UPDATES

സ്ത്രീവിരുദ്ധ പൊതുബോധത്തിന്റെ സാമ്പിളാണ് ഊര്‍മിള ഉണ്ണി; ഞങ്ങളെടുത്ത തീരുമാനം ശരിയുമാണ്: ഉണ്ണിമായ/അഭിമുഖം

സാമൂതിരി ഗുരുവായുരപ്പൻ കോളേജിലെ ആര്‍ട്ടിസ്റ്റുകള്‍ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് ബഹിഷ്ക്കരിച്ചിരുന്നു

കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിൽ നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ സാമൂതിരി ഗുരുവായുരപ്പൻ കോളേജിലെ ആര്‍ട്ടിസ്റ്റുകള്‍, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എ.എം.എം.എ എന്ന താരസംഘടനയുടെ തികച്ചും സ്ത്രീ വിരുദ്ധമായ  നിലപാടിന് വൻ സ്വീകാര്യത നൽകിയ നടിയും നർത്തകിയുമായ ഊർമ്മിള ഉണ്ണിയുമായി സദസ്സ് പങ്കിടുന്നതിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു വിദ്യാർത്ഥികളുടെ ഈ തീരുമാനം. 

യുവകഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയുടെ അതിശക്ത സ്ത്രീപക്ഷകഥയായ ‘തൊട്ടപ്പ’ന്റെ നാടകാവിഷ്കാരത്തിനാണ് ഗുരുവായുരപ്പൻ കോളേജിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. നാടകത്തിലെ കേന്ദ്ര കഥാപാത്രമായ കുഞ്ഞാടിനെ അവതരിപ്പിച്ച് മികച്ച നടിക്കുള്ള ഇന്റർസോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഉണ്ണിമായ അഴിമുഖവുമായി നടത്തിയ സംഭാഷണം.

നൊറോണയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയാണ് തൊട്ടപ്പന്‍. ലിംഗവിവേചനത്തെ അവഗണിച്ച്  ഒരു ‘താന്തോന്നി’പ്പെണ്ണായി വളരുന്നതിനുള്ള ഊര്‍ജ്ജം കാഴ്ചക്കാർക്ക് പകരുന്ന കഥ. അതസമയം പെണ്‍കുട്ടികളുടെ പരിമിതികള്‍ അവള്‍ ജനിക്കുന്നതോടു കൂടി ആരംഭിക്കും എന്ന് സാമൂഹികശാസ്ത്രം അടിവരയിട്ടു പറയുന്നുമുണ്ട്. ഇത്തരമൊരു കഥ നാടക മത്സരത്തിന് തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ?

കുഞ്ഞാട് എന്ന കഥാപാത്രത്തെ അറിഞ്ഞിടത്തോളം, അവൾ ജനിക്കുന്നിടത്ത് ആരംഭിച്ച ‘പരിമിതികൾ’ക്ക്  കീഴ്പ്പെടാത്തവളാണ്. എല്ലാത്തിനും കുഞ്ഞാടിന്റെ കയ്യിൽ പ്രതിവിധികൾ ഉണ്ടായിരുന്നു. പൂച്ചക്കുഞ്ഞുങ്ങളെ കൂട്ടിന് കൊണ്ടുവരുന്നതു മുതൽ, നരന്തനോട് പോരാടുന്നത് വരെ ഒറ്റയ്ക്കാണ്. കുഞ്ഞാട് സ്വന്തമായി, ബുദ്ധിപരമായി അവൾക്കൊത്തൊരു കൂട്ടുകെട്ടും (സമൂഹം എന്ന് ബ്രോഡ് ആയി) ആകുന്നുണ്ട്; പൂച്ചക്കുട്ടികളിലൂടെ. ചെറുപ്പത്തിൽ തന്നെ ഷമ്മി, ബ്രാ ഇടാൻ വിസമ്മതിക്കുന്ന കുഞ്ഞാട് സാമൂഹികമായി അടിച്ചേൽപ്പിക്കുന്ന, അതായത് നേരത്തെ പറഞ്ഞ ജനിക്കുമ്പോൾ ആരംഭിക്കുന്ന പരിമിതികൾ എന്ന ശാസ്ത്രത്തിന് കീഴ്പ്പെടാതെ പോരാടുന്ന പെണ്ണിനെയാണ്  സൂചിപ്പിക്കുന്നത്. She is an icon of independent, rebellious and non compromising women.

കുഞ്ഞാട് അവസാനം കൊല്ലപ്പെടുകയാണ് ചെയ്യുന്നത്. ഒന്നുകിൽ  അവളെ ലൈംഗികമായി കീഴ്പ്പെടുത്തണം, അല്ലെങ്കിൽ കൊന്ന് ഇല്ലാതാക്കണം. “തൊട്ടപ്പൻ” അടിവരയിടുന്നത് ജനിക്കുമ്പോൾ ആരംഭിക്കുന്ന പെണ്ണിന്റെ പരിമിതികളെയല്ല,  മറിച്ച് സമൂഹത്തിന്റെ പെണ്ണിനോടുള്ള കാപട്യം നിറഞ്ഞ നയങ്ങളെയാണ്. പെണ്ണിനെ കാൽച്ചുവട്ടിലാക്കാനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ വ്യഗ്രതയാണ്.

ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യത്തെ പോലും വളരെ വ്യക്തമായി ‘തൊട്ടപ്പനി’ൽ നിന്ന് നമുക്ക് കഥാപാത്രങ്ങളിലൂടെ വായിച്ചെടുക്കാം. മധുവിന്റെ കൊലപാതകം അടക്കമുള്ള സമകാലിക സംഭവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട്  ദാരിദ്ര്യം, ജാതീയത, മതം, സ്ത്രീപക്ഷം അടക്കമുള്ള വിഷയങ്ങൾ തൊട്ടപ്പൻ ചർച്ച ചെയ്യുന്നു. കഥ വായിച്ചയുടൻ ഇതാണ് ഞങ്ങൾ അവതരിപ്പിക്കാൻ പോകുന്ന നാടകം എന്ന് തീരുമാനിക്കാൻ അതുകൊണ്ടു തന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

നാടകം സെലക്ട് ചെയ്തത് ഡയറക്ടർ വിജേഷാണ്. വിജേഷിനെ ഇവിടെ പരാമർശിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിജേഷിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ നാടകങ്ങൾ ഹൈലി പൊളിറ്റിക്കലാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ നാടകം എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ഫ്രാൻസിസ് നെറോണയുടെ തന്നെ “പെണ്ണാച്ചി” ആയിരുന്നു.

മീ ടൂ, ടൈംസ് അപ്പ് തുടങ്ങിയ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ക്യാമ്പയിനുകളിൽ മലയാളി പെൺകുട്ടികളും സജീവമായി പങ്കെടുക്കുകയും തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ഇപ്പോഴും സ്ത്രീവിരുദ്ധതയ്ക്ക് എല്ലാ മേഖലയിലും മാർക്കറ്റുണ്ട്. നിങ്ങൾ ഇപ്പോൾ നടത്തിയ രീതിയിലുള്ള സാംസ്‌കാരിക പ്രതിരോധം മാത്രമാണോ അതിനുള്ള പോംവഴി?

സ്ത്രീ വിരുദ്ധത വീടുകളിൽ നിന്ന് ആരംഭിക്കുന്നു. അത് കളിസ്ഥലങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിങ്ങനെ എല്ലായിടത്തേക്കും വ്യാപിക്കുന്നുണ്ട്. സിനിമ സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ്. ആയതിനാൽ ഈ വിവേചനങ്ങളും സ്ത്രീവിരുദ്ധതതയുമെല്ലാം സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്. ഇതേ സിനിമ തന്നെയാണ് മനുഷ്യരിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളിൽ ഒന്ന് എന്നത് വലിയ തോതിൽ സ്ത്രീ വിരുദ്ധത സോഷ്യൽ കണ്ടീഷനിംഗിലെ സൈക്ലിക് പ്രോസസ് തുടരുവാൻ കാരണമാവുന്നുണ്ട്. സിനിമയുടെ ഈ സ്വാധീനം ആളുകളിൽ ഉണ്ടാവുന്നതും വ്യക്തമാണ്. അതു കൊണ്ടാണ് ഈ നാട്ടിൽ അനേകം ഫാൻസ് ക്ലബ്ബുകളും തിരശ്ശീലയിലെ നായകന് ജീവിതത്തിലും ജയ് വിളിക്കാനും കൊല്ലാനും മരിക്കാനും തയ്യാറായി ഒരു കൂട്ടം സൃഷ്ടിക്കപ്പെടുന്നത്. സാംസ്കാരികമായി ഇത്തരത്തിൽ നമ്മൾ സ്വാധീനിക്കപ്പെടുമ്പോൾ പ്രതിരോധവും അത്തരത്തിൽ ആവണം എന്നു തന്നെയാണ് അഭിപ്രായം. സിനിമയും അതിന് അകത്തും പുറത്തും നടക്കുന്ന സംഭവവികസങ്ങളും സിനിമ എപ്രകാരം സമുഹത്തിന്റെ പരിച്ഛേദമാകുന്നുവോ അതു കണക്കെ നമ്മുടെ സമൂഹത്തിന്റ ഒരു സാമ്പിൾ ആണ്.

സിനിമയിൽ മാത്രം നടക്കുന്നത് എന്നു പറഞ്ഞ് ഇത്തരം സംഭവങ്ങൾ ചെറുതായി കരുതരുത്. അവിടെ നടക്കുന്നതൊക്കെയും നമ്മുടെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  തൊഴിലിടങ്ങളിലും നടക്കുന്നുണ്ട്. പ്ലസ്‌ടു വരെ പെൺകുട്ടികൾ മാത്രമുള്ള  സ്‌കൂളിൽ പഠിച്ച എനിക്ക് കോളേജിലെത്തിയപ്പോൾ  മിക്സഡ് ക്‌ളാസ്സുകൾ പലപ്പോഴും സപ്രസ്സിങ് ആയി തോന്നിയിട്ടുണ്ട്. കാരണം ഒരു ബഞ്ച് പിടിച്ചിടാൻ പോലും ആൺകുട്ടികൾ വരും. കഴിഞ്ഞ കാലങ്ങളിൽ ഒക്കെ ചെയ്ത് ശീലിച്ച കാര്യങ്ങൾക്ക് ഇന്ന് പെണ്ണായതുകൊണ്ട്  ഒരു മിക്സഡ് അവസ്ഥയിൽ നമ്മളെ അകറ്റി നിർത്തുന്നു. നമ്മൾക്ക് പറ്റാത്ത കാര്യമായി മാറുന്നു, അഥവാ അങ്ങനെ ആക്കിത്തീർക്കുന്നു.

ഇത് എന്റെ മാത്രം അനുഭവമല്ല. ഓരോ പെൺകുട്ടിയും ഇത് പോലെയുള്ള ഒരുപാട് അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇവിടെ ഞങ്ങൾ വളരെ ക്രൂഷ്വൽ ആയ ഒരു സിറ്റ്വെഷനിൽ, പൊളിറ്റിക്കൽ ആണ് എന്ന് ഞങ്ങൾക്ക് ബോധ്യമുള്ള ഒരു നിലപാടെടുത്തു. ഫാസിസത്തിനെതിരെയുള്ള പോരാട്ടമെന്നോ, വമ്പിച്ച വിപ്ലവ പ്രവർത്തനമെന്നോ അതിനർത്ഥം ഇല്ല. എങ്കിലും ഞങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായ ഒരു ചെറിയ ശബ്ദം. അതുപക്ഷെ ഒരുപാട് പേർക്ക് വരുംകാലങ്ങളിൽ പ്രചോദനമാകും എന്ന് വിശ്വസിക്കുന്നതു കൊണ്ട് തീരെച്ചെറിയ ഒരു പ്രതിഷേധ സ്വരമാണെന്ന് കരുതുന്നില്ല. ഇത്തരം ചെറിയ ചെറിയ പ്രതിരോധങ്ങളിലൂടെയാണ് വലിയ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത്.

എ.എം.എം.എയിലെ അംഗമായ ഊർമിള ഉണ്ണിയോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് ബഷീർ അനുസ്മരണ അവാർഡ് ബഹിഷ്‌ക്കരിച്ചിരുന്നത്  എന്ന്  സൂചിപ്പിച്ചിരുന്നല്ലോ. അത്തരം ബഹിഷ്ക്കരണങ്ങൾ മഹാനായ എഴുത്തുകാരൻ ബഷീറിനെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ചില വാദങ്ങളുണ്ട്. എന്താണ് പ്രതികരണം?

ഞങ്ങൾ അത് നേരത്തെ തന്നെ ഞങ്ങളുടെ കുറിപ്പിൽ വ്യക്തമാക്കിയതാണ്. വെറുമൊരു അനുമോദനമല്ല, മഹാനായ എഴുത്തുകാരന്റെ പേരിലുള്ള അനുമോദനം ഏറ്റുവാങ്ങുക എന്നതാണത്. Actually we were all waiting for July 1st. നിരക്ഷരരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുംന്യൂനപക്ഷവുമായി എണ്ണിയ ഒരുപറ്റം ആളുകളെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് തന്റേടത്തോടെ കൂട്ടിക്കൊണ്ടുവരികയും സര്‍ഗ്ഗസംസ്കാരത്തിന്റെ ബഹുസ്വരതയിലേയ്ക്ക് കൂട്ടിച്ചേർക്കുകയും ചെയ്ത മഹാനായ എഴുത്തുകാരനാണ് അദ്ദേഹം. ജാതിചിന്തയും സാമൂഹികാസമത്വവും നിലനില്‍ക്കാത്ത ഒരു ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടത്. അങ്ങനെയുള്ള ഒരു സാഹിത്യകാരനെ അവഹേളിക്കാൻ മാത്രം സാമൂഹ്യ-രാഷ്ട്രീയ ബോധമില്ലാത്തവരല്ല ഞങ്ങൾ.

ഞാൻ പറയുകയാണെങ്കിൽ ഇത്രയും മോശം ചിന്താഗതി വെച്ചു പുലർത്തുന്നവരുടെ സാമീപ്യമാണ് ആ ചടങ്ങിന്റെ മോടി കെടുത്തിയത്. ഇത്തരക്കാർക്ക് നാം സ്വീകാര്യത നൽകരുത്. അത് ഒരു സമരരീതിയാണ്. പോയി വാങ്ങിയിരുന്നേൽ ഞങ്ങളും, ഞങ്ങളുടെ നാടകവും അപഹാസ്യമായിപ്പോയേനെ. ശരിയായ തീരുമാനം തന്നെയാണ് ഞങ്ങൾ എടുത്തതെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.

സ്ത്രീവിരുദ്ധ പൊതുബോധത്തിന്റെ സർവ്വഗുണങ്ങളും കാണിക്കുന്ന ഒരു സാമ്പിൾ ആണ് ഊർമ്മിള ഉണ്ണി. അവർ അമ്മ സംഘടനയിൽ നിഷേധിക്കാൻ കഴിയാത്ത സ്വരത്തിന്റെ ഉടമയാണ്. അവിടെ നടക്കുന്ന വിവേചനം എന്നു ഞങ്ങൾ വിശ്വസിക്കുന്ന ഒരു നടപടിക്രമത്തിൽ ഭാഗമായ വ്യക്തി കൂടെയാണ്. അവർക്ക് മുന്നിൽ ഞങ്ങൾ ഉയർത്തുന്ന ശബ്ദം സിനിമയിലെ ആകെ വിവേചനങ്ങൾക്ക് എതിരെ കൂടിയാണ്.

സിനിമാമേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന/നേരിടുന്ന വിഷയങ്ങളെക്കുറിച്ച് ധാരാളം വാർത്തകളും അനുഭവക്കുറിപ്പുകളും പുറത്തു വരുന്നുണ്ടല്ലോ. വളർന്നു വരുന്ന തലമുറ എന്ന നിലയിൽ ഇത്തരം വിഷയങ്ങളെ ഒരു പരിധി വരെ നിയാന്ത്രിക്കാൻ എന്ത്  ചെയ്യാൻ കഴിയും?

വളരെ സങ്കീർണ്ണത നിറഞ്ഞ ഒരു ചോദ്യമായത് കൊണ്ട്  ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ എന്റെ പരിമിതമായ അറിവിൽ നിന്ന് കൊണ്ട് അഭിപ്രായം പറയാം എന്ന് കരുതുന്നു.

നമ്മുടെ ക്യാംപസുകളിൽ കുറേ ‘ശബരിമല’കളുണ്ട്. പ്രസിദ്ധമായ എന്റെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്; തൊട്ടപ്പൻ എന്ന നാടകത്തിലെ കുട്ടികൾ പഠിക്കുന്ന കോളേജ്, വിശ്വ വിഖ്യാത തെറി എന്ന വിവാദ മാഗസിൻ ഇറക്കിയ കോളേജ്; അവിടെയുണ്ട് ഞങ്ങൾക്ക് അപമാനമായി ചൈത്രം എന്ന് പറഞ്ഞൊരു ഓപ്പൺ സ്റ്റേജ്. പെൺകുട്ടികൾക്ക് പ്രവേശനമില്ലാത്തതു കൊണ്ട് ഞങ്ങൾ അത്തരം എല്ലാ ഇടങ്ങളെയും ‘ശബരിമല’ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു. ഒഫീഷ്യൽ ചടങ്ങുകൾക്കല്ലാതെ പെൺകുട്ടികൾക്ക് വിലക്കാണ്. കോളജ് മൊത്തം അംഗീകരിക്കുന്ന അലിഖിത നിയമം. അധ്യാപക പിന്തുണ ഉണ്ടായിട്ടു പോലും ആൺകുട്ടികളിൽ നിന്ന് പിടിച്ചെടുക്കാൻ പറ്റാത്ത ഒരു ഇടമായി ഇപ്പോഴുമത് തുടരുന്നു.

ഞാൻ നിന്നെ റേപ് ചെയ്യും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ നോക്കുന്ന ആൺകുട്ടികളെയൊക്കെ കണ്ടിട്ടുണ്ട്. ഇവർക്കെതിരെ സംസാരിക്കുമ്പോൾ അവഹേളിച്ചു വിടുന്ന “ഇവൾക്കെന്താ പ്രാന്താണോ?” എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്.

പലപ്പോഴും ഉന്നയിക്കുന്ന വിഷയം അഡ്രസ്സ് ചെയ്യപ്പെടാറു പോലുമില്ല.

‌നേരത്തെ ഞാൻ പറഞ്ഞ ഒരു ബഞ്ച് പിടിച്ച് ഇടാൻ പോലും പെണ്ണിന് പറ്റില്ല എന്ന് വിശ്വസിക്കുന്ന ആൺചിന്തകൾ ഇല്ലാതാവണം. നമുക്കും അത് ചെയ്യാനാകും, it is just normal, it’s not heroic എന്നുള്ളത് ഒരു മുദ്രാവാക്യമാക്കണം. ആ മുദ്രാവാക്യം സിനിമ മേഖലയിൽ മുഴങ്ങുന്നത് ഡബ്ല്യുസിസിയിലൂടെയാണ്.

താരപദവിയും അവരുടെ നിലപാടുകളും വിമർശിക്കപ്പെടണം. സിനിമകൾ ഈ അടുത്തായി ഉണ്ടായപോലെ പരസ്യമായി വിമർശിക്കപ്പെടണം. ഒരു പരിധി വരെ സിനിമ പോളിറ്റിക്കലി കറക്ടാവണം. സിനിമ ഒരാളുടെയും കുത്തകയല്ല എന്ന് ഓർമിപ്പിച്ചു കൊണ്ടേയിരിക്കണം. ആരുടെയും അടിമകളാവരുത്. തൊഴിലും, തൊഴിലാളികളുമായി മാറണം. ഇത് നാളെയുടെ മാറ്റമാണ്. ഇന്ന് ആരംഭിക്കേണ്ടുന്ന നാളെയുടെ മാറ്റം. ആ മാറ്റത്തിൽ ഞാൻ നിൽക്കുന്ന ഇടത്ത് നിന്ന് ഞാൻ എഴുന്നേറ്റുനിന്ന് ശബ്‌ദിക്കണം. അതാണ് ആവശ്യം; അതാണ് ഞങ്ങൾ ചെയ്യുന്നതും.

നിങ്ങളുടെ ധീരമായ നിലപാടിനോട് പൊതു സമൂഹത്തിന്റെ/അധ്യാപകരുടെ, സുഹൃത്തുക്കളുടെ പ്രതികരണങ്ങൾ (നല്ലതും മോശവും) എങ്ങനെയാണ്?

പൊതുവെ പോസിറ്റിവ് ആയ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടെയുള്ള ചിലർ “നീയൊരു കരിങ്കൊടിയും പിടിച്ച് അങ്ങു പൊക്കോ” എന്ന് പറഞ്ഞു കളിയാക്കിയിട്ടുണ്ട്. പിന്നീട് മുഖം രക്ഷിക്കാനോ മറ്റോ ഇതിന്റെ ഭാഗമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കമന്റ്സ് ആയി വന്ന ചില പ്രതികരണങ്ങൾ ഒഴിച്ച് നിർത്തിയാൽ മോശമായി ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ഇനി  അങ്ങനെ ഒന്നുണ്ടെങ്കിൽ തന്നെ നേരിടാൻ തയ്യാറുമാണ്.

ലിംഗാധിപത്യത്തിനു ചരിത്രമുണ്ട്, കുടിലതയുടെ പുരുഷലിംഗ പട്ടാഭിഷേകം

തെറിവിളിക്കാര്‍ക്കറിയുമോ ഒരു സ്ത്രീയുടെ ജീവിതം എന്താണെന്ന്? ഫെമിനിസ്റ്റ് എന്താണെന്ന്?

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍