UPDATES

വായന/സംസ്കാരം

ഗുജറാത്തില്‍ ദൈവങ്ങളെ ‘അശ്ലീല’കരമായി വരച്ചു എന്നാരോപിച്ച് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി 11 വര്‍ഷങ്ങള്‍ക്ക് ശേഷം വിസിയുടെ ഓഫീസിന് തീയിട്ടു

2006 ല്‍ ലളിത കലാ അക്കാദമി അവാര്‍ഡ് നേടിയ ചന്ദ്രമോഹന്റെ കലാ ജീവിതമാണ് ഹിന്ദുത്വ തീവ്രവാദികള്‍ നല്‍കിയ വ്യാജ കേസിലൂടെ തകര്‍ക്കപ്പെട്ടത്

യേശു ക്രിസ്തുവിനെയും ദുര്‍ഗ്ഗയെയും ‘അശ്ലീല’കരമായി ചിത്രീകരിച്ചതിന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി 11 വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വ്വകലാശാലയില്‍ തിരിച്ചെത്തിയത് വൈസ് ചാന്‍സലറുടെ ഓഫീസ് കത്തിക്കാന്‍. വഡോദരയിലെ മഹാരാജ സവാജിറാവു സര്‍വ്വകലാശാലയിലാണ് സംഭവം.

ഫെബ്രുവരി രണ്ടാം തീയതിയാണ് വി സി പ്രൊഫസര്‍ പരിമള്‍ വ്യാസിന്റെ ഓഫീസ് ശ്രിലമാന്തുള ചന്ദ്രമോഹന്‍ അഗ്നിക്കിരയാക്കിയത്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമായത്. നിരവധി കംപ്യൂട്ടറുകളും, ഫയലുകളും പണവും കത്തിനശിച്ചെന്നു സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പെട്രോളും ഒരു തീപ്പെട്ടിയും ടോയ് കൈത്തോക്കുമായി എത്തിയ ശ്രിലമാന്തുള ചന്ദ്രമോഹനെ സര്‍വ്വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ സയാജിഗഞ്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

“11 വര്‍ഷമായിട്ടും എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും കിട്ടിയില്ല സര്‍” പോലീസ് സ്റ്റേഷനില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ചന്ദ്രമോഹന്‍ പറഞ്ഞു. “ഞാന്‍ 30-40 എഴുത്തുകള്‍ വി സിക്ക് അയച്ചു. എന്തുകൊണ്ടാണ് കഴിഞ്ഞ 11 വര്‍ഷമായി എന്റെ പരീക്ഷഫലം എനിക്കു അയച്ചു തരാത്തത് എന്നതിനെ കുറിച്ച് യാതൊരു മറുപടിയും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല” ചന്ദ്രമോഹന്‍ പറഞ്ഞു.

2007 മെയിലാണ് കോഴ്സ് വര്‍ക്കിന്റെ ഭാഗമായി ദൈവങ്ങളുടെ ശാരീരിക വിശദാംശങ്ങള്‍ ചിത്രീകരിക്കുന്ന പെയിന്‍റിംഗുകള്‍ ചന്ദ്രമോഹന്‍ പ്രദര്‍ശിപ്പിച്ചത്. കാംപസില്‍ നടന്ന ഈ പ്രദര്‍ശനത്തിനെതിരെ വിശ്വ ഹിന്ദു പരിഷദ്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് 23 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും നാല് ദിവസം റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

“അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രദര്‍ശനത്തിന്റെ മൂന്നാം ദിവസം അപ്രതീക്ഷിതമായി പോലീസ് കാമ്പസില്‍ എത്തുകയും ചന്ദ്രമോഹനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു” അന്നത്തെ ഡീന്‍ ഇന്‍ ചാര്‍ജ് ആയിരുന്ന ശിവജി പണിക്കര്‍ പറഞ്ഞു. കലാപം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് പ്രകോപനപരമായി പ്രവര്‍ത്തിച്ചതിന് ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153 ആണ് ചന്ദ്രമോഹന് മേല്‍ ചുമത്തിയ കുറ്റം.

അതേസമയം സര്‍വ്വകലാശാല ചന്ദ്രമോഹനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല സര്‍വ്വകലാശാലയുടെ സല്‍കീര്‍ത്തിക്ക് കോട്ടം ഉണ്ടാക്കി എന്നു പറഞ്ഞു വിശദീകരണം ചോദിക്കുകയും ചെയ്തു. അയാളുടെ മാസ്റ്റേഴ്സ് ഡിഗ്രി തടഞ്ഞുവെച്ച സര്‍വ്വകലാശാല പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനും തയ്യാറായില്ല.

കിഴക്കന്‍ ഗോദാവരി സ്വദേശിയായ ചന്ദ്രമോഹന്റെ മാതാപിതാക്കള്‍ ഗ്രാമീണരാണ്. മരപ്പണിക്കാരനാണ് പിതാവ്. അവന്റെ പ്രദേശത്ത് നിന്നും സര്‍വകലാശാലയിലേക്ക് ആദ്യമായി പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥിയായിരുന്നു ചന്ദ്രമോഹന്‍.

ജാമ്യം കിട്ടിയതിന് ശേഷം ചന്ദ്രമോഹന് ഗുജറാത്ത് വിട്ടു പോകാന്‍ കഴിയുമായിരുന്നില്ല. “ഡിഗ്രിയും ജോലിയുമില്ലാതെ അവന്‍ അജ്ഞാതനായി ജീവിക്കുകയായിരുന്നു” ചന്ദ്രമോഹന്റെ നീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി ജോഹന്നാ ലോഖന്ദേ പറഞ്ഞു. “11 വര്‍ഷമായിട്ടും കേസ് കോടതിയില്‍ എത്തിയിട്ടില്ല” ലോഖന്ദേ കൂട്ടിച്ചേര്‍ത്തു.

ചന്ദ്രമോഹന്റെ അറസ്റ്റിനെ തുടര്‍ന്ന് സര്‍വ്വകലാശാലയില്‍ വമ്പിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. നഗ്നത ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ് എന്നു തെളിയിക്കുന്ന പ്രദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തടയാന്‍ ശ്രമിച്ചില്ല എന്നു ആരോപിച്ച് ശിവജി പണിക്കരെയും സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തു.

2006 ല്‍ ലളിത കലാ അക്കാദമി അവാര്‍ഡ് നേടിയ ചന്ദ്രമോഹന്റെ കലാ ജീവിതമാണ് ഹിന്ദുത്വ തീവ്രവാദികള്‍ നല്‍കിയ വ്യാജ കേസിലൂടെ തകര്‍ക്കപ്പെട്ടത്. ആ സംഭവത്തിന് ശേഷവും ചന്ദ്രമോഹന്‍ ചിത്രങ്ങള്‍ വരച്ചെങ്കിലും ഒരു ആര്‍ട്ട് ഗ്യാലറി പോലും അത് പ്രദര്‍ശനത്തിന് വെക്കാന്‍ തയ്യാറായില്ല എന്ന് ശിവജി പണിക്കര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍