UPDATES

‘ആയിരം പൂക്കളില്‍ ഒരു മഹാബലിക്കഥ’; ചരിത്രം വരയ്ക്കുന്ന ചുവര്‍ചിത്രകല

എല്ലാം താത്ക്കാലികമായിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നതിനാല്‍ ചരിത്രം ഇങ്ങനെ രേഖപ്പെടുത്തേണ്ട ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.

‘ആയിരം പൂക്കളില്‍ ഒരു മഹാബലിക്കഥ’ പറയുകയാണ് ഗുര്‍ണിക്ക. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുര്‍ണിക്ക ആര്‍ട്സ് ഗ്യാലറിയാണ് ‘ആയിരം പൂക്കളില്‍ ഒരു മഹാബലിക്കഥ’ എന്ന ഈ ചിത്രം മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നത്. മലയാളികള്‍ കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ മഹാബലിക്കഥകളും അത്തച്ചമയത്തില്‍ തുടങ്ങി തിരുവോണ നാള്‍ വരെയുള്ള ആഘോഷവുമാണ് ചിത്രത്തിന് ആധാരം. മഹാബലിയെക്കുറിച്ചും മഹാബലി വാണിരുന്ന കാലത്തെക്കുറിച്ചുമുള്ള കഥകളില്‍ നിന്ന് തുടങ്ങി വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതും തന്റെ പ്രജകളെ കാണാനെത്തുന്ന മഹാബലിയേയും പ്രജകള്‍ മഹാബലിയെ വരവേല്‍ക്കുന്നതുമൊക്കെയാണ് ചിത്രത്തില്‍ നിറഞ്ഞു നില്ക്കുന്നത്.

കേരളത്തിന്റെ കാര്‍ഷിക ജീവിതവും മാറ്റക്കച്ചവട സമ്പ്രദായവും ജന്മി കുടിയാന്‍ വ്യവസ്ഥിതിയുമൊക്കെ നിറങ്ങളെക്കൊണ്ട് തീര്‍ക്കുന്ന ഈ ചരിത്രത്തില്‍ നിറയുന്നു. പഴയകാല ആഘോഷങ്ങള്‍ തൊട്ട് വര്‍ത്തമാനകാല ജനതയുടെ ആഘോഷങ്ങള്‍ വരെ പ്രതിപാദിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്നു വരികയാണ്. “ഒരു വര്‍ഷത്തോളമായി ഇത്തരമൊരു ചിത്രത്തെക്കുറിച്ച് ഗുര്‍ണിക്ക ചിന്തിക്കുന്നുണ്ടായിരുന്നു. ചിത്രം തയ്യാറാക്കുന്നതിനായി ആറു മാസക്കാലത്തോളം ഗവേഷണം വേണ്ടിവന്നു. ഇത്തരമൊരു ചിത്രം ക്യാന്‍വാസിലേക്ക് വരുമ്പോള്‍ ഏറ്റവും ഭംഗിയായ രീതിയില്‍ മിതത്വത്തോടെ അത് ചെയ്യണമെന്നത് ഗുര്‍ണിക്കയുടെ ആവശ്യമാണ്. രണ്ട് മാസം കൊണ്ടാണ് കലാകാരന്മാര്‍ ചിത്രം പൂര്‍ത്തിയാക്കിയത്”– ചിത്രത്തിനായുള്ള ഗവേഷണവും ഏകോപനവും നടത്തിയ സന്ദീപ് ആലിങ്കീല്‍ പറയുന്നു.

പരമ്പരാഗതമായി കാണുന്ന മഹാബലിയില്‍ നിന്നും വ്യത്യസ്തനാണ് ഗുര്‍ണിക്കയുടെ മഹാബലി. ‘ഒരു നാട് ഭരിച്ചിരുന്ന രാജാവ് എന്നുള്ള നിലയില്‍ മഹാബലിയെ ചിത്രീകരിക്കുമ്പോള്‍ അദ്ദേഹത്തെ ഒരിക്കലും ഒരു കുടവയറനായ വ്യക്തിയായി ചിത്രീകരിക്കാന്‍ പറ്റില്ല. അതുകാരണം തന്നെ ഈ ക്യാന്‍വാസില്‍ അദ്ദേഹം വ്യത്യസ്തനാകും. ചുവര്‍ചിത്രകല ഇത്തരം വ്യത്യസ്തമായ അടയാളപ്പെടുത്തലുകള്‍ക്ക് നല്ലൊരു മാധ്യമമാണ്. റിയലിസ്റ്റിക് ചിത്രത്തെക്കാള്‍ ചുവര്‍ ചിത്രത്തില്‍ ചില മാറ്റങ്ങളോടെ അവതരിപ്പിക്കാന്‍ ആണ് ഞങ്ങള്‍ ശ്രമിച്ചത്.

സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഇരുന്നൂറാമത് ടെസ്റ്റ് ആഘോഷത്തിന്റെ ഭാഗമായി ഗുര്‍ണിക്ക മുംബൈ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി ഒരു ചിത്രം ചെയ്തിരുന്നു. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനുവേണ്ടി ‘ആയുര്‍വേദ’ എന്നൊരു ചിത്രവും ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് വേണ്ടി ഫിഫ ലോകകപ്പിന് മുന്നോടിയായി ലോക ഫുട്ബോള്‍ താരങ്ങളെ മുന്‍നിര്‍ത്തിയും ഒരു ചിത്രം ചെയ്തു. ഇവയുടെ എല്ലാം പ്രത്യേകത ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വരച്ചു ചേര്‍ത്തിരിക്കുന്ന അതാത് വിഷയങ്ങളിലുള്ള ചരിത്രമാണ്.

“ജനങ്ങളുമായി പെട്ടെന്ന് സംവദിക്കുന്നത് അവരുടെ ചരിത്രമാണ്. മാത്രവുമല്ല ചരിത്രം ഇങ്ങനെ രേഖപ്പെടുത്തേണ്ട ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. എല്ലാം താത്ക്കാലികമാണ് ഇപ്പോള്‍. അപ്പോള്‍ ഇത്തരത്തില്‍ കാന്‍വാസിലും മറ്റ് മാധ്യമങ്ങളിലും അത് സൂക്ഷിക്കേണ്ടതുണ്ട്. അതിനാലാണ് ചരിത്രം ഗുര്‍ണിക്കയുടെ ചിത്രങ്ങളില്‍ ഇത്രയും പ്രാധാന്യത്തോടെ നിലനില്‍ക്കുന്നത്”– സന്ദീപ് പറഞ്ഞു.

2006-ലാണ് ഗുര്‍ണിക്ക ആര്‍ട്ട്സ് ഗ്യാലറി ആരംഭിക്കുന്നത്. 2007-ല്‍ കോഴിക്കോട് ജാഫര്‍ഖാന്‍ ഗ്രൗണ്ടില്‍ ഇരുന്നൂറിലേറെ ചിത്രങ്ങള്‍ സമന്വയിപ്പിച്ച് ചിത്രപ്രദര്‍ശനം നടത്തി. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലിന്റിന്റെ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഗര്‍ണിക്ക ആര്‍ട്സ് ഗ്യാലറിയുടെ കണ്‍സെപ്റ്റ് ആന്‍ഡ് ആര്‍ട്ട് ഹെഡ് മെഹറാബ് ബച്ചന്റെ കീഴില്‍ സന്ദീപ് ആലിങ്കീലിന്റെ ഗവേഷണത്തിന്റെ സഹായത്തോടെ നാല് കലാകാരന്മാര്‍ ചേര്‍ന്നാണ് ‘ആയിരം പൂക്കളാല്‍ ഒരു മഹാബലിക്കഥ’ പൂര്‍ത്തിയാക്കിയത്. സുമേഷ് ഷണ്മുഖന്‍, ദിലീപ് ബാലന്‍, കെ.പി അനൂപ്, എന്‍. ഷാജു എന്നിവരാണ് ചിത്രകാരന്മാര്‍. ഇവരെല്ലാം ചുവര്‍ ചിത്രകലയില്‍ അവരവരുടെ സ്ഥാനം ഉറപ്പിച്ചവരാണ്.

കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിച്ച ചുവര്‍ചിത്ര പ്രദര്‍ശനം ഒന്‍പതാം തീയതിവരെ നീളും. ‘ആയിരം പൂക്കളാല്‍ ഒരു മഹാബലിക്കഥ’യുടെ പകര്‍പ്പുകള്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നതാണ്.

ശില്‍പ മുരളി

ശില്‍പ മുരളി

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍