UPDATES

വായന/സംസ്കാരം

ജീവിതം കൊണ്ട് മുറിവേറ്റ കെപിഎസി ശാന്തി; നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ മാലയുടെ കഥ

കെപിഎസിയുടെ നാടകവേദികളില്‍ നിറഞ്ഞു നിന്ന ശാന്തി ഇപ്പോള്‍ ജീവിത നാടക വേദിയില്‍ തളര്‍ന്ന് നില്‍ക്കുകയാണ്

ഏകദേശം അറുപത്തിയാറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് കൊല്ലം ചവറ തട്ടാശേരിയിലെ സുദര്‍ശന എന്ന ഓലക്കൊട്ടകയില്‍ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം ആദ്യമായി അരങ്ങേറിയത്. കേരള രാഷ്ട്രീയത്തെയും സാമൂഹ്യജീവിതത്തെയും ഇളക്കിമറിച്ച ഒരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്. കേരളത്തിലങ്ങോളമിങ്ങോളം പതിനായിരത്തോളം സ്‌റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ട ഈ നാടകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ ഭാഗവും കൂടിയാണ്. സോമന്‍ എന്ന പേരില്‍ തോപ്പില്‍ ഭാസി എഴുതിയ നാടകം മലയാള നാടകചരിത്രത്തിലും കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രത്തിലും നിര്‍ണായകമായ സ്ഥാനമാണ് പിന്നീട് അടയാളപ്പെടുത്തിയത്.

അന്ന് നാടകത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ‘മാല’ എന്ന പുലയപ്പെണ്ണായി രംഗത്ത് വന്നത് കെപിഎസി സുധര്‍മ്മയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം കെപിഎസി ആ നാടകം രംഗത്ത് പുനഃരവതരിപ്പിച്ചപ്പോള്‍ മാലയുടെ വേഷത്തില്‍ രംഗത്ത് വന്നത് തിരുവനന്തപുരം കരമന സ്വദേശി ശാന്തി. തികച്ചും യാദൃശ്ചികമായാണ് ശാന്തി കെപിഎസിയില്‍ എത്തുന്നത്. മാലയായി നിരവധി വേദികളില്‍ പ്രത്യക്ഷപ്പെട്ട ശാന്തി പിന്നീട് കെപിഎസിയുടെ തുലാഭാരം, അശ്വമേധം എന്നീ നാടകങ്ങളിലും അഭിനയിച്ചു.

ആറു വര്‍ഷത്തോളം കെപിഎസിയുടെ ഭാഗമായി നാടകവേദികളില്‍ നിറഞ്ഞു നിന്ന ശാന്തി ഇപ്പോള്‍ ജീവിത നാടക വേദിയില്‍ തളര്‍ന്ന് നില്‍ക്കുകയാണ്. സ്വന്തമായൊരു വീടോ നിത്യവൃത്തിക്ക് വരുമാനമാര്‍ഗമോ ഇല്ല. ജോലിക്കിടെ വീണു കിടപ്പിലായ അച്ഛന്‍ നാരായണന്‍ നായരെയും കൊണ്ട് ശാന്തി വാടക വീടുകളില്‍ നിന്നു വാടക വീടുകളിലേക്കും ആശുപത്രികളിലേക്കും ഉള്ള യാത്രകളിലാണ്. ശാന്തിയുടെ അമ്മ സുശീല നാലു വര്‍ഷം മുമ്പ് മരിച്ചു. ഒരേയൊരു സഹോദരി കല്യാണം കഴിഞ്ഞു ഭര്‍ത്താവിനോടൊപ്പമാണ്. ശാന്തിക്ക് കലാ രംഗത്ത് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. എന്നാല്‍ അച്ഛന്‍ കിടപ്പിലായതും അമ്മയുടെ പെട്ടെന്നുള്ള മരണവും ശാന്തിയുടെ ജീവിതം ഇരുട്ടിലാക്കുകയായിരുന്നു.


കെപിഎസി ശാന്തി ജീവിത നാടകത്തെ കുറിച്ചും നാടക ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു

കരമനയാണ് സ്വദേശം. പഠിച്ചതൊക്കെ ഇവിടെ തന്നെയാണ്. ഡിഗ്രിക്ക് ആദ്യം ഞാന്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ചേര്‍ന്നിരുന്നു. പിന്നീട് കെപിഎസിയില്‍ വന്നപ്പോള്‍ പ്രൈവറ്റിലേക്ക് മാറി. ഡിഗ്രിക്ക് ചേര്‍ന്ന് ഉടനെയാണ് കെപിഎസിയില്‍ നടിയാകുന്നത്. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ആയിരുന്നു ആദ്യ നാടകം. അതില്‍ നായിക മാലയായിട്ടായിരുന്നു. പിന്നെ തുലാഭാരത്തിലും നായികയായിരുന്നു. അഡ്വ വത്സല എന്ന കഥാപാത്രമായിരുന്നു അതില്‍. വിജയ എന്ന കഥാപാത്രവും മാറി ചെയ്തിട്ടുണ്ട്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഞാന്‍ അഭിനയിക്കുമ്പോള്‍ സുലോചനാന്റി (കെപിഎസി സുലോചന) ജീവിച്ചിരിപ്പുണ്ടായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം ആദ്യത്തെ അരങ്ങില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ ആന്റി ഓടി വന്നു കെട്ടിപ്പിടിച്ചു രണ്ടു കവിളിലും ഉമ്മ തന്നിട്ട് പറഞ്ഞു ‘നീ പ്രശസ്തയായ ആര്‍ടിസ്റ്റായി തീരു’മെന്ന്. അതുപോലെ കെ ടി മുഹമ്മദ് സാറും അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. എനിക്കു പുള്ളിയെ അറിയത്തില്ലായിരുന്നു. പുള്ളിയും എന്നെ അഭിനന്ദിച്ചു. അപ്പോള്‍ എന്റെ കൂടെ നിന്ന ആര്‍ടിസ്റ്റുകള്‍ പറഞ്ഞു, കാലില്‍ വീഴ്, കാലില്‍ വീഴെന്ന്. കാലില്‍ വീഴണോ ഇതാരാണെന്ന് എനിക്കറിയില്ലല്ലോ എന്നു ആലോചിച്ചു ഞാന്‍ മടിച്ചു നിന്നു. കെ ടി മുഹമ്മദ് സാറാണ്, കാലില്‍ വീഴെന്ന് അവര് വീണ്ടും പറഞ്ഞു. മുഹമ്മദ് സാറാണെന്ന് അറിഞ്ഞ ഉടന്‍ ഞാന്‍ കാലില്‍ വീണു. അപ്പോള്‍ സാര്‍ ഉടനെ തന്നെ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു, ‘നീ ലോക പ്രശസ്തയായ ഒരു സിനിമാ നടി’യാകുമെന്ന്. പക്ഷേ ഇതുവരെ ആയിട്ടില്ല. അന്ന് കുഴപ്പമില്ലാത്ത സൗന്ദര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ആശുപത്രിയും വീടും മാത്രമായി ഓടിയോടി എന്റെ ഗ്ലാമറൊക്കെ പോയി.

ഞാന്‍ കെപിഎസിയില്‍ ആദ്യമായിട്ടു പോകുമ്പോള്‍ എന്റെ കൂടെ തോപ്പില്‍ ഭാസിയുടെ അനിയന്റെ ഭാര്യ ശാന്ത കെ പിള്ള ഉണ്ടായിരുന്നു, പിന്നെ ഒരു കൃഷ്ണകുമാരി ഉണ്ടായിരുന്നു. അവരൊക്കെ പഴയ ആര്‍ടിസ്റ്റുകള്‍ ആയിരുന്നു. കെപിഎസിയില്‍ രണ്ട് ടീം ഉണ്ടായിരുന്നു. എയും ബിയും. രണ്ടും ഒരു പോലെയാണ്. രണ്ടിലും നല്ല ആള്‍ക്കാരായിരുന്നു. ഒരുപാട് പേരെ ഇന്റര്‍വ്യൂ നടത്തി, ആരും ശരിയാകാത്തത് കൊണ്ട് സലാം എന്നൊരു അങ്കിള്‍ പറഞ്ഞിട്ടാണ് എന്നെ വിളിച്ചത്. ‘ശാന്തി എന്നൊരു കുട്ടിയുണ്ട് നന്നായി അഭിനയിക്കും. പോയി വിളിച്ച് നോക്കൂ, വരുമോന്നറിയത്തില്ലെന്നാണ്’ സലാം പറഞ്ഞത്. അങ്ങനെ പാര്‍ട്ടി ഓഫീസില്‍ നിന്നു എന്നെ ഇങ്ങോട്ട് വന്നു വിളിക്കുകയായിരുന്നു. എംഎന്‍ സ്മാരകത്തിലെ സുരേന്ദ്രന്‍ അങ്കിളും സിപിഐയുടെ നേതാക്കളും കൂടെ വന്നാണ് എന്നെ വന്നു വിളിച്ചത്. ആദ്യം പോകത്തില്ല എന്നു തന്നെ തീരുമാനിച്ചതാണ്. അച്ഛന്‍ പറഞ്ഞു നാടകത്തില്‍ ഒക്കെ പോയാല്‍ പേര് ദോഷം വരുമെന്ന്. കെപിഎസി ആണ്, നല്ലതാണ് എന്നൊക്കെ അടുത്തുള്ളവരൊക്കെ പറഞ്ഞു. അച്ഛന്‍ പാര്‍ട്ടിക്കാരനായിരുന്നു. അച്ഛന്‍ ആദ്യകാലം മുതല്‍ തന്നെ സിപിഎമ്മിന്റെ കൂടെയാണ്. ഞാനും അമ്മയും എല്ലാം സിപിഎമ്മുകാരായിരുന്നു. എന്തുകൊണ്ടോ സിപിഎമ്മിനോട് വല്ലാത്ത ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ചെങ്കൊടി പിടിച്ച് അഭിനയിക്കാന്‍ പോയത്.


നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നിരവധി വേദികളില്‍ കളിച്ചിട്ടുണ്ട്. ആദ്യത്തെ വേദി ഏതാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. എണ്ണമൊന്നും ഓര്‍മ്മയില്ല. വടക്കോട്ട് ഒട്ടുമിക്ക സ്ഥലങ്ങളിലും കളിച്ചിട്ടുണ്ട്. നിരവധി പാര്‍ട്ടി സമ്മേളന വേദികളില്‍ ഈ നാടകം അവതരിപ്പിച്ചിരുന്നു. ‘അധിനിവേശം’ എന്ന നാടകത്തിലും ഞാന്‍ നായികയായിരുന്നു. അത് പുതിയ തലമുറയ്ക്ക് വേണ്ടി എടുത്തതാണ്. കെ ഭാസ്‌ക്കരന്‍ സാറാണ് അത് എഴുതിയത്. ആ നാടകം ആറ്റുകാല്‍ അമ്പലത്തിലും കളിച്ചിട്ടുണ്ട്. സിപിഐയുടെ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് പത്രങ്ങളില്‍ എല്ലാം എന്റെ പടം വന്നിട്ടുണ്ട്. ഇതിനിടയില്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ ഡയറക്ട് ചെയ്ത ഒരു നാടകത്തില്‍ അഭിനയിച്ചു. അത് തിരുവനന്തപുരം നിശാഗന്ധിയില്‍ കളിച്ചു. കെപിഎസിയില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തില്‍ അധികം ഉണ്ടായിരുന്നു. പിന്നീടും ഇടയ്ക്കിടെ പോകുമായിരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷത്തില്‍ അധികമായി തീരെ പോയിട്ടില്ല. സിനിമയില്‍ അഭിനയിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. സീരിയലിലും താത്പര്യം ഉണ്ട്. പലരും വിളിച്ചായിരുന്നു. പക്ഷേ അതിലോട്ട് പോകാന്‍ പറ്റിയിട്ടില്ല.

കെപിഎസിയില്‍ ആദ്യം ചെന്നപ്പോള്‍ എനിക്കു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം എടുത്തു തന്നു. ഇതൊന്നു നോക്കാന്‍ പറഞ്ഞു. പിന്നെ കുറച്ചു ഭാഗം ചെയ്തു കാണിക്കാന്‍ പറഞ്ഞു. ഞാന്‍ അഭിനയിച്ചത് അവര്‍ക്ക് ഇഷ്ടപ്പെട്ടു. എനിക്കറിയത്തില്ല നന്നായിട്ടാണോ അഭിനയിച്ചതെന്ന്. നന്നായിട്ടുണ്ടെന്ന് അവര്‍ തമ്മില്‍ തമ്മില്‍ പറയുന്നതു കേട്ടു. അതേ സമയം തന്നെ തുലാഭാരം എന്ന നാടകത്തിലെ ചില ഭാഗങ്ങളും പറയിപ്പിച്ചു നോക്കി. അതും കറക്ടായിട്ട് അഭിനയിച്ചപ്പോള്‍ ഈ കുട്ടി കൊള്ളാമെന്ന് അവര്‍. പിന്നെ അശ്വമേധം എടുത്തു തന്നു. അതും അഭിനയിപ്പിച്ചു. ഏത് വേഷവും ഈ കുട്ടി ചെയ്യും ഓകെ ആണെന്ന് അവര്‍ പറഞ്ഞു. രണ്ടു ദിവസത്തെ റിഹേഴ്‌സല്‍ ആയിരുന്നു ഇങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനുണ്ടായിരുന്നത്. മൂന്നാമത്തെ ദിവസം സ്‌റ്റേജില്‍ അവതരിപ്പിച്ചു. എനിക്കു പകരം അഭിനയിച്ചു കൊണ്ടിരുന്ന നടിക്ക് പെട്ടെന്നു സുഖമില്ലാതായി, അതാണ് രണ്ട് ദിവസം കൊണ്ട് എന്നെ പഠിപ്പിച്ച് മൂന്നാം ദിവസം അരങ്ങില്‍ കയറ്റിയത്. അങ്ങനെ മാല ക്ലിക്കായി. അതില്‍ ചിത്രഗീതം പരിപാടിപോലെ ഒത്തിരി പാട്ടുകള്‍ ഉണ്ടായിരുന്നു. കുറെ ഡയലോഗ്‌സ് കഴിയുമ്പോള്‍ അടുത്തത് പാട്ടാണ്. പത്തു പതിനാറ് പാട്ടുകള്‍ ഉണ്ട്. റിഹേഴ്‌സലിനിടയില്‍ ദൈവമേ ഇതൊക്കെ ഞാന്‍ അഭിനയിച്ചു തീര്‍ക്കണോ. ഇതൊക്കെ എവിടെ ചെന്നു നില്‍ക്കുമോ എന്തോ എന്നാണ് ഞാന്‍ ആലോചിച്ചത്. പിന്നെ അഭിനയിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് ഭയങ്കര രസമായിട്ട് തോന്നി.

എന്നും നാടകത്തിനിടയില്‍ എന്റെ കൈ മുറിയും. മാല ചീനി അരിയുന്നതു കൊയ്ത്തരിവാള്‍ വെച്ചാണല്ലോ. എനിക്ക് ഈ കൊയ്ത്തരിവാള്‍ വെച്ചൊന്നും അരിയാന്‍ അറിയത്തില്ല. എനിക്ക് അതൊന്നും അരിഞ്ഞ് ശീലവും ഇല്ല. അപ്പോള്‍ അവര്‍ എന്നോടു പറയും, പണ്ടത്തെ മാല എന്നു പറഞ്ഞാല്‍ ഒരു പുലയി പെണ്‍കുട്ടിയാണ്. അവള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെങ്കൊടി പിടിച്ചവളാണ് എന്നൊക്കെ. മാല ചീനി അരിയുമ്പോള്‍ നിര്‍ത്താതെ അരിയുകയും വേണം. മുറത്തില്‍ വീഴുകയും വേണം. ഒരു മുറം നിറയെ ചീനി തയാറാക്കി വെച്ചിട്ടുണ്ടാവും. കുത്തിയിരുന്നു ചീനി അരിയുമ്പോള്‍ മിക്കവാറും എന്റെ ബ്ലഡും അതിന്റെ കൂടെ വീഴും. ഞാന്‍ സഹിച്ചു പിടിച്ച് അരിയും. അവിടെ കയ്യടിക്കുമ്പോള്‍ ഇവിടെ എന്റെ കൈ മുറിഞ്ഞിട്ടുണ്ടാവും. എന്റെ കയ്യില്‍ നിന്നു ബ്ലഡ് വന്നുകൊണ്ടേയിരിക്കും. സെറ്റ് വര്‍ക്ക് ചെയ്യുന്നവര്‍ ഓയിന്‍മെന്റുമായി കര്‍ട്ടനു സൈഡില്‍ നില്‍ക്കും. ഇടയ്ക്കു അവര്‍ ഓയിന്‍മെന്റ് വെച്ചു തരും.

നാടകാഭിനയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ മിക്ക ജില്ലകളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഒരു മോശം അനുഭവവും എനിക്കു ഉണ്ടായിട്ടില്ല. അന്ന് സീരിയലിലും സിനിമയിലും ഒക്കെ പോകണം എന്നുണ്ടായിരുന്നു. പക്ഷേ അച്ഛന് ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഒരഭിനേത്രിയായി അറിയപ്പെടുന്നത് എന്റെ ഭാവിയെ ബാധിക്കും എന്ന് അച്ഛന്‍ കരുതിയിരിക്കണം.

കെപിഎസിയില്‍ നിന്നു എനിക്കു ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. കെപിഎസിയില്‍ അങ്ങനെ ഒന്നു ഉണ്ടാവില്ല. അവര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല കെയര്‍ കൊടുക്കുന്നവരാണ്. അവിടെ ആഴ്ചയില്‍ ഒരിക്കലോ മാസത്തിലൊരിക്കലോ സ്‌പെഷല്‍ കമ്മറ്റി കൂടും. ഒരാള്‍ മോശമായിട്ട് പെരുമാറിയാല്‍ അത് നമ്മള്‍ പറഞ്ഞു കൊടുത്താല്‍ ആ ആളിനെ അന്നേരം തന്നെ എടുത്തു കളയും. അതുപോലെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ മദ്യപിക്കുകയോ മറ്റോ ചെയ്താല്‍ അന്നേരം വണ്ടി ഒതുക്കിയിട്ടിട്ടു ഡ്രൈവരെ മാറ്റി പുതിയ ആളു വരും. ഒരു ആര്‍ട്ടിസ്റ്റിനെ ആര്‍ക്കെങ്കിലും ഇഷ്ടമാണെങ്കില്‍ അവരുടെ പിറകെ നടന്നു ശല്യം ചെയ്യാന്‍ പാടില്ല. കെപിഎസിയില്‍ അറിയിക്കണം. അവര്‍ ബോര്‍ഡ് കൂടിയിട്ടു പയ്യനെയും പെണ്ണിനെയും വിളിച്ച് ചോദിക്കും. ഇഷ്ടമാണെങ്കില്‍ അവര്‍ ചുവന്ന മാലയിട്ട് കല്യാണം നടത്തിക്കൊടുക്കും. പിന്നെ അവരുടെ വകയായിട്ട് എന്തെങ്കിലും കൊടുക്കും.


കുട്ടിക്കാലത്ത് അത്യാവശ്യം നല്ല നിലയില്‍ തന്നെയായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അമ്മ വഴിയും അച്ചന്‍ വഴിയും കിട്ടിയ വീടുകള്‍ കരമനയില്‍ ഉണ്ടായിരുന്നു. അച്ഛന്‍ കിടപ്പിലായപ്പോള്‍ അതെല്ലാം കിട്ടിയവിലയ്ക്ക് വില്‍ക്കേണ്ടി വന്നു. അനിയത്തി ജാതി മാറി പ്രണയിച്ച് വിവാഹം കഴിച്ചതോടെ ബന്ധുക്കള്‍ ഉപേക്ഷിച്ചു. അച്ഛന് ഏഴു സഹോദരന്മാരും രണ്ടു സഹോദരിമാരുമുണ്ട്. അമ്മയ്ക്കും ആങ്ങളയും സഹോദരിമാരുമുണ്ട്.

കുട്ടിക്കാലത്ത് എന്തു വേണമെന്ന് പറഞ്ഞാലും അച്ഛനും അമ്മയും വാങ്ങിത്തരുമായിരുന്നു. വളരെ നല്ല നിലയില്‍ പോയതാണ്. ഇപ്പോള്‍ ഏറ്റവും പാവപ്പെട്ടവരായി തീര്‍ന്നു. എന്റെ അനിയത്തിയുടെ കല്യാണം പതിനാറു വയസ്സില്‍ കഴിഞ്ഞു. അവള്‍ പെട്ടെന്നൊരു പയ്യനുമായി ഇഷ്ടത്തിലായി. അന്ന് സ്ത്രീധനം ഒക്കെ കൊടുത്താണ് അയച്ചത്. പക്ഷേ അതോടെ ബന്ധുക്കള്‍ പിണങ്ങി. ബന്ധുക്കള്‍ക്ക് ഇഷ്ടമില്ലാത്ത ബന്ധമായിരുന്നു അനിയത്തിയുടേത്. അങ്ങനെ അമ്മയുടെ ആള്‍ക്കാരും അച്ഛന്റെ ആള്‍ക്കാരും നമ്മളെ ഒറ്റപ്പെടുത്തി. പയ്യന്റെ അമ്മ നായര്‍ സമുദായത്തില്‍ ഉള്ളതാണ്. പയ്യന്റെ അച്ഛന്‍ വേറെ കാസ്റ്റ് ആയതുകൊണ്ടാണ് ബന്ധുക്കള്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലാതിരുന്നത്. അതോടെ അമ്മയുടെ ആള്‍ക്കാര്‍ നമ്മളെ പടി അടച്ചു. അച്ഛന്റെ ആള്‍ക്കാര്‍ നോക്കാതെയായി. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. പണ്ട് മോളെ എന്നൊക്കെ വിളിച്ചിരുന്നവര്‍ ഇന്ന് നമ്മളെ കണ്ടാല്‍ തിരിഞ്ഞു നടന്നു കളയും. ബന്ധുക്കളാണെങ്കില്‍ എന്നെ ദൂരെ കാണുമ്പോള്‍ തന്നെ തിരിഞ്ഞങ്ങു പോകും. അവരുടെ സ്റ്റാറ്റസിന് ഞാനും അച്ഛനും ഒന്നും ചേരത്തില്ല.

നാലു വര്‍ഷം മുമ്പാണ് അമ്മ മരിച്ചത്. അപ്പോള്‍ അച്ഛനെ നോക്കാന്‍ ആരും ഇല്ലാതായി. അങ്ങനെയാണ് ഞാന്‍ കെപിഎസി വിടുന്നത്. തീരെ പോകാതായിട്ടു രണ്ട് മൂന്നു കൊല്ലമായി. എന്റെ അനിയത്തിക്ക് 25 വയസ്സേയുള്ളൂ. അവള്‍ക്ക് രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ട്. അവരും പാവത്തുങ്ങളാണ്. അവള്‍ക്ക് ഞാന്‍ നോക്കുമ്പോലെ ഇവിടെ വന്നു നിന്നു അച്ഛനെ നോക്കാന്‍ പറ്റത്തില്ല. അവിടെ സ്ഥിരമായിട്ട് നില്‍ക്കാന്‍ പറഞ്ഞിട്ടു കെപിഎസിയില്‍ നിന്നു കഴിഞ്ഞ ആഴ്ചയും വിളിച്ചിരുന്നു. അഡ്വക്കേറ്റ് ഷാജഹാനാണ് വിളിച്ചത്. പുള്ളി പറഞ്ഞു ഞാനും അച്ഛനും അവിടെ കായംകുളത്ത് പോയി നില്‍ക്കാന്‍. എന്റെയും അച്ഛന്റെയും എല്ലാ ചിലവുകളും അവര്‍ വഹിക്കാമെന്ന്. പറ്റത്തില്ലാന്നു ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ സുഖമില്ലാതെ കിടക്കുന്ന അച്ഛനെ ആര് നോക്കും. ഇപ്പോള്‍ എനിക്കു പുറത്തൊന്നും പോകാന്‍ നിവൃത്തിയില്ല. അച്ഛനെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും മലവും മൂത്രവും വൃത്തിയാക്കുന്നതും എല്ലാം ഞാന്‍ തന്നെയാണ്. കാശുള്ള സമയത്ത് പിആര്‍എസ്സിലൊക്കെയായിരുന്നു അച്ഛനെ കാണിച്ചിരുന്നത്. ഇപ്പോള്‍ ജനറല്‍ ഹോസ്പിറ്റലിലാണ് കാണിക്കുന്നത്. അച്ഛന്റെ സര്‍ജറി രണ്ടു മൂന്നെണ്ണം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു.

പന്ത്രണ്ടു മാസമായി വാടക കൊടുത്തിട്ട്. ഏഴായിരം രൂപയാണ് വാടക. ഒരു ഹാളും അടുക്കളയും മാത്രമേയുള്ളൂ. ഒരു മുറിയില്‍ അവരുടെ സാധനം വെച്ചിരിക്കുകയാണ്. ഇവിടത്തെ കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍ നല്ല മനുഷ്യനാണ്. പുള്ളിക്ക് ഞങ്ങളെ സഹായിക്കണം എന്നുണ്ട്. പക്ഷേ പറ്റുന്നില്ല. പുള്ളി അച്ഛനെ വന്നു കാണാറുണ്ട്. സാമ്പത്തികമായും സഹായിക്കും. ഫണ്ടുണ്ടെങ്കിലല്ലേ സഹായിക്കാന്‍ പറ്റൂ. മുഖ്യമന്ത്രിക്കൊക്കെ ഒരുപാട് തവണ അപേക്ഷ കൊടുത്തു. കൊടുത്ത പേപ്പര്‍ എങ്ങോട്ട് പോകുന്നു എന്നു പറയാന്‍ പറ്റത്തില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴും കൊടുത്തിരുന്നു. 30 രൂപ ഞങ്ങളോട് വാങ്ങിച്ച് ഇപ്പോള്‍ തരാമെന്ന് പറഞ്ഞു വയ്യാത്ത അച്ഛനെ പൊക്കി നിര്‍ത്തി ഫോട്ടോയും എടുത്തു. കോര്‍പ്പറേഷനില്‍ നിന്ന് ഒരു സ്റ്റാഫ് വെരിഫിക്കേഷന് വന്നിരുന്നു. നിങ്ങള്‍ക്ക് ഉടനെ സഹായം കിട്ടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു എല്ലാം എഴുത്തിയെടുത്തോണ്ട് പോയി. ഇന്നുവരെ ഒന്നും കിട്ടിയിട്ടില്ല. പുതിയ ഗവണ്‍മെന്റ് വന്നപ്പോഴും പലതവണ കൊടുത്തു. ഇതുവരെ ഒന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ മാസവും ഉദ്യോഗസ്ഥര്‍ വന്നു എഴുതിക്കൊണ്ട് പോയി. ഇതൊരു നേര്‍ച്ച പോലെയാണ്. വരിക, എഴുതുക, പോകുക. തരാതിരിക്കുന്നത് അവരുടെ ജോലിയാണ്. നമ്മള്‍ വിചാരിക്കും എല്ലാം എഴുതിയെടുത്തോണ്ട് പോയി. നാളെ കിട്ടും അല്ലെങ്കില്‍ അഞ്ചുമാസത്തിനുള്ളില്‍ എനിക്കൊരു വീട് കിട്ടും എന്നൊക്കെ. അവരു തരത്തില്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ കെപിഎസിയിലെ ആര്‍ട്ടിസ്റ്റ് അല്ലേ. ചെങ്കൊടി പിടിച്ച് അഭിനയിച്ച ആര്‍ട്ടിസ്റ്റ് അല്ലേ. മാത്രമല്ല ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയല്ലേ. നമ്മളുടെ ഭരണമാണ് ഇപ്പോഴുള്ളത്. നമ്മുടെ ഭരണ കാലഘട്ടത്തില്‍ അവരെനിക്കൊരു വീട് തരണ്ടേ.


അച്ഛന്‍ കിടപ്പിലായത് കൊണ്ട് എനിക്കു ജോലിക്കു പോകാന്‍ പറ്റുന്നില്ല. അല്ലെങ്കില്‍ ഈ കലാഫീല്‍ഡില്‍ നിന്നു തന്നെ എന്നെ ഒത്തിരി പേര് വിളിച്ചായിരുന്നു. സിനിയമയിലോ സീരിയലിലോ വല്ല ചാന്‍സും കിട്ടിയാല്‍ പോകണം എന്നുണ്ട്. കാശ് കുറവാണെങ്കിലും എനിക്കു എന്തെങ്കിലും ചെയ്യാന്‍ ഉള്ള കഥാപാത്രം കിട്ടണമെന്നാണ് ആഗ്രഹം. എനിക്കു നല്ല സുന്ദരിയായിട്ടുള്ള കഥാപാത്രങ്ങള്‍ വേണമെന്നില്ല. ഞാന്‍ ഇപ്പോള്‍ സുന്ദരിയല്ല. കുറെ പിഎസ്‌സി ടെസ്റ്റ് ഒക്കെ എഴുതിയിരുന്നു. ഒന്നും ഇതുവരെ ശരിയായില്ല.

അച്ഛന്‍ ചാരി ഇരുത്തിയാല്‍ ചെറുതായിട്ട് ഇരിക്കാനൊക്കെ തുടങ്ങിയിരുന്നു. ഈ അടുത്ത്  കട്ടിലിന്റെ കാലൊടിഞ്ഞു അച്ഛന്‍ നിലത്തു വീണു. കാലിന്റെ എല്ല് പൊട്ടി. കുറെ ദിവസം ആശുപത്രിയില്‍ ആയിരുന്നു. കടം വാങ്ങിയിട്ടാണ് ഇപ്പോള്‍ ആശുപത്രി ചിലവുകളും വീട്ടു ചിലവുകളും ഒക്കെ നടത്തുന്നത്. അച്ഛനെ കിടത്താന്‍ നല്ലൊരു കട്ടില്‍ പോലും ഇവിടെ ഇല്ല. അകത്തെ മുറിയില്‍ വീട്ടുടമയുടെ ഒരു കട്ടില്‍ ഉണ്ട്. പലപ്പോഴും അച്ഛനെ അതില്‍ കിടത്തിയാലോ എന്നു ആലോചിക്കും. പിന്നെ കിടപ്പിലായ അച്ഛന്റെ മൂത്രവും മറ്റും വീണു കട്ടില്‍ ചീത്തയായാല്‍ വീട്ടുടമക്ക് വേറെ കട്ടില്‍ വാങ്ങി കൊടുക്കണ്ടേ എന്നാലോചിക്കുമ്പോള്‍ വേണ്ടെന്ന് വെക്കും. ഇപ്പോള്‍ 8 ലക്ഷത്തോളം രൂപയുടെ കടമുണ്ട്. പലിശ വേണ്ട മുതല്‍ മാത്രം മതി എന്നു പറഞ്ഞിട്ട് ഈ അയല്‍പ്പക്കത്തുള്ളവര്‍ ഒക്കെയാണ് സാമ്പത്തികമായി പലപ്പോഴും സഹായിക്കുന്നത്. മുതലെങ്കിലും അവര്‍ക്ക് കൊടുക്കണം. തന്നവരൊക്കെ പാവത്തുങ്ങളാണ്, പണക്കാരല്ല. അവരുടെ മക്കളെ അയക്കാനുള്ള കാശൊക്കെയാണ് അവര്‍ തന്നിരിക്കുന്നത്. എനിക്കു അതും തിരിച്ചു കൊടുക്കണം എന്നുണ്ട്. പിന്നെ ഒരു ചെറിയ വീട്. അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. കട ബാധ്യതയും അച്ഛന്റെ ചികിത്സയും വീട്ടു വാടകയും ഒക്കെ ആലോചിക്കുമ്പോള്‍ ഭയങ്കര ടെന്‍ഷനാണ്. എനിക്കുറങ്ങാനേ പറ്റത്തില്ല. സ്വന്തമായി ഒരു വീട് കിട്ടിയാല്‍ സ്വര്‍ഗം കിട്ടിയതു പോലെയാകും. നല്ലവരായ ആരെങ്കിലും മനസ്സ് വെച്ചാല്‍ അത് നടക്കും. അത്രയ്ക്ക് ബുദ്ധിമുട്ട് ഞാന്‍ ഈ കിടപ്പിലായ അച്ഛനെയും കൊണ്ട് അനുഭവിക്കുന്നുണ്ട്. വാടകവീടുകള്‍ എത്ര മാറിയെന്നറിയില്ല. പലപ്പോഴും വാടക കൊടുക്കാന്‍ പറ്റാതെ വരുമ്പോള്‍ ഉടമ ഒഴിയാന്‍ പറയും. പിന്നെ ഈ കിടപ്പിലായ അച്ഛനെയും കൊണ്ട് പുതിയ വാടക വീട് അന്വേഷിച്ചു നടക്കണം.

ശാന്തിയുടെ കുടുംബത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക
ഫോണ്‍: 9048936334
അകൗണ്ട് നമ്പര്‍
SANTHI S NAIR
SBI FORT BRANCH, 20198756539, IFSC CODE, SBIN 0060333

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍