UPDATES

വായന/സംസ്കാരം

അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അതിജീവനത്തിന്റെ കഥകളുമായി ക്ലോണ്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍

ഡല്‍ഹി ആസ്ഥാനമായ സ്വതന്ത്ര സിനിമാകൂട്ടായ്മ ക്ലോണ്‍ സിനിമ ഓള്‍ട്ടര്‍നേറ്റീവും ബംഗളൂരു ആസ്ഥാനമായ NECAB Matinee യും ചേര്‍ന്ന് ഇന്ദിരാനഗര്‍ ECAയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്

സാമൂഹ്യ നീതി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലോണ്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ മെയ് 4, 5 തിയതികളില്‍ ബാംഗ്ലൂരിലെ ഇന്ദിരാനഗര്‍ ECA യില്‍ വച്ച് നടക്കും. ഡല്‍ഹി ആസ്ഥാനമായ സ്വതന്ത്ര സിനിമാകൂട്ടായ്മ ക്ലോണ്‍ സിനിമ ഓള്‍ട്ടര്‍നേറ്റീവും ബംഗളൂരു ആസ്ഥാനമായ NECAB Matinee യും ചേര്‍ന്ന് ഇന്ദിരാനഗര്‍ ECAയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആര്‍.പി അമുദന്‍ ആണ് മേളയിലേക്കുള്ള ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നത്. നീതി നിഷേധത്തിന്റെ സാമൂഹ്യതലങ്ങളെ വിശകലനം ചെയ്യുന്ന, അരികുവല്‍ക്കരിക്കപ്പെട്ടു പോയവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന വിവിധ ഭാഷകളില്‍ നിന്നുള്ള ഒന്‍പത് ചിത്രങ്ങളാണ് രണ്ടു ദിവസം നീളുന്ന മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സാമൂഹ്യ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്നുവെന്ന ഒരൊറ്റക്കാരണത്താല്‍ കൊല്ലപ്പെട്ട പ്രശസ്ത മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് മേളക്ക് തുടക്കമാകും. ഗൗരി ലങ്കേഷിന്റെ ജീവിതത്തെയും നിലപാടുകളേയും ആസ്പദമാക്കി ദീപു സംവിധാനം ചെയ്ത ‘Our Gauri’ ആണ് മേളയുടെ മുഖ്യ ആകര്‍ഷണം. കൂടാതെ നാഗാലാന്‍ഡിലെ നെല്‍ക്കര്‍ഷകരുടെ ജീവിതം വരച്ചുകാട്ടുന്ന അനുഷ്‌ക മീനാക്ഷി, ഈശ്വര്‍ ശ്രീകുമാര്‍ എന്നിവര്‍ സംവിധാനം ചെയ്ത ‘അപ് ഡൗണ്‍ ആന്‍ഡ് സൈഡ് വേയ്‌സ്’, ഗുജറാത്തിലെ കച്ഛ് മേഖലയിലെ ഉപ്പളങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറയുന്ന പ്രിയ തുവ്വാശേരിയുടെ ‘സര്‍വ്വേ നമ്പര്‍ സീറോ’, ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പാശ്ചാത്തലത്തില്‍ ദുരഭിമാന കൊലയെന്ന സാമൂഹ്യയാഥാര്‍ത്ഥ്യത്തെ പ്രതിപാദിക്കുന്ന സാധന സുബ്രഹ്മണ്യന്റെ ‘ഇന്ത്യാസ് ഫോര്‍ബിഡന്‍ ലവ്’ എന്ന ചിത്രങ്ങളും ആദ്യ ദിവസം പ്രദര്‍ശിപ്പിക്കും.

മേളയുടെ രണ്ടാം ദിവസമായ മെയ് 5ന് കഥേതര വിഭാഗത്തില്‍ ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡു നേടിയ അനീസ് കെ മാപ്പിളയുടെ ‘ദ സ്‌ളേവ് ജനസിസ്’ പ്രദര്‍ശിപ്പിക്കും. ഒറീസയിലെ കന്ദമാലില്‍ നടന്ന വര്‍ഗീയ ലഹളയില്‍ ഇരകളും രക്തസാക്ഷികളുമായ ക്രൈസ്തവരെക്കുറിച്ചുള്ള കെ.പി.ശശിയുടെ ഡോക്കുമെന്ററി ചിത്രം ‘വോയ്സ് ഫ്രം ദ റൂയിന്‍സ്’, തൊഴിലുടമ-തൊഴിലാളി ബന്ധങ്ങള്‍ പ്രതിപാദിക്കുന്ന, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കൂടിയായ അമുദന്‍ സംവിധാനം ചെയ്ത തമിഴ് സിനിമ ‘ഡോളര്‍ സിറ്റി’, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അതിജീവനം വിഷയമാകുന്ന ‘ഐ ആം ബോണി’, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് കുട്ടികള്‍ വഴിമാറുന്ന ഇടങ്ങളെക്കുറിച്ച് പറയുന്ന ‘മോഡ്’ എന്നിവയാണ് അന്ന് പ്രദര്‍ശിപ്പിക്കുന്ന മറ്റുചിത്രങ്ങള്‍.

മെയ് നാല്, വെള്ളിയാഴ്ച്ച വൈകീട്ട് നാലു മണിക്കാണ് മേളക്ക് തുടങ്ങുക. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 98189 91356, 98916 84253 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Pre-registration: https://www.eventbrite.com/e/social-justice-film-festival-tickets-45428770676

രജിസ്‌ട്രേഷന് മുന്‍നിബന്ധനകളില്ല, തല്‍സമയ രജിസ്‌ട്രേഷനും സാധ്യമാണ്. മെയ് 5ന് ഉച്ചഭക്ഷണം മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍