UPDATES

വായന/സംസ്കാരം

നാട്ടുകലാരൂപങ്ങളുടെ ‘ആട്ടക്കള’വുമായി സജിത മഠത്തില്‍

കൂടുതല്‍ കലാരൂപങ്ങള്‍ ‘ആട്ടക്കള’ത്തിലേക്ക് എത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഫണ്ട് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങാന്‍ ബുദ്ധിമുട്ടാണെന്ന് സജിത പറയുന്നു

ക്ലാസ്സിക്കല്‍ കലാരൂപങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ കേരളത്തില്‍ നൂറ്റമ്പതിലധികം ഗോത്ര, നാടോടി, അനുഷ്ഠാന കലാരൂപങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇതിലെത്ര കലാരൂപങ്ങള്‍ നിങ്ങള്‍ക്കറിയാം? പത്തോ പതിനഞ്ചോ കലാരൂപങ്ങളുടെ പേരുകള്‍ അറിഞ്ഞേക്കാം. എന്നാല്‍ പേരറിയാവുന്ന കലകളില്‍ തന്നെ എത്ര കലാകാരന്മാരെ അറിയാം? കലാരൂപങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യുന്നവര്‍ പോലും ഇതിന് ഉത്തരം പറയാന്‍ അല്‍പം ബുദ്ധിമുട്ടും. ഈ കലാരൂപങ്ങളെക്കുറിച്ചോ, കലാകാരന്‍മാരെക്കുറിച്ചോ എഴുതപ്പെട്ടതോ പകര്‍ത്തപ്പെട്ടതോ ആയ വിവരങ്ങള്‍ ലഭ്യമല്ല എന്നത് തന്നെയാണ് ഉത്തരം മുട്ടിക്കുന്നത്. എന്നാല്‍ ഇനി ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ‘ആട്ടക്കളം’ നല്‍കും. കലകള്‍, കലാകാരന്‍മാര്‍, അവരുടെ ജീവിതം അങ്ങനെ ഗോത്ര, നാടോടി, അനുഷ്ഠാന കലകളുമായി ബന്ധപ്പെട്ട അറിവുകള്‍ അവിടെ ലഭ്യമാവും. ഓരോ കലാരൂപങ്ങളുടേയും ആശാന്‍മാരെ/ആശാട്ടിമാരെ തേടി പിടിച്ച് അവരുടെ ജീവിതവും പെര്‍ഫോമന്‍സും ഓണ്‍ലൈന്‍ ഡോക്യുമെന്റ് ചെയ്യുക എന്ന ശ്രമകരമായ ഉദ്യമത്തിന് തയ്യാറെടുത്തിരിക്കുന്നത് നാടക, ചലച്ചിത്ര പ്രവര്‍ത്തകയായ സജിത മഠത്തില്‍ ആണ്. പത്ത് കലാരൂപങ്ങളും അവയെക്കുറിച്ചുള്ള വിവരങ്ങളും ഇപ്പോള്‍ തന്നെ ‘ആട്ടക്കള’ത്തില്‍ ലഭ്യമാണ്. കലാരൂപങ്ങളുടെ ഡോക്യുമെന്റേഷനുള്ള കേരളത്തിലെ പ്രഥമ സംരംഭവുമാണ് ‘ആട്ടക്കളം’.

സജിത മഠത്തില്‍ ആട്ടക്കളത്തെക്കുറിച്ച് പറയുന്നു;

ഡല്‍ഹി സംഗീത നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ഞാന്‍. ഡോക്യുമെന്റേഷന്‍ ആന്‍ഡ് ആര്‍ക്കൈവിങ്ങിന്റെ ചുമതലയായിരുന്നു. കേരളത്തിലെ പല കലാരൂപങ്ങളും അവിടെ ആര്‍ക്കൈവ് ചെയ്ത് വച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ ഇതിന്റെ ഡോക്യുമെന്റേഷന്‍ പല സ്ഥാപനങ്ങളായിട്ടാണ് ചെയ്യുന്നത്. ഫോക്‌ലോര്‍ അക്കാദമി കുറച്ചു ചെയ്യും, സംഗീത നാടക അക്കാദമി കുറച്ചു ചെയ്യും. പക്ഷെ ഇതൊന്നും നമുക്ക് ആവശ്യമുള്ളപ്പോള്‍ കാണാനുള്ള സൗകര്യങ്ങളൊന്നും തന്നെയില്ല. പിന്നെയുള്ളത് ഓരോ വ്യക്തികള്‍ യൂട്യൂബിലും മറ്റും ഇടുന്ന പോസ്റ്റുകളാണ്. അതിന് ചില പ്രശ്‌നങ്ങളുണ്ട്. ആ വീഡിയോ കാണാമെന്നല്ലാതെ അതാരാണ് ചെയ്തത്, എവിടെ വച്ച് ചെയ്തു, ആര്‍ട്ടിസ്റ്റുകള്‍ ആരാണ് തുടങ്ങിയ വിവരങ്ങളൊന്നും ലഭിക്കണമെന്നില്ല. ആര്‍ട്ടിസ്റ്റ് ഓറിയന്റഡ് ആയിരിക്കില്ല അത്. ഒരു കലാരൂപത്തിന്റെ വിവരങ്ങള്‍ എല്ലാം ലഭിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു സൈറ്റ് നമുക്ക് വേണ്ടതുണ്ട്. അങ്ങനെയൊരു സ്ഥലം വേണമെന്ന താത്പര്യത്തില്‍ നിന്നാണ് ആട്ടക്കളം ജനിക്കുന്നത്. (www.attakkalam.in/)

നാടന്‍ കല അക്കാദമിയില്‍ ക്ലാസെടുക്കുന്ന ആദിവാസി വൃദ്ധ; പഠിച്ചത് എട്ടാം തരം വരെ

ഇന്ത്യയില്‍ മലയാളിയായ സുധാ ഗോപാലകൃഷ്ണന്‍ തുടങ്ങിയ സഹപീഡിയ എന്ന സൈറ്റ് ആണ് കലാരൂപങ്ങളുടെ ഓണ്‍ലൈന്‍ ഡോക്യുമെന്റേഷന്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ മൊത്തം സംസ്‌കാരത്തെക്കുറിച്ച്‌  ഡോക്യുമെന്റേഷനാണ് അവര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആട്ടക്കളം ഒരു സംസ്ഥാനത്തെ കലാരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള വെബ്‌സൈറ്റാണ്. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തുണ്ടാവുന്നത്. ഒരു കലാകാരന്/ആശാന് മറ്റിടങ്ങളില്‍ പെര്‍ഫോം ചെയ്യാന്‍ പോവുമ്പോള്‍ അവരെ സംബന്ധിച്ച വിവരങ്ങള്‍ കൊടുക്കണമെങ്കില്‍ ഈ സൈറ്റില്‍ നിന്നുള്ള ലിങ്ക് കൊടുത്താല്‍ മതിയാകും. കലാകാരന്‍മാര്‍ക്ക് പലപ്പോഴും വെബ്‌സൈറ്റൊന്നും ഉണ്ടാക്കാന്‍ പറ്റിക്കൊള്ളണമെന്നില്ല. തുടക്കത്തില്‍ പരമാവധി ആര്‍ട്ടിസ്റ്റുകളേയും അവരുടെ കലാരൂപങ്ങളേയും കുറിച്ച് ആധികാരികമായ വിവരങ്ങള്‍ എഴുതി മറ്റുള്ളവര്‍ക്കായി നല്‍കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. എന്റെ മകന്റെ എഴുത്തിന്റെയും വായനയുടേയും മാധ്യമം ഇംഗ്ലീഷാണ്. അങ്ങനെയുള്ള കുറേ കുട്ടികള്‍ കേരളത്തിലുണ്ട്. പരമ്പരാഗത കലാരൂപങ്ങളിലേക്ക് അവരെ അടുപ്പിക്കണമെങ്കില്‍ അവരുടെ ഭാഷയില്‍ തന്നെ അവരോട് കാര്യങ്ങള്‍ പറയേണ്ടതുണ്ട്. കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികളായ കുട്ടികള്‍ക്ക് അവരുടെ നാട്ടിലെ കലാരൂപങ്ങളെക്കുറിച്ച് അറിവ് നല്‍കേണ്ടതാണ്. അവര്‍ക്ക് വേണ്ടി ആരെങ്കിലും ഈ അറിവൊക്കെ സൂക്ഷിച്ചുവക്കേണ്ടേ? അങ്ങനെ സൂക്ഷിച്ചുവക്കുന്ന സ്ഥലമാവണമിതെന്നാണ് ആഗ്രഹം.’

കലാരൂപങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യുന്നവര്‍ പോലും പലപ്പോഴും പ്രാഥമിക വിവരങ്ങള്‍ക്കപ്പുറം ഒന്നും ലഭിക്കാതെ നട്ടംതിരിയാറുണ്ട്. കലാരൂപങ്ങളെക്കുറിച്ച് അറിഞ്ഞാലും കലാകാരന്‍മാരെക്കുറിച്ച് അറിയാവുന്നവര്‍ വളരെ വിരളമാണ്. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് ഗവേഷക വിദ്യാര്‍ഥികള്‍ക്ക് കലാരൂപങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ പോലും ലഭിക്കുന്നതെന്ന് കാലടി സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകന്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ‘ആട്ടക്കള’ത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്.

ചുവര്‍ചിത്രകലയിലെ ആണ്‍കുത്തക തകര്‍ത്ത് ഒരു ചിത്രകാരി; സീമ സുരേഷിന്റെ വിശേഷങ്ങള്‍

സജിത തുടരുന്നു; ‘യൂണിവേഴ്‌സിറ്റികള്‍ക്കാണ് ഇത് ഏറ്റവും അത്യാവശ്യമായി വരിക. ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും കലകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പലപ്പോഴും ആഗ്രഹമുണ്ടാവും. എന്നാല്‍ ലഭ്യമായ അറിവുകള്‍ പലപ്പോഴും പരിമിതമാണെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ക്ക് കൂടി സഹായകരമായ രീതിയില്‍ കലാരൂപങ്ങളെ ഉള്‍പ്പെടുത്തുക എന്നതാണ് ഉദ്ദേശം. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്ന്, ഇതിന് വലിയരീതിയില്‍ ഗവേഷണം ആവശ്യമുണ്ട്. വീഡിയോ കണ്ടന്റും എഴുത്തും ഒരേപോലെ പ്രാധാന്യമുള്ളതാണ്. അതുപോലെ തന്നെ കലാരൂപങ്ങളെക്കുറിച്ചുള്ള ധാരണയും പ്രധാനമാണ്. ഈ മൂന്ന് കാര്യങ്ങളും ചേരുമ്പോഴേ അത് പൂര്‍ണതയിലെത്തൂ. ഒരു കലാരൂപം നോക്കുമ്പോള്‍ തന്നെ അതില്‍ കുറേ കാര്യങ്ങളുണ്ടെന്ന് നമുക്ക് മനസ്സിലാവും. ഓരോന്നിനും ഒരു പ്രമോ വീഡിയോ ഉണ്ടാവും. അടിസ്ഥാന വിവരങ്ങളുണ്ടാവും. കൂടുതല്‍ അറിയണമെങ്കില്‍ ഒരു മാസ്റ്ററിലേക്ക് പോവാം. ആ മാസ്റ്ററിലേക്ക് പോവുമ്പോള്‍ തന്നെ അദ്ദേഹം എവിടെയാണ് വര്‍ക്ക് ചെയ്യുന്നത്, ആ ഗ്രൂപ്പ് എങ്ങനെയാണ്, അദ്ദേഹം എങ്ങനെയാണ് കലാരംഗത്തേക്ക് വന്നത് എന്നുതുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അതിലും കുറേക്കൂടി വിശദാംശങ്ങളിലേക്ക് പോവണമെങ്കില്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ നിങ്ങള്‍ക്ക് കേള്‍ക്കാം, പെര്‍ഫോമന്‍സ് കാണണമെങ്കില്‍ അതുമാവാം. അദ്ദേഹത്തെക്കുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതും ഇതിന്റെ ഭാഗമായി വരും.

കേരളത്തില്‍ മുടിയേറ്റ് പോലുള്ള പോപ്പുലര്‍ കലാരൂപങ്ങളുണ്ട്. അതിനെക്കുറിച്ച് ആളുകള്‍ക്ക് കുറേ ധാരണകള്‍ മുമ്പ് തന്നെയുണ്ടാവും. അത്തരം കാര്യങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നത് താരതമ്യേന എളുപ്പമുള്ള കാര്യമാണ്. ഫണ്ടും അതിനുള്ള ടീമും ഉണ്ടായാല്‍ മതിയാകും. എന്നാല്‍ അത്ര പോപ്പുലര്‍ അല്ലാത്ത സ്റ്റേജിലൊന്നും പെര്‍ഫോം ചെയ്യാന്‍ കഴിയാത്ത ചില കലാരൂപങ്ങളുണ്ട്. അങ്ങനത്തെ കലാരൂപങ്ങളോട് പലര്‍ക്കും വലിയ താത്പര്യമുണ്ടാവില്ല. എന്നാല്‍ അത്തരം കലാരൂപങ്ങളും കേരളത്തിലുണ്ട്, അതിന് ആര്‍ട്ടിസ്റ്റുകളുമുണ്ട്. ഒരു പക്ഷേ ആ കലാരൂപത്തിനെക്കുറിച്ച് കേരളത്തില്‍ ലഭ്യമായ നിരവധി പുസ്‌കങ്ങളില്‍ ചുരുങ്ങിയ രീതിയില്‍ വിവരണങ്ങളുമുണ്ടാവാം. പക്ഷെ ആര്‍ട്ടിസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരിക്കില്ല. അവരെവിടെയാണ് ജീവിക്കുന്നത്, അവരെ എങ്ങനെ കാണാന്‍ പറ്റും, അവര്‍ ഈ കലയിലേക്ക് എങ്ങനെ വന്നു, എങ്ങനെയാണ് അതിജീവിക്കുന്നത്, അവര്‍ക്ക് എന്ത് ഫണ്ട് ആണ് കിട്ടുന്നത് തുടങ്ങിയ എല്ലാ കാര്യങ്ങളും പ്രധാനമാണ്. അതാണ് രണ്ടാമത്തെ ഘട്ടം.

ഗോത്രകലാരൂപങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, അനുഷ്ഠാന കലകള്‍, പാവകളി എന്നിവയാണ് ആട്ടക്കളം ഡോക്യുമെന്റ് ചെയ്യുന്നത്. ക്ലാസ്സിക്കല്‍ കലാരൂപങ്ങള്‍ ഇതിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം ക്ലാസ്സിക്കല്‍ കലാരൂപങ്ങള്‍ പലതും ഡോക്യുമെന്റ് ചെയ്യപ്പെട്ടതാണ്. എപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുന്നത് നാടന്‍, ഗോത്ര കലാരൂപങ്ങളാണ്. അവയുടെ ആര്‍ട്ടിസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരിടത്തും ലഭ്യമല്ല. അതുകൊണ്ട് ആട്ടക്കളം അവരെയാണ് ആദ്യം ഡോക്യുമെന്റ് ചെയ്യുന്നത്. അത് ആര്‍ട്ടിസ്റ്റുകള്‍ക്കും സഹായമാവുമെന്നാണ് കരുതുന്നത്. അതിന് ശേഷം മാത്രമേ ക്ലാസ്സിക്കല്‍ വേണമെങ്കില്‍ ആലോചിക്കുക പോലുമുള്ളൂ.’

കൂടുതല്‍ കലാരൂപങ്ങള്‍ ‘ആട്ടക്കള’ത്തിലേക്ക് എത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഫണ്ട് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങാന്‍ ബുദ്ധിമുട്ടാണെന്ന് സജിത പറയുന്നു. ‘ഇപ്പോള്‍ ഒരു ഫോര്‍മാറ്റ് ഉണ്ടാക്കി വെബ്‌സൈറ്റ് ലോഞ്ച് ചെയ്‌തെന്നേയുള്ളൂ. ഇനിയാണ് ഫണ്ട് കണ്ടത്തേണ്ടതും പ്രവര്‍ത്തനം തുടരേണ്ടതും. ഞാനും എന്റെ കൂട്ടുകാരി സുവര്‍ണയും കൂടിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതും. സുവര്‍ണ കേരളത്തിലെ ആദ്യത്തെ വനിത ഇടയ്ക്ക വായനക്കാരിയാണ്. ഞാന്‍ ഇങ്ങനെയൊരാശയം മുന്നോട്ട് വച്ചപ്പോള്‍ അവള്‍ക്കും താത്പര്യമായി. അങ്ങനെ ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് പല സുഹൃത്തുക്കളും ചെറിയ രീതിയിലുള്ള സംഭാവനകള്‍ ഇതിലേക്കായി നല്‍കി. പക്ഷെ ഇത് മുന്നോട്ട് പോവുന്നില്ല. ഫണ്ട് ഇല്ലാത്തത് തന്നെയാണ് പ്രശ്‌നം. ഇപ്പോള്‍ പത്ത് കലാരൂപങ്ങള്‍ ചെയ്തപ്പോള്‍ തന്നെ ഏഴ് ലക്ഷത്തിനടുത്ത് രൂപ ചെലവായിട്ടുണ്ട്. സോമതീരത്തിലെ ബേബി മാത്യു സാര്‍ അദ്ദേഹത്തിന്റേതായ പങ്ക് തരാമെന്ന് പറഞ്ഞു ഞങ്ങള്‍ക്കൊപ്പം എത്തി. ഒരു ഘട്ടത്തില്‍ ആട്ടക്കളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിന്നുപോകുമെന്ന അവസ്ഥയില്‍ അദ്ദേഹത്തിന്റെ സഹായങ്ങളാണ് ഞങ്ങളെ പിടിച്ചു നിര്‍ത്തിയത്‌. അങ്ങനെ അദ്ദേഹവും ഈ ട്രസ്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സംവിധായകന്‍ ലാല്‍, മനോജ് നിരക്ഷരന്‍, ബോബന്‍ മാമന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ എല്ലാവിധ പിന്തുണകളും നല്‍കി ഒപ്പം നിന്നു. അടുത്ത ഘട്ടത്തില്‍ എങ്ങനെ മുന്നോട്ട് പോവുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അതിനുള്ള പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. 25 കലാരൂപങ്ങളായിട്ട് നല്ല രീതിയില്‍ ഒരു ലോഞ്ചിങ് ഇവന്റ് ചെയ്യണമെന്നാണ്. പത്ത് കലാരൂപങ്ങളായി. ഇനി പതിനഞ്ചെണ്ണം കൂടി ഡോക്യുമെന്റ് ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ പദ്ധതി.

"</p

ഇതേവരെയുള്ള കലാരൂപങ്ങളുടെ റിസര്‍ച്ച് ഞാന്‍ തന്നെയാണ് ചെയ്തത്. എനിക്ക് അക്കാദമിയില്‍ ജോലി ചെയ്തതുകൊണ്ട്, കലാകാരന്മാരുമായി പരിചയമുള്ളതുകൊണ്ട് അത് മുന്നോട്ട് പോയി. എന്നാല്‍ അത് അങ്ങനെയല്ല വരേണ്ടത് എന്നറിയാം. മൂന്ന് പേരടങ്ങുന്ന ഒരു ടീം ഇതിനായി വേണ്ടതുണ്ട്. കണ്ടന്റ് എഡിറ്റ് ചെയ്യുക, അപ്ലോഡ് ചെയ്യുക, ഓരോ സ്ഥലത്തും പോയി ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക-അതിനെല്ലാമായി ഒരു ടീം വേണം. ഒരു വീഡിയോ ടീമും ആവശ്യമുണ്ട്. ഒരു യൂണിറ്റ് പോലെ തന്നെ വര്‍ക്ക് ചെയ്യേണ്ടതുണ്ട്. പത്ത് വീഡിയോകള്‍ക്ക് മാത്രമായിട്ട് ഒന്നര വര്‍ഷത്തെ പരിശ്രമം വേണ്ടി വന്നു. ഇപ്പോള്‍ ചെയ്തിട്ടുള്ള പത്ത് കലാരൂപങ്ങളില്‍ മൂന്നാലെണ്ണം നേരിട്ട് പോയി നമുക്ക് വേണ്ടി അവരുടെ പെര്‍ഫോമന്‍സ് പകര്‍ത്തി ഡോക്യുമെന്റ് ചെയ്തതാണ്. ചിലത് ഐഎഫ്എഫ്‌കെയിലും മറ്റും നടക്കുന്ന പരിപാടികള്‍ തന്നെ ഡോക്യുമെന്റ് ചെയ്തതാണ്. നമുക്ക് വേണ്ടി ചെയ്യിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ പേയ്‌മെന്റ് കൂടി കൊടുത്തുകൊണ്ടാണ് അത് ചെയ്യുന്നത്. ശരിക്കും നമ്മള്‍ നമുക്ക് വേണ്ടി തന്നെ ചെയ്യുന്ന അത്തരം വീഡിയോകള്‍ ആയിരിക്കും പെര്‍ഫക്ഷന്‍ ഉണ്ടാവുക. അതാണ് ചെയ്യേണ്ടതും. എന്നാല്‍ ഫണ്ട് ഇല്ലാത്തതുകൊണ്ട പലപ്പോഴും അല്ലാതെയും ചെയ്യേണ്ടി വരുന്നു. ഇവന്റ് ഡോക്യുമെന്റേഷനും ഫണ്ട് ആവശ്യമാണ്. ക്രൗഡ് ഫണ്ടിങ്ങ് വേണമോ എന്ന കാര്യം ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. അതുപോലെ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കുമോയെന്ന കാര്യവും അന്വേഷിക്കുന്നു.

വെബ്‌സൈറ്റിന്റെ ജോലികള്‍ മുന്നോട്ട് പോ വുമ്പോള്‍ ഒരു കലാകാരന്റെ ഓരോ പെര്‍ഫോമന്‍സുകളുടേയും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുമാവും. ഒരു മൊബൈല്‍ ആപ് വികസിപ്പിച്ചെടുക്കണമെന്നാണ് ആഗ്രഹം. കേരളത്തില്‍ ഒരാള്‍ വരുന്ന സമയത്ത് ഇന്ന സ്ഥലത്ത് നിങ്ങള്‍ക്ക് ഈ കലാരൂപം കാണാന്‍ കഴിയും എന്ന തരത്തില്‍ വിവരങ്ങള്‍ നല്‍കുന്ന ആപ്പ് ആണ് ഉദ്ദേശിക്കുന്നത്. അതാണ് വലിയ ലക്ഷ്യം എന്നുപറയുന്നത്. ഓഫ്ബീറ്റ് എന്ന സെക്ഷന്‍ ഉണ്ട്. അതില്‍ ഇപ്പോള്‍ ഒരു കൊച്ചുപെണ്‍കുട്ടി തെയ്യം കാണാന്‍ പോയ അനുഭവം എഴുതിയിട്ടുണ്ട്. അത്തരത്തില്‍ ആര്‍ക്കും ഒരു കലാരൂപം കണ്ടതിന് ശേഷം എഴുതണമെന്ന് തോന്നിയാല്‍ അത് ഞങ്ങള്‍ അയയ്ക്കാം. അതുവഴി കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും സൈറ്റിലേക്ക് ചേര്‍ക്കപ്പെടും. പക്ഷെ അത് സൈറ്റിന്റെ മെയിന്‍ കണ്ടന്റിന്റെ ഭാഗമായി നില്‍ക്കില്ല എന്നുമാത്രം”, സജിത പറയുന്നു.

ഏവര്‍ക്കും ഗുണം ചെയ്യുന്ന പദ്ധതിയില്‍ താത്പര്യമുള്ളവര്‍ പണവും, ആശയങ്ങളും നല്‍കി തങ്ങള്‍ക്കൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ‘ആട്ടക്കളം’ അംഗങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍