UPDATES

ജീവിതത്തില്‍ തനിച്ചായവരെ ചുമലിലേറ്റി സംഗീതത്തിന്റെ ചുമടുതാങ്ങികള്‍

ഒരു മ്യൂസിക്കല്‍ ബാന്‍ഡ് എന്നതിനപ്പുറത്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന ഒരു സംഗീത കൂട്ടായ്മയാണ് ചുമടുതാങ്ങി

ഏഴുമാസങ്ങള്‍, അമ്പതുവേദികള്‍… അതിനിടയില്‍ താരയുടെ പുത്തന്‍വീട്ടിലെ സന്തോഷം… ഷിബ്നയുടെ കണ്ണിലെ തിളക്കം…  ചുമടുതാങ്ങി എന്ന മൂവര്‍ സംഗീതകൂട്ടായ്മയ്ക്ക് സന്തോഷിക്കാന്‍ ഇതുതന്നെ ധാരാളം. കാരുണ്യവും സംഗീതവും സൗഹൃദവും നിറയുന്ന പുതുവഴിയിലൂടെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ചുമടുതാങ്ങി, ഇന്നറിയപ്പെടുന്ന പ്രമുഖ മ്യൂസിക്കല്‍ ബാന്‍ഡായി വളര്‍ന്നത്. മൂന്നുപേര്‍- സഫീര്‍, ജിഷ്ണു, അക്ഷയ്; ഇവരാണ് ചുമടുതാങ്ങിയുടെ ഉടമകളും അവതാരകരും എല്ലാം. കോളേജ് ഹോസ്റ്റല്‍ മുറിയിലെ സംഗീത ചര്‍ച്ച ചുമടുതാങ്ങി എന്ന സംഗീത കൂട്ടമായി മാറിയതിനു പിന്നിലെ കഥയും രസകരമാണ്.

ആദ്യം മൂന്നുപേരെയും പരിചയപ്പെടാം. യൂണിവേഴ്സിറ്റി കോളേജിലെ അവസാന വര്‍ഷ എം.എസ്.സി ജിയോളജി വിദ്യാര്‍ഥിയാണ് സഫീര്‍, തൊടുപുഴയാണ് സ്വദേശം. തിരുവനന്തപുരത്തുകാരനായ ജിഷ്ണു ഹിന്ദിയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഓഡിയോ- വിഷ്വല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അക്ഷയും തിരുവനന്തപുരത്തുകാരനാണ്. പഠനവഴിയില്‍ വ്യത്യസ്ത ദിശകളില്‍ സഞ്ചരിച്ച ഈ മൂവരും ചുമടുതാങ്ങിയില്‍ ഒരുമിച്ചിരുന്ന് സംഗീതത്തെ പ്രണയിച്ചപ്പോള്‍ അത് മറ്റൊരു വഴിയായി മാറി. മൂവര്‍ക്കും തോളോടു തോള്‍ചേര്‍ന്ന് നടക്കാനാകുന്ന പാത.

ഗിത്താറിസ്റ്റായ സഫീറും താളവാദികന്‍ ജിഷ്ണുവും യൂണിവേഴ്സിറ്റി കോളേജിലെ സംഗീത ചര്‍ച്ചകളിലൂടെയാണ് സുഹൃത്തുക്കളാകുന്നത്. ആ ചര്‍ച്ചകളിലേക്ക് എപ്പോഴോ ജിഷ്ണുവിന്റെ സുഹൃത്തായ അക്ഷയും എത്തിയതോടെ ചര്‍ച്ചകളും സംഗീതവുമൊക്കെയായി രാവുകളും പകലുകളും വഴിമാറി. ഹോസ്റ്റലിലെ മറ്റു കുട്ടികള്‍ ഈ പാട്ടുകൂട്ടത്തിന്റെ ആരാധകരായതോടെ മൂവര്‍ക്കും അതൊരു ഊര്‍ജമായി. പലരും നിങ്ങളുടെ പാട്ടുകൊള്ളാം എന്നു പറഞ്ഞതോടെയാണ് ഒരു മ്യൂസിക്കല്‍ ബാന്‍ഡ് എന്ന ആശയത്തിലേക്ക് ഇവരെത്തുന്നത്. എന്നാല്‍ ഒരു മ്യൂസിക്കല്‍ ബാന്‍ഡ് എന്നതിനപ്പുറത്ത് ചെറിയ രീതിയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കി ആരോരുമില്ലാത്തവര്‍ക്കു കൈത്താങ്ങുന്ന രീതിയിലാകണം തങ്ങളുടെ പ്രവര്‍ത്തനം എന്ന് ആദ്യ ചിന്തയില്‍ തന്നെ മൂവരും തീരുമാനിച്ചു.

ചുമടുതാങ്ങി കവലയില്‍ നിന്നൊരു ചുമടുതാങ്ങി പിറക്കുന്നു
2016 ഒക്ടോബര്‍ 1, തിരുവനന്തപുരം സ്പെന്‍സര്‍ ജംക്ഷനടുത്ത ചുമടുതാങ്ങി കവല. തെരുവുവീഥികളിലെ വഴിയാത്രക്കാര്‍ അമ്പരപ്പോടെ ആ പാട്ടുകൂട്ടത്തിനു ചുറ്റും നിന്നു. മൂവര്‍ സംഗീതത്തിന്റെ ആദ്യ പെര്‍ഫോമന്‍സ് സാധാരണക്കാരായ ജനങ്ങളുടെ മുന്നില്‍ തന്നെയായിരുന്നു. കണ്ടുനിന്ന നൂറോളം പേര്‍ അവരുടെ ഈണങ്ങള്‍ക്കും പാട്ടിനും താളമിട്ടു. പരിപാടി അവസാനിച്ചപ്പോള്‍ പലരും അഭിനന്ദനവുമായി വന്നു.

ഇനി ചുമടുതാങ്ങി എന്നാല്‍ എന്താണെന്ന മനസിലായില്ലെങ്കില്‍, പണ്ടു കാലത്ത് ചുമട്ടുതൊഴിലാളികള്‍ക്കു ദൂരസ്ഥലങ്ങളിലേക്ക് തലച്ചുമടായി സാധനങ്ങള്‍ കൊണ്ടുപോകേണ്ടതിനാല്‍ അവര്‍ക്ക് നിശ്ചിത ദൂരത്ത് താത്ക്കാലികമായി ചുമടിറക്കി വയ്ക്കാനുളള സംവിധാനമാണ് ചുമടുതാങ്ങികള്‍ (രണ്ടു കല്ലുകളും അതിന്റെ മുകളില്‍ നീളത്തില്‍ മറ്റൊരു കല്ലും). ഭാരം ചുമക്കുന്നവന് താല്‍ക്കാലിക ആശ്വാസമെന്ന രീതിയില്‍ ചുമട് താങ്ങിയെ അടയാളപ്പെടുത്താം.

2016 ഒക്ടോബര്‍ 30-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ എഫ്. എം റേഡിയോ സ്റ്റേഷനിലൂടെ ഇവര്‍ ‘ചുമടുതാങ്ങി’ ബാന്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. നവംബര്‍ 2-ന് ടെക്നോപാര്‍ക്കില്‍ ഔദ്യോഗിക അരങ്ങേറ്റവും. പിന്നെ ആസ്വാദക മനസില്‍ സംഗീതം നിറച്ച് വേദികള്‍ കീഴടക്കിയ ജൈത്രയാത്ര.

കൗതുകം നിറയ്ക്കുന്ന സംഗീതോപകരണങ്ങള്‍
ഡിഡ്ജിന്‍ എന്നൊരു സംഗീതോപകരണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ ചുമട് താങ്ങികളുടെ കൈയില്‍ അത്തരമൊരു ഉപകരണമുണ്ട്. അക്ഷയ് ആണ് ഈ ഉപകരണം കൈകാര്യം ചെയ്യുന്നത്. കഹോണ്‍, എഗ് ഷെക്കേഴ്സ്, ഫ്രൊഗ്, ഉക്ലേല തുടങ്ങി കൗതുകമുണര്‍ത്തുന്ന ഒരുപിടി സംഗീതോപകരണങ്ങള്‍ ഇവരുടെ കൈകളിലുണ്ട്. യൂട്യൂബ് വഴിയാണ് ഇവര്‍ പുത്തന്‍ സംഗീതോപകരണങ്ങള്‍ പരിചയപ്പെടുന്നത്. പരീക്ഷണം പ്രണവം മ്യൂസിക്കല്‍സില്‍ നിന്നും. ഇവരുടെ പരിപാടികളിലെ കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ അനന്തുവിന്റെ അച്ഛന്റെ കടയാണ് പ്രണവം മ്യൂസിക്സ്. ഇവിടെനിന്നും ഇവര്‍ക്കാവശ്യമായ സംഗീതോപകരണങ്ങള്‍ തെരഞ്ഞെടുക്കും. ചുമടുതാങ്ങി എന്ന ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജ് വഴി സുഹൃത്തുക്കളും സംഗീതോപകരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു.

കൗതുകം ഇവിടെ തീരുന്നില്ല. സഫീറും അക്ഷയും ശാസ്ത്രീയമായി സംഗീതം പഠിക്കാത്തവരാണ്. യൂട്യൂബും ഗൂഗിളുമൊക്കെയാണ് ഇവരുടെ സംഗീത ഗുരുക്കന്മാര്‍. എന്നാല്‍ ജിഷ്ണു സംഗീത കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. 14 വര്‍ഷമായി ജിഷ്ണു മൃദംഗം അഭ്യസിക്കുന്നുണ്ട്. ‘ഞങ്ങള്‍ ചുമടുതാങ്ങി എന്ന സംഗീത കൂട്ടായ്മയ്ക്ക് തുടക്കമിട്ടത് സംഗീതത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതുവരെ വളരെ വിജയകരമായി തന്നെ ഇത് നടപ്പിലാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. അതിനിടയില്‍ ചിലര്‍ക്ക് സഹായത്തിനായി ഫണ്ട് സമാഹരിച്ച് എത്തിക്കുമ്പോഴേക്കും അവര്‍ മരണത്തിനു കീഴടങ്ങേണ്ടി വന്നത് വളരെ സങ്കടം ഉണ്ടാക്കി. പക്ഷേ എന്തായാലും ഇനിയും ഞങ്ങള്‍ക്ക് ഒരുപാട് ചെയ്യാനുണ്ട്. വീട്ടുകാര്‍ നല്ല രീതിയിലുള്ള പിന്തുണ നല്‍കുന്നുണ്ട്. മറ്റു ബാന്‍ഡുകളെ അപേക്ഷിച്ച് വളരെ ചെറിയ പ്രതിഫലമാണ് ഞങ്ങള്‍ മേടിക്കുന്നത്. അതില്‍ ഭൂരിഭാഗവും കാരുണ്യപ്രവര്‍ത്തിനായി മാറ്റിവെക്കുന്നുമുണ്ട്.‘ എന്ന് സഫീര്‍ പറയുന്നു.

താരയുടെ വീട്ടിലെ സന്തോഷവും ഷിബ്നയുടെ കണ്ണിലെ തിളക്കവും
കലോത്സവവേദിയില്‍ മിമിക്രിയിലൂടെ കാണികളുടെ മനംകവര്‍ന്ന് ഒന്നാംസ്ഥാനം നേടിയ ഷിബ്ന എന്ന മിടുക്കിയുടെ പഠനത്തിന് കൈത്താങ്ങായത് ചുമടുതാങ്ങി കൂട്ടമാണ്. കാഴ്ചയില്ലാത്ത ഈ പെണ്‍കുട്ടിയുടെ ഒരു വര്‍ഷത്തെ പഠനചെലവ് ഏറ്റെടുത്ത് ഇവര്‍ അവളുടെ കൂടെ നിന്നു. അത്തരമൊരു സഹായം കൈമാറുമ്പോള്‍ ഷിബ്നയുടെ കണ്ണിലുണ്ടായ തിളക്കമാണ് തങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് ചുമടുതാങ്ങി കൂട്ടം പറയുന്നു. വീടു നിര്‍മിക്കാന്‍ സാമ്പത്തിക പരാധീനതകള്‍ മൂലം ബുദ്ധിമുട്ടിയ താരയ്ക്കും ഇവര്‍ സഹോദരങ്ങളായി കൂടെ നിന്നു സഹായിച്ചു. ഭക്ഷണ വിതരണം, തയ്യല്‍മെഷീന്‍ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇവര്‍ ചെയ്ത് വരുന്നു.

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലും സ്പെഷ്യല്‍ സ്‌കൂളിലും സംഗീതപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിഫലമായി സ്നേഹമല്ലാതെ മറ്റൊന്നു ഇവര്‍ വാങ്ങാറില്ല. അവിടങ്ങളില്‍ സംഗീതം അവര്‍ക്കുള്ള സന്തോഷമാണ്. തിരുവനന്തപുരം മേയര്‍ പ്രശാന്ത്, ഇന്റര്‍സൈക്കിള്‍ എംബസി തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ കൈചേര്‍ത്തു പിടിക്കുന്നുണ്ട്. പാടാന്‍ ഇനിയും ഒരുപാട് വേദികളും പാട്ടുകളും കാത്തിരിക്കുന്നു, പിന്നെ ജീവിതത്തില്‍ തനിച്ചായ ഒരുകൂട്ടം ആളുകള്‍ക്ക് താങ്ങാവണമെന്ന ആഗ്രഹവും… ചുമടുതാങ്ങികള്‍ തങ്ങളുടെ സംഗീത യാത്ര തുടരുകയാണ്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍