UPDATES

വായന/സംസ്കാരം

കല കലയ്ക്ക് വേണ്ടി എന്നത് സ്വയംഭോഗം; കൊച്ചി ബിനാലെയുടെ ലക്ഷ്യം കലയല്ല-കാനായി/അഭിമുഖം

ഒരു ജനാധിപത്യവ്യവസ്ഥ പിന്തുടരുന്ന രാഷ്ട്രത്തില്‍ ആദ്യം നേരെയാക്കേണ്ടത് മന്ത്രിയെയോ മറ്റു ഭരണാധികാരികളെയോ അല്ല ജനങ്ങളെ തന്നെയാണ്

എത്ര ശില്‍പികളെ ഭൂരിപക്ഷ മലയാളിക്ക് അറിയാം എന്നു ചോദിച്ചാല്‍ ഉത്തരം വിരലില്‍ എണ്ണാവുന്നവരില്‍ തട്ടി നില്‍ക്കും. ചിലപ്പോള്‍ അത് ഒരാള്‍ മാത്രമാകും. അങ്ങനെ ഒരാളാണ് ശില്‍പി കാനായി കുഞ്ഞിരാമന്‍. മലമ്പുഴയിലെ യക്ഷിയും ശംഖുമുഖത്തെ ജലകന്യകയും മാത്രമല്ല കാനായി. താന്‍ ജീവിക്കുന്ന സമൂഹത്തെ കുറിച്ച്, കലയെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും കുറിച്ച് കാനായി കുഞ്ഞിരാമന്‍ അഴിമുഖം പ്രതിനിധി വിഷ്ണു നമ്പൂതിരിയുമായി സംസാരിക്കുന്നു. (അഭിമുഖത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം-ഇനി യക്ഷി ചെയ്യില്ല)

വിഷ്ണു: കേരളത്തിന്റെ കലാ ഭാവുകത്വത്തില്‍ സ്ഥാനമുറപ്പിച്ച നവോത്ഥാനപ്രസ്ഥാനമായി കൊച്ചി-മുസിരിസ് ബിനാലെയെ മാഷ് കാണുന്നുണ്ടോ?

കാനായി: ബോസ് കൃഷ്ണമാചാരി നല്ലൊരു സംഘാടകനാണ്. എറണാകുളത്ത് മലയാളി ചിത്രകാരന്മാരുടെയും ശില്പികളുടെയും ഒക്കെ ഒരു എക്‌സിബിഷന്‍ അദ്ദേഹം സംഘടിപ്പിച്ചു. എല്ലാ വര്‍ക്കുകളും അദ്ദേഹം വിറ്റുകൊടുത്തു. ആ എക്‌സിബിഷന്‍ ഗംഭീരവിജയമായിരുന്നു. ഞാനയാളോട് പറഞ്ഞു നമ്മള്‍ക്കൊരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ വേണമല്ലോ എന്ന്. അതിനെന്താ മാഷേ, നമ്മള്‍ക്ക് നോക്കാമല്ലോ എന്നയാള്‍ മറുപടിയും പറഞ്ഞു. അങ്ങനെയാണ് ബിനാലെ വരുന്നത്. അതിനു മുമ്പ് ഞാന്‍ അക്കാഡമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ കേരളത്തില്‍ ആദ്യമായി നാഷണല്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. പിന്നെ ഡല്‍ഹിയിലെ ഷിനാലെയുടെ ഒരു ഭാഗം എങ്കിലും കേരളത്തില്‍ കൊണ്ടു വരണമെന്ന് ഉണ്ടായിരുന്നു. എനിക്ക് അന്നേ കേരളത്തില്‍ അങ്ങനെയൊരു എക്‌സിബിഷന്‍ സംഘടിപ്പിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു. ഈ കാര്യം ബോസിനോട് പറഞ്ഞു. പിന്നെ റിയാസ് കോമുവും ഒക്കെയായിട്ട് സംസാരിച്ചു. ഞാന്‍ അന്നേ പറഞ്ഞു എന്റെ പേര് ഈ ട്രസ്റ്റിന്റെ കൂട്ടത്തില്‍ വേണ്ട, എന്ന് നിങ്ങള്‍ യുവാക്കള്‍ മാത്രം മതി എന്ന്. പക്ഷേ എന്റെ പേര് കൂടി അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പത്രത്തിലൊരു വാര്‍ത്ത വന്നു. ‘ബിനാലെ നടത്താന്‍ 74 കോടി രൂപ’ വേണമെന്ന്. ഞാന്‍ ചോദിച്ചു ഞാനറിയാതെ നിങ്ങള്‍ എന്തിനാണ് ഇത്രയും ആവശ്യപ്പെട്ടത് എന്ന്. ഡല്‍ഹിയില്‍ ഷിനാലെ പോലും ചെയ്യുന്നത് 10, 12 കോടി ചെലവില്‍ മാത്രമാണ്. അവരുടെ ലക്ഷ്യം കലയല്ല എന്ന് എനിക്ക് മനസ്സിലായി. ഇനി എന്റെ പേര് ഉപയോഗിക്കരുത് എന്ന് ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു. എംഎ ബേബി അന്ന് മന്ത്രിയായിരുന്നു. അദ്ദേഹം അഞ്ച് കോടി രൂപ ബിനാലെക്ക് അനുവദിച്ചു. ആ തുകയ്ക്കകത്ത് അങ്ങനെ ബിനാലെ സംഘടിപ്പിച്ചു. ഇവിടെ ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത് സര്‍ക്കാരാണ്. തിയേറ്റര്‍ ഫെസ്റ്റിവല്‍ നടത്തുന്നത് സര്‍ക്കാരാണ്. എന്തുകൊണ്ട് ബിനാലെ ലളിതകലാ അക്കാഡമി നടത്തുന്നില്ല? ഗവണ്‍മെന്റ് സംഘടിപ്പിക്കുമ്പോള്‍ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. പിന്നെ മറ്റൊരു കാര്യം ഈ ബിനാലെക്ക് ഫെസ്റ്റിവലിന്റെ സ്വഭാവമാണുള്ളത്. ഇന്റര്‍നാഷണല്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിച്ച് കഴിഞ്ഞാല്‍ മികച്ച സൃഷ്ടികള്‍ക്ക് അവാര്‍ഡ് നല്കണം, ഇവരത് ചെയ്യുന്നില്ല. പക്ഷേ കുറച്ചെങ്കിലും ജനങ്ങളെ ബോധവത്ക്കരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നുള്ളത് നല്ല കാര്യമാണ്.

വി: ഇതൊരു പഴയ ചോദ്യമാണ്. എന്നാലും ഇപ്പൊഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. കല കല്‌യ്ക്ക് വേണ്ടിയാണോ, സമൂഹത്തിനുവേണ്ടിയാണോ നിലകൊള്ളേണ്ടത്?

കാ: കല കലയ്ക്കു വേണ്ടിയാകുമ്പോള്‍ സ്വയംഭോഗമാണ് സംഭവിക്കുന്നത്. കല പ്രകൃതിയുടെ ആവശ്യമാണ്. കല കലയ്ക്കുവേണ്ടി എന്ന വാദത്തിനോട് എനിക്ക് പൂര്‍ണ്ണമായും വിയോജിപ്പാണ്. ഞാന്‍ കണ്ണാടിയില്‍ നോക്കി അഭിനയിക്കുകയാണ് അങ്ങനെ രാജാവായി അഭിനയിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ ദേഷ്യം മൂത്ത് രാജാവ് കണ്ണാടിയിലൊറ്റ ഇടി, ചില്ലെല്ലാം ഉടഞ്ഞ് താഴെ. ഇങ്ങനെയൊരു കവിത ഞാന്‍ എഴുതിയിട്ടുണ്ട്, മനുഷ്യന്റെ ഈഗോകളെ തുറന്നു കാട്ടാന്‍ വേണ്ടി. നിങ്ങള്‍ ജീവിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണോ? അല്ല. നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മനസ്സുകള്‍ക്കും, പ്രകൃതിക്കും വേണ്ടിയാണ് ജീവിക്കുന്നത്. എന്നിലുള്ളതെല്ലാം കൊടുക്കാന്‍ വേണ്ടിയാണ് ഞാനിവിടെ വന്നത് ഒന്നുമെടുക്കാനല്ല. കലാസൃഷ്ടി എന്ന് പറയുന്നത് എന്റെ ഉള്ളിലുള്ള ദു:ഖത്തിനെ നിങ്ങളെ ഏല്‍പ്പിക്കലാണ്. പിക്കാസോ കോടീശ്വരന്‍ ആയിരുന്നു എന്നിട്ടും ദിവസവും അയാള്‍ ആകെ മൂന്നാല് മണിക്കൂര്‍ മാത്രമേ വിശ്രമിക്കുമായിരുന്നുള്ളൂ. ബാക്കി സമയം മുഴുവന്‍ കലാസൃഷ്ടിയ്ക്കായി മാറ്റി വയ്ക്കും. വാന്‍ഗോഗ് പൂര്‍ണ്ണദരിദ്രന്‍ ആയിരുന്നു, എന്നിട്ടും അയാള്‍ ചിത്രരചനയില്‍ തന്നെ മുഴുകി. പട്ടിണി കിടന്ന് ചിത്രം വരച്ചു, രക്തസാക്ഷിയെപ്പോലെ ജീവിച്ചു, എന്തിനുവേണ്ടി? കല എനിക്കുവേണ്ടിയല്ല. ഞാന്‍ കലാകാരനാണെങ്കില്‍ ജനങ്ങളെ കലയിലൂടെ നന്മയിലേക്ക് നയിക്കാന്‍ ബാധ്യസ്ഥനാണ്.

വി: ശില്‍പ കലയില്‍ നിന്നു മാറി നിന്നുകൊണ്ടു കവിത എഴുതുന്നതിനെ കുറിച്ച്?

കാ: കവിത മുമ്പേ എഴുതുമായിരുന്നു. ചെറുപ്പത്തിലേ നന്നായി വായിക്കുമായിരുന്നു. സ്‌കൂള്‍ മാസികയില്‍ – കഥകള്‍ ഒക്കെ എഴുതിയിരുന്നു. അന്ന് കവിതകള്‍ എഴുതുന്നത് വൃത്ത നിബദ്ധമായിട്ടാണല്ലോ. അതിനനുസരിച്ച് അല്ലെങ്കില്‍ മോശമാകില്ലേ? അതുകൊണ്ട് എഴുതിയ കവിതകള്‍ ആരെയും കാണിച്ചിരുന്നില്ല. കുറച്ച് നാള്‍ മുമ്പ് എന്‍ആര്‍എസ് ബാബു ഈ കവിതകള്‍ കണ്ടു, വല്ലാതെ ഇഷ്ടമായി എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. ആത്മവിശ്വാസം ഉണ്ടായത് അങ്ങനെയാണ്. ആ ആത്മവിശ്വാസം നേരത്തെ ലഭിച്ചിരുന്നെങ്കില്‍ പണ്ടേ എഴുതിയേനെ. കവിതയുടെ ഏറ്റവും വലിയ സവിശേഷത ചിത്രത്തിലും ശില്പത്തിലും ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത വികാരം കവിതയില്‍ പ്രകാശിപ്പിക്കാന്‍ സാധിക്കും എന്നതാണ്. നാല് വരി കവിതയില്‍ പ്രപഞ്ചം തന്നെ സൃഷ്ടിക്കാം. വിശാലമായ സങ്കേതം തന്നെയാണ് കവിത. ക്യാന്‍വാസ്സിലെ ടു – ഡൈമന്‍ഷനില്‍ ഒരുപാട് illusions ഉണ്ടാക്കാം. പക്ഷേ ശില്പത്തില്‍ പറ്റില്ല. ശില്പത്തിന്റെ വലിപ്പം ഒക്കെ ഗുരുത്വാകര്‍ഷണ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം കുറയ്‌ക്കേണ്ടി ഒക്കെ വരും. ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും കവിതയില്‍ ഇല്ല. കുറച്ചുകൂടി സ്വതന്ത്രന്‍ ആകാന്‍ പറ്റുന്നുണ്ട്. കവിതയാണ് യഥാര്‍ത്ഥ കല. ഈ കവിത ക്യാന്‍വാസില്‍ ചെയ്താല്‍ ചിത്രം, ആ കവിത കല്ലില്‍ ചെയ്താല്‍ ശില്‍പ്പം. വെറും വാക്കുകളല്ല കവിത.

വി: പ്രകൃതിയോടിണങ്ങിയ, അവയുടെ മടിത്തട്ടില്‍ മയങ്ങുന്നവയാണ് മാഷുടെ ശില്പങ്ങളില്‍ ഭൂരിഭാഗവും. ‘പ്രകൃതിയമ്മ’ എന്നാണ് മാഷ് പ്രകൃതിയെ വിശേഷിപ്പിക്കുന്നത് തന്നെ. 44 നദികള്‍ ഉണ്ടായിരുന്ന കേരളം ഇന്ന് കൊടിയ വളര്‍ച്ച നേരിടുകയാണ്. പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള അതിരപ്പള്ളി പോലുള്ള പദ്ധതികള്‍ കേരളത്തിന് ആവശ്യമാണോ?

കാ: ഒരു പാര്‍ട്ടിയെയും, ഒരു ഭരണകക്ഷിയെയും മാത്രം കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. കേരളത്തിന്റെ ഈ അവസ്ഥയ്ക്ക് ഞാനും, നിങ്ങളും, എല്ലാവരും ബാധ്യസ്ഥരാണ്. നദികള്‍ വറ്റിയത് ഒരു മന്ത്രിയും കാരണമല്ല. നമ്മളുടെ സംസ്‌കാരം ആകെ നശിച്ചു, ചൂഷണം കൂടി, നിയന്ത്രിക്കുവാന്‍ ആരുമില്ലാതെയായി. അതേ സമയം നിങ്ങള്‍ അറബ് രാജ്യങ്ങളില്‍ പോയി നോക്കണം. ഏകാധിപത്യം വേണം എന്ന് പറയുകയല്ല പക്ഷേ ഒരു പരമാധികാരി വേണം. ഏത് പദ്ധതിയാണ് ഇവിടെ കൃത്യസമയത്ത് തുടങ്ങി നിര്‍ത്തിയിട്ടുള്ളത്? ഇതിനൊക്കെ ആരാണ് ഉത്തരവാദി? നമ്മള്‍ തന്നെയാണ്. ഒരു ജനാധിപത്യവ്യവസ്ഥ പിന്തുടരുന്ന രാഷ്ട്രത്തില്‍ ആദ്യം നേരെയാക്കേണ്ടത് മന്ത്രിയെയോ മറ്റു ഭരണാധികാരികളെയോ അല്ല ജനങ്ങളെ തന്നെയാണ്. ജനത്തിന് വോട്ടിന്റെ വില അറിയില്ല. ജനങ്ങള്‍ക്കാണ് ബോധവത്കരണം വേണ്ടത്. ആദ്യം ചെയ്യേണ്ടത് ഈ വിദ്യാഭ്യാസസമ്പ്രദായം തച്ചുടയ്ക്കുകയാണ്. നമ്മളുടെ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട് നമ്മള്‍ തന്നെയാണ് രൂപകല്പന ചെയ്യേണ്ടത്, സായിപ്പ് അല്ല. വര്‍ഷങ്ങളായി. ആ രീതി തന്നെയാണ് നമ്മള്‍ പിന്തുടരുന്നത്. ആദ്യം വീട് നന്നാക്കുക, പിന്നെ പള്ളിക്കൂടം നന്നാക്കുക എന്നിട്ട് മതി പാര്‍ലമെന്റിലേക്ക്. സംസ്‌കാരത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് ഇവ രണ്ടും. സംഘടിതമായ നീക്കം ഇവിടെ നടക്കില്ല. എല്ലാവര്‍ക്കും ഐഡിയോളജി ഉണ്ട് പക്ഷേ എന്താണ് ഐഡിയോളജി എന്ന് പോലും അറിയില്ല. ജനങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലാണ്.
ഭരണകൂടത്തില്‍വരെ കൊളോണിയല്‍ സ്വാധീനം ആണ്. എന്റെ വീട് അല്ലേ നശിച്ചിരിക്കുന്നത്. എന്റെ കേരളം അത് നന്നാക്കേണ്ട കടമ മറ്റാര്‍ക്കുമല്ല എനിക്ക് തന്നെയാണ്. നമ്മള്‍ ഓരോരുത്തര്‍ക്കുമാണ്. ജനങ്ങളാണ് മനസ്സിലാക്കേണ്ടത് ആരെയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന്. വ്യക്തിക്കാണ് വോട്ട് കൊടുക്കേണ്ടത്, പാര്‍ട്ടിക്കല്ല. പാര്‍ട്ടി ഇപ്പോള്‍ മതം പോലെയാണ്. പാര്‍ട്ടിയിലും മതത്തിലും സ്വാതന്ത്ര്യമില്ല. സായിപ്പ് പണിത അടിസ്ഥാനത്തിലാണ് ഇപ്പോഴും നമ്മള്‍ പലതും കെട്ടിപ്പണിയുന്നത്. പണ്ടേ അത് ജീര്‍ണ്ണിച്ചിരിക്കുന്നു.

ലോ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തപോലെ രാഷ്ട്രീയ, മത സംഘടനകളുടെ മേല്‍വിലാസമില്ലാതെ ഒറ്റക്കെട്ടായി കരുത്തന്മാരായ യുവാക്കള്‍ സംഘടിക്കണം, ചോദ്യം ചെയ്യണം. പാരീസിലെ പഴയ വിപ്ലവം പോലെയായിരിക്കണം. പക്ഷേ യുവാക്കള്‍ സംഘടിതരാകുവാന്‍ രാഷ്ട്രീയ സംഘടനകള്‍ ഒരിക്കലും അനുവദിക്കില്ല. നല്ല പ്രതിഭയും, ദര്‍ശനവും ഒക്കെയുള്ള യുവതലമുറയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. അവര്‍ അഞ്ച് വഷര്‍ത്തിനുള്ളില്‍ സംഘടിച്ച് ഈ രീതിയില്‍ പ്രവര്‍ത്തിച്ച് കഴിഞ്ഞാല്‍ കേരളം സ്വര്‍ഗ്ഗമാകും തീര്‍ച്ച. യുവാക്കള്‍ ആണ് രാഷ്ട്രത്തിന്റെ ശക്തി. യുവാക്കള്‍ സ്വയം നിരീക്ഷിക്കണം, അവരുടെ അഭിപ്രായങ്ങള്‍ ഉയരണം. മറ്റൊരാളുടെ അഭിപ്രായം മന:പാഠമാക്കുകയല്ല വേണ്ടത്. കൊടിയില്ലാത്ത യുവാക്കളും സംഘടനയാണ് ഇവിടെ ആവശ്യം. അവര്‍ക്കൊപ്പം ഞാനും നില്‍ക്കും, തീര്‍ച്ച.

(അവസാനിച്ചു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിഷ്ണു നമ്പൂതിരി

വിഷ്ണു നമ്പൂതിരി

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍