UPDATES

ഓഫ് ബീറ്റ്

നൊബേല്‍ കിട്ടാതെ പോയ ഇന്ത്യക്കാര്‍; പാശ്ചത്യ താത്പര്യത്തിന്റെ ഇരകളോ

യൂറോപ്യന്മാര്‍ക്കും അമേരിക്കാര്‍ക്കും മാത്രം അവകാശപ്പെട്ടതാണ് പുരസ്‌കാരം എന്ന് തോന്നും വിധത്തില്‍ ആയിരുന്നു പലപ്പോഴും നൊബേല്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍

ലോകം മുഴുവന്‍ അറിയപ്പെടുന്നൊരു വ്യക്തി ആകാന്‍ വേണ്ടത് എന്തെല്ലാമാണ്? പ്രതിഭ, അറിവ്, ധൈഷിണികത, പുരസ്‌കാരങ്ങള്‍ ഇവ ഒക്കെയാകും സാമാന്യ ജനത്തിന് ഉത്തരങ്ങളായി തരാനുണ്ടാവുക. ശാസ്ത്രത്തിനായാലും, സാഹിത്യത്തിനായാലും, സമാധാന പ്രവര്‍ത്തങ്ങള്‍ക്കായാലും ഭൂമിയില്‍ തന്നെ ഏറ്റവും വിശിഷ്ടമായി കരുതുന്ന പുരസ്‌ക്കാരങ്ങളില്‍ ഒന്നാണ് നൊബേല്‍ പ്രൈസ്. എന്നാല്‍ ആ മഹത്തായ പുരസ്‌ക്കാരങ്ങള്‍ എന്നും അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണോ ലഭിച്ചിട്ടുള്ളത്? പലപ്പോഴും അനവസരത്തില്‍ ആയിരുന്നില്ലേ അര്‍ഹരായവര്‍ക്ക് പോലും നല്‍കിയിട്ടുള്ളത്? സത്യസന്ധമായിരുന്നുവോ നൊബേല്‍ കമ്മിറ്റിയുടെ എല്ലാ തിരഞ്ഞെടുപ്പുകളും?

നൊബേല്‍ പ്രൈസിന്റെ ചരിത്രത്തില്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ അനേകം സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട് അവയില്‍ ഒന്നായിരുന്നു 1964-ലെ ജീന്‍ പോള്‍ സാര്‍ത്രിന്റെ നോബേല്‍ തിരസ്‌ക്കാരം. ‘ഒരു എഴുത്തുകാരന്‍ സ്വയമൊരു സ്ഥാപനമായി മാറാന്‍ അനുവദിക്കരുത്’ എന്ന നിലപാട് വ്യക്തമാക്കി കൊണ്ട് സാഹിത്യത്തിനുള്ള പരമപ്രധാനമായ പുരസ്‌ക്കാരം നിരാകരിച്ച സാര്‍ത്രെ ഇന്നും നിഷേധികളുടെ മനസ്സില്‍ ഉടയാത്ത വിഗ്രഹമാണ്. സമാനമായ വിവാദകഥകള്‍ അനേകം നൊബേലിന്റെ തിളക്കത്തില്‍ മങ്ങി കിടപ്പുണ്ട്.

പലപ്പോഴും ഈ വിശ്വ വിഖ്യാത പുരസ്‌കാരത്തില്‍ നിന്ന് എന്തുകൊണ്ടായിരിക്കും ഇന്ത്യക്കാര്‍ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നത്? വ്യക്തികളുടെ രാഷ്ട്രീയ നിലപാടും, തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകം തന്നെയാണ്. യൂറോപ്യന്മാര്‍ക്കും അമേരിക്കാര്‍ക്കും മാത്രം അവകാശപ്പെട്ടതാണ് നൊബേല്‍ പുരസ്‌കാരം എന്ന് തോന്നും വിധത്തില്‍ ആയിരുന്നു പലപ്പോഴും നൊബേല്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയില്‍ കഴിഞ്ഞ ദശാബ്ധങ്ങളില്‍ ഉണ്ടായിരുന്നത് രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച വ്യക്തിത്വങ്ങള്‍ ആയിരുന്നു എന്നതും ഇവിടെ ഓര്‍ക്കേണ്ടുന്നതാണ്.


പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള ഇന്ത്യക്കാരില്‍നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും അയാളുടെ നിലപാടുകള്‍ നൊബേല്‍ കമ്മിറ്റിയെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന്. ചരിത്രത്തില്‍ ഇന്നേവരെ കേവലം പന്ത്രണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രമേ നൊബേല്‍പുരസ്‌കാരം നല്‍കിയിട്ടുള്ളു. അവരില്‍ അഞ്ചു പേര്‍മാത്രമാണ് ഇന്ത്യന്‍പൗരന്മാര്‍. ബാക്കിയുള്ള ഏഴ് പേരും താമസം ഇന്ത്യയില്‍ ആക്കിയവരോ ഇന്ത്യന്‍വംശജരോ ആണ്. വി.എസ് നായ് പൗളും, ദലൈ ലാമയും ഒക്കെ ആ പന്ത്രണ്ടില്‍തന്നെ ഉള്‍പ്പെടും. പ്രശസ്ത ജര്‍മ്മന്‍ സാഹിത്യകാരന്‍ ഗുന്തേര്‍ഗ്രാസ് ഒരുതവണ കല്‍ക്കട്ട സന്ദര്‍ശിച്ചപ്പോള്‍ആ നഗരത്തിനെ വിശേഷിപ്പിച്ചത് ‘ദൈവത്തിന്റെ മലം’ എന്നാണ്. പാശ്ചാത്യര്‍ ഇന്നും ഇതേ സമീപനം തന്നെയല്ലേ ഇന്ത്യയോട് വച്ച് പുലര്‍ത്തുന്നത്.

ഇന്ത്യയില്‍ നിന്നും അഞ്ചു തവണ സമാധാനത്തിനുള്ള നോബേല്‍പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തിയായിരുന്നു മഹാത്മാ ഗാന്ധി. ലോക നേതാക്കളില്‍ അഹിംസ മാര്‍ഗത്തിലൂടെ ഇത്രയധികം മനുഷ്യരെ സ്വാധീനിച്ച മറ്റൊരു വ്യക്തിത്വം ഇന്ന് ഭൂമുഖത്തില്ല. 1948-ല്‍ സമാധാനത്തിനുള്ള നൊബെലിനായി തിരഞ്ഞെടുത്തത് അദ്ദേഹത്തിനെയായിരുന്നു നാമനിര്‍ദ്ദേശങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പ് കൊല്ലപ്പെട്ടതിനാല്‍ പക്ഷേ പുരസ്‌ക്കാരം നല്കാന്‍ സാധിച്ചില്ല. ആ വര്‍ഷം സമാധാനത്തിനുള്ള നോബേല്‍ ആര്‍ക്കും നല്‍കിയില്ല എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ മരണാനന്തര ബഹുമതിയായി പോലും എന്ത് കൊണ്ട് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയില്ല എന്നത് ഇന്നുമൊരു സമസ്യയായി നിലനില്‍ക്കുന്നു!കടുത്ത ദേശീയവാദി ആണെന്ന നോബല്‍കമ്മിറ്റിയുടെ വാദം അംഗീകരിക്കാന്‍ സാധ്യമല്ല കാരണം അദ്ദേഹത്തെക്കാള്‍ എത്രെയോ പതിന്മടങ്ങ് ദേശീയവാദിയായിരുന്ന wവിന്‍സ്റ്റണ്‍ ചര്‍ച്ചിലിനു പോലും പിന്നീട് നൊബേല്‍പുരസ്‌കാരം നല്‍കപ്പെട്ടു.

‘ഞങ്ങളുടെ 106 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഏറ്റവും വലിയ വീഴ്ച മഹാത്മാ ഗാന്ധിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചില്ല എന്നതാണ്’ 2006-ല്‍ നൊര്‍വീജിയന്‍ നോബേല്‍ കമ്മിറ്റി സെക്രട്ടറി പ്രായശ്ചിത്തമായി ഏറ്റ് പറഞ്ഞ വാക്കുകള്‍ ആണ്. സാഹിത്യത്തിനും സമാധാനത്തിനുമായി രണ്ടു തവണ നോബലിന് നിര്‍ദേശിക്കപ്പെട്ട മറ്റൊരു ഇന്ത്യക്കാരന്‍ അരബിന്ദോ ആയിരുന്നു. അദ്ദേഹത്തിനും പക്ഷേ പുരസ്‌ക്കാരം ലഭിച്ചില്ല. ഭൗതികശാസ്ത്രത്തില്‍ നോബേല്‍ പുരാസ്‌ക്കാരത്തിനായി ഒന്നിലേറെ തവണ നിര്‍ദേശിക്കപ്പെട്ട ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍ ആണ് ഡോ. ഇ.സി. ജോര്‍ജ് സുദര്‍ശന്‍. കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഇദ്ദേഹം ഇപ്പോള്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്. ഐന്‍സ്റ്റീന്റെ ഫോട്ടോ ഇലക്ട്രിക് എഫെക്റ്റിനെയും, ക്വാണ്ടം മെക്കാനിക്ക്‌സിനെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. 1921-ല്‍ ഐന്‍സ്റ്റീന് ഭൗതികശാസ്ത്രത്തില്‍ നോബേല്‍ നല്‍കിയത് തന്നെ ഫോട്ടോ ഇലക്ട്രിക് എഫെക്റ്റിന്റെ നിയമം കണ്ടെത്തിയതിന് കൂടിയുള്ള അംഗീകാരം ആയാണ്. നോബേല്‍ കമ്മിറ്റിയുടെ ധാര്‍മ്മികതയെ തന്നെയാണ് ഡോ.ജോര്‍ജ് സുദര്‍ശന്‍ ചോദ്യം ചെയ്തത്. ആ ധര്‍മ്മ പരീക്ഷണത്തില്‍ കമ്മിറ്റി പരാജയപ്പെടുകയും ചെയ്തു.

ഇവരെല്ലാം നിരാകരിക്കപ്പെട്ടവാണ്, നേടിയവരോ? അവരുടെ ജീവിത പരിസരവും രാഷ്ട്രീയ സാഹചര്യങ്ങളും ചേര്‍ത്തു വായിച്ചാല്‍ മാത്രമേ അവര്‍ എന്തുകൊണ്ട് സ്വീകരിക്കപ്പെട്ടു എന്ന് മനസ്സിലാവുകയുള്ളൂ. 1968-ല്‍ ഹര്‍ ഗോബിന്ദ് ഖുരാന വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ നേടിയിരുന്നു. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചതിന് ശേഷം മാത്രമാണ് എന്ന് മാത്രം. 2009-ലെ രസതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌ക്കാരം നേടിയ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍, അമേരിക്കന്‍ വനിതയെ വിവാഹം ചെയ്തതിന് ശേഷമാണ് അദ്ദേഹവും പുരസ്‌ക്കാരത്തിന് അര്‍ഹനായത്. ഇന്ത്യന്‍ ദേശീയതയെ പ്രതിനിധാനം ചെയ്യുന്നവരെ രാഷ്ട്രീയപരമായ നയപരിവര്‍ത്തനത്തിന് വിധേയരാക്കുക, ഒരു തരത്തില്‍ പറഞ്ഞാല്‍ അവരുടെ നിലനില്‍പ്പിനെ അനിശ്ചിതത്വത്തില്‍ എത്തിക്കുക തുടര്‍ന്ന് രാഷ്ട്രീയ അഭയം നല്‍കി തങ്ങളുടേതാക്കി മാറ്റുക എന്ന അമേരിക്കന്‍ നയതന്ത്രമാണ് ഇവരുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. നിഷ്പക്ഷമായ തിരഞ്ഞെടുപ്പുകള്‍ നടക്കാത്തിടത്തോളം കാലം നൊബേലിന് അവകാശപ്പെടുവാന്‍ യാതൊരു നോബിളിറ്റിയുമില്ല.

2010-ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവ് ലിയു സിയാബോ മരിച്ച് ഒരാഴ്ച്ചക്ക് ശേഷം ഒരു ചൈനീസ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെയാണ് ‘നോബേല്‍ പുരസ്‌ക്കാരം നിര്‍ത്തലാക്കണം.’നൊബേല്‍ സമാധാന പുരസ്‌ക്കാരം പാശ്ചാത്യമൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും കൂടുതല്‍ രാഷ്ട്രീയപരമാകുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിലെ ഭൂരിഭാഗം പുരസ്‌ക്കാര ജേതാക്കളും കിഴക്കന്‍ യുറോപ്പില്‍ നിന്നോ നോര്‍ത്ത് അമേരിക്കയില്‍ നിന്നോ ആണ്, അവര്‍ വിശദീകരിക്കുന്നു. ലിയു സിയാബോയെ പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുക്കുവാനുള്ള കാരണം അദ്ദേഹത്തിന്റെ കൊളോണിയലിസത്തിനോടുള്ള അനുകൂലമാനോഭാവമാണെന്ന വാദവും പൂര്‍ണമായും തള്ളിക്കളയുവാന്‍സാധ്യമല്ല. പക്ഷപാതങ്ങളില്‍ അധിഷ്ഠിതമായ തിരഞ്ഞെടുപ്പുകളുമായി വീണ്ടും നോബേല്‍ കമ്മിറ്റി പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടക്കുക തന്നെ ചെയ്യും. മൗലികമായി ചിന്തിക്കുവാനും, പ്രവര്‍ത്തിക്കുവാനും ചരിത്രം മാറ്റി എഴുതുവാനും പ്രാപ്തമായ ഒരു സമൂഹത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുകയാണ് ഇവര്‍ ഇത്തരം വ്യാജമായ മൂല്യനിര്‍ണയങ്ങളിലൂടെ നടപ്പിലാക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിഷ്ണു നമ്പൂതിരി

വിഷ്ണു നമ്പൂതിരി

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍