UPDATES

പോസിറ്റീവ് സ്റ്റോറീസ്

അന്ധര്‍ക്കായി ബിനാലെയില്‍ ബ്രെയില്‍ ബുക്കുകള്‍

അടുത്ത ലക്കം ബിനാലെയില്‍ തുടക്കം മുതല്‍ തന്നെ ബ്രെയില്‍ സഹായികള്‍ ഏര്‍പ്പെടുത്തും. മാത്രമല്ല, ബ്രെയില്‍ അടിസ്ഥാനമായ സൃഷ്ടികള്‍ ഉള്‍പ്പെടുത്തുമെന്നും ബോസ് പറഞ്ഞു.

കൊച്ചി-മുസിരിസ് ബിനാലെയില്‍ അന്ധര്‍ക്കായി ബ്രെയില്‍ ലിപിയിലുള്ള എഴുത്തുകള്‍ ഉള്‍പ്പെടുത്തി. പ്രദര്‍ശനത്തെക്കുറിച്ചുള്ള ബ്രെയില്‍ ലിപിയിലുള്ള 25 ബുക്കുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡല്‍ഹി ആര്‍ട്ട് ഗാലറിയുടെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ ബുക്കുകള്‍ ആവശ്യപ്പെടുന്ന പക്ഷം സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നതായിരിക്കും.

ബിനാലെയുടെ പ്രമേയം തന്നെ അന്യതയില്‍ നിന്നും അന്യോന്യതയിലേക്കെന്നതാണെന്ന് ക്യൂറേറ്റര്‍ അനിത ദുബെ ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും കല അനുഭവവേദ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

ശനിയാഴ്ചയാണ് ബ്രെയില്‍ ലിപിയിലുള്ള എഴുത്തുകള്‍ ബിനാലെയുടെ ഭാഗമായത്. ഇതെക്കുറിച്ച് സന്ദര്‍ശകരെ കൂടുതല്‍ ബോധവാരാക്കുന്നതിനു വേണ്ടി പരിശീലന കളരിയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. വിവേചന രഹിതമായ സമൂഹത്തിന് അവബോധം പകരേണ്ടത് വളരെ അത്യാവശ്യമാണെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കഴിയുന്നത്ര സന്ദര്‍ശകരിലേക്ക് ഈ സന്ദേശമെത്തിക്കുകയാണ് പരിശീലന കളരിയുടെ ലക്ഷ്യമെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.

ഇതൊരു തുടക്കം മാത്രമാണ്. പല ആര്‍ട്ടിസ്റ്റുകളും ബ്രെയില്‍ ലിപി അടിസ്ഥാനമാക്കി സൃഷ്ടികള്‍ നടത്താറുണ്ട്. അടുത്ത ലക്കം ബിനാലെയില്‍ തുടക്കം മുതല്‍ തന്നെ ബ്രെയില്‍ സഹായികള്‍ ഏര്‍പ്പെടുത്തും. മാത്രമല്ല, ബ്രെയില്‍ അടിസ്ഥാനമായ സൃഷ്ടികള്‍ ഉള്‍പ്പെടുത്തുമെന്നും ബോസ് പറഞ്ഞു.

സൈറസ് കബീറു, പ്രിയ രവീഷ് മെഹ്‌റ, മാധ്വി പരേഖ് എന്നിവരുടെ പ്രതിഷ്ഠാപനങ്ങള്‍ നിലവില്‍ തന്നെ സ്പര്‍ശനക്ഷമമാണ്.ബ്ലൈന്‍ഡ്‌ഫോള്‍ഡ് ആര്‍ട്ട് സെന്‍സിറ്റൈസേഷന്‍ എന്നാണ് പരിശീലന കളരിയ്ക്ക് നല്‍കിയിരിക്കുന്ന പേര്. കലാകാരനായ സിദ്ധാന്ത് ഷായാണ് കളരി നയിക്കുന്നത്.

ഭിന്നശേഷിക്കാരെ അകറ്റി നിറുത്താതിരിക്കുകയാണ് ഏറ്റവും പ്രധാനമെന്ന് 28-കാരനായ സിദ്ധാന്ത് പറഞ്ഞു. സമൂഹത്തിലെ ഇടങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്ന് നല്‍കണം. സാംസ്‌ക്കാരിക പൈതൃകങ്ങളും ഭിന്നശേഷിക്കുമിടയിലെ അന്തരം ഇല്ലാതാക്കുന്നതിന് ഇത്തരം പരിശീലന കളരികള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍