UPDATES

വായന/സംസ്കാരം

‘ഉന്നതകല’യില്‍ ദളിതര്‍ക്കെന്ത് കാര്യം? തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത്‌ നൃത്താധ്യാപികയെ പുറത്തുനിര്‍ത്തുമ്പോള്‍

ജാതി തിരിച്ചറിഞ്ഞാല്‍ പലര്‍ക്കും പ്രോഗ്രാം കിട്ടില്ല എന്ന പേടിയുണ്ട്. ഉള്ള ഉപജീവനമാര്‍ഗ്ഗം കൂടി കളയണ്ട എന്ന് കരുതിയാണ് പരാതി കൊടുക്കാന്‍ പലരും തയ്യാറാകാത്തത്

1917 മെയ് 29-നാണ് ചെറായില്‍ ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം സംഘടിപ്പിച്ചത്. ജാതി വിവേചനത്തിന് എതിരായുള്ള വിപ്ലവകരമായ ഈ സംഭവം നടന്നിട്ട് 100 വര്‍ഷം കഴിയുമ്പോഴും ഭക്ഷണത്തിന്റെ പന്തിയില്‍ മാത്രമല്ല കലയുടെ പന്തിയിലും രണ്ടിലയാണ് ഇപ്പോഴുമെന്നു തെളിയിക്കുന്നതാണ് ചെറായിക്കാരി കൂടിയായ ഭരതനാട്യം നര്‍ത്തകി ഹേമലത ടീച്ചറുടെ അനുഭവം. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് നൃത്താധ്യാപികയ്ക്ക് നേരിടേണ്ടിവന്നത് കൊടിയ ജാതി പീഡനമാണെന്നാണ് ആക്ഷേപം. ‘ഉന്നത’കലയില്‍ ദളിതരെ പിന്നണിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് ടീച്ചറുടെ ജീവിതം. തൊഴിലിടത്തില്‍ താന്‍ നേരിട്ട ജാതി പീഡനത്തെ കുറിച്ചും അതിനെതിരെ നടത്തുന്ന നിയമ പോരാട്ടത്തെ കുറിച്ചും ഹേമലത ടീച്ചര്‍ അഴിമുഖത്തോടു സംസാരിക്കുന്നു.

1990-ലാണ് ഞാന്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ഭരതനാട്യം ഡിപ്ലോമയ്ക്ക് ചേര്‍ന്നത്. നാലു വര്‍ഷമായിരുന്നു ഡിപ്ലോമ. അതിനു ശേഷം നാലു വര്‍ഷം മോഹിനിയാട്ടം ഡിപ്ലോമ ചെയ്തു. മോഹിനിയാട്ടം ഡിപ്ലോമ കഴിഞ്ഞിട്ട് ഞാന്‍ അവിടെതന്നെ ഭരതനാട്യം പിജിക്ക് ചേര്‍ന്നു. പഠിക്കുന്ന കാലത്ത് അവിടെ ഉന്നത ജാതിക്കാരായ കുട്ടികള്‍ തന്നെയായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. അപ്പോഴൊക്കെ ദളിത് വിദ്യാര്‍ത്ഥികള്‍ പ്രത്യക്ഷമായും അല്ലാതെയും പല രീതിയില്‍ ഉള്ള വിവേചനങ്ങള്‍ നേരിട്ടിരുന്നു. പിജിക്ക് അഡ്മിഷന്‍ കിട്ടാത്ത രീതിയില്‍ മാര്‍ക്ക് കുറയ്ക്കുക, ഇന്റേണല്‍ മാര്‍ക്ക് കുറക്കുക, ബെറ്റര്‍മെന്റിന് അവസരം നിഷേധിക്കുക; ഇങ്ങനെയൊക്കെയായിരുന്നു വിവേചനങ്ങള്‍. പിജിക്ക് മാര്‍ക്ക് കുറഞ്ഞപ്പോള്‍ ബെറ്റര്‍മെന്റ് എന്ന ആവശ്യവുമായി ചെന്ന ഞങ്ങളെ, അങ്ങനെയൊന്ന് ഇല്ല എന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു. ഒടുവില്‍ പ്രശ്‌നം ഉണ്ടാക്കിയാണ് അവസരം തന്നത്. ആദ്യം എനിക്ക് തേര്‍ഡ് ക്ലാസ് ആണ് ഉണ്ടായിരുന്നത്. ബെറ്റര്‍മെന്റിന് കൊടുത്തപ്പോള്‍ അത് സെക്കന്‍ഡ് ക്ലാസ് ആയി. ബെറ്റര്‍മെന്റ് ചെയ്ത ദളിത് വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ബെറ്റര്‍മെന്റ് എന്നു രേഖപ്പെടുത്തിയപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ അത് രേഖപ്പെടുത്തിയില്ല.

ഞാന്‍ എസ് എഫ് ഐ പ്രവര്‍ത്തക ആയിരുന്നു. അന്നൊക്കെ എസ്എഫ്ഐയുടെ ഇടപെടലിലൂടെ സംഘടനാപരമായും രാഷ്ട്രീയമായും അതൊക്കെ കുറേയൊക്കെ പരിഹരിക്കാന്‍ പറ്റിയിരുന്നു; ഹേമലത പറയുന്നു.

പിജി പൂര്‍ത്തിയാക്കിയതിന് ശേഷം ഹേമലത ഒരു വര്‍ഷം ഗസ്റ്റ് അധ്യാപികയായി ആര്‍ എല്‍ വിയില്‍ വര്‍ക്കു ചെയ്തു. പിന്നീട് കാലടി സംസ്‌കൃത സര്‍വ കലാശാലയില്‍ അധ്യാപികയായി പോയി. അതിനു ശേഷം ആര്‍എല്‍വിയിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു.
ആര്‍എല്‍വിയില്‍ പലതവണയായി അഞ്ചു വര്‍ഷത്തോളം ഞാന്‍ ജോലി ചെയ്തു. ഇന്നുവരെ നമ്മളെ ഒരു പരീക്ഷ ബോര്‍ഡില്‍ ഇരുത്തിയിട്ടില്ല. പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും മറ്റുമൊക്കെ പലപ്പോഴും മനഃപൂര്‍വം ഒഴിവാക്കി നിര്‍ത്തും. ഒരു തവണ ഇത് വലിയ സംസാരമായപ്പോള്‍ ആ വര്‍ഷം മാത്രം എസ് സി വിഭാഗക്കാരനായ ഒരു അദ്ധ്യാപകനെ പരീക്ഷ ഡ്യൂട്ടിക്ക് ഇരുത്തി. പിന്നീട് ഇതുവരെ ഒരാളെപ്പോലും അവിടെ ഇരുത്തിയിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ എന്നെപ്പോലുള്ളവര്‍ പ്രതികരിക്കാറുണ്ട്. സംഘടനാ പരമായും മറ്റും അറിയിക്കേണ്ട മേഖലകളില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് ഇവര്‍ എനിക്കെതിരെ തിരിയാനുള്ള കാരണം.

ക്ലാസില്‍ ദളിത് വിദ്യാര്‍ത്ഥികളെ ഒരിക്കലും മുന്‍പില്‍ നിര്‍ത്താറില്ല. അവരുടെ സ്ഥാനം എപ്പോഴും പിറകിലാണ്. കുട്ടികളെ മാനസികമായി തകര്‍ക്കുകയാണ്. ഞാന്‍ അധ്യാപിക ആയിരുന്നപ്പോള്‍ ഇത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്. ഓരോ ദിവസവും കുട്ടികളുടെ സ്ഥാനം റൊട്ടേറ്റ് ചെയ്തുകൊണ്ടിരിക്കും. ആര്‍ക്കും ഒരു വിവേചനം ഉണ്ടെന്ന് തോന്നില്ല. അവര്‍ക്കത് മാനസികമായിട്ട് സന്തോഷം ഉണ്ടാക്കുകയേയുള്ളൂ, അങ്ങനെ ഒരു സിസ്റ്റം ഞാന്‍ ബോധപൂര്‍വം കൊണ്ടുവരാറുണ്ട്. നമ്മളെ ശ്രദ്ധിക്കുന്നില്ല, മാറ്റി നിര്‍ത്തുന്നു എന്നൊക്കെ പല കുട്ടികളും പരാതി പറയാറുണ്ട്. ആരൊക്കെ ശ്രദ്ധിച്ചില്ലെങ്കിലും നമ്മള്‍ നന്നായി പെര്‍ഫോം ചെയ്തു കാണിച്ചു കൊടുക്കണം എന്നു ഞാന്‍ കുട്ടികളോട് എപ്പോഴും പറയുമായിരുന്നു.

ഒരു വര്‍ഷം ആര്‍എല്‍വിയില്‍ ജോലി ചെയ്തതിന് ശേഷമാണ് എനിക്കു കാലടിയില്‍ കിട്ടിയത്. മൂന്നു വര്‍ഷത്തേക്കുള്ള പോസ്റ്റിംഗിന് രണ്ടു വര്‍ഷം കഴിഞ്ഞാണ് എപ്പോഴും ജോലിക്കെടുക്കുക. അങ്ങനെയാകുമ്പോള്‍ ഒരു വര്‍ഷം മാത്രമേ അവിടെ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളൂ. അവസാന വര്‍ഷമാണ് കാലടിയില്‍ എനിക്കു ചാന്‍സ്‌ കിട്ടുന്നത്. ആര്‍എല്‍വിയിലും അതുപോലെ തന്നെയാണ്. കാലടിയില്‍ ഈ വര്‍ഷം റൊട്ടേഷന്‍ അനുസരിച്ചല്ല നിയമനം നടത്തിയത് എന്നു പറഞ്ഞ് ഒരു എസ് ടി അദ്ധ്യാപകന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ആര്‍എല്‍വിയിലെ വീണ ഡിപ്പാര്‍ട്ട്മെന്റില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരുണ്ട്. അത് എന്തടിസ്ഥാനത്തില്‍ ആണെന്ന ഞങ്ങളുടെ ചോദ്യത്തിന് എംപ്ലായ്‌മെന്റില്‍ നിന്ന് കൃത്യമായ ഒരു മറുപടി ഇതുവരെയായിട്ടും കിട്ടിയിട്ടില്ല. ഗസ്റ്റ് നിയമനത്തില്‍ നിലനില്‍ക്കുന്ന വിവേചനം ചൂണ്ടി ക്കാണിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എംഎ ബേബിക്കു പരാതി കൊടുത്തിട്ടാണ് എംപ്ലായ്‌മെന്റ് വഴി നിയമനം  നടത്താന്‍ തീരുമാനം ആയത്. പരാതി കൊടുക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് ഉദ്യോഗാര്‍ഥികളെ കോളേജ് അധികൃതര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതി കൊടുത്താല്‍ നിങ്ങള്‍ക്ക് ഒരിക്കലും ജോലി കിട്ടില്ല എന്നായിരുന്നു ഭീഷണി. അങ്ങനെ അവരൊക്കെ പിന്മാറുകയായിരുന്നു.

സാബു എന്ന ഒരു അദ്ധ്യാപകന് രണ്ട് വര്‍ഷം എംപ്ലോയ്മെന്റ് വഴി നിയമനം കിട്ടി. പക്ഷേ കോളേജ് അധികൃതര്‍ നിയമിച്ചില്ല. ഒരു വര്‍ഷം അദ്ദേഹം ക്വാളിഫൈഡ് അല്ല എന്നു  പറഞ്ഞ് വിട്ടു. രണ്ടാമത്തെ വര്‍ഷം അയാളുടെ പേര് തന്നെ ലിസ്റ്റില്‍ വന്നിട്ടും നിയമിക്കാന്‍ തയ്യാറായില്ല. അദ്ദേഹം സംഘടനാപരമായി പികെഎസ് (പട്ടികജാതി ക്ഷേമ സമിതി) എന്ന സംഘടനക്ക് പരാതി കൊടുത്തു. തുടര്‍ന്ന് പികെഎസ് ഇടപെട്ടപ്പോള്‍ രണ്ടാമത്തെ വര്‍ഷം അവസാനമാണ് അദ്ദേഹത്തെ അവിടെ അദ്ധ്യാപകനാക്കി വെച്ചത്.

എംപ്ലോയ്‌മെന്റ് വഴി ഞങ്ങള്‍ക്ക് നിയമനം കിട്ടി കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റിനകത്ത് ഇവര്‍ വളരെ മോശമായ പരാമര്‍ശങ്ങള്‍ എഴുതി വെച്ചു. നമ്മള്‍ ഇങ്ങനെ നിയമപരമായി നീങ്ങി എന്നതാണ് കാരണം. അപ്പോള്‍ ഞങ്ങള്‍ ട്രൈബ്യൂണലിനെ സമീപിച്ചു. പിന്നോക്ക സമുദായത്തില്‍ പെട്ട പതിനഞ്ച് പേരുടെ സര്‍ട്ടിഫിക്കറ്റിലാണ് അവര്‍ മോശം പരാമര്‍ശം രേഖപ്പെടുത്തിയത്. ആ പരാമര്‍ശം ഒഴിവാക്കി കിട്ടാന്‍ വേണ്ടി ഈ ഉദ്യോഗാര്ത്ഥികളോടെല്ലാം അപേക്ഷ കൊടുക്കാം എന്നു പറഞ്ഞിട്ട് ആകെ ആറോ ഏഴോ അദ്ധ്യാപകരെ തയ്യാറായുള്ളൂ. കാരണം ഇങ്ങനെ പരാതി കൊടുത്താല്‍ നിങ്ങള്‍ക്ക് ഒരു പബ്ലിക് പ്രോഗ്രാം പോലും തരില്ല എന്ന രീതിയില്‍ അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങനെ കൂടെ നില്‍ക്കാം എന്നു പറഞ്ഞവര്‍ എല്ലാവരും പിന്മാറി. അവസാനം ഞാനും ശുഭ എന്ന ഒരു ഉദ്യോഗാര്ത്ഥിയും മാത്രമാണ് കേസിന് പോയത്. അങ്ങനെ ആ കേസിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി തന്നു.

ആ ദേഷ്യമൊക്കെ ഇവര്‍ക്ക് ഞങ്ങളോടുണ്ട്. പിന്നത്തെ വര്‍ഷം ഞങ്ങള്‍ അവിടെ കയറിയപ്പോള്‍ അവര്‍ ഞങ്ങളോട് അതിന്റെ പകരം വീട്ടലായിരുന്നു. നമുക്ക് ഒരാളോടും മിണ്ടാന്‍ പാടില്ല. മിണ്ടിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞങ്ങളോടു മിണ്ടിയവരെ എച്ച് ഒ ഡി വിളിച്ചു ഭീഷണിപ്പെടുത്തും. അവരോടു മിണ്ടിയിട്ടുണ്ടെങ്കില്‍ നിങ്ങളെ പുറത്താക്കും എന്നു പറഞ്ഞു കൊണ്ട്. അതുകൊണ്ട് ആരും നമ്മളോട് സംസാരിക്കില്ല. നമ്മളുടെ ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികളെ പോലും ഞങ്ങളോടു സംസാരിച്ചതിന് അവര്‍ ഒറ്റപ്പെടുത്തിയിരുന്നു. അത് കുട്ടികള്‍ക്കും പ്രശ്നമായി. അവര്‍ക്ക് ഞങ്ങളോടു എന്തെങ്കിലും സംസാരിക്കാന്‍ വരണം എന്നുണ്ടെങ്കില്‍ അത് പറ്റില്ല. സംസാരിച്ചാല്‍ അവരുടെ ഇന്‍റ്റേണല്‍ മാര്‍ക്ക് കുറക്കും. ഇത്തരം വിഷയങ്ങള്‍ ഉള്ളതുകൊണ്ടു ഞാന്‍ വളരെ ശ്രദ്ധിച്ചാണ് മുന്നോട്ട് പോയിരുന്നത്. ആ സമയത്താണ് ഒരു വിദ്യാര്‍ത്ഥിനിയെ കൊണ്ട് എനിക്കെതിരെ വ്യാജ പരാതി കൊടുപ്പിച്ച് എന്നെ കോളേജില്‍ നിന്നു പുറത്താക്കുന്നത്.

2015 ഡിസംബര്‍ 31-നാണ് എന്നെ കോളേജില്‍ നിന്നു പുറത്താക്കിയത്. ഡിസംബര്‍ വെക്കേഷന്‍ കഴിഞ്ഞ് ഒരു പ്രോഗ്രാമില്‍ ജഡ്ജായി പോകുന്നതിന് ഞാന്‍ മൂന്നു ദിവസം ലീവ് ചോദിച്ചിരുന്നു. അപ്പോഴോന്നും എന്നോട് നിങ്ങള്‍ക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടെന്ന് എച്ച് ഓ ഡി പറഞ്ഞില്ല. ലീവ് കഴിഞ്ഞ് ഞാന്‍ കോളേജില്‍ ചെല്ലുമ്പോഴാണ് ഒപ്പിടേണ്ട എന്നു പറഞ്ഞത്. ഇനി മുതല്‍ കോളേജില്‍ വരണ്ട എന്നു പറഞ്ഞു. ഒരു വിദ്യാര്‍ഥിനിയുടെ പരാതിയുണ്ടെന്നാണ് കാരണമായി പറഞ്ഞത്. എന്താണ് പരാതി എന്നു ഞാന്‍ ചോദിച്ചു. നിങ്ങള്‍ വളരെ മോശമായിട്ട് ആ കുട്ടിയോട് പെരുമാറി എന്നാണ് പരാതി എന്നു വാക്കാല്‍ പറഞ്ഞു. പരാതി എന്നെ കാണിച്ചു തന്നില്ല. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടായത് എന്നെനിക്ക് മനസ്സിലാകുന്നില്ല. ഇത് മനഃപൂര്‍വ്വം ഉണ്ടാക്കിയ ഒരു പരാതിയാണെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ എച്ച് ഒ ഡിയും പ്രിന്‍സിപ്പല്‍ ഗോവിന്ദന്‍ നമ്പൂതിരി സാറും അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇവിടുന്നു ജോലി ഉപേക്ഷിച്ചു പോകുകയാണെന്ന് എഴുതിത്തരണം എന്ന് അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നു പറഞ്ഞ് ഞാന്‍ സ്റ്റാഫ് റൂമില്‍ പോയിരുന്നു.  

എനിക്കെതിരെ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ കോപ്പി വേണം എന്ന് ആവശ്യപ്പെട്ട് പിറ്റേദിവസം ഞാന്‍ ഒരു റിക്വസ്റ്റ് നല്‍കി. കോളേജിനകത്ത് നിങ്ങളെ പ്രവേശിപ്പിക്കരുതെന്ന് വിദ്യാര്‍ത്ഥി സംഘടനകളുടെ ഭീഷണി ഉണ്ടെന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞത്. അങ്ങനെ ഒരു ഭീഷണി കത്ത് എന്തെങ്കിലും രേഖാമൂലം ഉണ്ടെങ്കില്‍ അതിന്റെ കോപ്പി എനിക്കു തരണം എന്നാവശ്യപ്പെട്ട് ഞാന്‍ അങ്ങോട്ടൊരു അപേക്ഷ കൊടുത്തു. ഞാന്‍ അങ്ങനെ എഴുതിക്കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് കുറ്റാരോപണ മെമ്മോയാണ് തന്നത്. സാധാരണ അങ്ങനെ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ആരോപണ വിധേയയോട് വിശദീകരണം ചോദിക്കേണ്ടതാണ്. ഇവിടെ കുറ്റാരോപണ മെമ്മോയാണ് തന്നത്. പോസ്റ്റലായിട്ട് അയച്ച മറുപടിയില്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാനുണ്ടായ സാഹചര്യം രഹസ്യമായിട്ട് മൊഴി രേഖപ്പെടുത്താന്‍ അവസരം ഉണ്ടായാല്‍ പറയാം എന്നു പറഞ്ഞു. പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ പുറത്താക്കിക്കൊണ്ടുള്ള ഓര്‍ഡര്‍ വീട്ടില്‍ വന്നു. അതിനു മുമ്പേ ഞാന്‍ കോടതിയില്‍ സ്റ്റേക്ക് വേണ്ടി അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ കോടതിയില്‍ നിന്ന് 21 ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്കു സ്റ്റേ ഓര്‍ഡര്‍ കിട്ടി. അങ്ങനെ ഞാന്‍ കോളേജിനകത്ത് കയറി. ഞാന്‍ കോളേജില്‍ കയറിയപ്പോള്‍ കുറെ വിദ്യാര്‍ത്ഥികള്‍ കോടതി ഉത്തരവ് കത്തിക്കാന്‍ വന്നു.

അന്ന് കുട്ടികള്‍ കോടതി ഉത്തരവ് കത്തിക്കാന്‍ വന്നപ്പോള്‍ ഞാന്‍ കുട്ടികളുടെ അടുത്തു നിന്നു മാറി നിന്നു. കാരണം കോടതി ഉത്തരവ് കത്തിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്ന ശിക്ഷ എനിക്കറിയാം. ഞാന്‍ അതുകൂടി നോക്കണമല്ലോ. എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികളാണ് വന്നത്. എസ്എഫ്ഐയുടെ ചെയര്‍മാനെതിരെയും ഞാന്‍ പരാതി കൊടുത്തിട്ടുണ്ടായിരുന്നു. എനിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളേജ് യൂണിയന്‍ ചെയര്‍മാന്‍റെ കത്ത് ഉണ്ടെന്നാണ് പ്രിന്‍സിപ്പല്‍ എന്നോടു പറഞ്ഞത്. ഞാന്‍ അതിന്റെ കോപ്പി ചോദിച്ചപ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്ന പേരില്‍ മാത്രമാണു ഒരു കത്ത് വന്നിട്ടുള്ളത്; പേരില്ല. അപ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഏതാണെന്ന് എനിക്കു അറിയില്ലായിരുന്നു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആരാണെന്ന് ഞാന്‍ അറിയാന്‍ വേണ്ടി ഏത് ദിവസമാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഞാന്‍ വിവരാവകാശം ചോദിച്ചു. യൂണിയന്‍ യോഗത്തിന്റെ  മിനിറ്റ്സിന്റെ കോപ്പി ഞാന്‍ ആവശ്യപ്പെട്ടിട്ട് അവര്‍ തന്നില്ല. കോടതിയില്‍ കൊടുക്കാന്‍ വേണ്ടിയാണ് മിനിറ്റ്സിന്റെ കോപ്പിയൊക്കെ ഞാന്‍ ആവശ്യപ്പെട്ടത്. അവര്‍ എന്നാണ് അധികാരത്തില്‍ ഏറിയത് എന്നറിഞ്ഞാല്‍ മതിയായിരുന്നു. അങ്ങനെ കോളേജ് യൂണിയന്‍ അധികാരത്തില്‍ വന്ന ദിവസവും ഓരോരുത്തരുടെ പേരും ഡെസിഗ്നേഷനും കിട്ടി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍റെ പേരില്ലാത്ത ഒരു പരാതിയാണ് കോളേജ് അതികൃതര്‍ സ്വീകരിച്ചത്. എന്നെ പുറത്താക്കാന്‍ വേണ്ടി മനഃപൂര്‍വ്വം വ്യാജ പരാതി കൊടുപ്പിച്ചതാണെന്ന് ഇതില്‍ നിന്നും കൃത്യമായിട്ട് മനസ്സിലാകും.

മൂന്നു അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടക്കുന്നത്. എച്ച് ഓ ഡി മാധവന്‍ നമ്പൂതിരി, പ്രിന്‍സിപ്പല്‍ ഗോവിന്ദന്‍ നമ്പൂതിരി, പിന്നെ റിട്ടയേര്‍ഡ് ആയിപ്പോയ ഒരു അബ്രഹാം ജോസഫ്. ഇവരൊക്കെയാണ് എനിക്കെതിരെ ഈ ഇഷ്യൂ ഉണ്ടാക്കിക്കൊണ്ടിരുന്നത്. കോളേജിനകത്ത് വെച്ചു ഭീഷണിപ്പെടുത്തിയതായി എസ് സി-എസ് ടി കമ്മീഷന് ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. എന്നെ കോളേജില്‍ നിന്നു പുറത്താക്കിയ ശേഷമാണ് ഞാന്‍ ഈ പരാതികള്‍ എല്ലാം കൊടുത്തത്. കാരണം നേരത്തെ പരാതി കൊടുത്താല്‍ ഒരു ഇഷ്യൂ ഇല്ലാതെ പരാതി കൊടുത്തെന്നും പറഞ്ഞ് എനിക്കെതിരെ ഇവര്‍ നീങ്ങും.

തുടര്‍ന്ന് ഞാന്‍ പോലീസിലും കേസ് ഫയല്‍ ചെയ്തു. ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഇത് സര്‍വീസ് കേസാണ് നിങ്ങളിത് പിന്‍വലിക്കണം എന്നു എസ്ഐ ആവശ്യപ്പെട്ടു. ഇത് എസ് സി- എസ് ടി പീഡന കേസ് അല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ കോളേജില്‍ നിന്നു പുറത്താക്കി, എന്നോടു വിശദീകരണം ഒന്നും ചോദിച്ചില്ല, എനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു, ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് തൊഴില്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ് എന്നൊക്കെ ചൂണ്ടിക്കാട്ടി എസ് സി-എസ് ടി പീഡന നിയമ പ്രകാരം കേസ് എടുക്കണം എന്നാവശ്യപ്പെട്ടാണ് ഞാന്‍ പരാതി കൊടുത്തത്. പോസ്റ്റല്‍ ആയിട്ടാണ് ഞാന്‍ പരാതികൊടുത്തിരുന്നത്. അക്നോളെജ്മെന്‍റ് കാര്‍ഡ് വരാത്തത് കാരണം ഞാന്‍ അന്വേഷിക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് എന്നോടു കേസ് പിന്‍വലിക്കണം എന്ന് പറയുന്നത്.

അതിനു ശേഷം ഞാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് ഫയല്‍ ചെയ്യാനായി എഫ് ഐ ആര്‍ തയാറാക്കി കുറ്റപത്രം സമര്‍പ്പിക്കണം എന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ തയ്യാറാക്കി. കോളേജ് പ്രിസിപ്പല്‍ ഗോവിന്ദന്‍ നമ്പൂതിരി ഒന്നാം പ്രതിയും എച്ച് ഓ ഡി മാധവന്‍ നമ്പൂതിരി രണ്ടാം പ്രതിയും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു സി എസ് മൂന്നാം പ്രതിയും വ്യാജ പരാതി നല്‍കിയ പെണ്‍കുട്ടി നാലാം പ്രതിയും ആയിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആ പെണ്‍കുട്ടിയുടെ പേര്‍ പോലും തെറ്റായിട്ടാണ് അവര്‍ എഫ് ഐ ആറില്‍ എഴുതിവെച്ചിരിക്കുന്നത്.

അന്വേഷണത്തിന് വന്നപ്പോള്‍ ആ പെണ്‍കുട്ടിയുടെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളെയും കൊണ്ട് അവര്‍ എനിക്കെതിരെ റിപ്പോര്‍ട്ട് കൊടുപ്പിച്ചു. എച്ച് ഒ ഡിയാണ് ഇതിന് നേതൃത്വം കൊടുത്തത്. ഞാന്‍ അതിന്റെയും വിവരാവകാശം വാങ്ങി. അപ്പോള്‍ എച്ച് ഒ ഡി അയാളുടെ കൈപ്പടയില്‍ എഴുതിയ പരാതിയില്‍ കുട്ടികള്‍ ഒപ്പിടുകയാണ് ചെയ്തിട്ടുള്ളത് എന്നു മനസിലായി. ഈ അധ്യാപിക ക്ളാസ്സില്‍ വെച്ച് ഇന്ന കുട്ടിയെ ഭീഷണിപ്പെടുത്തിയതായിട്ട് കണ്ടു എന്നാണ് അതില്‍ എഴുതിയിട്ടുള്ളത്.

എന്നോടു വിശദീകരണം ചോദിച്ചില്ല എന്ന ഒറ്റക്കാര്യമാണ് ഞാന്‍ വാദിച്ചത്. എന്നെ പുറത്താക്കിക്കൊണ്ടുള്ള ആ ഓര്‍ഡറിനകത്ത് ഇവര്‍ എഴുതിയിരിക്കുന്നത് എന്നോടു വിശദീകരണം ചോദിച്ചതിന്റെയും എന്നെ ഹിയറിംഗിന് വിളിച്ചതിന്റെയും അടിസ്ഥാനത്തില്‍ ഞാന്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞു എന്നാണ്. കോളേജിനകത്ത് വനിതാ സെല്ലുണ്ട്. വനിതാ സെല്ലില്‍ ഒന്നും ഈ പരാതി പോയില്ല. വനിതാ സെല്ലില്‍ പരാതി പോയിട്ടുണ്ടെങ്കില്‍ ചില അദ്ധ്യാപകര്‍ എന്നെ പിന്തുണയ്ക്കും എന്ന് അവര്‍ക്ക് അറിയാമായിരുന്നു. മന:പൂര്‍വ്വം കെട്ടിച്ചമച്ച ഒരു പരാതി തന്നെ ആയതുകൊണ്ടാണ് അവര്‍ എവിടെയും ചര്‍ച്ച ചെയ്യാതിരുന്നത്.

കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല  ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. അപ്പോള്‍ ഹൈക്കോടതി പോലീസിനോട് എന്നാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് എന്ന് ചോദിച്ചു. അപ്പോള്‍ അവര്‍ കോടതിയില്‍ പറഞ്ഞത് കേസ് അന്വേഷണം  പൂര്‍ത്തിയായി എത്രയും പെട്ടെന്നു കുറ്റപത്രം സമര്‍പ്പിക്കും എന്നാണ്. തുടര്‍ന്ന് കോടതി അവസാന കുറ്റപത്രം എത്രയും പെട്ടെന്നു സമര്‍പ്പിക്കണം എന്ന് ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അവസാന കുറ്റപത്രത്തിന്റെയും സാക്ഷി മൊഴികളുടെ കോപ്പിയും ചോദിച്ചു. ഇതുവരെ മജിസ്ട്രേറ്റ് കോടതിയില്‍ കോപ്പി ചെന്നിട്ടില്ല. ഒരു മാസമായിട്ടും കോപ്പി കിട്ടാത്തതിനെ കുറിച്ച് നിയമം അറിയുന്ന ആളുകളോട് ഞാന്‍ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ചില കേസുകളില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഫയല്‍ മുകളിലോട്ടെത്താന്‍ കുറച്ചു താമസം വരും എന്നാണ്. ഒരു മാസം കഴിഞ്ഞിട്ടും ഫയല്‍ കോടതിയില്‍ എത്താത്തതുകൊണ്ട് കൊണ്ട് ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിവരാവകാശം ചോദിച്ചു. എനിക്ക് കിട്ടിയ മറുപടിയില്‍ അവര്‍ പറഞ്ഞിരിക്കുന്നത് കേസ് അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ്. അവസാന കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അപ്പോള്‍ ഇവര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കാരണം ഈ കേസ് ഇങ്ങനെ നീണ്ടു പോകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എസ് സി-എസ് ടി നിയമ പ്രകാരം കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ കുറ്റപത്രം കൊടുക്കണം എന്നാണ്. ഇപ്പോള്‍ ഒരു വര്‍ഷവും മൂന്നുമാസവുമായി. ഇതുവരെ അവര്‍ അവസാന കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്ന് മാത്രമല്ല എന്നെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുക കൂടിയാണ് ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് പറഞ്ഞു കൊണ്ട് രണ്ടാമത് ഒരു കേസ് കൂടി ഫയല്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. മാത്രമല്ല അവരോട് കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടണം എന്ന് കോടതിയില്‍ എനിക്കു പറയാം. മാത്രമല്ല മറ്റൊരു അന്വേഷണ കമ്മീഷനെ വെക്കണം എന്നും ആവശ്യപ്പെടാം.

ഇതൊന്നും പൊതുസമൂഹം അറിയുന്നില്ല. ഈ കോളേജില്‍ മാത്രമല്ല പല കോളേജുകളിലും ഇത്തരം വിഷയങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ഇത് പുറത്തു പറയാന്‍ ആരും തയ്യാറാകുന്നില്ല. അന്ന് സര്‍ട്ടിഫിക്കറ്റില്‍ മോശം പരാമര്‍ശം എഴുതി വെച്ചപ്പോള്‍ അത് തിരുത്തണം എന്നാവശ്യപ്പെട്ട് നമ്മള്‍ കേസ് കൊടുക്കുന്ന സമയത്ത് പല ഉദ്യോഗാര്‍ഥികളെയും സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത് തങ്ങളുടെ ജാതി പുറത്തറിയും എന്നായിരുന്നു. ഇതുകൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ കൂടുതലായിട്ട് നടക്കുന്നത്. എന്നാല്‍ കേസുമായി പോകാന്‍ ഞാന്‍ തയ്യാറാണ്. ഇത് എന്റെ ഒരു വിഷയം മാത്രമല്ല.

ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ എനിക്കെതിരെ നില്‍ക്കാന്‍ കാരണം ചില വ്യക്തിപരമായ ആവശ്യങ്ങള്‍ അവര്‍ വന്നു പറഞ്ഞപ്പോള്‍ അത് ശരിയാവില്ല എന്ന് ഞാന്‍ പറഞ്ഞതുകൊണ്ടാണ്. അവര്‍ക്ക് വൈരാഗ്യമുള്ള കുട്ടികളെ നമ്മള്‍ ക്ളാസ്സില്‍ മാറ്റി നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. അത് ഞാന്‍ ചെയ്തില്ല. ഞാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്നിട്ടുള്ള ഒരാള് കൂടിയാണ്. പക്ഷേ നമ്മള്‍ അധ്യാപികയാവുമ്പോള്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയോട് രാഷ്ട്രീയം കാണിക്കാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അത് അവരോടു തുറന്നു പറഞ്ഞതാണ് അവര്‍ക്ക് ഇഷ്ടമല്ലാതായത്.

ഇപ്പോള്‍ ആര്‍ എല്‍ വിയില്‍ മുപ്പതില്‍ താഴെ അദ്ധ്യാപകരെയുള്ളൂ. പി എസ് സി നിയമങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ ഞാന്‍ ഒരു പരാതി കൊടുത്തിരുന്നു. ഇതുവരെ കോളേജില്‍ ഞങ്ങളുടെ വിഷയത്തില്‍ പി എസ് സി നിയമനം നടന്നിട്ടില്ല. 1970-കളിലാണ് അവസാനമായി പി എസ് സി നിയമനം നടന്നത്. ഇടതുപക്ഷത്തിന്‍റെ സഹായമാണ് ഇത്തരം കാര്യങ്ങളില്‍ എനിക്കുള്ളത്. ഇടതുപക്ഷ ഗവണ്‍മെന്‍റിനും പാര്‍ട്ടിക്കുമൊക്കെ ഞാന്‍ ഈ കാര്യമാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഇടതുപക്ഷ വിദ്യാര്‍ത്ഥികളെ എനിക്കെതിരെ തിരിച്ചാല്‍ അവര്‍ വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ കാമ്പസില്‍ നടക്കും എന്നാണ് അവര്‍ കരുതിയത്.

അഞ്ചാമത്തെ വര്‍ഷമാണ് ആര്‍ എല്‍ വിയില്‍ നിന്നും പുറത്താക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍റര്‍വ്യൂ നടത്തിയത് ഞാന്‍ പരാതി കൊടുത്ത പ്രതികളായിട്ടുള്ള ആളുകളാണ്. സ്വാഭാവികമായിട്ടും എനിക്കു ജോലി കിട്ടില്ല എന്ന കാര്യം ഉറപ്പായിരുന്നു. പോലീസിന്‍റെ ഭാഗത്ത് നിന്ന് കേസ് അന്വേഷണം പതുക്കെ ആകാന്‍ കാരണം കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ ആണെന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസ മന്ത്രിക്ക് ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. പി കെ എസിന്റെ സംസ്ഥാന സെക്രട്ടറിയും രാജ്യസഭ എംപിയുമായ സോമപ്രസാദിന്‍റെ കൂടെ പോയിട്ടാണ് ഞാന്‍ പരാതി കൊടുത്തത്.

രോഗിയായ അമ്മയും അനിയത്തിയുമാണ് ഇപ്പോള്‍ ഹേമലത ടീച്ചറുടെ കൂടെ ഉള്ളത്. ഇപ്പോള്‍ പ്രൈവറ്റായി ക്ലാസ് എടുക്കുന്ന ടീച്ചറുടെ വീട്ടില്‍ കുറച്ചു കുട്ടികള്‍ ഡാന്‍സ് പഠിക്കാന്‍ വരുന്നുണ്ട്. പ്രോഗ്രാം വിധികര്‍ത്താവായും ചിലപ്പോള്‍ പോകാറുണ്ട്.

“ഞങ്ങളില്‍ പലരും ഈ പ്രോഗ്രാമുകള്‍ കൊണ്ടൊക്കെയാണ് ജീവിച്ച് പോകുന്നത്. ജാതി തിരിച്ചറിഞ്ഞാല്‍ പലര്‍ക്കും പ്രോഗ്രാം കിട്ടില്ല എന്ന പേടിയുണ്ട്. ഉള്ള ഉപജീവനമാര്‍ഗ്ഗം കൂടി കളയണ്ട എന്ന് കരുതിയാണ് പരാതി കൊടുക്കാന്‍ പലരും തയ്യാറാകാത്തത്.” ഹേമലത ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.

(ഈ കേസുമായി ബന്ധപ്പെട്ട് ഹേമലത ടീച്ചര്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പറയാനുള്ളത്- നാളെ)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍