UPDATES

ന്യൂസ് അപ്ഡേറ്റ്സ്

31 % മാത്രം വോട്ടു വിഹിതമുള്ള ഒരു സര്‍ക്കാരിന് 69%ത്തെ ദേശവിരുദ്ധരെന്ന് വിളിക്കാന്‍ അവകാശമില്ലെന്ന് അമര്‍ത്യാ സെന്‍

ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ നടന്ന എബിവിപി അക്രമങ്ങളെ സെന്‍ രൂക്ഷമായി വിമര്‍ശിച്ചു

മൊത്തം ജനസംഖ്യയുടെ ഒരു ന്യൂനപക്ഷം മാത്രം പിന്തുണയ്ക്കുന്ന ഒരു സര്‍ക്കാരിനും അതിനെ നയിക്കുന്ന പാര്‍ട്ടിക്കും ഭൂരിപക്ഷം ജനങ്ങളെ ദേശവിരുദ്ധരെന്ന് വിളിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ നടന്ന എബിവിപി അക്രമങ്ങളെ സെന്‍ രൂക്ഷമായി വിമര്‍ശിച്ചു. പൂര്‍ണമായും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നത്. ഒരു കാഴ്ചപ്പാടിനെ കുറിച്ച് സംവാദം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നിങ്ങള്‍ അത് ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് ഏറ്റവും അപകടകരമായ കാര്യമാണെന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാംജാസ് കോളേജില്‍ നടന്ന സെമിനാറില്‍ ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ ക്ഷണിച്ചതിന്റെ പേരില്‍ സെമിനാര്‍ എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയതിന് പിറകെ, അഭിപ്രായ സ്വതന്ത്രത്തിന്റെ പേരില്‍ കാമ്പസുകളെ ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാക്കി മാറ്റാന്‍’ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അഭിപ്രായപ്പെട്ടിരുന്നു. 31 ശതമാനം മാത്രം വോട്ടു വിഹിതമുള്ള ഒരു സര്‍ക്കാരിന് ബാക്കിയുള്ള 69 ശതമാനത്തെ ദേശവിരുദ്ധരെന്ന് വിളിക്കാന്‍ അധികാരമില്ലെന്ന് സെന്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെയും അതിനെ പിന്തുണയ്ക്കുന്നവരുടെയും ധിക്കാരമാണ് ഇതിലൂടെ വെളിവാകുന്നതെന്നും സെന്‍ പറഞ്ഞു. പൊതുജനസംവാദം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്.

മഹാരാഷ്ട്രയിലെയും ഒഡീഷയിലെയും തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ നേട്ടം നോട്ട് നിരോധന നടപടിയുടെ വിജയമായി കണക്കാക്കാനാവില്ലെന്ന് അദ്ദഹം വിലയിരുത്തി. നോട്ട് നിരോധനം ഇന്ത്യയ്ക്ക് മൊത്തത്തില്‍ എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ എന്ന് വിലയിരുത്തേണ്ട സമയമായിട്ടില്ല. നിലവില്‍ അത് ഒരു പ്രയോജനവും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. തെരുവിലെ യാചകര്‍ക്ക് ദാനം നല്‍കുന്നതിന് തുല്യമായ നടപടിയാണ് സാര്‍വത്രിക അടിസ്ഥാന വരുമാനം. ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള യുക്തമായ മാര്‍ഗ്ഗമാണ് അതെന്ന് താന്‍ കരുതുന്നില്ലെന്നും സെന്‍ പറഞ്ഞു.

അമര്‍ത്യ സെന്നിന്റെ ‘കളക്ടീവ് ചോയ്‌സ് ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍: എക്‌സ്പാന്റഡ് എഡിഷന്‍’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍