UPDATES

വായന/സംസ്കാരം

പുറത്താക്കപ്പെട്ടത് ശില്‍പ്പങ്ങള്‍ മാത്രമല്ല, ഒരു കലാ വിദ്യാര്‍ത്ഥിയുടെ ജീവിതം കൂടിയാണ്; തെരുവില്‍ ‘ഡിഗ്രി ഷോ’ നടത്തി തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥി

തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ ഡിഗ്രി ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സ്‌കള്‍പ്ച്ചര്‍ വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ശരത്ത് സതീശനാണ് മാനവീയം വീഥിയില്‍ ഇത്തരത്തിലൊരു ബദല്‍ പ്രദര്‍ശനം നടത്തുന്നത്

ആർഷ കബനി

ആർഷ കബനി

തിരുവനന്തപുരം മാനവീയം വീഥിയിലെ നീര്‍മാതള മരത്തിന്റെ ചുവട്ടില്‍ വെറും മണ്ണില്‍ ഏതാനും ശില്‍പ്പങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു. പൊടി പിടിച്ച, ജീര്‍ണിച്ച് തുടങ്ങിയ ശില്‍പ്പങ്ങള്‍. തീര്‍ച്ചയായും ഇതൊരു ‘എക്‌സിബിഷനാണ്’ ശില്‍പ്പങ്ങളുടേതല്ല, ഒരു കലാകാരന്റെ ജീവിതത്തിന്റെ പ്രദര്‍ശനം.

തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ ഡിഗ്രി ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സ്‌കള്‍പ്ച്ചര്‍ വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ശരത്ത് സതീശനാണ് മാനവീയം വീഥിയില്‍ ഇത്തരത്തിലൊരു ബദല്‍ പ്രദര്‍ശനം നടത്തുന്നത്. ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒരു വിഭാഗം അധ്യാപകരുടെ പരാതിയെ തുടര്‍ന്ന് കുറച്ച് കാലമായി ശരത്ത് സസ്‌പെന്‍ഷനിലായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാനുള്ള അവസരം നല്‍കണമെന്ന നിയമം ഉണ്ടായിരിക്കവെയാണ് ശരത്തിന് ഡിഗ്രി ഷോക്കുള്ള അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത്.

2014ല്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അഡ്മിഷന്‍ എടുത്ത കാലംതൊട്ട് തന്നെ അധ്യാപകര്‍ പ്രശ്‌നക്കാരനായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നതെന്ന് ശരത്ത് സതീശന്‍ പറയുന്നു. ഫൈന്‍ ആര്‍ട്ട്‌സ് കോളേജിലെ ഹോസ്റ്റലില്‍ ആണ്‍കുട്ടികള്‍ മാത്രമാണ് കാലങ്ങളായി താമസിച്ചുവരുന്നത്. ദൂരെ ദേശങ്ങളിലുള്ള പെണ്‍കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാനും ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കാനും ആവശ്യമായ വസ്തുക്കള്‍ നിരന്തരം കോളേജിലെത്തിക്കുന്നത് പ്രയാസമായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള വിവേചനങ്ങളെക്കുറിച്ച്‌ അധ്യാപകരോട് സംസാരിച്ച വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ശരത്തുമുണ്ടായിരുന്നു.

ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ പ്രവേശിക്കുന്നത് അധികൃതര്‍ പ്രശ്‌നമായി കണ്ടിരുന്ന സാഹചര്യത്തിലാണ് ഹോസ്റ്റലിന്റെ മുകള്‍ നിലയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന രീതിയില്‍ ഏറുമാടംപോലെ ഒന്ന് ശരത്ത് നിര്‍മ്മിച്ചത്. കോളേജിലെ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇതിന്റെ മുകളിലായി ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വാതിലില്‍ ഒരു പെണ്‍ നായയുടെ ചിത്രവും ശരത്ത് വരച്ചിരുന്നു. (അതിനെ ഇന്‍സ്റ്റലേഷന്‍ എന്ന് വിളിക്കാന്‍ കഴിയുമെങ്കിലും ശില്‍പ്പമാണതെന്നുതന്നെയാണ് ശരത്ത് പറയുന്നത്.) ഇതുവഴി നായയും പൂച്ചയുമെല്ലാം കയറിയിറങ്ങാന്‍ തുടങ്ങി ഒപ്പം പെണ്‍കുട്ടികളും ശരത്തൊരുക്കിയ വര്‍ക്ക് കാണാന്‍ എത്താന്‍ തുടങ്ങി. ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമെന്ന് അവകാശപ്പെട്ട ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ കയറിയത് ആധ്യാപകര്‍ക്ക് ദേഷ്യം തോന്നാന്‍ കാരണമായി എന്നാണ് ശരത്ത് പറയുന്നത്. ഇതിനെ തുടര്‍ന്ന് ഇത് പൊളിച്ചുമാറ്റുകയും ഒപ്പം ഹോസ്റ്റല്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ രണ്ട് ഊഞ്ഞാലുകള്‍ അധ്യാപകര്‍ അഴിച്ചുകളയുകയും ചെയ്തുവെന്നും ശരത്ത് പറയുന്നു.

ഇതിനിടയില്‍ മയിലാട് നടന്ന സ്റ്റോണ്‍ കാര്‍വിങ് ക്യാമ്പിലേയ്ക്ക്‌ ശരത്തിനെ ചില അധ്യാപകര്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഏറ്റവും അവസാനം ആ ലിസ്റ്റില്‍നിന്ന് പുറത്താക്കപ്പെടുകയാണുണ്ടായതെന്ന് ശരത്ത് പറയുന്നു. അലഞ്ഞുനടക്കുന്ന നായകളേയും, പൂച്ചകളേയും സംരക്ഷിക്കുന്ന പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സംഘടനയില്‍ ശരത്ത് വോളന്റിയറാണ്. ഇതിന്റെ ഭാഗമായി ഹോസ്റ്റലിലെത്തിയ ഒരു നായയെ ശരത്ത് ഭക്ഷണം കൊടുത്ത് വളര്‍ത്തിയിരുന്നു. അപ്‌ളൈഡ് ആര്‍ട്ടിലെ ഒരു അദ്ധ്യാപകന്റെ കാര്‍ ക്യാമ്പസില്‍വെച്ച് ഈ നായയെ ഇടിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ അധ്യാപകരോട് അപമര്യാദയായി പെരുമാറി എന്ന പേരില്‍ ശരത്തിനെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

അടുത്ത അധ്യയന വര്‍ഷത്തില്‍ പരീക്ഷയെഴുതാനായി ശരത്ത് സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ നിന്നും അനുകൂലമായ ഉത്തരവ് നേടി. പുതുതായി ചാര്‍ജെടുത്ത പ്രിന്‍സിപ്പല്‍ എ എസ് സജിത്ത് ശരത്തിനെ നാലാം വര്‍ഷ വിദ്യാര്‍ഥിയായി വീണ്ടും തിരിച്ചെടുത്തു.

സസ്‌പെന്‍ഷനില്‍ നില്‍ക്കുന്ന വിദ്യാര്‍ഥിയെ പുറത്താക്കണമെന്നായിരുന്നു അധ്യാപകരുടെ ആവശ്യം. ഇതിനിടയില്‍ അപ്‌ളൈഡ് ആര്‍ട്ടിലെ അധ്യാപികയുടെ കാര്‍ വീണ്ടും നായയെ ഇടിച്ചു. ഹര്‍ത്താല്‍ ദിനമായിരുന്നതിനാല്‍ മറ്റ് വാഹനമൊന്നും കിട്ടില്ലെന്നും നായയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ശരത് അധ്യാപികയോട് ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപിക അതിന് തയ്യാറായില്ല. വണ്ടിയോടിക്കാന്‍ താക്കോല്‍ നല്‍കാത്തതിനെ തുടര്‍ന്ന് ശരത്ത് താക്കോല്‍ പിടിച്ചുവാങ്ങി നായയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇതെത്തുടര്‍ന്ന് ബലമായി താക്കോല്‍ പിടിച്ചുവാങ്ങി, കാറില്‍ നായയെ ആശുപത്രിയില്‍ കൊണ്ടുപോയി എന്നൊക്കെ കാണിച്ച് അധ്യാപിക പരാതിപ്പെട്ടു. ശരത്തിനെ ഡിസ്മിസ് ചെയ്യണമെന്ന് അധ്യാപികയും അപ്ലൈഡ് ആര്‍ട്‌സ് വിഭാഗം സഹഅധ്യാപകരും സംഘടിതമായി ആവശ്യപ്പെട്ടു. പക്ഷെ പ്രിന്‍സിപ്പല്‍ എ എസ് സജിത്ത് വഴങ്ങിയില്ല. അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണെന്നും പരീക്ഷാവേളയായതിനാല്‍ പുറത്താക്കുന്നത് ആ വിദ്യാര്‍ത്ഥിയുടെ ഭാവി അതോടെ നശിക്കുമെന്നുമായിരുന്നു സജിത്തിന്റെ നിലപാട്. എന്നാല്‍ സജിത്തിനോട് മുന്‍പെ വൈരാഗ്യമുണ്ടായിരുന്ന അപ്ലൈഡ് ആര്‍ട്ടിലെ അദ്ധ്യാപകര്‍ ഈ പ്രശ്‌നത്തെ മുന്‍നിര്‍ത്തി രംഗത്തുവന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

അപ്ലൈഡ് ആര്‍ട്ടിലെ ഏറ്റവും ആധുനികമായ ഡിജിറ്റല്‍ ഡിസൈനുകളുടെ അപ്‌ഡേറ്റിംഗിലൊന്നും അപ്ലൈഡ് ആര്‍ട്ടിലെ അധ്യാപകര്‍ക്ക് താല്പര്യമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ചിത്രകാരനാണെങ്കിലും അപ്ലൈഡ് ആര്‍ട്ടിലെ ഏറ്റവും നൂതനമായ ഡിസൈന്‍ പദ്ധതികള്‍ എ എസ് സജിത്ത് അപ്ലൈഡ് ആര്‍ട്ട് വിഭാഗത്തിലെ അധ്യാപകരെ പരിചയപ്പെടുത്തിയിരുന്നെന്നും എന്നാല്‍ അദ്ധ്യാപകര്‍ അത്തരം നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയാണ് പതിവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അങ്ങനെ നിര്‍ദ്ദേശിക്കുന്നത് തന്നെ തങ്ങളുടെ കഴിവിനെ താഴ്ത്തിക്കെട്ടുന്ന നടപടിയാണെന്നാണ് അപ്ലൈഡ് ആര്‍ട്ട് അധ്യാപകര്‍ കരുതിയതെന്നും വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.

എന്നാല്‍ ശരത്തിന്റെ പേരിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് എ എസ് സജിത്ത് സസ്‌പെന്റ് ചെയ്യപ്പെടുകയായിരുന്നു. ഇതിനുശേഷം പ്രിന്‍സിപ്പല്‍ മാറിയപ്പോള്‍ അധ്യാപിക ശരത്ത് ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി നല്‍കുകയാണുണ്ടായത്. ഈ പരാതിയെ തുടര്‍ന്ന് ശരത്ത് രണ്ട് ദിവസം ജില്ലാ ജയിലിലായിരുന്നു.

അധ്യാപിക നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരികയാണ്. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും, അധ്യാപകരുടെ മത്സരത്തിനും വൈരാഗ്യത്തിനും ഇരയാണ് താനെന്നും ശരത്ത് പറയുന്നു. കലയെ വളര്‍ത്താന്‍വേണ്ടിയുള്ള കോളേജുകളില്‍ കലയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവുന്നതെന്നും ശരത്ത് ആരോപിക്കുന്നു.

ശരത്തിനെ തിരിച്ചെടുത്ത് പരീക്ഷാ കാലത്ത് വീണ്ടും പുറത്താക്കിയതിനു പിന്നില്‍ അദ്ധ്യാപകര്‍ക്ക് അവനോടുള്ള വ്യക്തി വൈരാഗ്യമാണെന്നാണ് മുന്‍പ്രിന്‍സിപ്പാള്‍ സജിത്ത് പറയുന്നത്. സസ്‌പെന്‍ഷനിലായിരുന്നതിനാല്‍ ശരത്ത് ഫീസ് അടച്ചിട്ടില്ലെന്നും അതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞതെന്നുമാണ് സജിത്ത് പറയുന്നത്. എന്നാല്‍ വ്യക്തിപരമായ തന്റെ അഭിപ്രായം ശരത്തിനെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണെന്നും, ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥിയുടെ ഭാവി നശിപ്പിക്കരുതെന്നും സജിത്ത് അഴിമുഖത്തോട് പറഞ്ഞു.

സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്ന് ശില്‍പ്പങ്ങളും, പെയിന്റിങുകളും എടുത്ത് മാറ്റണമെന്ന് ഫൈന്‍ ആര്‍ട്‌സ് കോളേജുകാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ശരത്ത് പറയുന്നു. ഇതിനെ തുടര്‍ന്ന് ശരത്ത് അടുത്തുള്ള ഒരു ഫാമിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ മഴ നനഞ്ഞതുമൂലം ശരത്തിന്റെ ചിത്രങ്ങള്‍ മുഴുവനായിതന്നെ നശിച്ചു പോയിരിക്കുകയാണ്. ബാക്കിയുള്ള ശില്‍പ്പങ്ങളും ജീര്‍ണ്ണിച്ച് തുടങ്ങിയിരിക്കുന്നു. പാഴ്ത്തടികളിലാണ് പല ശില്‍പ്പങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ പലതും ചിതലെടുത്തിരിക്കുന്നു.

ശരത്തിന്റ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ ശരത്തിന്റെ ചിത്രങ്ങളും, ശില്‍പ്പങ്ങളും കോളേജില്‍നിന്ന് മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത് നീതിയല്ലെന്നാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ശരത്തിന്റെ പേരില്‍ കുറ്റം ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ ശരത്തിന്റെ ചിത്രങ്ങളും ശില്‍പ്പങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ടത് ശരിയായ പ്രവര്‍ത്തനമല്ല എന്നാണ് ഒരു 4-ാം വര്‍ഷ വിദ്യാര്‍ത്ഥിനി പറയുന്നത്.

പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികളുടെ കൂടെ നില്‍ക്കാന്‍ കഴിയില്ലെന്നും മറ്റ് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തങ്ങള്‍ക്ക് വലുതെന്നുമാണ് ഡിഗ്രി ഷോയുടെ ചുമതലയുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അധ്യാപകന്‍ അഴിമുഖത്തോട് പ്രതികരിച്ചത്.

പെയിന്റിങ് വിഭാഗത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സുവര്‍ണ ചില അധ്യാപകരില്‍നിന്നു തനിക്ക് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പറയുകയുണ്ടായി. ന്യൂതന പ്രവണതകളെയൊന്നും അധ്യാപകര്‍ പിന്തുണക്കുന്നില്ലെന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണം തനിക്കും ഡിഗ്രി ഷോ ചെയ്യുന്ന സമയത്ത് പല തടസങ്ങളും നേരിട്ടുവെന്നും സുവര്‍ണ പറയുന്നു. “ഇത്തരത്തിലുള്ള അധ്യാപകരുടെ മനോഭാവം തന്നെയാണ് ശരത്തിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. പുതിയ ആശയങ്ങളെ തളര്‍ത്തുകയും വിദ്യാര്‍ത്ഥികളെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവണതകള്‍ മുന്‍പും കോളേജില്‍ ഉണ്ടായിട്ടുണ്ട്.” സുവര്‍ണ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസ വകുപ്പിലേക്ക് ഇത്തരം പ്രശ്‌നങ്ങളിലുള്ള പരാതികള്‍ നല്‍കിയിരുന്നതായും സുവര്‍ണ പറയുന്നു.

മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ല എന്ന രീതിയിലായിരുന്നു സജിത്തിനു പകരം ചാര്‍ജെടുത്ത പ്രിന്‍സിപ്പാള്‍ ലാലിന്റ സമീപനം.

ഇത്തരത്തില്‍ കലാജീവിതത്തിന്റെ സുരക്ഷിത ഇടങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ട ഒരാളുടെ ശില്‍പ്പങ്ങളാണ് മാനവീയം വീഥികളില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. കേസ് വിധിവരുമ്പോള്‍ ഈ വിദ്യാര്‍ത്ഥിക്ക് അനുകൂലമായാണെങ്കില്‍ അയാളുടെ നശിച്ചുപോയ ചിത്രങ്ങളുടെ, ശില്‍പ്പങ്ങളുടെ വില ആര്‍ക്കാണ് നല്‍കാന്‍ കഴിയുക? അക്കാദമിക്ക് ഇടങ്ങള്‍ കലയെ വളര്‍ത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം പുതുകലാകാരന്‍മാരെ തളര്‍ത്തുന്നതിന്റെ ഉദാഹരണമാണ് ശരത്തിന്റെ അനുഭവം. കലയെ വളര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്യാമ്പസില്‍ നിന്ന് പുറത്താക്കപ്പെട്ടത് ഈ വിദ്യാര്‍ത്ഥി മാത്രമല്ല. അയാളുടെ കലയും, ശില്‍പ്പങ്ങളുമാണ്. പുറത്താക്കപ്പെട്ട ഈ ശില്‍പ്പങ്ങള്‍ ഇവിടെയുണ്ട് കലാകാരനൊപ്പം ഈ തെരുവില്‍. മഴ നനഞ്ഞും, അഴുക്കില്‍ കുതിര്‍ന്നും.

Read More: സര്‍ജറി നടത്തുന്ന നാലാം ക്ലാസുകാരന്‍, ബംഗാളി ഡോക്ടര്‍, 200 രൂപയുടെ കോട്ടയ്ക്കല്‍ ലേഹ്യത്തിന് 2500 രൂപ; ഓപ്പറേഷന്‍ ക്വാക്കില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍