UPDATES

ട്രെന്‍ഡിങ്ങ്

ഗോപീകൃഷ്ണന്റെ ‘കടക്ക് പുറത്ത്’ കാര്‍ട്ടൂണിന് പുരസ്കാരം നല്‍കിയത് മുഖ്യമന്ത്രി, ഫ്രാങ്കോ കാര്‍ട്ടൂണില്‍ മതത്തെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടിലെന്നും ലളിത കലാ അക്കാദമി

പുനഃപരിശോധിക്കുമെന്നു പറഞ്ഞതല്ലാതെ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല

2018-19 ലെ കാര്‍ട്ടൂണ്‍ പുരസ്‌കാരം നേടിയ കെ കെ സുഭാഷിന്റെ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണ്‍ ഏതെങ്കിലും മതത്തേയോ മതവിശ്വാസത്തെയോ അവഹേളിക്കുന്ന ഒന്നല്ലെന്ന് കേരള ലളിതകല അക്കാദമി. അതേസമയം മതവികാരം വ്രണപ്പെട്ടെന്ന രീതിയില്‍ പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതുപോലെ, കാര്‍ട്ടൂണ്‍ പുനഃപരിശോധിക്കാന്‍ അക്കാദമി തയ്യാറാണെന്നും ചെയര്‍മാന്‍ നേമം പുഷ്പരാജും സെക്രട്ടറി പൊന്നിയം ചന്ദ്രനും അറിയിച്ചു. ഏതെങ്കിലും ഒരു മതത്തെ അപപമാനിക്കാനോ മതവികാരം വ്രണപ്പെടുത്താനോ ഉള്ള ചിന്ത സര്‍ക്കാരിനോ സാംസ്കാരിക വകുപ്പിനോ ലളിതകല അക്കാദമിക്കോ ഇല്ല. അതുകൊണ്ടാണ് പുരസ്‌കാരങ്ങള്‍ പുനഃപരിശോധിക്കണം എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് ചെയര്‍മാന്‍ അഴിമുഖത്തോട് പറഞ്ഞത്. പുനഃപരിശോധിക്കുക എന്ന നിര്‍ദേശം മാത്രമാണ് കിട്ടിയിരിക്കുന്നതെന്നും അതെങ്ങനെ ആകണമെന്നോ അതിന്റെ കമ്മിറ്റി എങ്ങനെയുള്ളതാകണമെന്നോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടിയിരിക്കുന്നുവെന്നും ചെയര്‍മാന്‍ വ്യക്തമാക്കുന്നുണ്ട്.

വിമര്‍ശനങ്ങളില്‍ പറയുന്നതുപോലെ അക്കാദമി ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ നിരുത്തരവാദപരമായോ മനപൂര്‍വമായോ ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അഴിമുഖത്തോട് സംസാരിക്കുമ്പോള്‍ ഉറപ്പിച്ചു പറഞ്ഞത്. ലഭ്യമായവരില്‍ നിന്നും ഏറ്റവും മികച്ച ജൂറിയെയാണ് പുരസ്‌കാര നിര്‍ണയത്തിനായി അക്കാദമി എല്ലാ വര്‍ഷവും തെരഞ്ഞെടുക്കുന്നത്. പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിയുടെ തീരുമാനം പൂര്‍ണമായും സ്വീകരിക്കുക മാത്രമാണ് ലളിതകല അക്കാദമി ചെയ്യുന്നത്. സുകുമാര്‍, പി വി കൃഷ്ണന്‍, മധു ഒമല്ലൂര്‍ എന്നീ ജൂറിയായിരുന്നു ഇത്തവണ കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. അക്കാദമിക് മുന്നില്‍ വന്ന മുഴുവന്‍ കാര്‍ട്ടൂണുകളും ജൂറിക്ക് കൈമാറുകയായിരുന്നു. അവരാണ് പൂര്‍ണമായ സെലക്ഷന്‍ നടത്തിയത്. ആര്‍ക്കെങ്കിലും കൊടുക്കണമെന്നോ കൊടുക്കരുതെന്നോ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ ഒഴിവാക്കണമെന്നോ അക്കാദമി പറഞ്ഞിട്ടില്ല. അര്‍ഹതപ്പെടുന്നവര്‍ക്ക് കിട്ടണം എന്നു മാത്രമാണ് പറഞ്ഞത്. അതുകൊണ്ട് നല്ല കാര്‍ട്ടൂണുകള്‍, നല്ല ലൈന്‍സ്, നല്ല കളറിംഗ്, സറ്റയര്‍ ഇവയെല്ലാം നോക്കി ഏറ്റവും മികച്ചതെന്ന് കണ്ടെത്തിയ ഒന്നിനാണ് പുരസ്കാരം കൊടുത്തത്.

പുരസ്‌കാരം നേടിയ കാര്‍ട്ടൂണില്‍ ബിഷപ്പ് ഫ്രാങ്കോയെ മാത്രമല്ല, എംഎല്‍എമാരായ പി കെ ശശിയും പി സി ജോര്‍ജിനെയും പരിഹസിക്കുന്നുണ്ടെന്ന് അക്കാദമി ചെയര്‍മാന്‍ ചൂണ്ടിക്കാണിക്കുന്നു. അതേപോലെ, ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം നേടിയ ഉണ്ണികൃഷ്ണന്റെ കാര്‍ട്ടൂണില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനേയും കഥാപാത്രങ്ങളാക്കിയിട്ടുണ്ട് എന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ജൂറി ഇക്കാര്യത്തില്‍ പക്ഷപാതമായി ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ക്ക് ഏറ്റവും നല്ല സൃഷ്ടിയായി തോന്നിയത് തെരഞ്ഞെടുക്കുകയും അത് അക്കാദമിയെ അറിയിക്കുകയും അക്കാദമി അത് പൂര്‍ണ മനസോടെ പ്രഖ്യാപിക്കുകയുമാണ് ഉണ്ടായതെന്നും നേമം പുഷ്പരാജ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം കടക്ക് പുറത്ത് എന്ന വിഷയത്തില്‍ ഗോപീകൃഷ്ണന്‍ വരച്ച മുഖ്യമന്ത്രിയെ പരിഹാസരൂപേണ വിമര്‍ശിക്കുന്ന കാര്‍ട്ടൂണിനായിരുന്നു പുരസ്‌കാരം. മുഖ്യമന്ത്രിയെ പരിഹസിക്കുന്ന സമീപനമാണ് അക്കാദമി എടുത്തതെന്ന വിമര്‍ശനം ആ സമയത്ത് ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത്, ഇത് വല്ലാണ്ട് അസഹിഷ്ണുത പെരുകുന്നൊരു സമയമാണ്. കലാസൃഷ്ടികള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാതെ അസഹിഷ്ണുത പെരുകുന്ന ഈ കാലത്ത് സഹിഷ്ണുതയോടെ ഇത് കാണണം എന്നായിരുന്നു രൂക്ഷമായ രീതിയില്‍ തന്നെ വിമര്‍ശിച്ച ഒരു കാര്‍ട്ടൂണിനോട് മുഖ്യമന്ത്രി നിലപാട് എടുത്തത്. ഗോപീകൃഷ്ണന് അന്ന് പുരസ്‌കാരം കൊടുത്തതും മുഖ്യമന്ത്രിയായിരുന്നു. അങ്ങനെയൊരു വലിയ അനുഭവം നമ്മുടെ മുന്നിലുണ്ട്; അക്കാദമി ചെയര്‍മാന്‍ ഓര്‍മപ്പെടുത്തുന്നു.

പ്രസ്തുത കാര്‍ട്ടൂണിന്റെ വിഷയത്തിന്റെ കാര്യത്തില്‍ വലിയ വേവലാതിയുടെ ആവശ്യമില്ലെന്നും ഫ്രാങ്കോ മുളക്കല്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കഥാപാത്രമാണെന്നും അതുകൊണ്ട് ആ കഥാപാത്രത്തെ അടിസ്ഥാനമാക്കി ഒരു കാര്‍ട്ടൂണ്‍ വരുന്നതിലും അത്ഭുതമില്ലെന്നാണ് ചെയര്‍മാന്റെ മറ്റൊരു വാദം. അത്രയേ അക്കാദമിയും കണ്ടിരുന്നുള്ളുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇതിപ്പോള്‍ മതവികാരത്തെ വൃണപ്പെടുത്തി, അംശ വടിയെ മോശമായി ചിത്രീകരിച്ചു എന്നുള്ള രീതിയിലാണ് വിമര്‍ശനങ്ങള്‍ പോകുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെയും അയാളുടെ അധികാര ചിഹ്നത്തെയും മാത്രമാണ് സാധാരണ ഒരു ആസ്വാദകന് കാണാന്‍ കഴിയുന്നത്. മതത്തെ മുഴുവനായി അതില്‍ കാണിക്കുന്നില്ല, മതത്തെ കളിയാക്കാനും ആ കാര്‍ട്ടൂണ്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ക്രിസ്തുമതത്തെ മൊത്തത്തില്‍ അപമാനിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്ന ചില പുരോഹിതന്മാരും മറ്റുള്ളവരും പറയാന്‍ തുടങ്ങിയപ്പോഴാണ് ഏതെങ്കിലും ഒരു മതത്തെ അപപമാനിക്കാനോ മതവികാരം വൃണപ്പെടുത്താനോ ഉള്ള ചിന്ത സര്‍ക്കാരിനോ സാംസ്‌കാരിക വകുപ്പിനോ ലളിതകല അക്കാദമിക്കോ ഇല്ല എന്നുള്ളതുകൊണ്ട് പുരസ്‌കാരങ്ങള്‍ പുനഃപരിശോധിക്കണം എന്ന തീരുമാനത്തിലേക്ക് എത്തിയത്; എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

പുനഃപരിശോധിക്കുമെന്നു പറഞ്ഞതല്ലാതെ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ മാറിയിട്ടുണ്ടെങ്കില്‍ അത് പുനഃപരിശോധിക്കണം എന്നുമാത്രമാണ് പറഞ്ഞിരിക്കുന്നത്. അതെങ്ങനെ ആകണമെന്നോ അതിന്റെ കമ്മിറ്റി എങ്ങനെയുള്ളതാകണമെന്നോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കുകയേയുള്ളൂവെന്നും വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് നേമം പുഷ്പരാജ് പറയുന്നു.

കാര്‍ട്ടൂണ്‍ വരച്ചതിലോ പുരസ്‌കാരം പ്രഖ്യാപിച്ചതിലോ ലളിതകല അക്കാദമിയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നാണ് സെക്രട്ടറി പൊന്നിയം ചന്ദ്രന്‍ പറയുന്നത്. പെയന്റിംഗ്, ശില്‍പ്പം, ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് ജൂറിയെ നിശ്ചയിക്കുകയാണ് അക്കാദമി ചെയ്യുന്നത്. ജൂറി നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നത്. അക്കാദമി പുരസ്‌കാര നിര്‍ണയത്തില്‍ ഒരുതരത്തിലും ഇടപെടല്‍ നടത്താറില്ല. ആര്‍ക്ക് കൊടുക്കണമെന്നത് ജൂറിയുടെ തീരുമാനമാണ്. കലയില്‍ സഹിഷ്ണുത ഉണ്ടാകണമെന്നാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്. അസഹിഷ്ണുതയുടെ പ്രശ്‌നം നേരത്തെയും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഭഗവാന്‍ കാലുമാറുന്നു എന്ന നാടകത്തിനെതിരേ വലിയ പ്രതിഷേധം നടന്നിട്ടുണ്ട്. ഹിന്ദു ദേവതയായ സരസ്വതിയെ മോശമായി ചിത്രീകരിച്ചുവെന്ന ആക്ഷേപത്തിന്റെ പേരില്‍ ചിത്രകാരന്‍ എം എഫ് ഹുസൈന് ഇന്ത്യ വിട്ട് ഖത്തറില്‍ കഴിയേണ്ടി വന്നു. പൊതുസമൂഹത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ സഭയും രാഷ്ട്രീയക്കാരുമെല്ലാം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. അവിടെ അവരും സഹിഷ്ണുതയോടെ കാര്യങ്ങള്‍ കാണാന്‍ തയ്യാറാകണം. അങ്ങനെ തയ്യാറാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചതും. ദൗര്‍ഭാഗ്യവശാല്‍, മതത്തേ ആകെ അവഹേളിക്കുന്ന മട്ടിലാക്കി കാര്യങ്ങള്‍; പൊന്നിയം ചന്ദ്രന്‍ പറയുന്നു.

മതത്തെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഈ കാര്‍ട്ടൂണ്‍ കണ്ടാല്‍ മനസിലാകുമെന്നാണ് അക്കാദമി സെക്രട്ടറി പറയുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തമാശയാക്കുകയാണ് കാര്‍ട്ടൂണിസ്റ്റ് ചെയ്തിരിക്കുന്നത്. അതിനപ്പുറത്തേക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണം പോലെ ഒന്നും ഉദ്ദേശിച്ചിട്ടില്ല. സിപിഎം എംഎല്‍എ പി കെ ശശിയും പിസി ജോര്‍ജ് എംഎല്‍എയും ആ കാര്‍ട്ടൂണിലുണ്ട്. അതുകൊണ്ട് തന്നെ ഈ കാര്‍ട്ടൂണ്‍ ഒരു സഭയെ, അല്ലെങ്കില്‍ ഒരു മതവിശ്വാസത്തെ ആകെ അപമാനിക്കാന്‍ വേണ്ടിയല്ല, ഫ്രാങ്കോ മുളയ്ക്കല്‍ എന്തുകൊണ്ടാണോ തടവില്‍ പോയത്, എന്തുകൊണ്ടാണോ കുറ്റാരോപിതനായത്, ആ കാര്യമെടുത്ത് വിമര്‍ശിക്കുന്നതാണ് കാര്‍ട്ടൂണ്‍. എന്നാല്‍ ക്രിസ്ത്യന്‍ സഭയെ മൊത്തം അവഹേളിക്കുകയാണ്, ബിഷപ്പിന്റെ കൈയിലുള്ള അംശവടിയില്‍ അടിവസ്ത്രം തൂക്കിയിട്ടിരിക്കുന്ന തരത്തില്‍ ചിത്രീകരിച്ചത് മതവിശ്വാസത്തെ അപമാനിക്കുന്നതാണ് എന്നൊക്കെയാണ് മതമേധാവികള്‍ ആ കാര്‍ട്ടൂണിനെ വിമര്‍ശിക്കുന്നത്. ഒരു കലാകാരന്റെ ഭാഗത്തു നിന്നും സംസ്‌കാരിക്കുമ്പോള്‍ സ്വാഭാവികമായിട്ടും ഇതെല്ലാം സഹിഷ്ണുതയോടെ കാണണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. സഭയിലെ എല്ലാ പൂരോഹിതന്മാരുടെയും കൈയിലെ അംശവടിയല്ല, ഫ്രാങ്കോ മുളക്കലിന്റെ മാത്രമാണ് കാര്‍ട്ടൂണില്‍ ഉള്ളത്. ഫ്രാങ്കോയെ മാത്രമാണ് പരിഹാസരൂപേണ വിമര്‍ശിക്കുന്നത്.

മെത്രാന്മാര്‍ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളം പറയാനും: ഫ്രാങ്കോയെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെ പിന്തുണച്ച് സിസ്റ്റര്‍ അനുപമയുടെ പിതാവ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍