UPDATES

അപരരാക്കപ്പെട്ട ശരീരങ്ങള്‍ക്കും കാഴ്ചകള്‍ക്കും രൂപമുണ്ടാക്കുക എളുപ്പമായിരുന്നില്ല-ഇവി അനില്‍/സംസാരം

ഡോക്യുമെന്ററി സംവിധായകന്‍ രൂപേഷ് കുമാറിന്റെ ആദ്യ നോവല്‍ സിനിമാസ്കോപ്പിന് ഇങ്ങനെയാണ് ദൃശ്യരൂപം കൊടുക്കുന്നത്

ഡോക്യുമെന്ററി ഫിലിം സംവിധായകനായായ രൂപേഷ് കുമാറിന്‍റെ ആദ്യ നോവലാണ് ‘സിനിമാസ്കോപ്’. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യുമെന്ററികള്‍. കോഴിക്കോട് കേന്ദ്രമായ ആമി ബുക്സാണ് ഈ നോവല്‍ പുറത്തിറക്കിയിരിക്കുന്നത്.

അരികുവത്ക്കരിക്കപ്പെട്ട, അപരവത്ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ സിനിമാകാഴ്ച്ചയുടെ രാഷ്ട്രീയമാണ് ഈ നോവലിലൂടെ രൂപേഷ് പറയാന്‍ ശ്രമിക്കുന്നത്. ഇത് മുഖ്യധാരാ രാഷ്ട്രീയചരിത്രമോ സമര ചരിത്രമോ അല്ല. സിനിമ കണ്ട് വളര്‍ന്ന്, സിനിമയില്‍ ജീവിച്ചിട്ടുള്ള ഒരു ദളിത്‌ ഐഡന്റിറ്റിയുടെ അല്ലെങ്കില്‍ അപരങ്ങളായ സമൂഹങ്ങളുടെ എന്റര്‍ടെയ്ന്‍മെന്‍റ്, അവരുടെ ആഘോഷങ്ങള്‍, അവരുടെ ജീവിതങ്ങള്‍, അവരുടെ പ്രണയങ്ങള്‍, അവരുടെ സംഘര്‍ഷങ്ങള്‍ ഒക്കെ ചിത്രീകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയം അല്ലെങ്കില്‍ അതിനും ഒരു രാഷ്ട്രീയമുണ്ടെന്ന് മനസിലാക്കുന്ന ഒരു നോവലാണ്‌ ‘സിനിമാസ്കോപ്പ്’.

ഈ നോവലിലെ സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ചതും പുസ്തകത്തിന്റെ കവര്‍ ചെയ്തതും വര എന്നത് ഒരു പ്രതിരോധമായി കാണുന്ന ദളിത് ആക്ടീവിസ്റ്റ് ഇവി അനിലാണ്. കോട്ടയം എരുമേലി സ്വദേശിയായ അനില്‍ ചിത്രചന അക്കാദമിക്കായി പഠിച്ച ആളൊന്നുമല്ല. ദളിത് ഇടപെടലുകളുടെയും പ്രതിരോധങ്ങളുടെയും ഭാഗമായി പൊയ്കയില്‍ അപ്പച്ചന്റെ ചിത്രം വരച്ചാണ് അനില്‍ വരച്ചു തുടങ്ങുന്നത്. നിരവധി ദളിത് ആനുകാലികങ്ങള്‍ക്ക് വേണ്ടി അനില്‍ വരച്ചിട്ടുണ്ട്. നാരായന്‍റെ ചങ്ങാറും കൂട്ടരും എന്ന നോവലിന്‍റെ രണ്ടാം പതിപ്പിന് വേണ്ടിയും എം.ആര്‍ രേണുകുമാറിന്‍റെ സൈക്കിള്‍ എന്ന കഥയ്ക്ക് വേണ്ടിയും വരച്ചിട്ടുണ്ട്. അനില്‍ ഇപ്പോള്‍ സാക്ഷരതാ മിഷന്‍ കോഡിനേറ്ററായി ജോലി ചെയ്യുന്നു. രൂപേഷ് കുമാറിന്‍റെ സിനിമാസ്കോപ് എന്ന നോവലിനെ കുറിച്ചും നോവലിന് വേണ്ടി വരച്ച സാഹചര്യത്തെ കുറിച്ചും ഇ.വി അനില്‍, സഫിയയോട് സംസാരിക്കുന്നു.

ശരിക്കും പറഞ്ഞാല്‍ വര എന്‍റെ ഒരു പണിയല്ല. ഞാന്‍ വര പഠിച്ചിട്ടുള്ള ആളും അല്ല. ഞാന്‍ വരയുമായി ബന്ധപ്പെടുന്നത് തന്നെ 90-കളിലാണ്. ദളിത് ഇടപെടലുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിട്ടന്ന് ഞാന്‍ വരയ്ക്കാന്‍ തുടങ്ങിയത്. അതിന്റെ പോസ്റ്ററുകള്‍ ഉണ്ടാക്കുക, അതിന്റെ നോട്ടീസുകള്‍ ഉണ്ടാക്കുക, അതിനു വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളുടെ കവര്‍ ചെയ്യുക. മുഖ്യധാരയുടെ ഭാഗമല്ലാത്ത ഓരങ്ങളില്‍ ഉണ്ടാകുന്ന ദളിത് പ്രസിദ്ധീകരണങ്ങളുടെ ഭാഗമാവുക, അതിനു വേണ്ടി വരയ്ക്കുക, അതിനെ സഹായിക്കുക ഇതൊക്കെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. 2000-ല്‍ ഞങ്ങള്‍ സൂചകം എന്നൊരു മാസിക ഇറക്കിയിരുന്നു. ആ മാസിക പത്തു പന്ത്രണ്ടു ലക്കം ഇറങ്ങിയതില്‍ രണ്ടെണ്ണത്തിലോ മറ്റോ ആണ് ഞാന്‍ വരച്ചത്. അത് തന്നെ നല്ല വരക്കാരെ കിട്ടാതെ വരുന്ന സന്ദര്‍ഭത്തില്‍ വരച്ചു നോക്കിയതാണ്. അങ്ങനെ ഒരുപാട് മാസികകള്‍ക്ക് വേണ്ടി വരച്ചിട്ടുണ്ട്. അതെല്ലാം ദളിത് ആക്റ്റിവിസത്തിന്‍റെയും ജ്ഞാനാന്വേഷണത്തിന്‍റെയും ഭാഗമായി വരച്ചതാണ്.

രൂപേഷ് കുമാര്‍

പിന്നെ നോക്കുമ്പോള്‍ അയ്യങ്കാളിയുടെയൊക്കെ ചിത്രങ്ങള്‍ വരക്കേണ്ടതിന്‍റെ ആവശ്യകത കൂടിക്കൂടി വന്നു. അതൊക്കെ പിന്നെ ആളുകള്‍ കൂടുതല്‍ കൂടുതല്‍ പ്രിന്‍റെടുത്ത് ജനകീയ സ്വഭാവത്തില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. അതിന്റെ തുടര്‍ച്ചയായിട്ടാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ജര്‍മ്മനിയിലും ഒക്കെ പ്രദര്‍ശനങ്ങള്‍ നടന്നത്. ചിത്രകലയുടെ ഭാഗമായിട്ടല്ല ഈ ചിത്രങ്ങള്‍ ഒന്നും ഉണ്ടാകുന്നത്. എനിക്കാണെങ്കില്‍ ചിത്രകാരന്മാരുമായിട്ട് ഒരു ബന്ധവും ഇല്ല എന്നു വേണമെങ്കില്‍ പറയാം. ദളിത് സെമിനാറുകളുടെ ഭാഗമായിട്ട്, അംബേദ്കര്‍ സെമിനാറുകളുടെ ഭാഗമായിട്ട്, അയ്യങ്കാളി പഠനത്തിന്റെ ഭാഗമായിട്ട്, ചില സമരങ്ങളുടെ അതായത് ജിഷ കേസ് പോലുള്ള സമരങ്ങളുടെ ഭാഗമായിട്ട് അങ്ങനെയൊക്കെയുള്ള പ്രതിരോധങ്ങളുടെ ഭാഗമായിട്ട് ഒക്കെ വന്നതാണ്. ഈ നോവലിനെയും ഞാന്‍ അങ്ങനെയാണ് എടുത്തത്. ഒരു പ്രത്യേക കാലത്തെ അതിജീവനത്തിനായി സ്ഥലത്തെയും കാലത്തെയും  അടയാളപ്പെടുത്തുന്ന നോവല്‍ എന്ന നിലയിലാണ് ഞാന്‍ കണ്ടത്.

നോവല്‍ വായിച്ചപ്പോള്‍ എനിക്കു ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. സിനിമാസ്കോപ് എന്നാണ് പേരെങ്കിലും ഈ നോവല്‍ സിനിമ പ്രാന്തനായ ഒരാളുടെ കഥയൊന്നും അല്ല. പെട്ടെന്ന് കേള്‍ക്കുന്ന ഒരാള്‍ക്ക് ഇത് സിനിമയുമായി ബന്ധപ്പെട്ട കഥയാണെന്ന് തോന്നാം. സിനിമയോടുള്ള പ്രാന്ത് കാരണം സിനിമകള്‍ കണ്ടു നടന്ന് ഒടുവില്‍ സിനിമ പിടിക്കുന്ന ആളുകളുടെ കഥയൊക്കെ മലയാള സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. ഇത് അങ്ങനെയുള്ള നോവല്‍ ഒന്നും അല്ല. ഇത് ശരിക്കും പറഞ്ഞാല്‍ അപരരാക്കപ്പെട്ട അല്ലെങ്കില്‍ ബഹിഷ്കൃതരാക്കപ്പെട്ട മനുഷ്യരുടെ, അവഗണിതരായ സമുദായങ്ങളുടെ അല്ലെങ്കില്‍ ദൃശ്യപ്പെടുത്താത്ത ചില ദളിത് അനുഭവങ്ങളുടെ ആഖ്യാനമാണ്. 80-കള്‍ മുതല്‍ തുടങ്ങി 2016 വരെയുള്ള ദളിത് യൌവനങ്ങള്‍ കടന്നു പോകുന്ന സമകാലീന അനുഭവങ്ങളാണ് ഇതില്‍ കടന്നു വരുന്നത്. സിനിമ ഇതിനകത്ത് കടന്നു വരുന്നത് ആഗ്രഹങ്ങളുടെ ഭാഗമായല്ല. സിനിമ പൊതുവേ ആധുനികമായ ഒരു കലയാണല്ലോ. ഒത്തിരി സാങ്കേതിക മേന്‍മകളും മൂലധനവും ഒക്കെ വേണ്ട ഒരു പ്രത്യേകതരം കലാരൂപമാണല്ലോ സിനിമ. നോവലിനകത്ത് നടക്കുന്ന സര്‍ഗ്ഗാത്മകമായിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് സിനിമ ഈ നോവലില്‍ കടന്നു വരുന്നത്. നാലാന്തരം സിനിമയെന്നൊക്കെ പറയുന്ന ഷക്കീലയെ പോലെയുള്ളവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയ്യറ്ററുകളില്‍ നടക്കുന്ന സിനിമകളിലൂടെ അല്ലെങ്കില്‍ സിനിമയ്ക്കുള്ളില്‍ നടക്കുന്ന സിനിമയുടെ തന്നെ ഒരധോലോകം, ഒരപരലോകത്തിലൂടെ അയാള്‍ നടത്തുന്ന അതിജീവന ശ്രമമാണ് ഈ നോവല്‍.

വളരെയധികം ദൃശ്യ സമ്പുഷ്ടമായ നോവലാണിത്. എനിക്കു തോന്നുന്നു രൂപേഷ് സിനിമയൊക്കെ എടുക്കുന്ന ആളായത് കൊണ്ടായിരിക്കും നോവലില്‍ ഇത്രയധികം ദൃശ്യങ്ങള്‍ ഉണ്ടായത്. ഓരോ അധ്യായവും അനേകം ദൃശ്യങ്ങള്‍കൊണ്ട് ഇങ്ങനെ അടുക്കിയിരിക്കുകയാണ്. സംഭാഷണങ്ങളെക്കാള്‍ കൂടുതല്‍ ദൃശ്യങ്ങളാണ്; അതിനകത്ത് നിന്നു വേണം ഓരോ അധ്യായത്തിനും ഓരോ ചിത്രങ്ങള്‍ കണ്ടു പിടിക്കേണ്ടത്. അതൊരു പ്രശ്നം തന്നെയായിരുന്നു. ഒരു അധ്യായത്തിനകത്ത് നിന്നും ആ അധ്യായത്തിന്‍റെ സ്പിരിറ്റാണല്ലോ നമ്മള്‍ എടുക്കുന്നത്. ഒരാധ്യായത്തിനകത്ത് അതിനു തൊട്ട് മുമ്പുള്ള ഭാഗങ്ങളും ശേഷമുള്ള ഭാഗങ്ങളും എല്ലാം കൂടി ചേര്‍ന്നാണല്ലോ  ഒരധ്യായം നില്‍ക്കുന്നത്. അതിനകത്തായിരിക്കുമല്ലോ ദൃശ്യം നില്‍ക്കുന്നത്. നോവലിന്റെ വിശദാംശങ്ങള്‍ക്കകത്താണ് ആ ദൃശ്യം നില്‍ക്കുന്നത്. അതുകൊണ്ടാണ് ആ നോവലിനകത്ത് ആ ദൃശ്യം ഒരു പാഠമായിട്ടു മാറുന്നത്.

ഉദാഹരണം പറയുകയാണെങ്കില്‍ കലാഭവന്‍ മണിയെ വരയ്ക്കുന്ന ഒരു രംഗം ഉണ്ട്. മണി എന്നു പറയുമ്പോള്‍ നാടന്‍ പാട്ടുകാരനായും കോമഡി പറയുന്ന ആളായിട്ടും സിനിമാ നടനായും വഴക്കാളിയായിട്ടും പല തരത്തില്‍ മനുഷ്യര്‍ ഇയാളെ കാണുന്നുണ്ട്. പക്ഷേ ഒരു ഹീറോ ആയിട്ടാണ് രൂപേഷിന്‍റെ നോവലിനകത്ത് മണി കടന്നു വരുന്നത്. വലിയ പ്രതാപശാലിയായി തലയുയര്‍ത്തിപ്പിടിച്ച് നടക്കുന്ന ഒരു സ്റ്റാറായിട്ട് തന്നെയാണ് വരുന്നത്. പാട്ടുപാടുന്നതും മറ്റുമായി വളരെ പോപ്പുലരായ രംഗങ്ങള്‍ മണിയുമായി ബന്ധപ്പെട്ട് ഉണ്ടാകാം. എന്നാല്‍ നോവലിനകത്തെ അധ്യായത്തില്‍ വരുന്നത് ഒരു സ്റ്റാര്‍ ആയിട്ടാണ്. ഒരു വെറും സ്റ്റാര്‍ എന്ന രൂപത്തില്‍ അല്ല. പിന്തള്ളപ്പെട്ട് പോയ അല്ലെങ്കില്‍ അവഗണിക്കപ്പെട്ട ഒരു കമ്യൂണിറ്റിക്കകത്ത് നിന്ന് ആത്മാഭിമാനത്തിന്‍റെയും സര്‍ഗ്ഗാവിഷ്ക്കാരത്തിന്‍റെയും വലിയ ഒരു സംഭവം എന്ന നിലയിലാണ് നോവലിലെ രാജു എന്ന കഥാപാത്രം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നത്. അങ്ങനെയുള്ള ഒരു മണിയെയാണ് നമുക്ക് ഫ്രെയിമിലേക്ക് കൊണ്ടുവരേണ്ടത്. മണിയുടെ രൂപം അല്ല. നോവലിനകത്ത് രാജു എന്ന കഥാപാത്രം എങ്ങനെ കണക്കാക്കുന്നു എന്നുള്ള വേറൊരു പാഠമായിട്ടുള്ള മണിയെയാണ് നമ്മള്‍ വരക്കേണ്ടിയിരുന്നത്. പാട്ട് പാടുന്ന മണിയുണ്ട്, കോമഡി പറയുന്ന മണിയുണ്ട്, മണിയുടെ ഒത്തിരി പോപ്പുലരായ ചിരിയുണ്ട്, അതില്‍ നിന്നൊക്കെ മാറി എനര്‍ജറ്റിക് ആയിട്ടുള്ള, അഭിമാനവും  അധികാരവും ഉള്ള രൂപമായി മണി കടന്നു വരികയാണ്. വിനായകനും ഒക്കെ അങ്ങനെയാണ് നോവലില്‍ കടന്നു വരുന്നത്.

പിന്നെ രാജനീകാന്തിനെ വരയ്ക്കുന്നുണ്ട്. രാജനീകാന്തിന്റെ സിനിമകള്‍ ഒക്കെയാണ് രാജു കാണുന്നത്. കോളേജിനകത്ത് നിന്നും സ്കൂളിനകത്ത് നിന്നും ഇംഗ്ലീഷ് അറിയത്തില്ല എന്നൊക്കെ പറഞ്ഞ് ഓടിച്ചു വിടുമ്പോള്‍ അയാള്‍ തിയെറ്ററിലാണ് ആശ്രയം തേടുന്നത്. ആ തിയ്യറ്ററിനകത്ത് വലിയ ഒരു ആഘോഷമായിട്ടാണ് രജനീകാന്തിന്‍റെ ദളപതി വരുന്നത്. കോളേജില്‍ നിന്നു കമ്യൂണലായ വിവേചനങ്ങള്‍ കൊണ്ട് അയാളെ ഇറക്കി വിടുമ്പോള്‍ ആശ്രയമറ്റ അയാളെ സ്വീകരിക്കുന്നത് ഇത്തരം സിനിമകളും മൂന്നാംകിട സിനിമകളും ഒക്കെയാണ്. പാണ്ടി സിനിമകള്‍ എന്നു മറ്റുള്ളവര്‍ അവഹേളിക്കുന്നതോ ഒക്കെയായ സിനിമകളാണ്. രാജു എന്ന കഥാപാത്രം ഇത്തരം സിനിമകള്‍ കാണുന്നത് ഭയങ്കരമായ എന്‍റര്‍ടൈന്‍മെന്‍റ് അയാള്‍ക്ക് നല്കുകയും ആഘോഷമാക്കുകയും ഈ സിനിമകള്‍ അയാള്‍ക്ക് ഭയങ്കരമായ  പ്രതീക്ഷകള്‍ നല്കുകയും ചെയ്യുന്നു. ഇങ്ങനെ പല തരത്തില്‍ ഉള്ള ദൃശ്യങ്ങള്‍ അതില്‍ ഉണ്ട്. അതില്‍ നിന്നാണ് ഞാന്‍ ദൃശ്യങ്ങള്‍ വരയ്ക്കാനായി തിരഞ്ഞെടുക്കുന്നത്.

വ്യാഖ്യാന ശേഷിയുള്ളതും ചിഹ്ന സമൃദ്ധമായ ചിത്രങ്ങള്‍ കവിതകള്‍ക്കും നോവലിനുമൊക്കെ വരച്ചിരിക്കുന്നത് നമ്മള്‍ കാണാറില്ലേ. ഈ നോവലിനകത്ത് നമ്മള്‍ അങ്ങനെ ചെയ്യുന്നില്ല. റിയാലിറ്റിയോട് ചേര്‍ന്ന് നില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ മാത്രമാണ് നോവലിനകത്ത് നിന്ന് എടുക്കുന്നത്. ആ സന്ദര്‍ഭങ്ങളെ തീവ്രവും തീക്ഷ്ണവുമാക്കി വേറൊരു അനുഭവത്തിലേക്ക് കൊണ്ടുവരാന്‍ പറ്റുമോ എന്നുള്ളതാണ് അതിനകത്തുള്ള ഒരന്വേഷണം. സാധാരണ കാണുന്ന രംഗങ്ങള്‍ തന്നെ, സാധാരണ കാണുന്ന സംഭാഷണങ്ങള്‍ തന്നെ നോവലില്‍ വരുമ്പോള്‍ മൊത്തത്തില്‍ ഒരു തീവ്രമായ അനുഭവം കൈവരിക്കുന്നു. സിനിമകളുടെയും കാഴ്ചകളുടെയും രംഗങ്ങള്‍ തന്നെയാണ് നോവലില്‍ കൂടുതലായും  വരുന്നത്.

നോവലില്‍ ജാതീയവും വംശീയവുമായ പ്രശ്നങ്ങള്‍ കാരണം രാജു എന്ന കഥാപാത്രത്തെ കാമുകി അഭിരാമി തിരസ്ക്കരിക്കുന്നു. ഈ തിരസ്ക്കാരത്തിന് ശേഷം പിന്നേയും അവന്‍ അവളുടെ പിറകെ അവള്‍ ജോലി ചെയ്യുന്ന സ്കൂളിലേക്ക് അവളെ കാണാനായിട്ട് ചെല്ലുന്നുണ്ട്. അയാള്‍ മുത്തങ്ങ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതൊക്കെ നോവലില്‍ അവളോടു പറയുന്നുണ്ട്. അങ്ങനെയൊക്കെയാണ് അതില്‍ കാലം കടന്നു വരുന്നത്. എന്നിട്ട് അവളോടു സംസാരിച്ച പഴയ കാലത്തെ കുറിച്ചൊക്കെ പറയുകയും അവള്‍ അത് തിരസ്ക്കരിക്കുകയും ചെയ്യുന്നു. അവള്‍ അവനെ ഒഴിവാക്കി ഇറക്കി വിടുമ്പോള്‍ രാജു സങ്കടത്തോടെ നടന്നു പോകുന്നു.

പ്രണയ നൈരാശ്യം ഉള്ള ഒരാള്‍ നടന്നു പോകുന്നതും കാമുകിയാല്‍ വഞ്ചിക്കപ്പെടുന്നതും ഒക്കെ നമ്മള്‍ റിയല്‍ ലൈഫില്‍ കാണാറുണ്ട്. വംശീയമോ ജാതിയമോ ആയ കാരണങ്ങള്‍ കൊണ്ട് കാമുകനോ കാമുകിയോ പരസ്പരം ഉപേക്ഷിക്കുന്നത് നമ്മള്‍ അങ്ങനെ കാണാറില്ല. ഈ കഥാപാത്രം നൈരാശ്യത്തോടെ നടന്നു നടന്ന് നമ്മളെ വിസ്മയിപ്പിക്കുന്ന വേറൊരു സ്ഥലത്ത് എത്തിച്ചേരുന്നു. മൂന്നാംകിട സിനിമ കളിക്കുന്ന ഒരു തിയ്യറ്ററിന് മുന്നിലാണ് അയാള്‍ എത്തിച്ചേരുന്നത്. ഷക്കീല എന്ന നടിയുടെ യാമിനി എന്ന സിനിമയാണ് അവിടെ കളിക്കുന്നത്. അയാള്‍ ഒറ്റയ്ക്ക് ആ സിനിമ കാണുന്നു. ആ അധ്യായം അവസാനിക്കുമ്പോള്‍ ഇത്തരം സിനിമകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഞാന്‍ പലപ്പോഴും ആത്മഹത്യ ചെയ്യാതിരുന്നതെന്ന് അയാള്‍ പറയുന്നു. എണ്‍പതുകളിലെ ചില ദളിത് യൌവനങ്ങള്‍ക്ക് ഇത്തരം സിനിമകള്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ കാരണമായി മാറിയത് എങ്ങനെയാണ്, എന്തുകൊണ്ടാണ് എന്ന ഒരന്വേഷണം ഈ നോവലിനകത്തുണ്ട്.

പിന്നെ ഈ നോവലില്‍ പലതരത്തില്‍പ്പെട്ട മനുഷ്യരെ അതായത് അപരലോകങ്ങളില്‍ പെട്ടവരെയാണ് കാണുന്നത്. രാജുവിന്‍റെ സഞ്ചാരങ്ങള്‍ക്കൊപ്പം ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യരുടെ ജീവിതങ്ങള്‍, ഓര്‍മ്മകള്‍, അവിടത്തെ സ്ത്രീകള്‍, കുട്ടികള്‍, അവിടത്തെ മറ്റ് ആളുകള്‍ ഒക്കെ ഈ നോവലില്‍ ഉണ്ട്. രാജു പിന്നെ പല സ്ഥലങ്ങളിലേക്കും പോകുന്നുണ്ട്. ഒരിക്കല്‍ അയാള്‍ ഹൈദരാബാദില്‍ പോകുമ്പോള്‍ അവിടത്തെ ലോറിത്തെരുവും അവിടത്തെ രാത്രിയിലെ സംഭവങ്ങളും ഒക്കെ അപരലോകത്തിലൂടെ കാണുകയാണ്. അവിടെയും കൊമേഴ്സ്യല്‍ സിനിമയുടെതായ ദൃശ്യങ്ങള്‍ പോലെയാണ് ആ കാഴ്ചകള്‍.

പിന്നെ രാജു മലേഷ്യയില്‍ പോകുന്നുണ്ട്. കേരളം വിട്ടു പോകുമ്പോള്‍ അയാള്‍ പലപ്പോഴും പറയുന്നുണ്ട്, ഞാന്‍ ഇനി കേരളത്തിലേക്ക് തിരിച്ചു വരില്ലെന്ന്. എന്നിട്ട് അയാള്‍ വീണ്ടും തിരിച്ചു വരുന്നുണ്ട്. അതുപോലെ മലേഷ്യയിലേക്ക് പോകുമ്പോള്‍ ഞാന്‍ ഇനി ഒരിക്കലും ഇന്ത്യയിലേക്കില്ല എന്നയാള്‍ പറയുന്നുണ്ട്. മലേഷ്യയില്‍ ചെല്ലുമ്പോള്‍ അവിടെ ഇത്തരം അനുഭവങ്ങളുടെ കുറെക്കൂടി വിശാലമായ ഒരു ലോകമാണ് അയാള്‍ കാണുന്നത്. സുഡാനില്‍ നിന്നുള്ള ആളുകളുമായി അയാള്‍ പരിചയപ്പെടുന്നു; പല തരത്തിലുള്ള ആളുകളുടെ സമാനമായ അനുഭവങ്ങളിലൂടെ അയാള്‍ കടന്നു പോകുന്നു. അപരരാക്കപ്പെട്ട കറുത്തവര്‍, സ്ത്രീകള്‍, മുസ്ലിംകള്‍ അങ്ങനെയുള്ള മനുഷ്യരുടെ, ബന്ധങ്ങളുടെ ലോകത്തിലൂടെ നോവല്‍ കടന്നു വരുന്നു. അത്തരം കുറെ അധികം ദൃശ്യങ്ങള്‍ ഉള്ള ഒരു നോവലാണ് സിനിമാസ്കോപ്.

ഈ നോവലിനകത്തെ കാലങ്ങളൊക്കെ അടയാളപ്പെടുത്തുന്നത് തുടര്‍ച്ചയായ ഒരു കാലമായിട്ടല്ല. ഇടര്‍ച്ചകളിലൂടെയാണ് ഈ നോവല്‍ ഇങ്ങനെ പോകുന്നത്. ഒരു സംഭവം ഇങ്ങനെ വന്നിട്ട് ആ സംഭവത്തിന് അകത്തു നിന്നു പെട്ടെന്നു ഭൂതകാലത്തിലേക്കും അവിടുന്നു വര്‍ത്തമാനത്തിലേക്കും തിരിച്ചു വരും. വര്‍ത്തമാന കാലത്തില്‍ അയാള്‍ ചിലപ്പോള്‍ ഓര്‍ക്കുന്നത് അയാളുടെ കോളേജ് ലൈഫ് ആണ്. കോളേജ് ലൈഫ് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ പറയുന്നത് ചിലപ്പോള്‍ നൂറ് വര്‍ഷം മുന്‍പുള്ള അയാളുടെ വല്യപ്പന്‍റെ  മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആയിരിക്കും. അല്ലെങ്കില്‍ അവരുടെ അടിമ ജീവിതത്തെ കുറിച്ചായിരിക്കും ഓര്‍ക്കുക. കാലം ഇങ്ങനെ, ഭൂതകാലവും വര്‍ത്തമാനകാലവും ഇങ്ങനെ മാറി മറിഞ്ഞ് വരുന്ന രീതിയിലാണ് ഈ നോവലിന്റെ നരേഷന്‍. ആത്മാക്കളും മരിച്ചുപോയവരും സംസാരിക്കുന്നതൊക്കെ നോവലില്‍ ഉണ്ട്.

ഒരിടത്ത് അയാള്‍ കൂട്ടുകാരോടൊത്തിരുന്ന് മദ്യപിക്കുന്നുണ്ട്. ടൌണില്‍ കായല്‍ത്തീരത്ത് വെച്ചു അയാള്‍ മദ്യപിച്ച് താഴേക്കു വെള്ളത്തിലേക്ക് നോക്കുമ്പോള്‍ വെള്ളത്തിനകത്ത് ചങ്ങലകള്‍ കിടക്കുന്നതായി അയാള്‍ക്ക് തോന്നുകയാണ്. ഞങ്ങളുടെ അപ്പനപ്പൂപ്പന്‍മാരുടെയൊക്കെ ശവങ്ങള്‍ അതിനകത്തുണ്ട് എന്നു പറഞ്ഞ് അയാള്‍ അവിടുന്ന് എഴുന്നേറ്റ് പോകുന്നുണ്ട്. പിന്നെ ഇയാള്‍ ഇംഗ്ലീഷ് സിനിമ, ഹിന്ദി സിനിമ അങ്ങനെ പല തരത്തിലുള്ള സിനിമകളും കാണുന്നുണ്ട്.

നോവലില്‍ മാടായിപ്പാറ കഥാപാത്രമായി വരുന്നുണ്ട്. മാടായിപ്പാറ ഞാന്‍ കണ്ടിട്ടുള്ള സ്ഥലമൊന്നുമല്ല. മാടായിപ്പാറ എങ്ങനെയാണെന്നറിയാന്‍ ഞാന്‍ നെറ്റില്‍ നോക്കിയിരുന്നു. ഞാന്‍ നോക്കുമ്പോള്‍ മാടായിപ്പാറ ഭയങ്കര സുന്ദരമായ, നിറയെ പൂക്കള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക തരം പുല്ല് വളര്‍ന്ന് നില്‍ക്കുന്ന സ്ഥലമാണ്. പക്ഷേ നോവലിനകത്ത് വിജനതയുടെയും ഏകാന്തതയുടെയും സ്ഥലമായിട്ടാണ് മാടായിപ്പാറ കടന്നു വരുന്നത്. ഇയാള്‍ കൂട്ടുകാരുമൊത്ത് ആ മാടായിപ്പാറ ഓടിക്കടന്നാണ് സിനിമയ്ക്കു പോകുന്നത്. അയാള്‍ സെക്കന്റ്റ് ഷോ കഴിഞ്ഞു ചേതക് സ്കൂട്ടറില്‍ മാടായിപ്പാറയിലൂടെ ഇങ്ങനെ വരുമ്പോള്‍ മരിച്ചുപോയ അടിമകളായ മനുഷ്യരുടെ ആത്മാക്കള്‍ വന്ന് അയാളോട് പറയുന്നു. നീ ഞങ്ങളെ കുറിച്ച് ഒരു സിനിമയെടുക്കണം. ഞങ്ങളുടെ കണ്ണീരിന്റെയും വിലാപത്തിന്റെയും കഥയല്ല നീ സിനിമയാക്കേണ്ടത്. ഞങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ യുദ്ധ സിനിമ നീ എടുക്കണം. ആയിരക്കണക്കിന് മുന്‍പ് മരിച്ചു പോയവര്‍ വന്നു വളരെ പ്രസക്തമായ ഒരു കാര്യമാണ് പറയുന്നത്. ഇതൊക്കെ  നമ്മള്‍ എങ്ങനെയാണ് വരയ്ക്കുക. അത് വലിയ പ്രയാസം പിടിച്ച പണിയല്ലേ. മാടായിപ്പാറയില്‍ പൊക്കം കുറഞ്ഞ കുറെ മനുഷ്യര്‍ അമ്പും വില്ലും ഒക്കെയായി ഇങ്ങനെ നില്‍ക്കുന്നതും അതിനിടയിലൂടെ സ്കൂട്ടറില്‍ ഒരാള്‍ വരുന്നതുമൊക്കെയായിട്ടാണ് ഞാന്‍ വരച്ചത്.

അങ്ങനെ നോവലില്‍ നിന്നു മാറ്റിയെടുത്തു കൊണ്ടേ ചിലപ്പോള്‍ വരയ്ക്കാന്‍ പറ്റുകയുള്ളൂ. ഉദാഹരണത്തിന് ബാപ്പുട്ടി എന്നൊരു പൊട്ടന്‍ തെയ്യമുണ്ട്. ബാപ്പുട്ടിയെ കുറിച്ച് നോവലിലെ കഥാപാത്രമായ രാജു ഒരു ഡോക്യുമെന്ററി എടുക്കുന്നുണ്ട്. പൊട്ടന്‍ തെയ്യം തന്നെ ഉണ്ടാകുന്നത് പ്രതിരോധത്തിന്റെയും മറ്റും ഭാഗമായി സവര്‍ണ്ണര്‍ അയാളെ കൊന്നു കളയുന്നതാണ്. അയാളുടെ ആത്മാവ് എന്ന നിലയിലാണ് പൊട്ടന്‍ തെയ്യം ഉണ്ടാകുന്നത്. ഇയാളെ പറ്റി ഷോട്ട് ഒക്കെ എടുത്ത് പൊട്ടന്‍ തെയ്യത്തിന്‍റെ ഭാഗം എഡിറ്റ് ചെയ്യുമ്പോള്‍ ബാപ്പൂട്ടി എന്ന മരിച്ചുപോയ ദളിത് വിഭാഗത്തില്‍പ്പെട്ട അയാളുടെ മുഖം പൊട്ടന്‍ തെയ്യത്തിന്റേതായി കമ്പ്യൂട്ടര്‍ സ്കീനില്‍ തെളിയുന്നുണ്ട്.

ശരിക്കും പറഞ്ഞാല്‍ ബാപ്പൂട്ടിയുടെ കഥ അയാള്‍ക്ക് അമ്മൂമ്മ പറഞ്ഞു കൊടുത്ത കഥയാണ്. കംപ്യൂട്ടറിനകത്ത് നമുക്ക് ബാപ്പൂട്ടിയുടെ മുഖം വരച്ചെടുക്കാന്‍ പറ്റത്തില്ല. അപ്പോള്‍ നമ്മള്‍ വേറൊരു തരം എഡിറ്റിംഗ് റൂം വരക്കേണ്ടി വരുന്നു. അതിനകത്ത് ചുറ്റും പൊട്ടന്‍ തെയ്യങ്ങള്‍ക്കുള്ളില്‍ ഇരുന്ന് അന്ധാളിച്ച് നില്‍ക്കുന്ന രാജു എന്ന കഥാപാത്രത്തെ വരക്കേണ്ടി വരുന്നു. അങ്ങനെ ചില ചിത്രങ്ങള്‍ നോവലിനനുസരിച്ച് വ്യാഖ്യാനിച്ചു വരക്കേണ്ടി വരും. അങ്ങനെ വരുമ്പോഴേ നോവലിലെ അധ്യായങ്ങളോട് ചിത്രങ്ങള്‍ ചേര്‍ന്ന് നില്‍ക്കുകയുള്ളൂ. അങ്ങനെ ഒരു ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ ഞാന്‍ വരച്ചിട്ടുണ്ട്.

 

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍