UPDATES

വായന/സംസ്കാരം

ബിനാലെ നാലാംപതിപ്പിന്റെ നടത്തിപ്പിനായുള്ള ലേലം: സമാഹരിച്ചത് രണ്ടേമുക്കാല്‍ കോടി

പ്രശസ്ത ചിത്രകാരി അമൃത ഷെര്‍ഗിലിന്റെ പേരിടാത്ത രചന 49 ലക്ഷം രൂപയാണ് ലേലത്തിലൂടെ നേടിക്കൊടുത്തത്

അടുത്ത വര്‍ഷം ഡിസംബറില്‍ നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെ നാലാംപതിപ്പിനായി നടന്ന ലേലത്തില്‍ 2.75 കോടി രൂപ സമാഹരിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സാഫ്രണാര്‍ട്ടുമായി ചേര്‍ന്ന് മുംബൈയിലാണ് ലേലം നടത്തിയത്.

നടത്തിപ്പിനുള്ള മൂലധനം സ്വരൂപിക്കാനായി സംഘടിപ്പിച്ച ലേലം പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയമാണു നേടിയത്. സംഭാവനയായാണ് കലാസൃഷ്ടികള്‍ ലേലത്തിനു ലഭിച്ചത്. പ്രശസ്ത ചിത്രകാരി അമൃത ഷെര്‍ഗിലിന്റെ പേരിടാത്ത രചന 49 ലക്ഷം രൂപയാണ് ലേലത്തിലൂടെ നേടിക്കൊടുത്തത്. ഷെര്‍ഗിലിന്റെ തന്നെ 1927ലെ സെല്‍ഫ് പോര്‍ട്രെയ്റ്റ് 23 ലക്ഷം നേടുകയും ചെയ്തു. 2015-ല്‍ മുംബൈയില്‍ നടത്തിയ ആദ്യ വിഭവസമാഹരണ ലേലം 2.30 കോടി രൂപ സമാഹരിച്ചിരുന്നു. ഈ തുക ബിനാലെ മൂന്നാം പതിപ്പിനായാണ് ചെലവഴിച്ചത്. അമൃത ഷെര്‍ഗിലിന്റെ 1927ലെ ജലച്ചായ സെല്‍ഫ് പോര്‍ട്രെയ്റ്റിന് പരമാവധി 15-20 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. പ്രഭാദേവിയിലെ സാഫ്രണാര്‍ട്ട് ഓഫിസില്‍ നടന്ന ലേലത്തില്‍ കലാകാരന്മാരും ആര്‍ട്ട് കലക്ടര്‍മാരും ഗാലറിസ്റ്റുകളുമുള്‍പ്പെടെയുള്ളവര്‍ ബിനാലെയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടത്തോടെ എത്തുകയായിരുന്നു.

തല്‍സമയലേലത്തിനു പുറമെ ഓണ്‍ലൈന്‍ ആയും പങ്കെടുക്കാന്‍ സാഫ്രണാര്‍ട്ടിന്റെ ആപ് വഴി അവസരമൊരുക്കിയിരുന്നു. നാലാംപതിപ്പിനും അതുകഴിഞ്ഞും ബിനാലെയ്ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊരുക്കാന്‍ ഫൗണ്ടേഷന് സാമ്പത്തികമായ കരുത്ത് പകരുന്നതായി ലേലത്തിലൂടെ കൈവന്ന നേട്ടം. സുബോധ് ഗുപ്തയുടെ, 15-20 ലക്ഷം പ്രതീക്ഷിച്ച ഉരുക്ക് പ്രതിഷ്ഠാപനം ലേലത്തിനുവച്ചപ്പോള്‍ 25 ലക്ഷം രൂപയാണു ലഭിച്ചത്. ലേലത്തില്‍ വച്ച 41 സമകാലിക ആധുനിക ചിത്രകാരന്മാരുടെ രചനകളില്‍ 98 ശതമാനവും വില്‍ക്കാന്‍ സാധിച്ചു.

മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികളും ലേലത്തില്‍ ആവശ്യക്കാരേറെയായിരുന്നു. ടി വി സന്തോഷിന്റെ എണ്ണച്ഛായ ചിത്രം ‘അപ് ലോഡ്സ് ഓഫ് എ സര്‍വൈവര്‍ 3’, സി ഭാഗ്യനാഥിന്റെ കരിയിലെഴുതിയ ചിത്രം ‘സീക്രട്ട് ഡയലോഗ്’, ബെനിത പെഴ്സിയാലിന്റെ ദാരുശില്‍പം ‘ഐ ടുക് നോ ജേര്‍ണി അദര്‍ ദാന്‍ റിട്ടേണ്‍’, പി എസ് ജലജയുടെ ജലച്ഛായാചിത്രം ‘സ്റ്റുഡിയോ വിസിറ്റ്’, കെ പി റെജിയുടെ എണ്ണച്ഛായാ ചിത്രം ‘ബ്ലൂ ഫ്ളാഗ്’, ശോശ ജോസഫിന്റെ എണ്ണച്ഛായാ ചിത്രം ‘പ്രോഫിറ്റീഴേസ്’, വിവേക് വിലാസിനിയുടെ സൃഷ്ടി ‘റിക്രൂട്ടിംഗ് സ്റ്റേഷന്‍’, ജിജി സ്‌കറിയയുടെ പെന്‍സില്‍ ചിത്രം ‘ഓണ്‍ ദി ടോപ്പ് ഓഫ് അരാരത് 2’ എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇറ്റലിയില്‍നിന്നുള്ള സമകാലിക ചിത്രകാരനായ ഫ്രാന്‍സിസ്‌കോ ക്ലെമന്റ് ആണ് ലേലത്തില്‍ ഇടംപിടിച്ച ഏക വിദേശ കലാകാരന്‍. അസെന്‍ഡിങ് എന്നു പേരിട്ട അദ്ദേഹത്തിന്റെ സൃഷ്ടിക്ക് ലേലത്തില്‍ 14 ലക്ഷം രൂപ നേടാനായി. ഹിമ്മത്ത് ഷാ(14 ലക്ഷം), മഞ്ജുനാഥ് കമ്മത്ത്(11 ലക്ഷം), ബെനിത പെഴ്സിയാല്‍(9.5 ലക്ഷം), ടി.വി.സന്തോഷ്(ഒന്‍പതു ലക്ഷം), പ്രജക്ത പാലവ് ആഹേര്‍(ഏഴുലക്ഷം) ജി.ആര്‍.ഇരണ്ണ(ആറു ലക്ഷത്തിന്റെ രണ്ടെണ്ണം) എന്നിവരുടെ സൃഷ്ടികള്‍ക്കൊപ്പം ഉയര്‍ന്ന ലേലത്തുക കിട്ടിയ പത്തു പേരുടെ പട്ടികയില്‍ അത് ഉള്‍പ്പെടുകയും ചെയ്തു.

കലാകാരന്മാരുടെയും സാഫ്രണാര്‍ട്ടിന്റെയും കലക്ടര്‍മാരുടെയും പിന്തുണ 2018ലെ ബിനാലെ നാലാംപതിപ്പിനായുള്ള ധനസമാഹരണ സംരംഭങ്ങള്‍ക്ക് വന്‍കുതിപ്പാണു നല്‍കുന്നതെന്ന് കെബിഎഫ് സെക്രട്ടറി റിയാസ് കോമു പറഞ്ഞു. കച്ചവട സ്വഭാവമില്ലാത്ത സംരംഭങ്ങളുടെ പ്രോല്‍സാഹനത്തിനു പറ്റിയ അന്തരീക്ഷമൊരുക്കാന്‍ സഹായിക്കുന്ന എല്ലാവരുടെയും പിന്തുണയ്ക്ക് അദ്ദേഹം നന്ദിയറിയിച്ചു. സമാഹരിച്ച തുക കലാസൃഷ്ടികളുടെ പിറവിക്കായിത്തന്നെ വിനിയോഗിക്കപ്പെടുമെന്നും കോമു പറഞ്ഞു. ബിനാലെയുടെ വൈവിധ്യത്തിനുള്ള സാംസ്‌കാരിക സാധ്യതയ്ക്കുവേണ്ടി കലാസമൂഹം കാഴ്ചവയ്ക്കുന്ന ഒരുമയും താല്‍പര്യവും കൂട്ടായ്മയുമാണ് ഇതു വെളിവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂലധനസമാഹരണത്തിനായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ശ്രമങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്നും ഭാവിയിലും ബിനാലെയ്ക്ക് ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും സാഫ്രണാര്‍ട്ട് സഹസ്ഥാപകന്‍ ദിനേഷ് വസീരനി പറഞ്ഞു. ലോകത്തെല്ലായിടത്തും നിന്നുള്ള കലാകാരന്മാരുടെയും സന്ദര്‍ശകരുടെയും പങ്കാളിത്തമുണ്ടായ കഴിഞ്ഞ മൂന്നു പതിപ്പുകള്‍ വഴി ബിനാലെ കലാചരിത്രത്തില്‍ ഇടംനേടിക്കഴിഞ്ഞു. ഇത്തരമൊരു സംരഭത്തിനായി 2.75 കോടി രൂപ സമാഹരിച്ചു നല്‍കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ കൃതാര്‍ഥരാണ്. സമകാലിക ചിത്രകാരന്മാരുടെ പ്രകടനത്തില്‍ തൃപ്തിയുണ്ട്. വിപണിയില്‍ അവര്‍ നല്ല ഊര്‍ജമാണ് പ്രകടിപ്പിക്കുന്നത്. കലാസമൂഹവും കലക്ടര്‍മാരും നല്ല രീതിയില്‍ പ്രതികരിച്ചുവെന്നതും സന്തോഷം തരുന്നതായി ദിനേശ് അറിയിച്ചു.

2015ല്‍ നടന്ന ആദ്യലേലത്തില്‍ അവതരിപ്പിച്ച സൃഷ്ടികളുടെ 93 ശതമാനവും വില്‍ക്കാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 20 ശതമാനം വര്‍ധയാണ് ഇപ്പോഴുണ്ടായത്. വരുമാനവര്‍ധനയ്ക്കുള്ള നല്ലൊരു മാര്‍ഗമാണ് കലാലേലങ്ങളെന്ന് ഇതിലൂടെ ഉറപ്പാവുകയും ചെയ്തു. 2018 ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന ബിനാലെ നാലാംപതിപ്പ് ചിത്രകാരിയായ അനിത ദുബെയാണ് ക്യുറേറ്റ് ചെയ്യുന്നത്. 2012ല്‍ തുടക്കമിട്ട ബിനാലെ ദക്ഷിണേഷ്യയിലെ ശ്രേഷ്ഠ കലാപ്രദര്‍ശനമായി മാറിക്കഴിഞ്ഞു. നൂറുകണക്കിനു കലാസൃഷ്ടികളുടെ പിറവിക്കു പ്രേരണയായതിനൊപ്പം 15 ലക്ഷത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാനും ഇതുവരെ നടന്ന ബിനാലെകള്‍ക്കു കഴിഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍