UPDATES

വായന/സംസ്കാരം

പുരാണകഥകള്‍ സ്ത്രീകേന്ദ്രീകൃതമാണെന്ന് സ്ഥാപിച്ച് ചിത്ര ഗണേഷിന്‍റെ ‘മൈത്രേയ’

മൈത്രേയനിലൂടെ വര്‍ത്തമാനകാല ലോകം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ചിത്ര പറയാന്‍ ആഗ്രഹിക്കുന്നു

കാര്‍ട്ടൂണിലൂടെ അവതരിപ്പിച്ചിരുന്ന അമര്‍ചിത്ര കഥകളെ സ്ത്രീപക്ഷ വീക്ഷണ കോണില്‍ നിന്ന് സമീപിക്കുകയാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ചിത്ര ഗണേഷ് അവതരിപ്പിച്ചിരിക്കുന്ന ദൃശ്യ പ്രതിഷ്ഠാപനം.

ബിനാലെ പ്രധാനവേദിയായ ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലാണ് ചിത്ര ഗണേഷിന്റെ ‘മൈത്രേയ; സ്‌കോര്‍പീന്‍ ജെസ്റ്റര്‍’ എന്ന പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത്. പല നിറത്തിലുള്ള വരകള്‍ കൊണ്ടുള്ള ഗ്രാഫിക്‌സും മനസിനെ സ്വാധീനിക്കുന്ന സംഗീതവുമെല്ലാം കൊണ്ട് ആകര്‍ഷണീയമാണത്. ഭിത്തിയുടെ മൂന്നു വശത്തും ഈ ദൃഷ്യപ്രതിഷ്ഠാപനത്തിന്റെ ഓരോ ഭാഗങ്ങളായി അവതരിപ്പിച്ചിരിക്കുന്നു.

ന്യൂയോര്‍ക്കിലെ റോബിന്‍ മ്യൂസിയത്തിലെ ഹിമാലയന്‍, ബുദ്ധിസ്റ്റ് കലാപ്രദര്‍ശനങ്ങളോടുള്ള മറുപടി കൂടിയാണ് ചിത്ര ഗണേഷ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. ബുദ്ധന്റെ ഭാവി രൂപമെന്ന് വിശേഷിക്കപ്പെടുന്ന മൈത്രേയനുമായി ചുറ്റിപ്പറ്റിയാണ് വീഡിയോ പ്രതിഷ്ഠാപനം.

അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകളായ ചിത്ര സ്ത്രീപക്ഷ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയയാണ്. ആധുനിക മാധ്യമത്തിലാണ് തനിക്ക് സൃഷ്ടികള്‍ നടത്താന്‍ താത്പര്യമെന്ന് ചിത്ര പറഞ്ഞു. പ്രതിഷ്ഠാപനം, വര, കാര്‍ട്ടൂണ്‍, ഡിജിറ്റല്‍ മാധ്യമം തുടങ്ങിയവയില്‍ താത്പര്യമുണ്ടെന്ന് 43കാരിയായ ചിത്ര പറയുന്നു.

ഐവി-ലീഗ് ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ചിത്ര ബിരുദം എടുത്തിരിക്കുന്നത്. സാഹിത്യം, സാമൂഹ്യ ശാസ്ത്രം എന്നിവയാണ് പ്രധാന വിഷയങ്ങള്‍. ഇവയെല്ലാം ചിത്രയുടെ സൃഷ്ടികളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. വാക്കും ചിത്രങ്ങളും കൊണ്ടുള്ള സൃഷ്ടികള്‍ക്ക് സാഹിത്യ പശ്ചാത്തലം ഏറെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് അവര്‍ സമകാലീന കലയില്‍ മാസ്റ്റര്‍ ബിരുദം നേടിയത്.

ന്യൂയോര്‍ക്കിലെ റൂബിന്‍ മ്യൂസിയത്തില്‍ ബെത്ത് സിട്രോണ്‍ ക്യൂറേറ്റ് ചെയ്ത പ്രദര്‍ശനത്തില്‍ ‘ദി സ്‌കോര്‍പീന്‍ ജെസ്റ്റര്‍’ എന്ന പേരിലാണ് ഈ സൃഷ്ടിയുടെ ആദ്യ രൂപം പ്രദര്‍ശിപ്പിക്കുന്നത്. ആയിരക്കണക്കിന്‍ ആനിമേഷന്‍ ദൃശ്യങ്ങള്‍ മാറി മാറി കാഴ്ച ലഭിക്കത്തക്ക വിധമായിരുന്നു ഇതിന്റെ സൃഷ്ടി. പൗരാണിക കാലത്തിന്റെയും വിദൂര ഭാവിയുടെയും സൂക്ഷ്മമായ വിശകലനമാണ് തനിക്കേറെ ഇഷ്ടമെന്ന് ചിത്ര പറഞ്ഞു. പുരാണ കഥകളും ശാസ്ത്ര കഥകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പറയാത്ത കഥകളാണ് അനവധിയെന്ന ബോധം ഏറെ പ്രചോദകമാണെന്നും അവര്‍ പറഞ്ഞു.

ഭൂതകാലത്തിനും ഭാവിക്കുമിടയിലുള്ള സമയത്തെ ചാക്രികമായ രീതിയില്‍ നെയ്‌തെടുക്കാനാണ് ശ്രമിച്ചതെന്ന് ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവലിയനില്‍ നടത്തിയ പ്രഭാഷണത്തില്‍ അവര്‍ പറഞ്ഞു. സ്‌കോര്‍പീന്‍ ജെസ്റ്റര്‍ എന്ന കൈപ്പത്തിയാണ് കേന്ദ്രബിന്ദു. നവീകരണത്തിന്റെയും രൂപാന്തരണത്തിന്റെയും പ്രതീകമാണ് ഈ കൈപ്പത്തി.

മൈത്രേയനിലൂടെ വര്‍ത്തമാനകാല ലോകം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ചിത്ര പറയാന്‍ ആഗ്രഹിക്കുന്നു. കുടിയേറ്റം, അടിച്ചമര്‍ത്തല്‍, സ്ത്രീ സമത്വം തുടങ്ങിയ ആധുനിക കാലത്തിന്റെ എല്ലാ സ്വത്വ പ്രതിസന്ധികളും ഈ പ്രതിഷ്ഠാപനം ചര്‍ച്ച ചെയ്യുന്നുണ്ട്.

സ്ത്രീപക്ഷ ഇടപെടലുകളായ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍, മീടൂ, പുസ്സി റയട്ട് തുടങ്ങിയവയെ എല്ലാം ഈ പ്രതിഷ്ഠാപനം പ്രതിനിധീകരിക്കുന്നുണ്ട്. പുരാണങ്ങളെല്ലാം സ്ത്രീകേന്ദ്രീകൃതമാണെന്ന് പറഞ്ഞു വയ്ക്കുകയാണ് ചിത്ര. വര്‍ത്തമാനകാല ഇന്ത്യയില്‍ ഈ വിഷയം ഏറെ പ്രസക്തമാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍