UPDATES

വായന/സംസ്കാരം

‘ഇതെന്റെ ജീവനും ഉപ്പുമാകുന്നു; എന്റെ സമരവും…’; പോളി വര്‍ഗീസ്‌ എന്ന അവധൂതന്‍

മോഹനവീണ ഉപാസകനും മലയാളിയുമായ പോളി വര്‍ഗ്ഗിസുമായുള്ള ചില ഓര്‍മ്മക്കുറിപ്പുകള്‍

ഗ്രാമി അവാര്‍ഡ് ജേതാവും മൈഹാര്‍ ഘരാനയിലെ പ്രമുഖ സംഗീതജ്ഞനുമായ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് എഴുപതു വര്‍ഷങ്ങളായി സഹയാത്ര ചെയ്ത മോഹനവീണ നാഗാലാന്‍ഡ് മ്യൂസിക് സൊസൈറ്റി മ്യൂസിയത്തിന് സംഭാവന നല്‍കിപ്പോള്‍ പറഞ്ഞത് ‘ഇനിയീ സംഗീത സൗന്ദര്യം ജനങ്ങള്‍ കണ്ടാസ്വദിക്കട്ടെ’യെന്നാണ്.

എന്നാല്‍ മകന്‍ സലില്‍ ഭട്ട് ഇങ്ങനെ ഫേസ് ബുക്കില്‍ കുറിച്ചിട്ടു ‘ഞങ്ങളുടെ നിലനില്‍പ്പിന്റെ ഒരു ഭാഗം അടര്‍ന്നു പോകുന്നത് പോലെയാണിത്.. എനിക്കിത് സഹിക്കാന്‍ കഴിയുന്നില്ല. കോപം കൊണ്ട് നിറയുകയാണ് എന്റെ മനസ്.’

ഒരു സംഗീത ഉപകരണം എങ്ങനെ ജീവിതത്തിന്റെ ഭാഗമാകുന്നുവെന്നാണിതെല്ലാം പറഞ്ഞുതരുന്നത്. എല്ലാവരും കാണട്ടെ ഈ സൗന്ദര്യമെന്നൊരാളും, ജിവിതത്തിന്റെ ഒരു ഭാഗം നഷ്ടമാകുന്നുവെന്ന് മറ്റൊരാളും വിളിച്ച ഈ അതിവിശിഷ്ടമായ സംഗീത സൗന്ദര്യമൊഴുകുന്ന മോഹനവീണയെ, ഒരു ഗോസായിയുടെയോ മാര്‍വാടിയുടെയോ ഉത്തരേന്ത്യന്‍ സംഗീത കുടുംബത്തിന്റെയോ പിന്‍ബലമില്ലാതൊരാള്‍ ഹൃദയത്തോട് അടുപ്പിച്ച് സൂക്ഷിക്കുന്നുണ്ട്. അയാളെ നമുക്ക് പോളി വര്‍ഗീസെന്ന് വിളിക്കാം. സംഗീതത്തിന്റെ അനന്ത വിശാലമായ ലോകത്ത് വെറും ഒരു കൈയ്യിലെ അഞ്ചു വിരലുകള്‍ മാത്രം മടക്കി എണ്ണിത്തീര്‍ക്കാവുന്ന പ്രതിഭകള്‍ മാത്രം ഉപയോഗിക്കുന്ന ഈ സംഗീതോപകരണത്തിലൊന്ന് പോളി വര്‍ഗ്ഗീസിന് അവകാശപ്പെട്ടതാണ്.

ആത്മാന്വേഷിയായ സൂഫിയെപ്പോലെ അലഞ്ഞുതിരിഞ്ഞ് പോളി കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേരളത്തിലുണ്ടായിരുന്നു. ചിരകാല സുഹൃത്തായ അടൂര്‍ പി സുദര്‍ശനോടൊപ്പം (കര്‍ണാടക സംഗീതജ്ഞന്‍) ചിലവിട്ട ചില സംഗീത സായന്തനങ്ങള്‍ രണ്ടു സരണികള്‍ക്കപ്പുറം രണ്ടു മനസുകള്‍ തമ്മിലുള്ള സംയോഗമായിരുന്നു. മ്യൂസിക്കല്‍ മാസ്‌ട്രോകള്‍ക്കൊപ്പം കഴിഞ്ഞ സമയങ്ങളില്‍ പോളിയുമായി നടത്തിയ സംവാദങ്ങളും സംഗീത ദര്‍ശനങ്ങളും ഇവിടെ പകര്‍ത്തുന്നു.

പോളി വര്‍ഗീസ്‌ സുഹൃത്തായ അടൂര്‍ പി സുദര്‍ശനോടൊപ്പം

ആദ്യ പ്രണയം പോലെ..

മോഹനവീണ ഒരു പ്രണയം പോലെയാണ് ജീവിതത്തിലേക്കെത്തിയത് എണ്‍പതുകളില്‍ ഒരു ബ്ലാക്ക് & വൈറ്റ് കാലത്ത് ചെറിയ ടെലിവിഷന്‍ പെട്ടിയില്‍ ആദ്യമായി പോളി അവളെ കാണുന്നു. ആദ്യകാഴ്ചയിലെ പ്രണയം പോലെ. പിന്നെ കണ്ടത് വിശ്വമോഹന്‍ ഭട്ടെന്ന സംഗീതകാരനെയാണ്. അദ്ദേഹമായിരുന്നു മോഹനവീണയുടെ സംഗീത തന്ത്രികളിലൂടെ പോളി വര്‍ഗീസ്സെന്ന കലാമണ്ഡലം വിദ്യാര്‍ത്ഥിയെ ത്രസിപ്പിച്ചത്.

മഹാഗുരുവിനെ കണ്ടെത്താനുള്ള അന്വേഷണം മനസില്‍ അലട്ടലായി കിടക്കുമ്പോള്‍ എത്തിച്ചേര്‍ന്നത് കല്‍ക്കത്തയില്‍- ശാന്തി നികേതനില്‍ കഴിഞ്ഞ നാളുകള്‍- ഒടുവില്‍ വിശ്വമോഹന്‍ ഭട്ടെന്ന ഗുരുസവിധം തേടി രാജസ്ഥാനിലേക്കുള്ള യാത്ര. ഇതിനിടെ വിശിഷ്ടനായ തഞ്ചാവൂര്‍ ഉപേന്ദ്രന്‍ എന്ന മൃദംഗ ഗുരു പകര്‍ന്നു നല്‍കിയ താളവും മനസിലേക്ക് ആവാഹിക്കുന്നു. ഒടുവില്‍ മൃദംഗത്തിന്റെ ഇരു തലകളിലുയരുന്ന താളത്തിനുപരി വലിച്ചു മുറുക്കിയ ആ സംഗീത തന്ത്രികളിലെ ഭാവമാണ് ജീവിത സഞ്ചാരമെന്നും തിരിച്ചറിയുന്നു.

അതുകൊണ്ട് തന്നെയാണ് പോളി സംഭാഷണമധ്യേ ‘ഒരാള്‍ നടക്കേണ്ടത് താളാത്മകമായല്ല, ഗാനാത്മകമയാണെ’ന്ന് പൊളിച്ചെഴുത്ത് നടത്തിയത്. ഇമോഷണലായ ജീവിതമാണ് വേണ്ടതെന്നും തന്റെ ഇമോഷണനുകള്‍ തന്റെ പ്രണയഭാജനമായ മൈഹാര്‍ ഘരാനയുടെ പാരമ്പര്യം വഹിക്കുന്ന മോഹനവീണയിലാണെന്നും അതിലുയരുന്ന മനോഹര ശബ്ദങ്ങള്‍ മനുഷ്യന്റെ സ്വനതന്ത്രികളുയിര്‍ക്കുന്നതിന് സമാനമാണെന്നും’ പോളി വ്യക്തമാക്കുന്നു.

‘ഇതെന്റെ ജീവനും ഉപ്പും ആകുന്നു. ഇത് ഞാന്‍ നിനക്ക് തരുന്നു. നിനക്കും ഇത് അതുപോലെതന്നെയായിരിക്കണം’; മോഹനവീണ പോളിക്ക് നല്‍കികൊണ്ട് വിശ്വമോഹന്‍ ഭട്ട് ഗുരു മൊഴിഞ്ഞത് ഇത്രമാത്രം. കര്‍ണ്ണാടക സംഗീതത്തിന്റെ ക്ലാസിക്ക് ഗരിമയിലെ ആലാപന സമ്പ്രദായത്തെ മോഹനവീണയിലേക്ക് പകര്‍ന്നൊഴുക്കാന്‍ ഭട്ട് വിരചിച്ച ഭാവങ്ങളിലൂടെ സഞ്ചരിച്ച പോളി വര്‍ഗ്ഗിസെന്ന ശിഷ്യനെ അത്രമാത്രം ഗുരു മനസിലാക്കിയിരുന്നു.

‘സംഗീതമെന്നത് ഉപ്പു നിറയുന്ന കണ്ണീരാണെന്നും ഭൂമിയുടെ മൂന്നിലൊന്നു കവര്‍ന്നെടുക്കുന്ന കടല്‍ നിറയുന്നതും ഉപ്പാണെന്നും ഉപ്പിന് വേണ്ടി സമരം ചെയ്തവരുടെ നാടാണ് നമ്മുടേതെന്നും ആ പാരമ്പര്യം തന്നെയാണ് സംഗീത’ത്തിനുള്ളതെന്നും പോളി പലതവണ ഓര്‍മ്മിപ്പിക്കുന്നു.

പോളി വര്‍ഗീസും ഗുരു പണ്ഡിറ്റ് വിശ്വ മോഹന ഭട്ടും

സംഗീതം സമരമാകുന്നു
‘സംഗീതം എന്റെ സമരമാണ് എന്റെ ആത്മ പ്രകാശമാണ്, എന്റെ സാന്നിധ്യമാണ്. ആസ്വാദകര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. മൈഹാര്‍ ഘരാനയിലെ ശിഷ്യപരമ്പരയിലെ അവസാന കണ്ണിയാണ് പോളി എന്ന് വാദിക്കാം. പോളിയുടെ സംഗീതം കേള്‍ക്കുമ്പോള്‍ മഴകൊള്ളുന്നുവെന്നും വെയിലുദിക്കുന്നുവെന്നും എന്തൊരു മനോഹരമാണിതെന്നും വാദിക്കാം. പോളി ഒരു മോശം സംഗീതകാരനാണെന്നും വാദിക്കാം. അത് കേള്‍വിക്കാരുടെ പ്രശ്‌നം മാത്രമാണ്. ഞാന്‍ എന്റെ വീണ വായിച്ചുകൊണ്ടേയിരിക്കും. എന്റെ മരണം വരെ അത് തുടരും. കാരണം എന്റെ ആത്മസഞ്ചാരമാണ് എന്റെ സംഗീതം. അത് ലഹരിയാണ്, മറ്റൊന്നിനും നല്കാന്‍ കഴിയാത്ത ലഹരി.’

‘നസ്രാണിക്കെന്തു സംഗീതം?’ ഈ അവഹേളനം കേട്ട നാളുകള്‍ വര്‍ഗ്ഗം കൊണ്ടും ജാതി കൊണ്ടും നിറംകൊണ്ടും ദേശീയത കൊണ്ടും കലയെ സംഗീതത്തെ ചട്ടക്കൂടുകളിലൊതുക്കുന്നവരുടെ ന്യായം മാത്രമാണതെന്ന് പോളി അടിവരയിട്ടു പറയുന്നു. ഇത്തരത്തിലുള്ള അവസ്ഥകളെ അഭിമുഖീകരിച്ചവരില്‍ സുദര്‍ശനുമുണ്ട്. ഇതൊക്കെ തന്നെയാണ് ഈ രണ്ടുപേരെയും ചേര്‍ത്ത് നിര്‍ത്തുന്നതും.

‘പേര്, ജാതി, മതം, ദേശീയത ഇവ നല്‍കുന്ന ബ്രാന്‍ഡുകളില്‍ എനിക്ക് വിശ്വാസമേയില്ല. ഭൂരിപക്ഷം വരുന്ന ദളിതരെ പീഡിപ്പിക്കുന്ന അഭിനവ ദേശീയതയെ ഞാനെന്തിന് പാടിപ്പുകഴ്ത്തണം?’ പോളി ഹൃദയം തുറന്നു സംസാരിക്കുന്നു. ‘ഇന്ത്യന്‍ കലകളുടെ, നൃത്തരൂപങ്ങളുടെ, സംഗീതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഉന്നതകുല വര്‍ഗ്ഗബോധത്തില്‍ നിന്നല്ല; വ്യഭിചാരശാലകളില്‍ നിന്നും ദേവദാസി ഗൃഹങ്ങളില്‍ നിന്നുമാണ്. അതുകൊണ്ടുതന്നെ സംഗീതത്തിന്റെ ക്ലാസിക് ഉത്തരവാദിത്വം ബ്രാഹ്മണരില്‍ നിക്ഷിപ്തമല്ല. കഥകളിയുള്‍പ്പടെയുള്ള ക്ലാസിക്ക് കലകളെല്ലാം കടം കൊണ്ടത് ഇങ്ങേ അറ്റത്തുള്ള ചില ഗോത്രകലകളില്‍ നിന്നുമാണ്. അവരുടെ പ്രകടനപരതയില്‍നിന്നുമാണ്.’

‘കര്‍ണ്ണാടക സംഗീതത്തെ ബാണികളിലും പണികളിലുമൊക്കെ ഒതുക്കുമ്പോള്‍ അതിന്റെ നൈസര്‍ഗികതയാണ് നിരാകരിക്കപ്പെടുന്ന’തെന്ന് സുദര്‍ശനനും വാദിക്കുന്നു. ഇത് ഒരു പരിധിവരെ അതിന്റെ ആസ്വാദനത്തെയും ആത്മ പ്രകാശത്തെയും ബാധിക്കുന്നതായും പോളി അഭിപ്രായപ്പെടുന്നു. എന്നാല്‍ സംഗീത ജീവിതത്തില്‍ അതീവ ഗണ്യമായ ഒരടിത്തറ നല്‍കുന്നതില്‍ കര്‍ണ്ണാടക സംഗീതത്തിന് സാധിച്ചുവെന്നും പോളി മനസിലാക്കുന്നു. മറ്റൊരു ഹിന്ദുസ്ഥാനി സംഗീതകാരനും ലഭിക്കാതെ പോയ ഈ ഭാഗ്യത്തില്‍ അദ്ദേഹം അഭിരമിക്കുകയും ചെയ്യുന്നു.

‘പണമുണ്ടാക്കുകയാണ് ആത്യന്തിക ലക്ഷ്യമെങ്കില്‍ എന്റെ അപ്പന്‍ കാണിച്ചുതന്ന പാതയില്‍ കൂടി മാത്രം സഞ്ചരിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ എനിക്ക് പറയാനുള്ളത് മറ്റു ചിലതാണ്, അതെന്റെ സംഗീതത്തിലൂടെ മാത്രമേ സാധിക്കു’വെന്നും പോളി വര്‍ഗീസ് സംഗീതകാരനായതങ്ങനെയാണെന്നും തിരിച്ചറിയപ്പെടുന്നു. ‘സാധാരണ ഒരാളെപ്പോലെ തന്നെ ഒരുപാട് ഡിപ്രഷന്‍ ഉണ്ട്. ജീവിതം ഒരു ഫൈറ്റാണ്. എന്റെ സംഗീതം എന്റെ ആയുധവും..’

അഭിമാനനിമിഷങ്ങള്‍
‘എല്ലാം എന്നെ തേടിയെത്തുകയായിരുന്നു. IWCF, യുഎന്നില്‍ പരിചയപ്പെടുത്തിയത് യുഎന്നില്‍ പോയി കച്ചേരി നടത്തിയിട്ടല്ല; എന്റെ കച്ചേരി ഡല്‍ഹിയില്‍ കേട്ടവരുടെ പ്രതിനിധി എനിക്ക് യുഎന്നിന്റെ സംഗീതകാരനെന്ന അംഗീകാരം നല്‍കുകയായിരുന്നു.

മറക്കാന്‍ പറ്റാത്ത സംഗീതം ചൊരിഞ്ഞ വേദികളും അഭിമാനം നിറഞ്ഞു നിന്നവയും, വിയന്നയിലെ മൊസാര്‍ട്ട് ചേമ്പറിലെ കണ്‍സേര്‍ട്ടും ചൈനീസ് ഓപ്പറാ കലാകാരന്‍മാര്‍ക്കൊപ്പം വായിച്ചതുമൊക്കെയാണ്. ഇന്ത്യന്‍ മ്യൂസിക്കിന്റെ പ്രാധാന്യം അവിടെയെല്ലാം ഞാന്‍ കണ്ടെത്തി. അത് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാവുന്നത് മനോധര്‍മ്മ പ്രധാനമാണെന്നതാണ്. അവരെങ്ങനെ പാടിയാലും നമുക്കവിടെയെത്താന്‍ കഴിയും. ഇന്ത്യന്‍ സംഗീതം പ്രത്യേകിച്ചും കര്‍ണ്ണാടക സംഗീതം എന്റെ അഭിമാനമാകുന്നതങ്ങനെയാണ്.

എന്നാല്‍ പോളി വര്‍ഗീസ് എന്ന അന്താരാഷ്ട്രപ്രശസ്തനായ സംഗീതകാരന്‍ വെറും നാലു കച്ചേരികള്‍ മാത്രമേ കേരളത്തില്‍ ചെയ്തിട്ടുള്ളൂവെന്നതാണ് സത്യം. സംഗീതം സിവിലൈസെഷന്റെ ഭാഗമാണെന്ന് പറയുമ്പോഴും കേരളത്തിലെ വേദികള്‍ ലഭിക്കാത്തതില്‍ ഒട്ടും പരിഭവമില്ലെന്നും പോളി അഭിമാനത്തോടെ പറയും. ക്യാന്‍സര്‍ സെ്ന്ററുകളിലും ചാരിറ്റി ഹോമുകളിലും കുറ്റവാളികളെന്ന് വിധിക്കപ്പെട്ടവര്‍ കഴിയുന്ന ജയിലിടങ്ങളിലും ഞാന്‍ എന്റെ വീണയുമായി കടന്നു ചെന്നിട്ടുണ്ട്. അവര്‍ക്ക് നല്‍കാന്‍ എന്റെ കൈയ്യില്‍ അത് മാത്രമാണുള്ളത്.

മതങ്ങള്‍ക്കപ്പുറത്ത്… സൂഫികളിലൂടെ
അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍, ഉത്തരേന്ത്യ തുടങ്ങിയ ഏതാണ്ട് ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളുടെ ഒരു ടെറിട്ടറി, മത-ജാതി-വര്‍ഗ്ഗ-ദേശങ്ങള്‍ക്കതീതമായി പകര്‍ന്നു കിടക്കുന്ന ഒന്നുണ്ടെങ്കില്‍ അത് സംഗീതം മാത്രമാണ്. സൂഫികളിലൂടെ, ബാവുല്‍ ഗായകരിലൂടെ, ഘരാനകളിലൂടെ സഞ്ചരിച്ചെത്തിയ സംഗീതം.

സൂഫികളെപ്പോലെ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയെ ചോദ്യം ചെയ്തവരായി ആരുമില്ല. സൂഫികള്‍ എല്ലായിടത്തുമുണ്ട്. അതൊരു പാരമ്പര്യമല്ല. പാരമ്പര്യം കൊണ്ട് ഒരാളും സൂഫിയാകുന്നില്ല. ആന്തരിക ചോദനയാണ് സൂഫിയുടെ ഗീതങ്ങള്‍. ദീക്ഷിതര്‍, ഷഡ്ക്കാല ഗോവിന്ദമാരാര്‍… ഇവരെല്ലാം സൂഫികള്‍ തന്നെയായിരുന്നു. എല്ലാം ഉപേക്ഷിച്ചവന് മാത്രമേ നിന്റെ കൈവശമുള്ള അര്‍ത്ഥത്തെ ചോദ്യം ചെയ്യാന്‍ അധികാരമുള്ളൂ. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഹിന്ദുവിന് ജനിച്ചത് എന്റെ പ്രശ്‌നമേയല്ല എന്ന് ഒരു സൂഫി പറഞ്ഞത്. അതിനുമുപരിയായി ഞാന്‍ ജനിച്ചിട്ടേയില്ല..! മരിച്ചിട്ടേയില്ല..! ഞാനൊരു ചിന്തമാത്രമാണെന്നാണ് സൂഫി പറയുന്നത്..

ഗീതഗോവിന്ദം: ഒരു മഴയുടെ ഓര്‍മ്മയില്‍
പോളി ഇവിടെ നിന്നും അടുത്ത താവളം നോക്കി പോകുന്നതിന് തലേദിവസം ആസൂത്രണം ചെയ്ത ഒരു മ്യൂസിക്കല്‍ പരിപാടി ശരിക്കും അമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു. സുദര്‍ശനും പോളിയും വെറും രണ്ടു മണിക്കൂര്‍ കൊണ്ട് സൃഷ്ടിച്ച ആ ജുഗല്‍ബന്ധി, കേരളത്തിലെത്തിയ ഈ വരവിന്റെ സംഗീത തിരുശേഷിപ്പായി ഉടന്‍ തന്നെ ആസ്വാദകര്‍ക്ക് മുന്‍പിലെത്തും. ഒരു പെരുമഴയില്‍ അനുയാത്രചെയ്ത മനോഹര സംഗീതമായി അത് നിലനില്‍ക്കുക തന്നെ ചെയ്യും. മധുരിതമായ മോഹനവീണാനാദം കര്‍ണ്ണാടകസംഗിതത്തിന്റെ അകമ്പടിയിലെത്തുമ്പോള്‍ അത് ആസ്വാദകരില്‍ മായ്ച്ചുകളയനാകാത്ത ഒരു അടയാളപ്പെടുത്തലായി അവശേഷിക്കും.

നല്ല മഴ പെയ്യുകയാണ്. പോളിയുടെ സംഗീതം കേള്‍ക്കാന്‍ ഞാനെത്തിയപ്പോഴെല്ലാം തിമിര്‍ത്തു പെയ്യുന്ന മേഘസാന്നിധ്യമുണ്ടായിരുന്നു, മഴയുടെ സംഗീതം പോലെ… ലോകത്തിന്റെ ഏതോ കോണുകളിലുള്ള അഞ്ചുപേര്‍ വായിക്കുന്ന മോഹനവീണയെന്ന അതുല്യ സ്വരതന്ത്രിയുമായി ലോകം നിറയെ അരാധകരുള്ള പോളി വര്‍ഗീസെന്ന് നാമമുള്ള ഈ അവധൂതനായ മനുഷ്യന്‍ നമ്മുടെ സംഗീത സംസ്‌കാരത്തിന്റെ വിശ്വപ്രതീകമാണെന്ന ബോധം അറിയാതെ മനസില്‍ നിറയുന്നു..

മോഹനവീണ
ഗ്രാമി അവാര്‍ഡ് ജേതാവായ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടാണ് മോഹനവീണ ഇന്ന് കാണും വിധം രൂപകല്പന ചെയ്തത്. പാശ്ചാത്യ സംഗീത ഉപകരണമായ ഹവലിയന്‍ ഗിറ്റാറും നമ്മുടെ സിത്താര്‍, സരോദ്, വീണ ഇവയെ വളരെ വൈദഗ്ധ്യത്തോടെ സംയോജിപ്പിച്ച ഉപകരണം. മടിയില്‍ വച്ച് വായിക്കുന്ന മോഹനവീണയ്ക്ക് 20 തന്ത്രികളുണ്ട്. വലിഞ്ഞു മുറുകിയ ഈ തന്ത്രികളുടെ പ്രത്യേകത കൊണ്ടുതന്നെ മോഹനവീണയുടെ ശബ്ദവിന്യാസം അനന്യമാകുന്നു, പോളി വര്‍ഗീസ് അദ്ദേഹത്തിന്റെതായ ചില മാറ്റങ്ങളും ഇതില്‍ വരുത്തിയിട്ടുണ്ട്.

മൈഹാര്‍ ഘരാന
ബാബാ എന്ന് അഭിമാനത്തോടെ വിളിക്കപ്പെടുന്ന സരോദ് വാദകനായ ഉസ്താദ് അല്ലാദ്ദീന്‍ ഖാന്‍ സൃഷ്ടിച്ച സംഗീതശ്രേണിയാണ് മൈഹാര്‍ ഘരാന. ഇരുപതാം നൂറ്റാണ്ടിലുണ്ടായ പ്രമുഖ ഘരാനകളിലൊന്നാണിത്. ദ്രുപദില്‍ നിന്നും ഒരുപാടു കടം കൊണ്ടിരിക്കുന്ന മൈഹര്‍ ഘരാന പണ്ഡിറ്റ് രവിശങ്കര്‍, നിഖില്‍ ബാനര്‍ജി, സരോദ് വാദകന്‍ ഉസ്താദ് അലി അക്ബര്‍ ഖാന്‍ അദ്ദേഹത്തിന്റെ പുത്രി അന്നപൂര്‍ണ്ണ ദേവി, ചെറുമകന്‍ ആശിഷ് ഖാന്‍ മുതലായവരും തരുണ്‍ ഭട്ടാചാര്യ, ഇന്ദ്രാണി ഭട്ടാചാര്യ, അലം ഖാന്‍ വസന്ത്‌റായി, വയലിനിസ്റ്റ് പണ്ഡിറ്റ് വിഷ്ണു ഗോവിന്ദ് ജോഗ്, ബ്രിജ്ഭുഷന്‍ കബ്ര, ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയ ഒട്ടേറെ പ്രമുഖരായ വിദ്വാന്‍മാരും മൈഹാര്‍ ഘരാനയുടെ പാരമ്പര്യം അവകാശപ്പെടുന്നു..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

സാമൂഹിക നിരീക്ഷകനാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍