UPDATES

വായന/സംസ്കാരം

നൂറിലധികം യോനികളുടെ മോള്‍ഡ് എടുത്ത് കാസ്റ്റ് ചെയ്ത് നിര്‍മ്മിച്ച ശില്പം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്; യക്ഷിയില്‍ പോണോഗ്രഫി കാണുന്നവര്‍ 50 കൊല്ലം പിന്നിലേക്ക് പോവുകയാണ്

വലിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അജയകുമാറില്‍ നിന്ന് ഇത്തരത്തില്‍ ഉത്തരവാദിത്തത്തോടെയല്ലാത്ത സമീപനം പ്രതീക്ഷിക്കുന്നുമില്ല.

മലമ്പുഴ ഉദ്യാനത്തിൽ സ്ഥാപിച്ചിരിക്കുന്ന യക്ഷിയെന്ന പ്രതിമയ്ക്ക് അൻപതു വയസ്സും പ്രതിമാകാരനായ കാനായി കുഞ്ഞിരാമന് എൺപത്തി ഒന്ന് വയസ്സും തികയുന്നതിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി ഫെബ്രുവരി 26-ാം തീയതി മുതൽ മാർച്ച് 9-ാം തീയതി വരെ നീണ്ടുനിൽക്കുന്ന ‘യക്ഷിയാനം’ എന്ന പരിപാടി സംഘടിപ്പിക്കുകയാണ്. പരിപാടിയെ എതിര്‍ത്തുകൊണ്ട് സാംസ്കാരിക വകുപ്പ് പോണോഗ്രാഫിയെ ആഘോഷിക്കുകയാണ് എന്ന വിമര്‍ശനം ഉയര്‍ത്തുകയാണ് ലളിത കലാ അക്കാദമി മുന്‍ സെക്രട്ടറിയും കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്സ് മുന്‍ പ്രിന്‍സിപ്പാളുമായ അജയകുമാര്‍ തന്റെ ലേഖനത്തില്‍. (വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: ഒരു ‘പോണോഗ്രാഫി’ ശില്‍പ്പത്തിന്റെ 50 വര്‍ഷം ആഘോഷിക്കാന്‍ സര്‍ക്കാര്‍ 50 ലക്ഷം പൊടിക്കണോ?). ലേഖനത്തില്‍ ഉയര്‍ത്തിയ വാദങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ് ശില്പിയും കലാകാര്‍ സംഘടനയുടെ പ്രതിനിധിയുമായ ഹോചിമിന്‍ പി എച്ച്.

ഒരു ശില്‍പ്പമുണ്ടാക്കി അമ്പത് വര്‍ഷം പിന്നിടുമ്പോഴാണ് അതിന്റെ കലാമൂല്യത്തെക്കുറിച്ചുള്ള പരാമര്‍ശം വന്നിരിക്കുന്നത്. ഒട്ടുംതന്നെ അക്കാദമിക് അല്ലാത്ത ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശങ്ങളാണ് അജയകുമാറില്‍ നിന്ന് വന്നിരിക്കുന്നത്. ആ ശില്പം ഒരു സ്ത്രീയാണ് ചെയ്തിരുന്നതെങ്കിലോ? യോനി മാത്രം ചിത്രങ്ങളില്‍ കൊണ്ടുവന്ന എത്രയോ സ്ത്രീകള്‍ ഇവിടെയുണ്ട്. നൂറിലധികം സ്ത്രീകളുടെ യോനികളുടെ മോള്‍ഡ് എടുത്ത് കാസ്റ്റ് ചെയ്ത് ശില്പം ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സമൂഹത്തിനൊപ്പം ചിന്തിക്കുകയോ സമൂഹത്തിന്റെ ആവശ്യങ്ങളെ മറികടന്ന് ചിന്തിച്ച് വര്‍ക്ക് ചെയ്യുകയോ ചെയ്യുന്നവരാണ് ആര്‍ട്ടിസ്റ്റുകള്‍. കണ്ടംപററിയായ കാര്യങ്ങളെ സ്വാംശീകരിച്ച് വര്‍ക്ക് ചെയ്യുന്നവരാണ് ആര്‍ട്ടിസ്റ്റുകള്‍. കാനായി അന്ന് ചെയ്തത് അന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തവും പ്രാധാന്യമുള്ളതുമായിരുന്നു. അതിനെ പോണോഗ്രഫി എന്ന് പറഞ്ഞ് വിമര്‍ശിച്ച് അമ്പത് കൊല്ലം പിന്നിലേക്ക് പോവരുതെന്നാണ് അഭിപ്രായം.

അമ്പത് വര്‍ഷം മുമ്പ് നഗ്നശില്പം ചെയ്ത് അത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമ്പോള്‍ ധാരാളം വിമര്‍ശനങ്ങളും യോജിപ്പുകളും വിയോജിപ്പുകളുമുണ്ടായിരുന്നു. നഗ്നശില്പം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ പാടുണ്ടോ പാടില്ലേ എന്ന തരത്തിലുള്ള നിരവധി ചര്‍ച്ചകള്‍ ആ സമയത്തുണ്ടായി. അത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കി എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രാധാന്യവും. വര്‍ക്കിനെക്കുറിച്ച് പലര്‍ക്കും പല വിയോജിപ്പുകളുമുണ്ടാവാം. നമുക്ക് മുമ്പേ നടന്ന പല ആര്‍ട്ടിസ്റ്റുകളുടേയും വര്‍ക്കുകളില്‍ പലതരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടാവും. എന്നാല്‍ അവരെല്ലാം ഉണ്ടായത് കൊണ്ടാണ് നമ്മള്‍ വര്‍ക്ക് ചെയ്യുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്. മലമ്പുഴയിലെ ശില്പത്തെച്ചൊല്ലി, അതിന്റെ നഗ്നതയെച്ചൊല്ലി അമ്പത് വര്‍ഷം മുമ്പുണ്ടായ അതേ തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇത്രയും പുരോഗമിച്ച കാലത്തും ഉണ്ടായി വരുന്നത് നല്ല പ്രവണതയല്ല. അതിനെ പോണോഗ്രഫി എന്ന തലത്തിലേക്ക് എത്തിച്ച് കലാകാരനെയോ ആ വര്‍ക്കിനേയോ ആക്ഷേപിക്കുന്നതും ശരിയല്ല.

അമ്പത് വര്‍ഷം മുമ്പുള്ള ആര്‍ട്ടോ വിഷ്വല്‍ സെന്‍സിബിലിറ്റിയോ അല്ല ഇന്ന്. അന്നത്തെ വിസെന്‍സിബിലിറ്റിയുടെ പരിമിതികള്‍ പലതും ഒരു ആര്‍ട്ട് വര്‍ക്കിനുണ്ടായേക്കും. എന്നാല്‍ അതിനെ പോണോഗ്രഫിയെന്നോ നഗ്നതാ പ്രദര്‍ശനമെന്നോ തുടങ്ങിയ കേവല യുക്തികള്‍ക്കുള്ളിലേക്കെത്തിച്ചല്ല വിമര്‍ശിക്കേണ്ടതെന്നാണ് അഭിപ്രായം. നഗ്നത വരുന്ന ആര്‍ട്ട് വര്‍ക്കുകള്‍ നിരവധിയുണ്ടായിട്ടുണ്ട്. അത് ശില്പത്തിലേക്ക് വരുമ്പോള്‍ മാത്രം വിമര്‍ശിക്കപ്പെടുന്നതെന്തുകൊണ്ടാണ്? അതും ഒട്ടേറെ പുരോഗമിച്ച, വ്യക്തിസ്വാതന്ത്യത്തിന് വിലകല്‍പ്പിക്കുന്ന സമൂഹത്തില്‍ നിന്ന് അത് വീണ്ടും ഉണ്ടാവുന്നത് ഉത്തരവാദിത്തമുള്ള സമീപനമല്ല. കേരളത്തില്‍ ആദ്യമായി നഗ്ന സ്ത്രീശരീരം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് കാനായിയുടെ ശില്പത്തിലൂടെയാണ്. അതിനെ ഇക്കാലത്തും വിചാരണ ചെയ്യുന്നവര്‍ 50 വര്‍ഷം പിന്നോട്ട് പോവുകയാണ്. പുരുഷ കാമനകളുടെ പൂര്‍ത്തീകരണമെന്നും പോണോഗ്രഫിയെന്നും ശില്പത്തെ കാണുന്നത് സവര്‍ണ മനോഭാവത്തിന്റെ പ്രതിഫലനമാണ്. അത്തരം പരാമര്‍ശങ്ങള്‍ പുതുതലമുറയ്ക്ക് നല്‍കുന്ന മോശപ്പെട്ട സന്ദേശവുമാണ്.

ഒരു ശില്പത്തിന്റെ അമ്പതാം വാര്‍ഷികം ഇത്തരത്തില്‍ ആഘോഷിക്കപ്പെടണമോ എന്നത് വേറെ ചോദ്യം. അതിനോട് പലര്‍ക്കും വിയോജിപ്പുണ്ടാവാം. കലാകാരനോടും വ്യക്തിപരമായ വിയോജിപ്പുകള്‍ ചിലര്‍ക്കുണ്ടാവാം. പക്ഷെ ആ വിയോജിപ്പുകള്‍ ഇത്തരത്തില്‍ തീര്‍ക്കുന്നത് നെഗറ്റീവ് റിസള്‍ട്ട് ആണ് ഉണ്ടാക്കുക. വലിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അജയകുമാറില്‍ നിന്ന് ഇത്തരത്തില്‍ ഉത്തരവാദിത്തത്തോടെയല്ലാത്ത സമീപനം പ്രതീക്ഷിക്കുന്നുമില്ല.

(അഴിമുഖം പ്രതിനിധി ഹോചിമിനുമായി സംസാരിച്ച് തയ്യാറാക്കിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍