UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യ കുമാര്‍: മിനി മോസ്‌കോയില്‍ നിന്നും ജെഎന്‍യുവിലേക്ക്

Avatar

അഴിമുഖം പ്രതിനിധി

‘ഈ കാലം കഴിഞ്ഞു പോകും. രാജ്യത്തിന് എതിരെ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ എന്റെ മകന് ഒന്നും സംഭവിക്കില്ല’, രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ അമ്മ മിനാ ദേവി പറയുന്നു. ‘ഒരു കോടതിയുണ്ട് ഇവിടെ. എനിക്ക് മകനിലും ദൈവത്തിലും വിശ്വാസമുണ്ട്’, അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബീഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ ബെഗുസരായ് എന്ന ജില്ലയിലാണ് ദേശദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ വീട്. മിനി മോസ്‌കോ എന്നാണ് കനയ്യയുടെ ഗ്രാമമായ ബിഹത് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കും പോലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കോട്ടയാണ് ഈ ഗ്രാമം.

‘ഞങ്ങളുടെ കുടുംബം മുഴുവന്‍ ഇടതുപക്ഷ ആശയക്കാരാണ്, കനയ്യയുടെ പിതാവ് അറുപത്തിയഞ്ചുകാരനായ ജയ്ശങ്കര്‍ സിംഗ് പറയുന്നു. 2013-ല്‍ പക്ഷാഘാതം വന്ന് ഇടതുവശം തളര്‍ന്ന അവസ്ഥയിലാണ് ജയ്ശങ്കര്‍. ചെറിയ കോണ്‍ട്രാക്ടറായിരുന്നു അദ്ദേഹം. രോഗബാധിതനായതിനുശേഷം ജോലിയൊന്നുമില്ല.


മിനാ ദേവിയുടെ വരുമാനം കൊണ്ടാണ് ഈ കുടുംബത്തിന്റെ ചെലവുകള്‍ നടന്നു പോകുന്നത്. അംഗന്‍വാടി സേവികയായ അവരുടെ മാസ ശമ്പളം 3000 രൂപ മാത്രവും. മൂത്തമകന്‍ അസ്സമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പണം നല്‍കി കുടുംബത്തെ സഹായിക്കാന്‍ കഴിയാറുള്ളൂ.

‘എനിക്ക് പത്താംക്ലാസ് വരേയേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ എന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഞാന്‍ ഉറപ്പുവരുത്തിയിരുന്നു’, ജയ്ശങ്കര്‍ പറയുന്നു. ‘ഞങ്ങളെപോലെയുള്ള പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മൂലധനം. എന്റെ മകന്‍ എന്തെങ്കിലും ദേശവിരുദ്ധ പരാമര്‍ശം നടത്തിയതായി വീഡിയോകളോ ഓഡിയോകളോ പുറത്തു വന്നിട്ടിട്ടില്ല. അവനെ കുടുക്കിയാണ്. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് അവന്‍’, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കനയ്യയ്യുടെ സഹോദരി വിവാഹിതയാണ്. മറ്റൊരു സഹോദരന്‍ ബിരുദാനന്തര ബിരുദത്തിനുശേഷം മത്സര പരീക്ഷകള്‍ക്കുവേണ്ടി പരിശീലിക്കുന്നു. നാലു മക്കളില്‍ മൂന്നാമനാണ് കനയ്യ. ജെ എന്‍ യുവില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ പിഎച്ച്ഡി ചെയ്യുന്ന കനയ്യ ബിഹാതിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്.

കനയ്യക്ക് മികച്ച അക്കാദമിക് റെക്കോര്‍ഡാണുള്ളതെന്ന് സഹോദരന്‍ പറയുന്നു. ആര്‍ കെ ചമരിയ ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് ഒന്നാം ക്ലാസോടെയാണ് വിജയിച്ചത്. മൊകാമ രാം രത്തന്‍ കോളെജില്‍ നിന്നും പ്ലസ് ടു കഴിഞ്ഞ അദ്ദേഹം പട്‌നയിലെ കോളെജ് ഓഫ് കോമേഴ്‌സില്‍ നിന്നും ബിരുദവും നേടി. സ്‌കൂള്‍ പഠന കാലത്തു തന്നെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച കനയ്യ ആ കോളെജിലെ എ ഐ എസ് എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് നളന്ദ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്നും എംഎ സോഷ്യോളജി എടുത്തു.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ ചരിത്ത്രില്‍ എ ഐ എസ് എഫുകാരന്‍ പ്രസിഡന്റാകുന്നത് ഇതാദ്യമായാണ്. ബീഹാറിന്റെ ലെനിന്‍ ഗ്രാഡ് എന്നും അറിയപ്പെടുന്ന ബിഹത് ഗ്രാമം തെഗ്രാ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കുവേണ്ടി കനയ്യ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എഐഎസ് എഫിന്റേയും ഐഐവൈഎഫിന്റേയും ഇവിടത്തെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗും സ്മൃതി ഇറാനിക്കും എതിരെ പ്രതിഷേധം നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍