UPDATES

വായന/സംസ്കാരം

സൂപ്പര്‍ ഹീറോകളുമായി ഗ്രാഫിക് നോവലിസ്റ്റ് തേജസ് മോദക് കൊച്ചിയില്‍

കുട്ടികള്‍ക്ക് ലഭിക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ശക്തിയെന്താണ് എന്ന ചോദ്യത്തില്‍ നിന്നാണ് ഓരോ സൂപ്പര്‍ ഹീറോയും ഉത്ഭവിക്കുന്നത്

സൂപ്പര്‍ ഹീറോകള്‍ എല്ലാ പ്രായത്തിലുള്ള കുട്ടികളുടെയും ബലഹീനതയാണ്. ഈ സൂപ്പര്‍ ഹീറോകളെ പ്രശസ്ത ഗ്രാഫിക് നോവലിസ്റ്റ് തേജസ് മോദക് വരയ്ക്കുന്നത് കണ്‍മുന്നില്‍ കാണാനുള്ള അവസരമാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭിച്ചത്.

‘മീ സൂപ്പര്‍ ഹീറോ- കോമിക് ആന്‍ഡ് ഗ്രാഫിക് സ്റ്റോറി ടെല്ലിംഗ്’ എന്ന് പേരിട്ടിരിക്കുന്ന പരിശീലന കളരി കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദിയായ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡിലെ ആര്‍ട്ട് റൂമിലാണ് നടക്കുന്നത്.

സൂപ്പര്‍ ഹീറോകളെ സൃഷ്ടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഹാജി എസ്സാ ഹാജി മൂസ മെമ്മോറിയല്‍ സ്‌ക്കൂളിലെ കുട്ടികള്‍ക്ക് മോദക് പറഞ്ഞു കൊടുത്തത്. സൂപ്പര്‍ ഹീറോയുടെ വേഷം, ലക്ഷ്യം ഇതെല്ലാം വരയില്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.വാക്ക്, ദൃശ്യം, കഥ എന്നിവയാണ് പരിശീലന കളരിയുടെ പ്രധാന ഭാഗങ്ങളെന്ന് മോദക് പറഞ്ഞു.

‘പ്രൈവറ്റ് ഐ അനോണിമസ്: ദി ആര്‍ട്ട് ഗാലറി കേസ്’ എന്ന ഗ്രാഫിക്‌സ് നോവലിലൂടെ പ്രശസ്തനാണ് അദ്ദേഹം.കുട്ടികള്‍ക്കായി ബാരാംഗട്ടെ മനുഷ്യനും മിന്റുവും എന്ന കഥയാണ് മോദക് വരച്ചത്. മാജിക് കണ്ണട, വടി, മാജിക്ക് വാച്ച്, മനസ് വായിക്കാനുള്ള കഴിവ്, തുടങ്ങിയവയാണ് ഈ കഥയിലെ സൂപ്പര്‍ ഹീറോയുടെ കഴിവുകള്‍. ജനങ്ങളെ സഹായിക്കുന്നവരും മികച്ച ലോകം സൃഷ്ടിക്കാനാഗ്രഹിക്കുന്നവരുമാണ് ഈ സൂപ്പര്‍ ഹീറോകള്‍.

കുട്ടികള്‍ക്ക് ലഭിക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ശക്തിയെന്താണ് എന്ന ചോദ്യത്തില്‍ നിന്നാണ് ഓരോ സൂപ്പര്‍ ഹീറോയും ഉത്ഭവിക്കുന്നതെന്ന് മോദക് പറഞ്ഞു. ഈ ശക്തി അടിസ്ഥാനമാക്കിയാകും നോവലിന്റെ കഥയും രൂപപ്പെടുന്നത്.ജീവിതം രസകരമാക്കാന്‍ വേണ്ടിയാണ് വര തുടങ്ങിയതെന്ന് മോദക് പറഞ്ഞു. ആളുകളെ രസിപ്പിക്കുന്ന രീതിയില്‍ കഥ പറയുകയും, പ്രചോദിപ്പിക്കുകയും അതിനനുസരിച്ച ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്നതാണ് തന്റെ ജീവിത ലക്ഷ്യം. ആശാസ്യമല്ലാത്തതൊന്നും താന്‍ വരയ്ക്കാറില്ലെങ്കിലും തമാശ എന്നും ആസ്വദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മനോഭാവം തന്നെയാണ് അദ്ദേഹം പരിശീലന കളരിയില്‍ പങ്കെടുത്ത കുട്ടികളുമായും പങ്കു വച്ചത്.

ഗ്രാഫിക് നോവലിന്റെ ഒരു ഭാഗം എപ്പോഴും വാക്കുകള്‍ കൊണ്ട് പറയേണ്ടി വരും. പക്ഷെ ബാക്കി ഭാഗം പൂര്‍ത്തിയാകാന്‍ ചിത്രങ്ങള്‍ തന്നെയാണ് സഹായകരം. 2012 ലെ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ആനിമല്‍ പല്ലേറ്റ് എന്ന നോവലിന്റെ ചിത്രീകരണം പ്രദര്‍ശിപ്പിച്ചിരുന്നു.സ്വയം അനുഭവിക്കുന്നതും സമൂഹത്തെ ബാധിക്കുന്നതുമായ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കാന്‍ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ വഴി സാധിക്കുന്നുണ്ടെന്ന് പ്രോഗ്രാം മാനേജര്‍ ബ്ലെയ്‌സ് ജോസഫ് ചൂണ്ടിക്കാട്ടി.

ജനങ്ങളെ സ്വയരക്ഷ പഠിപ്പിക്കുന്ന ഗുസ്തിക്കാരനെയാണ് മുഹമ്മദ് ആരിഫ് എന്ന 9-ാം ക്ലാസുകാരന്‍ വരച്ചത്. ആഗോള താപനം തടയുന്ന സൂപ്പര്‍ ഹീറോയെ സമീന്‍ ഉള്‍ ഹക്ക് വരച്ചു. പ്രളയത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നവനാണ് ഈ സൂപ്പര്‍ ഹീറോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍