UPDATES

വായന/സംസ്കാരം

ചുമരിലെ വര്‍ണ്ണങ്ങള്‍; യുവ ചിത്രകാരായ അഞ്ജു പുന്നത്തും അശ്വത്ഥും സംസാരിക്കുന്നു

കോഴിക്കോട് മാനാഞ്ചിറയിലെ ആർട്ട് ഗാലറിയിൽ തുടരുന്ന ചിത്ര പ്രദര്‍ശനം അഖിലേന്ത്യാ കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയും കിസാൻ ലോങ്ങ് മാർച്ചിന്റെ മുഖ്യ സംഘാടകരിൽ ഒരാളുമായ വിജു കൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്

യുവ ചിത്രകാരായ അഞ്ജു പുന്നത്ത്, അശ്വത്ഥ് എന്നിവർ സംയുക്തമായി നടത്തുന്ന ചിത്രപ്രദർശനം ‘ഹ്യൂസ് ഓൺ വാൾസ്’ (Hues on Walls) കോഴിക്കോട് മാനാഞ്ചിറയിലെ ആർട്ട് ഗാലറിയിൽ പുരോഗമിക്കുകയാണ്. അഖിലേന്ത്യാ കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയും കിസാൻ ലോങ്ങ് മാർച്ചിന്റെ മുഖ്യ സംഘാടകരിൽ ഒരാളുമായ വിജു കൃഷ്ണൻ മെയ് 9നു ഉദ്‌ഘാടനം ചെയ്ത പ്രദർശനം, മെയ് 12 ശനിയാഴ്ച വൈകുന്നേരം വരെ നീണ്ടു നിൽക്കും.

പ്രൊഫഷണൽ ചിത്രകാരി/കാരൻ എന്ന നിലയിൽ തുടക്കക്കാർ ആണ് അഞ്ജുവും അശ്വത്ഥും. ഏത് തുടക്കക്കാരെയും പോലെ ചിത്രകലയില്‍ കാതങ്ങൾ സഞ്ചരിച്ചു തീർക്കാനുണ്ട് ഇരുവർക്കും. രണ്ട് വർഷം മുന്‍പ് മാത്രം ചിത്രരചന വാസനയെ പരിപോഷിപ്പിക്കാൻ തുടങ്ങിയ അഞ്ജുവിന് ഇത് രണ്ടാമത്തെ പ്രദർശനം ആണെങ്കിൽ ഫൈൻ ആർട്സ് വിദ്യാർത്ഥി ആയിരുന്ന അശ്വത്ഥിനെ സംബന്ധിച്ചിടത്തോളം ഇത് ആദ്യ പ്രദർശനം ആണ്.

അഞ്ജുവിന്റെ ചിത്രങ്ങൾ പലതും മുൻപേ ഫെയ്സ്ബുക്കിലും അല്ലാതെയും ആയി കണ്ടിട്ടുണ്ട്. സ്ത്രീ വിമോചനവും അവളുടെ സ്വപ്നങ്ങളും ആണ് അഞ്ജുവിന്റെ മിക്ക ചിത്രങ്ങളിലും തെളിയുന്നത്. ചിലയിടങ്ങളിൽ ബ്രില്യന്റ് സ്ട്രോക്ക്സ് ആണ് കാണാൻ കഴിയുക. ഉപയോഗിച്ച കളർ കോമ്പിനേഷനുകൾ, ക്രിയേറ്റിവിറ്റി എല്ലാം കഴിഞ്ഞ വർഷത്തെ പ്രദർശന സമയത്തെ അഞ്ജുവിൽ നിന്ന് ഏറെ മുന്നോട്ട് പോയി എന്നതിന്റെ സൂചകങ്ങളാണ്. ഒരു ചിത്രത്തിൽ കറുപ്പിന്റെയും കടുംനീലയുടെയും സമർത്ഥമായ മിശ്രണത്തോടൊപ്പം വെളുപ്പിനെ സംയോജിപ്പിച്ചത് പെട്ടെന്ന് തന്നെ ശ്രദ്ധയിൽ പെടുന്ന ഒന്നാണ്.

നേരെ മറിച്ച് അശ്വത്ഥിൽ എത്തുമ്പോൾ കിഴക്കൻ മലകളും അവിടത്തെ കർഷകരുടെ ദൈനംദിന സംഘർഷങ്ങളും ആണ് പല ചിത്രങ്ങളിലും പ്രമേയം. ഒരു ജെനറൽ പ്രദർശനം ആയതിനാൽ തന്നെ അല്ലാതെയുള്ള ചിത്രങ്ങളും ഉണ്ട്. നിയതമായ ഏതെങ്കിലും ഒന്നോ രണ്ടോ ശൈലികൾ പിന്തുടരുന്നതിന് പകരം ഫ്യൂച്വറിസം, അമൂർത്ത കല, കോൺസെപ്ച്വൽ ആർട്ട്, സർറിയലിസം തുടങ്ങി ക്യൂബിസം വരെയുള്ള വ്യത്യസ്ത പാതകൾ അനുവാചകരോടുള്ള ആശയസംവേദനത്തിനായി അശ്വത്ഥ് പരീക്ഷിച്ചതായി കാണാം. ഒരു മുഴുവൻ സമയ ലളിതകലാവിദ്യാർത്ഥി ആയിരുന്നതിന്റെ ഗുണവും ദോഷവും അതിൽ പ്രകടമാണ്. പൊളിറ്റിക്കൽ ആയ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി അശ്വത്ഥ് കൂടുതൽ സമയം നീക്കിവെക്കേണ്ടതുണ്ട് എന്നാണ് ഒറ്റ കാഴ്ചയിൽ തോന്നിയത്.

അശ്വത്ഥ്, അഞ്ജു എന്നിവരുമായി ശാശ്വത് സുരേഷ് സൂര്യാംശ് നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

ചിത്രകലയിലേക്ക് വളരെ വൈകിയാണ് അഞ്ജുവിന്റെ പ്രവേശനം. എന്താണ് ഇതിന് പ്രചോദനം ആയത്?

അഞ്ജു: I would like to call myself as an accidental artist. ചെറുപ്പം മുതലേ വരയ്ക്കാൻ താത്പര്യം ഉണ്ടായിരുന്നെങ്കിലും ഒരിക്കലും ചിത്രകല ഗൗരവത്തിൽ എടുക്കണം എന്ന് തോന്നിയിരുന്നില്ല‌. സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കാൻ മാത്രം കഴവുകൾ ഉണ്ടെന്ന് പോലും സ്വയം കരുതിയിരുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ചിത്രരചന പഠിക്കണം എന്ന് ആഗ്രഹിച്ചിട്ടുമില്ല. പ്ലസ് ടു അധ്യാപിക ആയിരിക്കെ 2016ൽ ഒരു ബ്രേക്ക് എടുത്ത സമയത്താണ് ആദ്യമായി ക്യാൻവാസിൽ വരയ്ക്കാൻ തുടങ്ങിയത്. ഇതിനെ കുറിച്ച് സ്വയം അറിവ്‌ സമ്പാദിക്കാൻ തുടങ്ങിയതും ആ സമയത്താണ്. ഫെയ്സ്ബുക്കിൽ ഇവ ഓരോന്നും പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ കാഴ്ചക്കാരുടെ പ്രതികരണങ്ങൾ ജെനറലി പോസിറ്റീവ് ആയതോടെ ഇതിൽ സ്റ്റിക്ക് ഓൺ ചെയ്യാൻ അല്പ‌സ്വല്പം ആത്മവിശ്വാസം കൈവന്നു. ആദ്യ ചിത്രപ്രദർശനത്തിലേക്ക് അവിചാരിതമായി എത്തിപ്പെട്ടതും ഇങ്ങനെ ധാരാളം ചിത്രങ്ങൾ കണ്ട ഏതാനും സുഹൃത്തുക്കളുടെ പ്രോത്സാഹനം മൂലമാണ്.

അഞ്ജുവിന്റെ ആദ്യ എക്സിബിഷൻ കഴിഞ്ഞ വർഷം ഇതേ വേദിയിൽ തന്നെ ആയിരുന്നു. പൊതുവേ കലാകാരന്മാർ എല്ലാവരും ചെയ്യുന്നതു പോലെ ഏതാണ്ട് അതേ ചിത്രങ്ങൾ തന്നെ അടുത്ത എക്സിബിഷനിലും വെക്കുകയല്ല അഞ്ജു ചെയ്തിട്ടുള്ളത്. ഇത്തവണ അല്പം കൂടി ഡീപ് ആയ മറ്റൊരു സെറ്റ് ചിത്രങ്ങൾ ആണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ആദ്യ പ്രദർശനത്തിൽ നിന്ന് കിട്ടിയ നെഗറ്റീവോ പോസിറ്റീവോ ആയ പ്രതികരണങ്ങൾ ആണോ കൂടുതൽ ചിത്രങ്ങൾ വരച്ച് മറ്റൊരു പ്രദർശനം നടത്താൻ ആവേശം പകർന്നത്?

അഞ്ജു: അതെ. ആദ്യ പ്രദർശനത്തിന് നല്ല റെസ്പോൺസ് ഉണ്ടായിരുന്നു. ചിത്രംവരയിൽ തന്നെ തുടരണം എന്ന തീരുമാനം അതോടെയാണ് എടുത്തത്. അദ്ധ്യാപനവൃത്തിയിലേക്ക് വീണ്ടും തിരിച്ചു പോയില്ല. മാത്രവുമല്ല, ഒരു പാട് ചിത്രങ്ങൾ അന്ന് വിറ്റു പോവുകയുമുണ്ടായി. ഒരു തുടക്കക്കാരിക്ക് അതിൽ നിന്ന് കിട്ടിയ ഊർജം പറഞ്ഞ് അറിയിക്കാൻ ആവില്ല.

അശ്വത്ഥിന്റെ തുടക്കം എങ്ങനെ ആയിരുന്നു?

അശ്വത്ഥ്: ചെറുപ്പത്തിൽ തന്നെ വരയ്ക്കാൻ താത്പര്യം ഉണ്ടായിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് വരച്ച ഒരു പോട്രെയിറ്റ് ഒരു അദ്ധ്യാപകൻ കണ്ടതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ടേണിംഗ് പോയിന്റ്. അദ്ദേഹം സ്കൂളിന്റെ ചുവരിൽ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. ആ പ്രായത്തിൽ അത് വലിയൊരു അംഗീകാരം ആയിരുന്നു. ചുവരുകളിലെ വര കണ്ട് സുഹൃത്തുക്കളും ഏതാനും അദ്ധ്യാപകരും ഇത് ഒരു കരിയർ ആയി എടുക്കാൻ ഉപദേശിച്ചതാണ് പിന്നീട് ബിഎഫ്എയ്ക്ക് എത്താൻ ധൈര്യം തന്നത്. ഇന്നും ചുവരിൽ പെയിന്റ് ചെയ്യാൻ ഇഷ്ടമാണ്. ‘ഹ്യൂസ് ഓൺ വാൾസ്’ എന്ന് ആദ്യ പ്രദർശനത്തിന് പേരിട്ടതിലും സബ്കോൺഷ്യസ് ആയി ഈ ഒരു മോട്ടീവ് വർക്ക് ചെയ്തിട്ടുണ്ടാകാം.

അഞ്ജുവിന്റെ ആദ്യ പ്രദർശനത്തിൽ വെച്ചാണ് അശ്വത്ഥിനെ ആദ്യമായി കാണുന്നത്. അടുത്ത പ്രദർശനത്തിനെത്തിയപ്പോൾ അശ്വത്ഥ് ഇത്തവണ ആതിഥേയന്റെ മേലങ്കിയിലാണ്. ഒരു ചിത്രകലാ വിദ്യാർത്ഥി എന്ന നിലയിൽ ചിത്രപ്രദർശനങ്ങളെ പൊതുവേ എങ്ങനെ വിലയിരുത്തുന്നു?

അശ്വത്ഥ്: എന്നെ സംബന്ധിച്ചിടത്തോളം ഓരോ പ്രദർശനവും ഓരോ ചിത്രവും ഒരു പാഠശാലയാണ്. അറിവും സൗഹൃദങ്ങളും ഒരു പോലെ പകർന്ന് തരുന്ന പാഠശാലകൾ. അഞ്ജുവിന്റെ കഴിഞ്ഞ വർഷത്തെ ചിത്രപ്രദർശനത്തിൽ പരിചയപ്പെട്ട സുഹൃത്തുക്കൾ തന്നെയാണ്‌ ഇന്ന് ഈയൊരു വേദിയിലേക്ക് എത്താൻ എനിക്ക് ആത്മവിശ്വാസം പകർന്നതും. ക്രിയേറ്റിവിറ്റിയിലും വിവിധ ശൈലികൾ തിയറികൾക്കപ്പുറം പരിചയപ്പെടുന്നതിലും ഒക്കെ പ്രദർശനങ്ങൾ ഫലപ്രദമാണ്. പക്ഷേ അവയിൽ എല്ലാം ഉപരിയായി വരകൾക്കുള്ളിലെ രാഷ്ട്രീയം എപ്രകാരം സന്നിവേശിക്കപ്പെട്ടിരിക്കുന്നു എന്നത് മനസ്സിലാക്കൽ പ്രധാനമാണ്.

സ്വന്തം ചിത്രങ്ങളിലെ പ്രമേയത്തെ, രാഷ്ട്രീയത്തെ കുറിച്ച്?

അഞ്ജു: എന്റെ‌ ആദ്യത്തെ ചിത്രങ്ങളിൽ പൊതുവേ സ്വപ്നങ്ങൾ ആണ് പ്രമേയം ആയിരുന്നത്. ഇപ്പോഴും there’s a piece of me left in everything I draw. ബോധപൂർവമായി അങ്ങനെ ചെയ്യുന്നതല്ല. എന്താണ് അങ്ങനെ എന്ന് ചോദിച്ചാൽ, വരയ്ക്കുന്നത് എനിക്ക് ഒരു ലിബറേഷൻ ആണ്. നാട്ടുനടപ്പ് അനുസരിച്ച് പഠിക്കുക, ജോലി സമ്പാദിക്കുക എന്ന‌ ധർമം മാത്രം നിർവഹിച്ചിരുന്ന ഒരു മിഡിൽ ക്ലാസ് പെൺകുട്ടിയിൽ നിന്ന് ഇങ്ങനെ ഒരു ഇടത്തിലേക്ക് എത്താൻ കഴിയുക എന്നത് അചിന്തനീയമായിരുന്ന ഒരു പാസ്റ്റ് ഏറെയൊന്നും ദൂരെയല്ല.

പഠിക്കുമ്പോൾ തന്നെ എന്തെങ്കിലും ടെൻഷനോ മറ്റോ വരുമ്പോൾ ഒരു റിലാക്സേഷൻ എന്ന നിലയിൽ ബുക്കിൽ എന്തെങ്കിലും വരയ്ക്കുമ്പോൾ ഞാൻ ഹാപ്പി ആണ്. പക്ഷേ കഴിഞ്ഞ കുറച്ച് കാലമായി ഞാൻ ഇന്ററാക്റ്റ് ചെയ്യുന്ന ഒരു സൗഹൃദ സർക്കിൾ, സോഷ്യൽ മീഡിയ ചർച്ചകൾ, വായന എല്ലാം ചിത്രങ്ങളിൽ റിഫ്ലക്റ്റ് ചെയ്യാറുണ്ട്. ഒരു പക്ഷേ ഞാൻ‌ പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ ഈ സമൂഹത്തിലെ നോംസിൽ തളച്ചിടപ്പെടുന്ന ഓരോ പെൺകുട്ടിയെയുമാകാം.

ഇവയൊന്നും ഒരു എക്സിബിഷൻ മുന്നിൽ കണ്ടിട്ട് ഒരു തീം മനസ്സിൽ വെച്ച്‌ വരച്ചതല്ല. വളരെ സ്വാഭാവികമായി അങ്ങോട്ട് എത്തിപ്പെടുകയാണ് ചെയ്തത്.

അശ്വത്ഥ്: കുറച്ച് കാലം മുൻപ് ഒരു സുഹൃത്തിന്റെ കൂടെ കണ്ണൂരിലെ ആലക്കോട്, പൈതൽമല ഭാഗങ്ങളിൽ പോയിരുന്നു. അത് പോലെ കുറച്ചു കാലം വയനാട് ഉണ്ടായിരുന്നു. മലയോര കർഷകരുടെ സ്ട്രഗിൾസ് എന്ന ആശയം അന്ന് തലയിൽ കേറിയതാണ്. അതിന് ഒരു നീണ്ട ചരിത്രം ഉണ്ട്. പലരും കുടിയേറ്റ കർഷകർ എന്ന് കേൾക്കുമ്പോൾ കരുതുന്നത് പോലെ ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു പ്രക്രിയ അല്ല സത്യത്തിൽ അത്.

ആദ്യകാലം മുതൽക്കേ പ്രകൃതിയുമായും ചുറ്റുപാടുകളുമായും ജീവജാലങ്ങളുമായും നിരന്തര സംഘർഷങ്ങളിൽ ഏർപ്പെട്ട് കൊണ്ടാണ് മനുഷ്യൻ ഇന്ന് ഈ കാണുന്നതെല്ലാം കെട്ടിപ്പടുത്തിട്ടുള്ളത്. അതിന്റെ ഒരു തുടർച്ചയായിട്ടാണ് ഇന്ന് നമ്മൾ കാണുന്ന നാഗരികത നിലനിൽക്കുന്നത്. പുതിയ ഒരു ജീവിതം സ്വപ്നം കണ്ട് മലമ്പാതകളിൽ കൂടി ഉള്ള നടത്തം, പുഴകളെയും ജലസ്രോതസ്സുകളെയും ആശ്രയിച്ച് കൊണ്ടുള്ള ജീവിതം എന്നിങ്ങനെ പലതും കടന്ന് വന്നിട്ടുണ്ട് വരകളിൽ.

അശ്വത്ഥിന്റെ വരകളിലേക്ക് കടന്ന് വരുമ്പോൾ വിവിധ ശൈലികളുടെ ഒരു സമന്വയം കാണാൻ കഴിയും. ഒരു നിയതമായ ശൈലി പിന്തുടരുന്നതിന് പകരം, ചിത്രകലയിലെ അറിയപ്പെടുന്ന ഒരു പാട് ശൈലികളിൽ അശ്വത്ഥ് തന്റെ കൈവിരൽപ്പാടുകൾ പതിപ്പിച്ചിട്ടുണ്ട്.

അശ്വത്ഥ്: (ചിരിക്കുന്നു.) ഒന്നാമത് പെയിന്റിംഗുകൾ ചെയ്യുന്നത് കുറവാണ്. ചില മാസ്റ്റേഴ്സിനോട്, അവരുടെ വർക്കുകളോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ് ഉണ്ട്. ഉദാഹരണത്തിന് ഗൂർണിക്ക എനിക്ക് പേഴ്സണലി വളരെ അറ്റാച്ച്മെന്റ് ഉള്ള ചിത്രമാണ്. അതേ പോലെ വാൻഗോഗിന്റെ ശൈലി ഭീകരമായി ഇഷ്ടപ്പെടുന്ന ഒന്നാണ്. ജാക്സൺ പൊള്ളോക്കിന്റെ വർക്കുകളോട് വല്ലാത്തൊരു താത്പര്യം ഉണ്ട്. അത്തരം വർക്കുകളോട് ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്റെ tribute ആയി കാണാം ഇതിനെ. എന്റേതായ ഒരു തനതു ശൈലി ഇനിയും രൂപപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. ഇൻഫ്ലുവൻസ് ചെയ്ത ഒരു പാട് ഡ്രോയിംഗുകൾ ഇനിയുമുണ്ട്. അവയിൽ നിന്നൊന്നും ബ്രേക്ക് ചെയ്തിട്ടില്ല ഇതു വരെ‌.

അഞ്ജുവിന്റെയും അശ്വത്ഥിന്റെയും വരകളിലെ ഒരു കോമൺ പോയിന്റ് എന്നത് കറുപ്പിന്റെയും വെളുപ്പിന്റെയും സ്വാധീനം ആണ്. ചിലയിടങ്ങളിൽ ഒരു ബൈനറി എന്ന നിലയിൽ പോലും അവ കടന്ന് വരുന്നുണ്ട്.

അഞ്ജു: കറുപ്പും വെളുപ്പും ഇഷ്ടമാണെങ്കിലും അങ്ങനെ ബോധപൂർവം സംഭവിച്ചതല്ല അത്. ചിലപ്പോഴൊക്കെ വരകൾക്കിടയിലെ‌ വാക്വത്തിന് പോലും ഒരു പാട് സംവദിക്കാൻ ഉണ്ടാകും. അത് പോലെ ഇരുട്ട് പശ്ചാത്തലമാക്കിയ ചിത്രങ്ങളിൽ എല്ലാം കറുപ്പിന് സ്വാധീനം കൂടാറുണ്ട്. അതിൽ വെളുപ്പിനെ വേണ്ട രീതിയിൽ പ്ലെയ്സ് ചെയ്യുക എന്നത് അല്പം ശ്രമകരമായ ടാസ്ക് ആണ്. ഉദ്ദേശിച്ചതിന്റെ അടുത്ത് വന്നിട്ടുണ്ട് ഔട്ട്പുട്ട് എന്നാണ് വിശ്വാസം.

അശ്വത്ഥ്: ഇങ്ക് ഡ്രോയിംഗിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളിൽ അഞ്ജു പറഞ്ഞ പോലെ കറുപ്പിനിടയിലെ വാക്വത്തെയും അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. വരയുടെ സാദ്ധ്യതകൾ എടുത്തു എന്നല്ലാതെ കളറിന്റെ സ്വഭാവത്തെയോ അർത്ഥത്തെയോ പരിഗണിച്ചു കൊണ്ട് ചെയ്ത കാര്യമല്ല‌.

അഞ്ജു: സ്കൂൾ സമയത്ത് പെൻ സ്കെച്ചസിലൂടെ ആയിരുന്നു എന്റെ തുടക്കം. അതിന്റെ ഒരു സ്വാധീനവും കടന്ന് വന്നിട്ടുണ്ടാകാം. കറുപ്പിനും വെളുപ്പിനും അതിന്റേതായ ഒരു സൗന്ദര്യം ഉണ്ട്.

വരക്കുമ്പോൾ അവലംബിക്കുന്ന മെത്തേഡ് എന്താണ്? എത്ര സമയം ചിത്രരചനയ്ക്കായി നീക്കി വെക്കാൻ കഴിയാറുണ്ട്?

അഞ്ജു: വരയ്ക്കാൻ തുടങ്ങിയാൽ മനസ്സിൽ ഉള്ള ആശയം പൂർണ്ണമായും ക്യാൻവാസിൽ പതിപ്പിക്കുന്നത് വരെ നിർത്താൻ സാധിക്കാറില്ല. ചിലപ്പോഴൊക്കെ ഒരു പാട് സമയം എടുക്കേണ്ടി വന്നാലും ഒറ്റയിരിപ്പിൽ തന്നെ അത് പൂർത്തീകരിക്കുക എന്നതാണ് എനിക്ക് കൂടുതൽ കംഫർട്ടബിൾ. പിന്നീട് ചില‌ മിനുക്കുപണികൾ ചെയ്യാറുണ്ട് എന്നല്ലാതെ അല്പാല്പമായി പ്ലാൻ ചെയ്ത് വരയ്ക്കുന്ന‌ ശൈലി എനിക്ക് സ്യൂട്ടബിൾ ആകുമെന്ന് തോന്നുന്നില്ല. ആദ്യമായി ക്യാൻവാസിൽ ചിത്രം വരയ്ക്കാൻ ആഗ്രഹം തോന്നി അക്രിലിക് പെയിന്റും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങിയിട്ട് ഒരു വർഷത്തോളം ഞാൻ ഒന്നും ചെയ്യാതെ ഇരുന്നു. ജോലിയിൽ ഒരു ബ്രേയ്ക്ക് എടുത്ത സമയത്തെ മടുപ്പിൽ നിന്ന് രക്ഷ തേടിയാണ് ഒരു ദിവസം പൊടുന്നനെ ചിത്ര‌രചനയിലേക്ക് തിരിഞ്ഞത്. ആദ്യചിത്രം പകർത്തിക്കഴിഞ്ഞപ്പോൾ വലിയ തരക്കേടില്ല എന്ന് തോന്നി. അന്ന് തന്നെ എങ്ങനെയോ രണ്ട് ചിത്രങ്ങൾ കൂടി ബാക്ക് റ്റു ബാക്ക് ആയി വരച്ചു.

അശ്വത്ഥ്: ഫ്രീലാൻസ് വർക്കുകൾ ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പെയിന്റിംഗിലേക്ക് ചെലുത്താൻ കഴിയുന്ന സമയം പരിമിതമാണ്. ഏതാനും മാസം മുൻപേ ഈ ഒരു എക്സിബിഷൻ പ്ലാൻ ചെയ്തതുകൊണ്ടാണ് മുൻപ് വരച്ച് പകുതി ആക്കിയതും ആശയങ്ങൾ ആയി മനസ്സിൽ കൊണ്ട് നടന്നവയും എല്ലാം മുഴുവനാക്കി എടുക്കാനും മറ്റുള്ളവ ഒന്ന് കൂടി മിനുക്കാനും ഒരു urge ഉണ്ടായത്. സ്വയം ഒന്ന്‌ ബോധ്യപ്പെടുത്തൽ കൂടിയാണ് എനിക്ക് ഇത്. അതിന് പ്രോത്സാഹനവും ഊർജ്ജവും തന്ന് കൂടെ നിന്ന ഒരു പാട് സുഹൃത്തുക്കളുണ്ട്. നന്ദി പറയുന്നില്ല.

വിവാഹം എങ്ങനെ അഫക്റ്റ് ചെയ്തു കരിയറിനെ? ചോദ്യം അഞ്ജുവിനോടാണ്…

അഞ്ജു: പലർക്കും കല്യാണം കഴിയുന്നതോടെ സംഭവിക്കുന്നത് പോലൊന്ന് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നതിൽ ഒരു പ്രിവിലേജ് ലഭിച്ചിട്ടുണ്ട്. അത് കാര്യങ്ങൾ ഒരു പാട് എളുപ്പം ആക്കിയിട്ടുണ്ട്. പ്രണയവിവാഹം ആയിരുന്നു. വിവാഹം കഴിഞ്ഞപ്പോൾ ശരിക്കും ഫ്രീഡം എൻജോയ് ചെയ്യാൻ കഴിയുകയാണ് ഉണ്ടായത്. ഞങ്ങൾ ഇരുവരുടെയും കാഴ്ചപ്പാടുകളും നിലപാടുകളും ഒക്കെ അറിഞ്ഞോ അറിയാതെയോ ഗുണാത്മകമായ രീതിയിൽ മാറി എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രോത്സാഹനങ്ങളുടെ രൂപത്തിൽ അല്ലാതെ നെഗറ്റീവ് ആയ തരത്തിൽ ദാമ്പത്യം കരിയറിനെ ബാധിച്ചിട്ടില്ല ഏതായാലും.

ഇരുവരുടെയും ഭാവി പരിപാടികൾ എങ്ങനെ ആണ്?

അഞ്ജു: ചിത്രരചനയിൽ തന്നെ തുടരാൻ ആണ് പദ്ധതി. മറ്റെല്ലാവരെയും പോലെ ചിത്രങ്ങൾ വിറ്റു പോവുക എന്ന ഒരു കടമ്പ മറികടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. പ്രൊഫഷണൽ ആയ വർക്കുകൾ ഏറ്റെടുക്കുക എന്ന ഒരു വിദൂര ആശയവും മനസ്സിൽ ഉണ്ട്. ഗ്രാഫിറ്റി പോലുള്ള ആർട്ടുകൾ പരീക്ഷിക്കണം എന്നത് വളരെ കാലമായ ഒരു ആഗ്രഹമാണ്.

അശ്വത്ഥ്: ഉടനെ കൊച്ചി കേന്ദ്രമാക്കി ഒരു ആർട്ട്, പരസ്യ സ്ഥാപനം തുടങ്ങാൻ ഉള്ള പരിപാടി ഉണ്ട്. ഡിജിറ്റൽ ആഡ്സ്, മറ്റ് ഡിജിറ്റൽ വർക്കുകൾ, പരസ്യ ഡിസൈൻ തുടങ്ങിയവ ആണ് ലക്ഷ്യം. നേരത്തെ പറഞ്ഞ പോലെ Hues on Walls എന്നതും മനസ്സിൽ സൂക്ഷിക്കുന്നു. ഇതിനൊക്കെ ഇടയിൽ ചിത്രരചന സീരിയസ് ആയി കൊണ്ടുപോകേണ്ടതുണ്ട്‌. അവിടെ മാത്രമേ പൂർണ്ണമായും നമ്മളെ എക്സ്പ്രസ് ചെയ്യാനും, ക്രിയേറ്റിവിറ്റിയെ ശരിയായി വിനിയോഗിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.

(ഫോട്ടോസ്: അനീസ് കെ മാപ്പിള)

ശാശ്വത് സുരേഷ് സൂര്യാംശ്

ശാശ്വത് സുരേഷ് സൂര്യാംശ്

ഗവേഷണ വിദ്യാര്‍ത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍