സര്‍ക്കാര്‍ നിരത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അവസരം നല്‍കിയില്ല എന്നതില്‍ ഇതുകൊണ്ടൊക്കെ അത്ഭുതവുമില്ല. പകരം, സര്‍ക്കാര്‍ ആരോപണങ്ങള്‍ സ്വയം സംസാരിക്കുന്ന വസ്തുതകളായി അവതാരകനായ താങ്കള്‍ അവതരിപ്പിച്ചു. ഒരു സംഘടനയുടെ പ്രത്യേകിച്ചും സാമൂഹ്യപ്രവര്‍ത്തകരുടെ പൊതുവിലും ഉള്ള ‘ദേശ-വിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുണ്ടെന്ന് താങ്കള്‍ അവകാശപ്പെട്ടു. ചര്‍ച്ചക്കുവന്ന സാമൂഹ്യപ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ മനപൂര്‍വം ഞെരുക്കിയപ്പോള്‍ താങ്കള്‍ അവതാരകനെന്ന നിലയില്‍ സാമൂഹ്യപ്രവര്‍ത്തകരെ യാതൊരാടിസ്ഥാനവുമില്ലാതെ കമ്പ്യൂട്ടര്‍  ‘നുഴഞ്ഞുകയറ്റക്കാരെ’ ജോലിക്കുവെക്കുന്നവരെന്നും അവര്‍ ‘ഇന്ത്യക്കെതിരെ തെളിവ് നല്‍കിയെന്നും’ ആക്ഷേപിച്ചു.

ന്യൂസ് അവറില്‍ പല സന്ദര്‍ഭങ്ങളിലും സമാനമായ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. വെറുക്കപ്പെട്ട ഒരു സംബോധനയായി, വിളിച്ചുവരുത്തിയവര്‍ക്ക് ‘ദേശവിരുദ്ധര്‍’ എന്നു വസ്തുതകളുടെയോ നിയമത്തിന്റെയോ പിന്‍ബലമില്ലാതെ ചാര്‍ത്തിക്കൊടുക്കുന്നു. ഇതേ ഉദ്ദേശത്തില്‍ നക്സല്‍, ഭീകരവാദി, ഭീകരവാദി അനുഭാവി എന്നെല്ലാം വെറുപ്പിന്റെ ഭാഷയില്‍ ഉപയോഗിക്കാറുണ്ട്.

ആരെയെങ്കിലും ദേശീയവാദി, ദേശവിരുദ്ധന്‍, ഭീകരവാദി, എന്നൊക്കെ ചാനലുകള്‍ വിളിക്കുന്നത് അനൌചിത്യവും, നിരുത്തരവാദിത്തവുമാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അവരെ നിയന്ത്രിക്കേണ്ടത് അവതാരകനാണ്. ചര്‍ച്ചയുടെ നിയന്ത്രകന്‍ ഇത്തരം അധിക്ഷേപങ്ങള്‍ അനുവദിക്കുന്നതും അതേറ്റുവിളിക്കുന്നതും മാധ്യമശക്തിയുടെ കടുത്ത ദുരുപയോഗമാണ്.

നിര്‍ഭയ ബലാത്സംഗ സംഭവത്തിന്റെ ആദ്യ വാര്‍ഷികത്തില്‍ ഡിസംബര്‍ 2013-ഇല്‍ നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ മറ്റ് രണ്ടു സ്ത്രീവാദികളെ (ഫെമിനിസ്റ്റ്)  ‘സ്വതന്ത്ര ലൈംഗികതയില്‍ വിശ്വസിക്കുന്ന നക്സലുകള്‍’ എന്നു പലവട്ടം ആക്ഷേപിച്ചു. നക്സലൈറ്റ്, സ്വതന്ത്ര ലൈംഗികത എന്ന വാക്കുകള്‍ അത്ര അധിക്ഷേപകരമല്ല. മാത്രമല്ല, എല്ലാ ലൈംഗികതയും സ്വതന്ത്രമായിരിക്കുകയും വേണം. പക്ഷേ ഈ സന്ദര്‍ഭത്തില്‍ ആ വാക്കുകള്‍ അധിക്ഷേപത്തിനായാണ് ഉപയോഗിച്ചത്. ‘ഭീകരവാദി’‘വേശ്യ’ എന്ന ധ്വനിയില്‍, യുക്തിസഹമായ വാദത്തെ വഴിത്തിരിക്കാന്‍.

തീര്‍ച്ചയായും, നക്സലൈറ്റ് കാഴ്ച്ചപ്പാടോ, ബന്ധമോ ഉള്ളവര്‍ ഉള്‍പ്പെടുന്ന ചര്‍ച്ചയും നീതിയുക്തമായി നക്സല്‍ എന്ന വാക്ക് അധിക്ഷേപകരമായി ഉപയോഗിക്കാതെ നടത്തണം. കാശ്മീരിന്റെ സ്വയം നിര്‍ണയാവകാശത്തെ പിന്തുണക്കുന്നവര്‍, മറ്റൊരു രാജ്യത്തിന്റെ പ്രതിനിധികള്‍, വധശിക്ഷ നിര്‍ത്തലാക്കണമെന്ന് വാദിക്കുന്നവര്‍ എന്നിവരൊക്കെ പങ്കെടുക്കുമ്പോള്‍ അവരെ ഭീകരവാദികള്‍, ദേശവിരുദ്ധര്‍ എന്നൊക്കെ മുദ്ര കുത്താതെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അനുവദിക്കാനുള്ള ബാധ്യതയും വാര്‍ത്താ നിലയത്തിനുണ്ട്. ഈ സംഘടനകളും രാഷ്ട്ര നേതാക്കളുമൊക്കെയായി  സര്‍ക്കാരിന് ചര്‍ച്ച നടത്താമെങ്കില്‍ ദേശീയ ടെലിവിഷനില്‍ അല്പം മാന്യതയോടെ തങ്ങളെ കേള്‍ക്കാന്‍ അവര്‍ക്കവകാശമുണ്ട്.

സാമൂഹ്യപ്രവര്‍ത്തകരെയും എതിരഭിപ്രായങ്ങളെയും  അവഹേളിക്കുന്നതിലും, തൊഴില്‍ വൈദഗ്ദ്ധ്യത്തിന്റെയും നിഷ്പക്ഷതയുടെയും യുക്തിയുടെയും ന്യായത്തിന്റെയും അടിസ്ഥാന മൂല്യങ്ങളുടെ ലംഘനത്തിലും പ്രതിഷേധിച്ചു നിലവില്‍ ടൈംസ് നൌ ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. എന്‍‌ബി‌എ നല്കിയ നൈതിക രേഖയിലെ നിര്‍ദേശങ്ങളോട് ടൈംസ് നൌ അടക്കമുള്ള ടെലിവിഷന്‍ നിലയങ്ങള്‍ ഉത്തരവാദിത്തം പുലര്‍ത്തണമെന്ന് ആവശ്യപ്പെടലാണ് ഈ പ്രതിഷേധസൂചനയുടെ ലക്ഷ്യം. പൊതുസംവാദത്തെ പ്രോത്സാഹിപ്പിക്കാനും എതിരഭിപ്രായങ്ങളോട് ഉത്തരവാദിത്തതോടെ ഇടപെടാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള നിലപാടുകളുമായാണ് ഞങ്ങളീ നടപടിയെ കാണുന്നത്.

ആത്മാര്‍ത്ഥതയോടെ,

വൃന്ദ ഗ്രോവര്‍– അഭിഭാഷക, സുപ്രീം കോടതി
സുധ രാമലിംഗം– അഭിഭാഷക മദ്രാസ ഹൈക്കോടതി, പൌരാവകാശ പ്രവര്‍ത്തക
പമേല ഫിലിപ്പൊസ്– മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക
അരുണ റോയ്– വിവരാവകാശ, ജനാധിപത്യാവകാശ പ്രവര്‍ത്തക
അഞ്ജലി ഭരദ്വാജ്– വിവരാവകാശ പ്രവര്‍ത്തക
കവിത കൃഷ്ണന്‍– സ്ത്രീ മുന്നേറ്റങ്ങള്‍, ഇടതുപക്ഷ പ്രവര്‍ത്തക
കവിത ശ്രീവാസ്തവ– പൌരാവകാശ പ്രവര്‍ത്തക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍