UPDATES

യാത്ര

കെന്ദുളി; ഭക്തിയും പ്രണയവും സഞ്ചാരവും ഏക്താരയില്‍ ശ്രുതി ചേര്‍ത്ത സംഗീതത്തിന്റെ അവധൂതന്‍മാരെവിടെ?

മുസഫര്‍ അഹമ്മദിന്റെ ഏക്താരയിലെ ‘പാട്ടുപാലങ്ങള്‍’ എന്ന മനോഹര ഗ്രന്ഥമാണ് ഞങ്ങളെ കെന്ദുളിയിലേക്ക് വഴി കാട്ടിയത്. പുസ്തകത്തിലും അല്ലാതെയുമായി അദ്ദേഹം തന്ന ഒരുപാട് സൂചനകളുണ്ടായിരുന്നു.

കെന്ദുളിയിലെ രണ്ടാം രാത്രിയും സംഗീതത്തിലും തണുപ്പിലും അലിഞ്ഞുപോയി. ബാവുള്‍ സംഗീതത്തിന്റെ മാസ്മരികതയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അജോയ് നദിക്ക് സമാന്തരമായുള്ള മണ്‍പാതയിലൂടെ മൂടിപ്പുതച്ച് താല്‍ക്കാലിക ബസ് സ്‌റ്റേഷനിലേക്ക് നടക്കുകയാണ്. നഗരനോട്ടങ്ങളില്‍ ഭിക്ഷക്കാരനെപ്പോലെ തോന്നിക്കുന്ന ഒരു വൃദ്ധന്‍ ഞങ്ങളെ പിടിച്ചുനിര്‍ത്തി ഏക് താരയും ദോ താരയും ഡോലക്കുമൊന്നുമില്ലാതെ ഒരു പാട്ട് പാടിത്തന്നു. ആത്മാവില്‍ നിന്ന് നേര്‍ത്ത നൂലുപോലെയാണ് ആ പാട്ടിറങ്ങി വന്നത്. കെന്ദുളിയില്‍ ഞാന്‍ കേട്ട ഏറ്റവും ആഴമുള്ള പാട്ട് അതായിരുന്നു. ജാതിയോ മതമോ ഒന്നുമല്ല സംഗീതമാണ് മനുഷ്യനെ ഒന്നിപ്പിക്കുന്നത്. ഏക്താരയുടെ ഒറ്റക്കമ്പിയാണ് സത്യം എന്നായിരുന്നു ആ വരികള്‍. മധ്യപ്രദേശിലെ ഖജുരാഹോയില്‍ ഒരു അന്ധഗായകന്‍ തന്റെ ഒറ്റക്കമ്പി വാദ്യം മീട്ടി ഇതേ ശ്രുതിയില്‍ പാടിയത് ഓര്‍മ്മ വന്നു. നഗരത്തില്‍ നിന്ന് തല നീട്ടി നോക്കുന്നവര്‍ക്ക് പെട്ടെന്ന് പിടി കിട്ടാത്ത അജ്ഞേയമായ അധോലോകങ്ങള്‍ നിറഞ്ഞതാണ് ബാവുള്‍ സംഗീതവും അജോയ് നദിക്കരയിലെ നാലു ദിവസത്തെ ബാവുള്‍ ഉത്സവവും.

രണ്ടു ദിവസം മുമ്പാണ് കെന്ദുളിയിലെത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന് രാവിലെ പുറപ്പെട്ട ട്രെയിനില്‍ ബോല്‍പൂരിലെത്തി. അവിടെനിന്ന് ശാന്തിനികേതനിലേക്ക് ടോട്ടോ എന്നു വിളിക്കുന്ന ഇലക്ട്രിക് റിക്ഷയില്‍ ചെറുയാത്ര. രണ്ടു ദിവസത്തെ കൊല്‍ക്കത്ത നഗരപ്രദക്ഷിണത്തില്‍ പലതരം വാഹനങ്ങള്‍ കണ്ടിരിക്കുന്നു. കുതിരവണ്ടികള്‍, മനുഷ്യല്‍ വലിക്കുന്ന റിക്ഷ, ചിവിട്ടി നീക്കുന്ന സൈക്കിള്‍റിക്ഷ, ഓട്ടോറിക്ഷ, ട്രാം, മെട്രോതീവണ്ടികള്‍, പൊളിഞ്ഞു വീഴാറായ ബസ്സുകള്‍, അത്യാധുനിക എ.സി.ലോ ഫ്‌ളോര്‍ ബസുകള്‍…വാഹനങ്ങളുടെ പൂര്‍വ മാതൃകകളെല്ലാം ഇവിടെയുണ്ട്. മനുഷ്യന്‍ വലിക്കുന്ന റിക്ഷ പരിണമിച്ച് ഇലക്ട്രിക് റിക്ഷയായിരിക്കുന്നു.

ശാന്തിനികേതനില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ തിങ്ങി നിറഞ്ഞൊരു ബസ് കണ്ടു. ഗ്രാമീണ കര്‍ഷകന്റെ മുഷിഞ്ഞ തലപ്പാവു പോലെ ബസിനു പുറത്തും വലിയൊരാള്‍ക്കൂട്ടം. തേനീച്ചക്കൂട് പുഴയിലൂടെ ഒഴുകിനീങ്ങുന്ന പോലെ ബസ് നീങ്ങുകയാണ്. ബോല്‍പൂരില്‍ നിന്ന് കെന്ദുളിലിയേക്ക് ഏതാണ്ട് 30 കിലോമീറ്റര്‍ ബസ് യാത്രയുണ്ട്. ഓര്‍ത്തപ്പോള്‍ വല്ലാത്തൊരു കിടിലം ഉള്ളില്‍ പാഞ്ഞു. എന്തു വിലകൊടുത്തും സ്വന്തമായൊരു ടാക്‌സി സംഘടിപ്പിക്കാമെന്ന് ഉറപ്പിച്ചെങ്കിലും അവസാനം ഞങ്ങളും ബസിന് മുകളിലെ തേനീച്ചക്കൂടിന്റെ ഭാഗമായി. ബാവുള്‍ മേള പ്രമാണിച്ച് കെന്ദുളിയിലേക്ക് ധാരാളം ബസുകളുണ്ട്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ബസിനുള്ളില്‍, മറ്റുള്ളവര്‍ ബസിന് പുറത്ത് എന്നാണ് ധാരണ.

ബസിന് മുകളില്‍ എല്ലാവരുമുണ്ട്. ഗ്രാമീണര്‍, ബാവുളുകള്‍, പൊലീസുകാര്‍. എല്ലാവരും അച്ചടക്കത്തോടെ മടങ്ങിയൊതുങ്ങി ഇരിക്കുന്നു. ബാവുളുകള്‍ വട്ടത്തിലിരുന്ന് കഞ്ചാവ് വലിക്കുകയാണ്. മണ്ണ് കൊണ്ടുണ്ടാക്കിയ ഛിലം നിറച്ചു കത്തിച്ച് കൈമാറി, കൈമാറിപ്പുകയുകയാണ്. യുവപൊലീസുകാരും കഞ്ചാവ് പുകയും പുറം തിരിഞ്ഞിരുന്നു. അന്തിവെയില്‍ ജലച്ചായം തേയ്ക്കുന്ന ആകാശവും കടുകും പച്ചക്കറികളും കൃഷി ചെയ്യുന്ന പാടങ്ങളും പിന്നിട്ട് ബസ് പറക്കുന്നതിനിടയില്‍ സവിശേഷമായ താളത്തില്‍ ബീഡി കത്തിക്കുന്നുണ്ട് ചിലര്‍. ബസിന്റെ ആട്ടവും ഇടയ്ക്കിടെ തലോടിപ്പോകുന്ന വൃക്ഷത്തലപ്പുകളും ഞങ്ങളെ ആനന്ദലഹരികളില്‍ നിന്ന് വിലക്കി. ഇടയ്ക്ക് ഏതാനും കിലോമീറ്റര്‍ കാട്ടിലൂടെയാണ് സഞ്ചാരം. ഒരു മരച്ചില്ല ആകാശസഞ്ചാരികളില്‍ ഒരുവന്റെ ബാഗ് റോഡിലേക്ക് തെറിപ്പിച്ചതോടെ ആഹ്ലാദത്തിലേക്ക് ഭയം കനത്തില്‍ കയറി വന്നു.

കെന്ദുളിയിലേക്കടുക്കും തോറും ട്രാഫിക്ക് കൂടി വന്നു. ബസ് ഇഴയുന്ന മട്ടായി. പിന്നെ നിന്നു. അജോയ് നദിയെവിടെ? കെന്ദുളിയുടെ ആളും ആരവങ്ങളുമെവിടെ? ചത്തു കിടക്കുന്ന തടിയന്‍ പെരുമ്പാമ്പ് പോലെ വിശാലമായ പാടശേഖരത്തിനു നടുവില്‍ ഒട്ടും ചേരാതെ ഒരു നിരത്ത്. നിറയെ വാഹനങ്ങള്‍.

വിചിത്രമായ ഒരു വാഹനം അവിടെയും കണ്ടു. കാളവണ്ടിയുടെ കോലത്തില്‍ ഒരു യന്ത്രവണ്ടി. പിന്‍ഭാഗം ചെറിയൊരു സ്റ്റേജു പോലെ പരന്നു കിടക്കുകയാണ്. മൂന്നു ഭാഗത്തേക്കും കാലു തൂക്കി ആളുകള്‍ക്കിരിക്കാം. കാര്‍ഷിക ഗ്രാമങ്ങളുട ആവശ്യത്തിനനുസരിച്ച് രൂപമെടുത്തതാവണം ഈ വണ്ടി. എഞ്ചിന്‍ ഓട്ടോറിക്ഷയുടേത് തന്നെയോ എന്ന് സംശയം. പൊലീസുകാര്‍ ഈ വണ്ടിക്കാരോട് ഒരു ദാക്ഷിണ്യവും കാണിക്കുന്നില്ല. ഇടയ്ക്ക് താഴെ പാടത്തേക്ക് ഉരുട്ടിയെറിയുന്നതു കണ്ടാല്‍ സങ്കടം വരും. ബംഗാളില്‍ റിക്ഷാക്കാരും ടാക്‌സി ഡ്രൈവര്‍മാരുമെല്ലാം അല്‍പം മുന്നോട്ടു കുനിഞ്ഞ ശരീരഭാഷയാണ് കൊണ്ടു നടക്കുന്നത്. ശകാരവും ചിലപ്പോഴൊരു തല്ലും ഏതു നിമിഷവും അവര്‍ പ്രതീക്ഷിക്കുന്നു. അടിമകളും ഉടമകളുമായി വിഭജിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ശരീര ഭാഷ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് എളുപ്പം പിടികിട്ടില്ല. മൂന്നു ദശാബ്ദക്കാലം വര്‍ഗ്ഗരാഷ്ട്രീയം പറഞ്ഞ ഇടതുപക്ഷത്തിന് ഈ പാവങ്ങളുടെ കുനിവ് നിവര്‍ത്താനായില്ലല്ലോന്ന് സങ്കടം തോന്നി. കേരളത്തിലെ ഒരു പൂരപ്പറമ്പിലായിരുന്നെങ്കില്‍ തല്ല് പൊലീസുകാരന്റെ പുറത്ത് പാറി വീണേനെ.

പേരറിയാത്ത വാഹനത്തില്‍ക്കയറി കുറേ ദൂരം മുന്നോട്ടു പോയി. ആള്‍ത്തിരക്കുകൊണ്ട് വാഹനത്തിന് നീങ്ങാനാവുന്നില്ല. ധൃതിയില്‍ നടന്നു പോകുന്ന ആളുകളും പൊലീസുകാരുമല്ലാതെ ബാവുള്‍ സംഗീതത്തിന്റെ ഒരു ലാഞ്ഛനയും അവിടെങ്ങുമില്ല. ആള്‍ക്കൂട്ടത്തോടൊപ്പം മുന്നോട്ടു നീങ്ങി. കിലോമീറ്ററുകള്‍ നടന്നാണ് കെന്തുളിയുടെ താല്‍ക്കാലിക പ്രവേശനകവാടം ഞങ്ങളെ വരവേറ്റത്. യാത്രാ ബാഗും വഹിച്ചാണ് നടപ്പ്. കെന്ദുളിയിലെ സി.പി.എം ഓഫീസില്‍ രാത്രി തങ്ങാന്‍ അവസരം കിട്ടുമെന്നോര്‍ത്ത് ഒരു കത്തൊക്കെ നാട്ടില്‍ നിന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും അഗാഡയില്‍ വിശ്രമിക്കാം. നടന്നിട്ടും നടന്നിട്ടും അഗാഡയുമില്ല പാട്ടുമില്ല. തിരക്ക് കൂടി വന്നു.

കാത് പൊട്ടിക്കുന്ന അനൗണ്‍സ്‌മെന്റുകളും അറിയിപ്പുകളും ജനസഞ്ചയത്തിന്റെ മടുപ്പിക്കുന്ന തിക്കും തിരക്കും. ഞങ്ങള്‍ തേടി വന്ന അജോയ് നദിയെവിടെ? അതിന്റെ വിശാലമായ മണല്‍പ്പരപ്പെവിടെ? സകല ദിക്കുകളിലേക്കും ഒഴുകിപ്പരന്ന് പാട്ടാകുന്ന ബാവുളുകള്‍ കഴിഞ്ഞ എട്ട് നൂറ്റാണ്ടുകളായി മകരസംക്രാന്തി നാള്‍ വന്നു ചേരുന്ന ജയദേവ കവിയുടെ ക്ഷേത്രമെവിടെ? ഒന്നും കാണുന്നില്ല. തമ്മില്‍ മുട്ടാതെ നടക്കാനാവാത്ത തിരക്ക് മാത്രം. കൂട്ടത്തിലുള്ളവര്‍ ദാ ഇപ്പോള്‍ നഷ്ടപ്പെടും എന്ന മട്ട്. വഴിയുടെ ഇരുഭാഗത്തും നൂറുക്കണക്കിന് കച്ചവടക്കാര്‍. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ. കാര്‍ഷികോപകരണങ്ങള്‍ മുതല്‍ ലൈംഗീകോത്തേജന മരുന്നുകള്‍ വരെ.

ഇതല്ല ഞാന്‍ തേടിയ കെന്ദുളിയെന്ന് ഉള്ളില്‍ നിന്നാരോ ശക്തിയായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. മടങ്ങിപ്പോ മടങ്ങിപ്പോ എന്നൊരു തോന്നല്‍ ശക്തമാവുന്നു. കഠിനമായ തണുപ്പും അസ്വസ്ഥതയ്ക്ക് കനമേറ്റുന്ന പൊടിയും. അജിയും നാസറും ഒന്നും മിണ്ടുന്നില്ല. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന മുസ്തഫ ഞങ്ങളെ പിടിച്ചു നിര്‍ത്തി. എവിടെയാണെങ്കിലും നമുക്ക് അജോയ് നദി കണ്ടുപിടിക്കണം. എത്ര ദൂരെയാണെങ്കിലും അവിടെപ്പോയി അല്‍പ്പം വിശ്രമിക്കാം. നദി അന്വേഷിച്ച് പിന്നെയും നടന്നു. ഇടയ്ക്ക് മൈതാനം പോലൊരു സ്ഥലത്ത് ബാവുളുകള്‍ പാടുന്നു. പാട്ട് പുറത്തേക്ക് തെളിയുന്നില്ല. നടന്നും വഴിതെറ്റിയും ഞങ്ങള്‍ അജോയ് കണ്ടു പിടിച്ചു. വെള്ളം വറ്റി അവിടവിടെ കുഴികളുമായി ചാവാന്‍ കിടക്കുന്ന ഒരു സാധു നദി. ഒട്ടാകെയൊന്നു വീക്ഷിക്കാന്‍ വെളിച്ചമില്ല. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ മണല്‍പ്പരപ്പിലൂടെ നടന്നു. ബഹളമിപ്പോള്‍ ദൂരെയാണ്. ദൂരെ കറുത്ത ആകാശത്തെ ചായം പൂശുന്ന വെളിച്ചത്തിനും ഒട്ടും ചന്തം തോന്നിയില്ല.

നൂറുക്കണക്കിന് ബാവുളുകളടക്കം കെന്ദുളിയില്‍ പതിനായിരത്തിലധികം ആളുകള്‍ വന്നുപോകും. അവരില്‍ മിക്കവരും പ്രാഥമിക കൃത്യങ്ങള്‍ സാധിക്കുന്നത് അജോയുടെ മണല്‍പ്പരപ്പിലാണ്. ചെറിയൊരു കുഴി മാന്തിയുണ്ടാക്കി അതില്‍ സാധിച്ച് മൂടിക്കളയും. ടോര്‍ച്ചടിച്ചിട്ടൊന്നും കണ്ടില്ലെങ്കിലും സംഗതി ദുര്‍ഗന്ധപൂരിതമാണ്. ഇരിക്കാന്‍ തോന്നി. ഇരുന്നു. കിടക്കാന്‍ തോന്നി. ബാഗ് വലിച്ച് തലയ്ക്കു വച്ച് മലര്‍ന്നു കിടന്നു. കിടക്കല്ലേന്നു പറയുന്നുണ്ട് നാസര്‍. മെല്ലെ കണ്ണുകളടഞ്ഞു. പാതി ബോധം ആ മണല്‍പ്പരപ്പില്‍ ഇറങ്ങിപ്പോയി. ദൂരെനിന്ന് ഉത്സവമേളം വന്നു വീണുകൊണ്ടിരുന്നു. ഉയരമുള്ളൊരു മരത്തില്‍നിന്ന് പഴുത്ത ഇലകള്‍ മുഖത്തേക്ക് പൊഴിയുന്നതുപോലെയാണ് തോന്നിയത്. ഇലകള്‍ വീണു വീണ് ഒരു പുതപ്പ് പോലെയായി. ഇപ്പോള്‍ കേള്‍ക്കുന്നത് ബാവുള്‍ സംഗീതം മാത്രമാണ്. ഉറക്കത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നപ്പോള്‍ ഒരു മണിക്കൂറിലധികം ഞാനങ്ങനെ കിടന്നെന്ന് മുസ്തഫ പറഞ്ഞു. പുക വലിച്ചും വര്‍ത്തമാനം പറഞ്ഞും മൂവരും അത്രയും നേരം എനിക്ക് കാവലിരുന്നു.

എല്ലാ ഉത്സവങ്ങളെയും പോലെ കെന്ദുളിയ്ക്കും പല അടരുകളുണ്ട്. കച്ചവടത്തിന്റെ, രാഷ്ട്രീയത്തിന്റെ, ഉത്സവമേളത്തിന്റെ, ഭക്തിയുടെ, വെളിച്ചത്തിന്റെ, ശബ്ദങ്ങളുടെ, സംഗീതത്തിന്റെ – എല്ലാം കൂടിക്കുഴഞ്ഞാണ് കിടപ്പ്. തന്ത്രശാലിയായ ഒരു നഗരത്തെരുവില്‍നിന്ന് സ്വന്തം വഴി കണ്ടെത്തുന്നത് പോലെ ഓരോരുത്തര്‍ക്കും വേണ്ടത് സ്വയം കണ്ടെത്തണം. വേണ്ടതും അര്‍ഹതയുള്ളതും മാത്രമേ അത് വെളിപ്പെടുത്തുകയുള്ളൂ. വെളിച്ചവും സംഗീതവുമാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് വഴി കാട്ടുന്നത്. കൃത്യമായും ഞങ്ങള്‍ ഒരു അഗാഡയില്‍ ചെന്നണഞ്ഞു. വലിയ സ്ഥിരം വേദിയാണ്. പീതവര്‍ണ്ണത്തിലുള്ള കര്‍ട്ടനുകള്‍ നിലം മുട്ടെ തൂക്കിയിട്ടുണ്ട്. നിലത്ത് വൈക്കോല്‍ പാകിയിരിക്കുന്നു. അഗാഡയിലേക്ക് കയറിയിരുന്നാല്‍പ്പിന്നെ തണുപ്പില്ല. വൈക്കോലും കര്‍ട്ടനുകളും തണുപ്പിനോടൊപ്പം പുറത്തെ ബഹളത്തെയും പ്രതിരോധിക്കുന്നു. അവിടെ ബാവുളുകള്‍ പാടുകയാണ്. ഏക്താരയും ദോ താരയും ഡോലക്കും കാല്‍ച്ചിലമ്പുമാണ് പരമ്പരാഗത വാദ്യങ്ങള്‍. ഒറ്റയ്ക്കും സംഘമായും പാടുന്നുണ്ട്. തബയും ഹാര്‍മോണിയവും ഓര്‍ഗനും ഇലക്ട്രിക് മാന്റലിനും പുതുതായി കടന്നുവന്നതാവണം. ആംപ്ലിഫയറും മിക്‌സ്ചറും വലിയ വാട്ടിന്റെ ബോക്‌സുകളുമൊക്കെയായി ഗാനമേളയുടെ പൊലിമയുണ്ട് ഓരോ അഗാഡയിലും.

ഇരുട്ടത്ത് കണ്ണടച്ച് തുറന്നാലെന്ന പോലെ ഞങ്ങള്‍ക്ക് വഴികള്‍ തെളിഞ്ഞു തുടങ്ങി. അല്‍പ്പം മാറി വേറെയും അഗാഡകള്‍. ബാവുള്‍ സംഗീതത്തിന്റെ പൊതുഗുണത്തോടൊപ്പം തന്നെ വൈവിധ്യവുമുണ്ട് പാട്ടുകള്‍ക്ക്. ഭക്തിയും ആത്മസമര്‍പ്പണവും ഏറിനില്‍ക്കുന്നുണ്ട് ചില പാട്ടുകളില്‍. ഇന്ത്യന്‍ മിസ്റ്റിസിസവും പേര്‍ഷ്യന്‍ സൂഫിസവും ഇഴചേര്‍ന്നതാണ് ബാവുള്‍ സംഗീതം. അതിന്റെ സാഹിത്യം അതിസൂക്ഷ്മമായ ലോകതത്വങ്ങളിലേക്ക് അത്യന്തം ലളിതമായി ഇറങ്ങി വരും. ചില പാട്ടുകള്‍ കേള്‍വിക്കാരെ കണ്ണീരണിയിക്കുന്നു. ചിലത് അവരെക്കൊണ്ട് എഴുന്നേറ്റു നിന്ന് കൈയടിപ്പിക്കുന്നു. പാടിക്കൊണ്ടിരിക്കേ നോട്ടുകള്‍ ബാവുളുകളുടെ കാവിക്കുപ്പായത്തില്‍ തുന്നിച്ചേര്‍ക്കുന്നുണ്ട് ചിലര്‍. പാട്ട് കഴിയുന്നത് വരെ അതവിടെ തൂങ്ങിക്കിടക്കും. അംഗീകാരങ്ങളായി.

ഞങ്ങള്‍ക്ക് ബംഗാളിയറിയില്ല. സഹായിക്കാന്‍ ദ്വിഭാഷിയുമില്ല. ആരാണ് വലിയ പാട്ടുകാരന്‍ എന്നറിയാന്‍ ഒരു വഴിയുമില്ല. പുറപ്പെടുന്നതിന് മുമ്പ് ബംഗാളി പത്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചത് നടന്നില്ല. ബാവുള്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്ന പ്രമുഖരെക്കുറിച്ച് ഇന്റര്‍നെറ്റും കാര്യമായ വിവരങ്ങള്‍ തന്നില്ല. ഞങ്ങള്‍ മാറി മാറി അഗാഡകളിലൂടെ നടന്നു. ചിലര്‍ പാടാനെത്തുമ്പോള്‍ അഗാഡകളില്‍ ആള്‍ത്തിരക്കേറി. അവര്‍ പാടിയൊഴിയുമ്പോള്‍ ജനം അവരോടൊപ്പം പുറത്തേക്കൊഴുകി. ബാവുളുകളുടെ കൂട്ടത്തില്‍ ധാരാളം വനിതകളുമുണ്ട്. മണിക്കൂറുകള്‍ നീണ്ട നൃത്തത്തിനൊടുവില്‍ ബിഹു നര്‍ത്തകിമാര്‍ ചിത്രശലഭങ്ങളായി പറന്നു പോകുന്നതു പോലെ ബാവുളുകള്‍ പാടിപ്പാടിയലിഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്നു. ഇടയ്ക്ക് ഞങ്ങള്‍ അഗാഡയുടെ അണിയറയിലേക്കു കയറിച്ചെന്നു. ബാവുളുകള്‍ക്ക് ഒരുങ്ങാനും പാട്ടിന്റെ ഇടവേളകളില്‍ വിശ്രമിക്കാനും അതിഥികളെ സ്വീകരിക്കാനുമായി വേദിയ്ക്ക് പിന്നിലായി ഒരു അണിയറ എല്ലാ അഗാഡകളിലും സജ്ജീകരിച്ചിട്ടുണ്ടാവും. ആര്‍ക്കും അവിടെ വിലക്കില്ല. ഉള്ള സൗകര്യങ്ങള്‍ ഭക്ഷണമടക്കം എല്ലാവര്‍ക്കും പങ്കിടും. സംഭാവനയായി എന്തെങ്കിലും കൊടുത്താല്‍ സന്തോഷം. ഇല്ലെങ്കിലും സന്തോഷം.

മകരസംക്രാന്തിയോടനുബന്ധിച്ച് നാല് ദിവസമാണ് ബാവുള്‍ ഉത്സവം. ആദ്യദിവസം എല്ലാവരും വന്നു ചേരുന്ന ചടങ്ങുകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബാവുളുകള്‍ എത്തിച്ചേരും. ഗ്രാമങ്ങളിലൂടെ അലഞ്ഞുനടക്കുന്ന ബാവുളുകള്‍ അഞ്ചും പത്തും രൂപ കൂട്ടിവെച്ചാണ് കെന്ദുളിയിലെത്താനുള്ള വക കണ്ടെത്തുന്നത്. പാരീസിലും മറ്റും ചെന്നുപറ്റിയവര്‍ സാമ്പത്തികക്ലേശമില്ലാത്തവരാണ്. ലോകത്തെവിടെയായാലും ബാവുളുകള്‍ വര്‍ഷത്തിലൊരിക്കല്‍ കെന്ദുളിയിലെത്തും. പരന്നലയുന്ന ബാവുളുകള്‍ പരസ്പരം കണ്ടുമുട്ടുന്നതും ഉപചാരം പറയുന്നതും കെന്ദുളിയില്‍ വെച്ചാണ്. ഒരാളെ കണ്ടില്ലെങ്കില്‍ അയാള്‍ തീര്‍ന്നു എന്നായിരുന്നു ഒരു കാലത്ത് മനസിലാക്കിയിരുന്നത്. രണ്ടും മൂന്നും ദിവസങ്ങള്‍ പെര്‍ഫോമന്‍സുകളാണ്.

ഇരുപതോളം വ്യത്യസ്ത അഗാഡകളുണ്ട്. സൂര്യനസ്തമിച്ചാല്‍ പാട്ട് തുടങ്ങും. സൂര്യനുദിച്ചാലും ചില അഗാഡകളില്‍ പാട്ട് നിലയ്ക്കില്ല. ഒന്നിന് പിറകെ ഒന്നായി ബാവുളുകള്‍ പാടിക്കൊണ്ടേയിരിക്കും. വൈക്കോല്‍ വിരിച്ച നിലത്തിരുന്നും കിടന്നും ഒരു വലിയ കൂട്ടം കേള്‍വിക്കാര്‍ ഓരോ അഗാഡയിലും സ്ഥിരമായുണ്ട്. മാറിമാറി വന്നുപോകുന്ന കേള്‍വിക്കാരാണ് ഏറെ. പുതിയ ബാവുളുകളുടെ അരങ്ങേറ്റങ്ങള്‍ ഇടയ്ക്കുണ്ടാവും. പാടി പേരെടുത്ത പുതിയ പാട്ടുകാരെത്തേടിയും ധാരാളമാളുകളുണ്ട്. ചിലര്‍ അതിശയകരമായി പാടി കേള്‍വിക്കാരെ വിസ്മയിപ്പിക്കുന്നു. ആത്മാവിഷ്‌കാരത്തിന്റെ അനന്തസാധ്യതകള്‍ തേടുന്നുണ്ട് ഓരോ ബാവുളും. കേള്‍വിക്കാരുമായി അത് സംവദിച്ചുകൊണ്ടേയിരിക്കുന്നു. അഗാഡകളില്‍ നിന്ന് അഗാഡകളിലേക്കുള്ള ഈ പാട്ടൊഴുക്ക് കേള്‍വിക്കാരനെ തുടര്‍ന്നുള്ള യാത്രകളിലും പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

രണ്ട് രൂപയ്ക്ക് നല്ല ചായ കിട്ടും. ഇടയ്ക്കിടെ അത് മൊത്തിയാല്‍ ഉറക്കം പമ്പ കടക്കും. നട്ടപ്പാതിര കഴിഞ്ഞ് ആളൊന്നൊതുങ്ങിയപ്പോള്‍ ജയദേവ കവിയുടെ ക്ഷേത്രം കണ്ടു. ക്ഷേത്രത്തിലേക്ക് കടക്കാന്‍ അപ്പോഴും നല്ല തിരക്കാണ്. പാട്ട് കേള്‍ക്കാനല്ല, ക്ഷേത്രത്തില്‍ തൊഴാനാണ് വലിയൊരു കൂട്ടം കെന്ദുളിയിലെത്തിയിരിക്കുന്നത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള അഗാഡയില്‍ ഭക്തിഭാവമുള്ള പാട്ടുകളാണ്. പാട്ട് കഴിയുമ്പോള്‍ ഭക്തര്‍ ബാവുളുകളുടെ കാലുതൊട്ട് വന്ദിച്ച് അനുഗ്രഹം തേടുന്നു. ബാവുളുകള്‍ പല സ്‌കൂളുകളുണ്ട്. ആര്‍ക്കും ഗുരുവിനെ കണ്ടെത്തി ബാവുളാകാം. ബാവുളുകള്‍ക്ക് വിവാഹവും കുടുംബവുമൊന്നും നിഷിദ്ധമല്ല. ഇണകളില്‍ രണ്ട് പേരും ബാവുളുകളാകണമെന്നും നിര്‍ബന്ധമില്ല. ജീവിതവഴിയില്‍ എപ്പോള്‍ വേണമെങ്കിലും ഗുരുവിനെ സ്വീകരിച്ച് സംഗീതത്തിന്റെ ആത്മീയ വഴിയിലേക്ക് വഴുതിയിറങ്ങാം. ഏതൊരു ഗുരുപരമ്പരയെയും പോലെ ബാവുള്‍ വഴികളും യഥാര്‍ത്ഥ സഞ്ചാരിയെ മാത്രം സ്വീകരിക്കുന്ന തരത്തില്‍ സങ്കീര്‍ണ്ണമാണെന്ന് മാത്രം.

കെന്ദുളിയില്‍ ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്ന ഒരേയൊരു മുഖം ഏതോ ഒരു അഗാഡയുടെ കവാടത്തില്‍ക്കണ്ട പാര്‍വതി ബാവുളിന്റെ വലിയ ചിത്രമാണ്. പാര്‍വതി പക്ഷെ, ഇത്തവണ പാടാനെത്തിയിരുന്നില്ല. വലിയ പാട്ടുകാരുടെയും ഗുരുക്കന്മാരുടെയും പടങ്ങള്‍ ഫ്‌ളക്‌സില്‍ അടിച്ചുവെക്കുന്നത് ഇപ്പോള്‍ ഒരു ശീലമാണ്. ഏതാനും വര്‍ഷം മുമ്പ് ആസാമിലേക്കുള്ള യാത്രയില്‍ ഹൗറ പാലം കടക്കുമ്പോള്‍ തീവണ്ടിയിലേക്ക് കയറിവന്ന് ഏക്താര മീട്ടി സംഗീതത്തില്‍ സ്വയം അലിഞ്ഞു പോയ ആ ബാവുളിനെ എല്ലായിടത്തും തിരക്കി. പാട്ടിന്റെ പാതിരയും കഴിഞ്ഞ് കെന്ദുളിയാകെ കഞ്ചാവ് പുക മഞ്ഞ് പോലെ മൂടിയ ഏതോ മയക്കത്തില്‍ സ്വപ്നങ്ങളിലെ ആ ബാവുള്‍ പാടാനെത്തി. ഹാര്‍മോണിയവും തബലയും ഇലക്ട്രിക് ഗിറ്റാറും വെച്ച് പാട്ടുത്സവമാക്കുന്ന പുതിയ കെന്ദുളിയില്‍ കേള്‍വിക്കാരന്റെ മയക്കത്തിലേക്ക് ഒളിച്ചു കടക്കാനേ ആ ശുദ്ധബാവുളിനു സാധിക്കുകയുള്ളൂ. എല്ലാവര്‍ക്കും അയാളെ കേള്‍ക്കാനുമാവില്ല. അര്‍ഹതയുള്ളവര്‍ക്ക് മുന്നില്‍ അയാള്‍ പ്രത്യക്ഷപ്പെടും. പഞ്ചായത്തും ജില്ലാ ഭരണകൂടവും സര്‍ക്കാറും ആളുകൂടുന്ന ഈ പരിപാടി ഏറ്റെടുത്തപ്പോള്‍ ഒഴിഞ്ഞു പോയത് ഭക്തിയും പ്രണയവും സഞ്ചാരവും ഏക്താരയില്‍ ശ്രുതി ചേര്‍ത്ത സംഗീതത്തിന്റെ അവധൂതന്മാരാണ്. ഈ ഗാനമേളയുടെ കൂടെ നില്‍ക്കാന്‍ കാലം അവരെയും നിര്‍ബന്ധിക്കുന്നു. അതിനിടയില്‍ പാട്ടിന്റെ ചില നിമിഷങ്ങളില്‍ അവര്‍ യഥാര്‍ത്ഥ ബാവുളുകളാകും. അത് ഗാനപ്രിയരുടെ, ഭക്തരുടെ, സഞ്ചാരികളുടെ ഭാഗ്യമായിരിക്കും.

മുസഫര്‍ അഹമ്മദിന്റെ ഏക്താരയിലെ ‘പാട്ടുപാലങ്ങള്‍’ എന്ന മനോഹര ഗ്രന്ഥമാണ് ഞങ്ങളെ കെന്ദുളിയിലേക്ക് വഴി കാട്ടിയത്. പുസ്തകത്തിലും അല്ലാതെയുമായി അദ്ദേഹം തന്ന ഒരുപാട് സൂചനകളുണ്ടായിരുന്നു. ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നു കിടക്കുന്ന കെന്ദുളിയുടെ കേന്ദ്രത്തിലും ചുറ്റുവട്ടങ്ങളിലുമായി ഗൂഢമായ പല ആചാരങ്ങളും അരങ്ങേറാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അനുഷ്ഠാനങ്ങളുടെ ഭാഗമായി ഒരു കാലത്ത് നരബലി പോലും നടക്കാറുണ്ടായിരുന്നത്രെ! മനസ് പാകമാകാത്തതുകൊണ്ടാകണം, അത്തരം കാഴ്ചകളൊന്നും ഞങ്ങള്‍ക്കായി തുറന്നു തന്നില്ല. ധൗളിയെന്ന സമാപന പരിപാടിയ്ക്ക് കാത്തുനില്‍ക്കാതെ തണുത്തുറഞ്ഞ ഒരു ബസില്‍ ഞങ്ങള്‍ മടങ്ങി.

“അമര്‍ സകൊല്‍ ദൊഖെര്‍ പ്രൊദീപ്
ജ്വലെ ദിബസ് ഗെലെ കോര്‍ബോ നി ബേദന്‍
അമര്‍ ബൈത്യാര്‍ പൂജ ഹൊയ്‌നി സമാപന്‍”

(“എന്റെ എല്ലാ വേദനകളുടെയും ദീപം ജ്വലിക്കട്ടെ, ഞാനൊരു നിവേദ്യം വയ്ക്കാം
എന്റെ വേദനകള്‍ കൊണ്ടുള്ള പൂജ കഴിഞ്ഞിട്ടില്ല”)

അബ്ദുള്‍ ലത്തീഫ്

അബ്ദുള്‍ ലത്തീഫ്

കവിയും അദ്ധ്യാപകനുമാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍