UPDATES

വായന/സംസ്കാരം

‘ഈ പിശാചിനെ ഇവിടെ നിന്നും മാറ്റൂ…’- ജോണിനെ കുറിച്ച് ജീവന്‍ തോമസ്

ജോണ്‍, അരവിന്ദന്‍, പിജെ ആന്‍റണി-ശില്പി ജീവന്‍ തോമസിന്റെ ജീവിതം-ഭാഗം 4

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബോട്ടണി അധ്യാപികയായ ഒരു കന്യാസ്ത്രീ ജീവന്‍ തോമസിനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു: ‘നീ എന്തിനാ ആര്‍ക്കും വേണ്ടാത്ത ചിത്രകല പഠിക്കുന്നത്?’ . അതിനുള്ള ഉത്തരമായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. ചിത്രകല പഠിക്കാന്‍ മദ്രാസില്‍ പോയെങ്കിലും അവിടെ അഡ്മിഷന്‍ കിട്ടിയില്ല. അങ്ങനെ തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അധ്യാപകരുടെ ഗുണനിലവാരമില്ലായ്മയില്‍ പ്രതിഷേധിച്ച് സമരവുമായിറങ്ങി. ഇതാണ് ജീവന്‍ തോമസ്. കലയും പ്രതിഷേധവും ഒരുമിച്ച് കൊണ്ടുപോയ ചിത്രകാരന്‍, ശില്പി. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലം പ്രക്ഷുബ്ദമായ 70-കളില്‍ മുഴങ്ങിക്കേട്ട വിമത ശബ്ദം ഈ 2017-ലും നമുക്ക് കേള്‍ക്കാം. ശില്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം സഫിയ ഒ.സി യിലൂടെ.

 

ഒന്നാം ഭാഗം: കലയും പ്രതിഷേധവും ഒരുമിക്കുമ്പോള്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം


രണ്ടാം ഭാഗം: കുറെ നല്ല മനുഷ്യര്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം തുടരുന്നു


മൂന്നാം ഭാഗം: ഫൈന്‍ ആര്‍ട്‌സ് കോളേജ്/റാഡിക്കല്‍ മൂവ്‌മെന്റ്/പല ജീവിതങ്ങള്‍


ജോണ്‍, ജോണ്‍ മാത്രം!

ഞാന്‍ ഫൈനാര്‍ട്സ് കോളേജില്‍ സെക്കന്‍റ് ഇയറിന് പഠിക്കുമ്പോഴാണ് ജോണുമായിട്ടുള്ള ബന്ധം തുടങ്ങുന്നത്. ആ സമയത്ത് അരവിന്ദനാണ് നികുഞ്ജം ഹോട്ടലില്‍ വെച്ച് ജോണിനെ പരിചയപ്പെടുത്തി തന്നത്. അന്ന് നികുഞ്ജം ഹോട്ടല്‍ തിരുവനന്തപുരത്ത് ബുദ്ധിജീവികള്‍ ഒത്തുകൂടുന്ന ഒരു സ്ഥലമാണ്. പത്മരാജന്‍, ഗോപി, നെടുമുടിവേണു, അരവിന്ദന്‍, ഭരതന്‍ അങ്ങനെ പല കക്ഷികളും ഉണ്ട്. അവരെയെല്ലാരേം എനിക്കു വ്യക്തിപരമായി അറിയാമായിരുന്നു.

ഞാന്‍ അരവിന്ദന്‍റെ പെറ്റായിരുന്നു. എനിക്കു ഇടക്ക് പൈസ തരും. എന്റെ വര്‍ക്ക് വന്നു കാണും. ഞാന്‍ മിക്കപ്പോഴും ക്ലാസ്സിലൊന്നും കാണില്ല. ആരെങ്കിലും ശാപ്പാട് വാങ്ങിത്തരുമോ മദ്യം വാങ്ങിതരുമോ എന്നൊക്കെ നോക്കിയിട്ട് അവരുടെ കൂടെ അങ്ങുപോകും. നമ്മളിങ്ങനെ റോഡില്‍കൂടെ നടന്നു പോകുമ്പോള്‍ അരവിന്ദന്‍റെ വണ്ടിയിങ്ങനെ പയ്യെ അടുത്തേക്ക് വരും. ഓടിക്കുന്നത് അരവിന്ദനായിരിക്കില്ല. മുന്നില്‍ കൊണ്ടുവന്നു വണ്ടി നിര്‍ത്തുമ്പോള്‍ നമ്മള്‍ ചീത്തപറഞ്ഞുകൊണ്ടാണ് പലപ്പോഴും നോക്കുക. അപ്പോഴായിരിക്കും അരവിന്ദനെ കാണുന്നത്. ഞാനിന്നലെ കോളേജില്‍ വന്നിരുന്നു, പുതിയ വര്‍ക്ക് കണ്ടു, വളരെയധികം ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു കാശും തരും. സത്യം പറഞ്ഞാല്‍ അങ്ങേര്‍ക്കൊക്കെ ഞാന്‍ കുറെ കാശ് കൊടുക്കാനുണ്ട്.

എംവി ദേവന്‍ വന്ന ഒരുദിവസം ഞാന്‍ അവിടെ പോയി. അപ്പോള്‍ ജോണ്‍ അവിടെയുണ്ടായിരുന്നു. ജീവന്‍ ഇത് ജോണ്‍ എബ്രഹാം, അരവിന്ദന്‍ പരിചയപ്പെടുത്തി. ജോണിന് ഒരു ചെറിയ ആവശ്യം ഉണ്ട് എന്നു പറഞ്ഞു. ഞാന്‍ എന്താണെന്ന് ചോദിച്ചു. ഇവനൊരല്‍പം ബീഡിക്കുള്ള മരുന്ന് കൊടുക്കണം. എന്തു മരുന്നെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ കഞ്ചാവാണെന്ന് പറഞ്ഞു. ഞാന്‍ വലിക്കില്ല. എന്റെ മറുപടി കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു.

അടുത്ത ദിവസം ജോണ്‍ കോളേജില്‍ വരുന്നു. എന്നെയും കൂട്ടിയിട്ടു ഇറങ്ങി നടക്കുന്നു. മദ്യപിക്കുന്നു. ജോണിന് എന്നെ വളരെ ഇഷ്ടപ്പെടുന്നു. പറയുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നു. ജോണിനെ നമ്മളും ഇഷ്ടപ്പെടുന്നു. എന്റെ ഫ്രണ്ട്സ് ഒന്നും മോശം കക്ഷികളൊന്നും അല്ലെന്ന് ജോണിങ്ങനെ പ്രൌഡായിട്ടു പറയും. ഒന്നാംതരം ആര്‍ട്ടിസ്റ്റാണ് എന്നൊക്കെ പറഞ്ഞിട്ടാണ് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക. ഒരിക്കല്‍ യേശുദാസിനെ പരിചയപ്പെടുത്തി. ഞങ്ങളന്നേരം എംബി ശ്രീനിവാസനെ കാണാന്‍ വേണ്ടി സ്റ്റുഡിയോയില്‍ ഇരിക്കുകയായിരുന്നു. യേശുദാസ് അവിടെ റെക്കോര്‍ഡിംഗിന് വന്നതായിരുന്നു. അപ്പോള്‍ ജോണ്‍ യേശുദാസിനോട് പറഞ്ഞു Meet my friend Mr. Jeevan Thomas. He is a national award winner. ഞാന്‍ ആദ്യം ഒന്നു ചമ്മി. പിന്നെ കൈ ഒക്കെ കൊടുത്തു. അയാള് വളരെ മാന്യമായിട്ടു കൈ ഒക്കെ തന്നു. അവിടെ നിന്നു ഇറങ്ങിയപ്പോള്‍ ഞാന്‍ ജോണിനോട് പറഞ്ഞു ‘എടാ ജോണെ പോക്രിത്തരം കാണിക്കരുത്. ഞാന്‍ എവിടെയാണ് നാഷണല്‍ അവാര്‍ഡ് വാങ്ങിയത്. എനിക്കു സ്റ്റേറ്റ് അവാര്‍ഡെ കിട്ടിയിട്ടുള്ളൂ.’ ‘അതെനിക്കറിയാം ഞാന്‍ അവനിട്ടൊന്ന് കൊടുത്തതാ അവന് സ്റ്റേറ്റ് അവാര്‍ഡെ കിട്ടിയിട്ടുള്ളൂ എന്നാല്‍ എന്റെ ഫ്രണ്ട് നാഷണല്‍ അവാര്ഡ് വിന്നറാണെന്ന് അറിഞ്ഞോട്ടെ.’ ഇതായിരുന്നു ജോണിന്റെ മറുപടി.

അഗ്രഹാരത്തിലെ കഴുതയില്‍ ഒരുപാട് ആര്‍ട് വര്‍ക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. സിനിമയുടെ അവസാനം കത്തുന്ന അഗ്രഹാരവും മറ്റും ഒക്കെയാണ് ചെയ്തത്. അവസാനം അത് കുറെ നശിപ്പിക്കപ്പെട്ടിട്ടാണ് ഷൂട്ട് ചെയ്തത്. കാരണം ജോണാണ്. ജോണ്‍ അതിന്റെ പുറത്തു കേറി ഡാന്‍സ് കളിച്ചത് തന്നെ പ്രശ്നം. അതൊരു പാറയുടെ പുറത്താണ് ചെയ്തത്. ഒരറ്റത്ത് കത്തിക്കഴിഞ്ഞാ ഇത് ഇളകിപ്പോകും. കത്തിക്കഴിയുമ്പോള്‍ ആദ്യമേ ഓട് മുഴുവന്‍ ഇടിഞ്ഞു വീഴാനുള്ള ടെക്നിക് ഒക്കെ എടുത്തിട്ടാണ് ഞാന്‍ ഇത് ചെയ്തത്. അടിയില്‍ തീപ്പെട്ടി ഉണ്ടാക്കുന്ന മരം കൊണ്ടാണ് കഴുക്കോല്‍ ഉണ്ടാക്കിയത്. ഇത് കണ്ടപ്പോള്‍ കൂടിനില്‍ക്കുന്ന സുഹൃത്തുക്കളോടൊക്കെ വളരെ സന്തോഷത്തോടെ ഓരോന്ന് പറഞ്ഞിട്ടു ഇതിന്‍റെ അറ്റത്ത് പോയി ചവിട്ടും അന്നേരം ഇതെല്ലാം വീണ്ടും കുഴപ്പത്തിലാകും. മൂന്നു പ്രാവശ്യം ആയപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഇനി ഈ പിശാചിനെ പിടിച്ച് മാറ്റിയില്ലെങ്കില്‍ ഇവന്‍ ഇതിന്‍റെ ബാക്കിയില്‍ നിന്നിട്ട് ഷൂട്ട് ചെയ്യേണ്ടിവരു’മെന്നു. ടിവി ചന്ദ്രന്‍ വന്നു കാലുപിടിച്ചിട്ടൊക്കെയാണ് ഞാന്‍ പിന്നെ ബാക്കി ചെയ്തത്.

എന്റെ സീനിയര്‍ ഒരു കക്ഷി എനിക്കു അസിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.  ഒരു പാവം മനുഷ്യനാ. മുഹമ്മദലി. അവന്‍ പറഞ്ഞു ഞാന്‍ ഇനി അതില്‍ തൊടില്ലെന്ന്. ഞാന്‍ പിന്നെ അവന്റെ കാല് പിടിക്കാന്‍ പോണം. അല്ലെങ്കില്‍ ഇത് ഷൂട്ടിംഗ് സമയത്ത് തീരില്ല. ലൈറ്റും മറ്റ് കാര്യങ്ങളും ഒക്കെ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. ഞാന്‍ ആ സമയത്ത് പതിനഞ്ച് രൂപ റെന്‍റ് കൊടുക്കുന്ന ഒരു മുറിക്കകത്താണ് താമസിക്കുന്നത്. പതിനഞ്ച് രൂപയുടെ റൂം എന്നു പറഞ്ഞാല്‍ ആലോചിച്ചാല്‍ മതി. ഭിത്തിയെല്ലാം മണ്ണ് കൊണ്ട് ഉണ്ടാക്കിയതാണ്. തറയൊക്കെ മുഴുവന്‍ കുഴിഞ്ഞു കിടക്കുകയാണ്. ചില കുഴികള്‍ക്കകതൊക്കെയാവും നമ്മള്‍ സ്വസ്ഥമായിട്ടു കിടക്കുക. പതിനഞ്ചു രൂപ ഞാന്‍ ഒറ്റയ്ക്ക് കൊടുക്കണ്ട. ഏഴര രൂപ കൊടുത്താല്‍ മതി. പകുതി ഷെയര്‍ ചെയ്യുന്നത് ഒരു കൈനോട്ടക്കാരനാണ്. പിന്നീട് ജോണിന്റെ സിനിമയില്‍ ഒന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. എന്നെ വിളിച്ചിരുന്നു. ഞാന്‍ പറഞ്ഞു പറ്റില്ല നമുക്ക് പുറത്തുവെച്ച് കാണുന്നതാണ് നല്ലതെന്ന്.

ആ സമയത്താണ് ഒരു പ്രൊഡക്ഷന്‍ മാനേജര്‍ എന്നെ വന്നു വിളിക്കുന്നത്. അയാള്‍ വന്നിട്ട് കാര്യങ്ങള്‍ ഒക്കെ ചോദിച്ചു. അയാളെന്നെ കൂട്ടിക്കൊണ്ട് പോയി ചായയൊക്കെ വാങ്ങിത്തന്നു. വാസ്തവത്തില്‍ ആ സമയത്ത് എനിക്കു ഭക്ഷണം വാങ്ങിതന്നിരുന്നത് സുരാസുവായിരുന്നു. അവിടെ മലയാളി ആര്‍ടിസ്റ്റുകള്‍ വളരെ ഡെലീഷ്യസ് ആയിട്ട് ഭക്ഷണം വാങ്ങിക്കൊണ്ട് പോകുന്ന ഒരു കാന്റീന്‍ ഉണ്ട്. എന്നെ അവിടെ കൊണ്ടുപോയി മാസം കാശ് പുള്ളികൊടുത്തോളാം എന്നു പറഞ്ഞിട്ടു ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം തരാന്‍ ഏര്‍പ്പാടാക്കി. അവിടെ നല്ല ഒന്താന്തരം ബീഫ് ഫ്രൈ, ബീഫ് കറി ഒക്കെ കിട്ടുമായിരുന്നു.

പ്രൊഡക്ഷന്‍ മാനേജര്‍ മുറിയൊക്കെ ആകെയൊന്ന് നോക്കി. എന്നിട്ട് നമുക്ക് പുറത്തുപോകാമെന്ന് പറഞ്ഞു. എനിക്കു കുറച്ചു വര്‍ക്ക് ഉണ്ട് അത് ചെയ്തു തരണം എന്നു പറഞ്ഞു. ഞാന്‍ അയാളെ മൊത്തത്തില്‍ ഒന്നു നോക്കി. പട്ടിണിയാണേലും കാശൊന്നും ഇല്ലേലും ഈ കൊമേഷ്യല്‍ വര്‍ക്ക് ചെയ്യാന്‍ വരുന്നവരോട് എനിക്കു വലിയ താത്പര്യം ഒന്നും ഇല്ലായിരുന്നു. അയാള്‍ എന്നോടു പറഞ്ഞു. നിങ്ങള്‍ ഇങ്ങനെ ജീവിക്കേണ്ട ഒരാളല്ല. എന്തായാലും നിങ്ങള്‍ ഇവിടെ താമസിക്കുകയാണല്ലോ കുറച്ചു വര്‍ക്ക് ചെയ്യൂ. കാശുകിട്ടും. അപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാലോ എന്നും പറഞ്ഞു. അയാള്‍ ബ്രേക്ഫാസ്റ്റ് ഒക്കെ വാങ്ങിതന്നിട്ടു നേരെ ബാങ്കിലേക്ക് കൂട്ടിക്കൊണ്ട് പോയി. എന്നിട്ട് എനിക്കൊരു അക്കൌണ്ട് തുടങ്ങിയിട്ടു ഒരു 3000 രൂപ അതില്‍ ഇട്ടു തന്നു. പിന്നെ ഒരു ഫാമിലിക്ക് സുഖമായിട്ടു താമസിക്കാവുന്ന ഒരു കെട്ടിടത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി. ഇവിടെയാണ് ഇനി നിങ്ങള്‍ താമസിക്കുക എന്നു പറഞ്ഞു. അയാളുടെ പേരെനിക്ക് ഓര്‍മ്മയില്ല. ഞാന്‍ അയാളുടെ ഒരു വര്‍ക്കെ ചെയ്തുള്ളൂ.

പിജെ ആന്‍റണിയുടെ സിനിമാറ്റിക് എന്‍ട്രി

പിജെ ആന്‍റണിയൊക്കെ അഭിനയിക്കുന്ന സിനിമയായിരുന്നു അത്. അതേതാണ്ട് നിര്‍മ്മാല്യം സിനിമയുടെ മാതിരി എടുത്തിട്ടുള്ള ഒരു സാധനമാണ്. ഒരു പ്രതിമയുടെ മുന്‍പില്‍ കിടന്നിട്ടു നായകന്‍ മരിച്ചുപോകുന്ന ഒരു സിനിമയാണ്. അത് ഞാനാണ് ഉണ്ടാക്കിയത്. നമ്മള് പ്രധാനമായും സ്കള്‍പ്ചറിനു പ്രാധാന്യം കൊടുത്തു പഠിച്ചത് കൊണ്ട് ഇത് പൂര്‍ണ്ണമായും ബ്ലാക്കിലാണ് ഉണ്ടാക്കിയത്. ക്യാമറാമാന്‍ ഒരു തമിഴനാണ്. ഇയാള്‍ക്കാണെങ്കില്‍ ശില്പം എന്നൊക്കെ പറഞ്ഞാല്‍ കളറൊക്കെ അടിച്ചു അമ്പലത്തിലെ പ്രതിമ പോലുള്ളതാണ് വേണ്ടത്. ഇതെന്നപ്പ ഇങ്ങനെ മുഴുവനും കറുത്തേ ഇരിക്കുന്നു എന്ന രീതിയിലാണ് പുള്ളിയുടെ ഡയലോഗ്. അങ്ങനെ ഇയാള്‍ കുറെ കുറ്റം പറഞ്ഞു.  ഞാന്‍ ശരിക്കും പറഞ്ഞാല്‍ ആന്‍റണി അഭിനയിക്കുന്നത് നോക്കുകയായിരുന്നു. അവസാന ശ്വാസം വലിക്കുന്നതൊക്കെ അഭിനയിക്കുന്നത് കാണേണ്ടത് തന്നെയാണ്. അപാര അഭിനയമാണ്. ഇത് അപ്പടി ബ്ലാക് താനേ ഇതേപ്പടി ശരിയാകും എന്നൊക്കെ ഓരോ ഷോട്ട് എടുക്കാന്‍ തുടങ്ങുമ്പോഴും തമിഴന്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവസാനം ഞാന്‍ പറഞ്ഞു ക്യാമറയുടെ ബട്ടണില്‍ പിടിച്ച് തിരിച്ചു കഴിഞ്ഞാല്‍ അത് ഷൂട്ട് ചെയ്യപ്പെടും അല്ലെങ്കില്‍ അതില്‍ പടം കിട്ടും എന്നൊക്കെ വിചാരിക്കുന്ന കക്ഷികളോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ലോകത്തിലുള്ള ശില്പങ്ങളില്‍ അധികവും ബ്ലാക്കാണ്. തനിക്ക് പടം എടുക്കാനറിയില്ല. വേറെ ആണ്‍ പിള്ളേര് എടുത്തുകഴിഞ്ഞാല്‍ അത് കിട്ടും. ലോകചരിത്രത്തില്‍ കിട്ടിയിട്ടും ഉണ്ട്. ഞാന്‍ കുറച്ചു ഷൌട്ട് ചെയ്തിട്ട് തന്നെ പറഞ്ഞു. അപ്പോള്‍ ബാക്കില്‍ നിന്നു ഒരു കയ്യടി. ഒന്നൂടെ കുറച്ചു സ്ട്രസ് ചെയ്തിട്ട് പറയൂ. നീ അല്ലാതെ ഈ വിവരം കെട്ട കക്ഷികളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ നിക്കുമോ എന്നു പി ജെ ആന്‍റണി പറഞ്ഞു.

ഷൂട്ട് കഴിഞ്ഞപ്പോള്‍ ആന്‍റണി എന്നെയും കൂടിയിട്ട് പറഞ്ഞു. ഞാന്‍ ഇവനെയും കൊണ്ട് അങ്ങ് പോകുകയാണ്. എനിക്കു ഇവനെ ഇഷ്ടപ്പെട്ടു. പോകുന്ന വഴിക്കു ചുവന്ന ലൈറ്റ് കാണുന്ന സ്ഥലതൊക്കെ വണ്ടി നിര്‍ത്തണം എന്നു പറഞ്ഞു. വഴിക്കുള്ള മുഴുവന്‍ ചാരായക്കടയിലും നിര്‍ത്തിയിട്ടാണ് പോയത്. എന്നെ റൂമില്‍ കൂട്ടിക്കൊണ്ട് പോയിട്ടു ചാരായം ഒഴിച്ച് തരികയാണ്. ഞങ്ങള്‍ രണ്ടു പേരും സംസാരിച്ച് കൊണ്ട് ഇങ്ങനെ കുടിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടക്ക് പത്രക്കാര് വരുന്നുണ്ട്. മൂപ്പര് നല്ല രസികന്‍ കേസാണ്. പോകുന്ന വഴിക്കു തന്നെ എന്റെ കാര്യങ്ങളൊക്കെ ചോദിച്ചിരുന്നു. എന്നിട്ട് എന്നോടു പറഞ്ഞു ഞാന്‍ നിന്നെ എറണാകുളത്ത് ഇറക്കി വിടും. അന്ന് തന്നെ നീ തിരുവനന്തപുരത്ത് പോയിക്കോണം എന്നു പറഞ്ഞു. പോയിട്ടു അവിടെ ജോയിന്‍ ചെയ്യണം. പ്രോഫഷണല്‍ കോഴ്സ് അല്ലേ വീണ്ടും അവര്‍ എടുത്തോളും. ഇല്ലെങ്കില്‍ നീ എന്നെ വിളിച്ചാല്‍ മതി ഞാന്‍ പറഞ്ഞോളാം എന്നു പറഞ്ഞു. അങ്ങനെയാണ് ഞാന്‍ വീണ്ടും ഫൈനാര്ട്സ് കോളേജില്‍ തിരിച്ചു വരുന്നത്.

(തുടരും)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍