UPDATES

വായന/സംസ്കാരം

ആശയാവലികളുടെ പുത്തന്‍ലോകത്തിന് തിരശ്ശീല ഉയരുന്നു ; സ്പേസസ് ഫെസ്റ്റിവല്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യ ഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിവല്‍ നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന. ചടങ്ങില്‍ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.സി മൊയ്തീന്‍, മേയര്‍ വി.കെ പ്രശാന്ത്, ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ, പ്രശസ്ത ആര്‍ക്കിടെക്ട് പലിന്ദ കണ്ണങ്കര, വിജയ് ഗാര്‍ഗ്, രവി ഡി സി തുടങ്ങിയവര്‍ സംസാരിക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 01 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടക്കുന്ന ഫെസ്റ്റിവലില്‍ ലോകപ്രശസ്തരായ  സാമൂഹികചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ആര്‍ക്കിടെക്ടുകള്‍,   ചലച്ചിത്രതാരങ്ങള്‍, കലാ- സാംസ്‌കാരിക- പരിസ്ഥിതി- രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു വേദികളിലായി നൂറിലേറെ സംവാദങ്ങളാണ് വിവിധ വിഷയങ്ങളിലായി നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവം ഈ മേളയുടെ പ്രധാന സവിശേഷതയാണ്. ഒപ്പം ചിത്രകാരന്‍ റിയാസ് കോമുവിന്റെ ഇന്‍സ്റ്റലേഷന്‍, പരമ്പരാഗത കൈത്തൊഴിലുകളുടെ അനുഭവങ്ങള്‍, ശില്പകലാശാലകള്‍, വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

നാളെ രാവിലെ 10 മണി മുതല്‍ സെഷനുകള്‍ ആരംഭിക്കും. മാധവ് ഗാഡ്ഗിലുമായി ഡോ. വി.എസ് വിജയന്‍ നടത്തുന്ന സംഭാഷണം നാളത്തെ പ്രധാന സെഷനാണ്. രാകേഷ് ശര്‍മ, ഡോ. തോമസ് ഐസക്, എം.എ ബേബി, പന്ന്യന്‍ രവീന്ദ്രന്‍, ഡോ. കെ.എന്‍ ഗണേശ്,  അരിസ്റ്റോ സുരേഷ്, സത്യപ്രകാശ് വാരണാസി, പലിന്ദ കണ്ണങ്കര, വികാസ് ദിലവരി, രാജന്‍ ഗുരുക്കള്‍, ജി.ആര്‍ ഇന്ദുഗോപന്‍ തുടങ്ങിയ പ്രമുഖര്‍ ആദ്യദിനം സെഷനുകളില്‍ പങ്കെടുക്കും. വൈകുന്നേരം എം.ടി വാസുദേവന്‍ നായരുടെ കൃതികളെ അടിസ്ഥാനമാക്കി കളം തീയറ്റര്‍ അവതരിപ്പിക്കുന്ന മഹാസാഗരം നാടകവും നിശാഗന്ധിയില്‍ അരങ്ങേറും.

ഇവര്‍ക്ക് പുറമെ ജയാ ജയ്റ്റ്‌ലി, ശശി തരൂര്‍, ഇറാ ത്രിവേദി, പ്രകാശ് രാജ്, ടി.എം. കൃഷ്ണ, സാറാ ജോസഫ്, എന്‍.എസ്. മാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രശസ്ത ആര്‍ക്കിടെക്ട് ബി.വി. ദോഷി, ഡീന്‍ ഡിക്രൂസ്, റസൂല്‍ പൂക്കുറ്റി, ബോസ് കൃഷ്ണമാചാരി, സുനില്‍ പി. ഇളയിടം, കെ.ആര്‍. മീര, പദ്മപ്രിയ  തുടങ്ങി നിരവധി പ്രമുഖരാണ് നാല് ദിവസത്തെ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍