UPDATES

കുറെ നല്ല മനുഷ്യര്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം തുടരുന്നു

സിനിമയിലായാലും നാടകത്തിലായാലും നിരന്തരം പല റോളുകള്‍ അഭിനയിക്കുന്ന ഒരാള്‍ക്ക് അവസാനം സ്വന്തം ക്യാരക്ടര്‍ ഏതാണെന്ന് തപ്പിപ്പിടിക്കേണ്ട അവസ്ഥയുണ്ടാകും- ഭാഗം 2

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബോട്ടണി അധ്യാപികയായ ഒരു കന്യാസ്ത്രീ ജീവന്‍ തോമസിനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു: ‘നീ എന്തിനാ ആര്‍ക്കും വേണ്ടാത്ത ചിത്രകല പഠിക്കുന്നത്?’ . അതിനുള്ള ഉത്തരമായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. ചിത്രകല പഠിക്കാന്‍ മദ്രാസില്‍ പോയെങ്കിലും അവിടെ അഡ്മിഷന്‍ കിട്ടിയില്ല. അങ്ങനെ തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അധ്യാപകരുടെ ഗുണനിലവാരമില്ലായ്മയില്‍ പ്രതിഷേധിച്ച് സമരവുമായിറങ്ങി. ഇതാണ് ജീവന്‍ തോമസ്. കലയും പ്രതിഷേധവും ഒരുമിച്ച് കൊണ്ടുപോയ ചിത്രകാരന്‍, ശില്പി. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലം പ്രക്ഷുബ്ദമായ 70-കളില്‍ മുഴങ്ങിക്കേട്ട വിമത ശബ്ദം ഈ 2017-ലും നമുക്ക് കേള്‍ക്കാം. ശില്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം സഫിയ ഒ.സി യിലൂടെ. ഒന്നാം ഭാഗം ഇവിടെ വായിക്കാം: കലയും പ്രതിഷേധവും ഒരുമിക്കുമ്പോള്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം

പ്രീഡിഗ്രി കാലം
പ്രീഡിഗ്രിക്ക് ചെല്ലുന്നത് പക്കാ കത്തോലിക്കരുടെ ഒരു സ്ഥാപനത്തിലേക്കാണ്, ദേവമാതാ കോളേജ് കുറുവിലങ്ങാട്. അവിടെ കമ്മ്യൂണിസം ഇല്ല. വേറെ ഒരു പാര്‍ട്ടിയും ഇല്ല. ആകപ്പാടെ കേരള കോണ്‍ഗ്രസ് മാത്രമേയുള്ളൂ. ലോകത്തിലെ ഏറ്റവും നല്ല രാഷ്ട്രീയക്കാരന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് കെഎം മാണിയാണെന്ന് പറയുന്ന ഒരു വിഭാഗം ആള്‍ക്കാരുടെ ഇടയിലേക്കാണ്. എനിക്കു അവിടം വളരെ വിചിത്രമായിട്ടാണ് തോന്നിയത്. നമ്മള്‍ പാന്റ്‌സ് ഒക്കെ ഇട്ടിട്ടാണ് ചെല്ലുന്നത്. അന്ന് ടൈറ്റായിട്ടുള്ള പാന്റായിരുന്നു. അപ്പോ ചില പിള്ളേര് ഇതെന്താ കാലേല്‍ പെയിന്റ് അടിച്ചിട്ടുണ്ടോന്നു ചോദിക്കും. പാന്റ് ഇട്ടിട്ടു ചെല്ലുന്ന രണ്ടു വിദ്യാര്‍ഥികളില്‍ ഒരാള്‍ ഞാനായിരുന്നു. വേറെ പലരും തനി കര്‍ഷക കുടുംബത്തില്‍ നിന്നു വരുന്ന മനുഷ്യരായിരുന്നു. എനിക്കതുകൊണ്ടൊന്നും വിരോധം ഇല്ല. ആ സമയത്തൊക്കെ ഞാന്‍ മുടി നല്ലപോലെ നീട്ടിയിരുന്നു. അതും ഭയങ്കര അത്ഭുതമായിരുന്നു അവര്‍ക്ക്. വാസ്തവത്തില്‍ ഇവരെ സംബന്ധിച്ചിടത്തോളം നമ്മളൊരു ജോക്കറെ പോലെയാണ് കാമ്പസില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യത്തെ ക്ലാസ്സില്‍ തന്നെ ഫസ്റ്റ് ക്ലാസ് ഉള്ളവര്‍ എഴുന്നേറ്റ് നില്ക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് നിന്നു. ഇങ്ങനെ വേഷം കെട്ടി നടക്കുന്ന ഒരുത്തന് ഫസ്റ്റ്ക്ലാസ്സോ എന്ന മട്ടില്‍ അധ്യാപകര്‍ക്ക് പോലും ഭയങ്കര അത്ഭുതമായിരുന്നു. പിന്നീട് ചില അധ്യാപകരുമായിട്ടു സുഹൃത്ബന്ധമായി.

അവിടെ വെച്ചിട്ടാണ് എനിക്ക് ചിത്രകല പഠിക്കണം എന്നുള്ള ആഗ്രഹം വരുന്നത്. കോളേജില്‍ ഞാന്‍ ശരിക്കും രണ്ടു വിഭാഗത്തിലും ഒരുപോലെ പോയിന്റ് സ്‌കോര്‍ ചെയ്യുന്ന ആളായിരുന്നു. ഒന്നു സ്‌പോര്‍ട്‌സ്, അതില്‍ ചാമ്പ്യനായിരുന്നു. പിന്നെ പെയിന്റിംഗ്, ഡ്രോയിംഗ്, നാടകം അങ്ങനെയുള്ള കാര്യങ്ങളിലും. മാത്രമല്ല ഇലക്ഷന്‍ സമയത്തൊക്കെ ഞാന്‍ കാര്‍ട്ടൂണ്‍ വരക്കുമായിരുന്നു. ദേവമാതാ കോളേജ് കുറവിലങ്ങാട് എന്ന സ്ഥലത്തേക്ക് നമ്മള്‍ ചെല്ലുമ്പോള്‍ ചെന്ന ഒരാഴ്ചക്കുള്ളില്‍ അവിടെ ഇലക്ഷന്റെ കൊണ്ടുപിടിച്ച തിരക്കായിരുന്നു. ചെന്ന അന്ന് തൊട്ട് കാര്‍ട്ടൂണ്‍ വരക്കാന്‍ തുടങ്ങിയത് കൊണ്ട് എല്ലാ കക്ഷികള്‍ക്കും എന്നെ അറിയാമായിരുന്നു. അത് തന്നെ ഒഴപ്പിനും ബഹളം വെക്കുന്നതിനുമുള്ള ഇന്ധനവും കൂടെയായി. സകല ആള്‍ക്കാര്‍ക്കും അറിയാം നമ്മള്‍ എന്തു കാണിച്ചാലും അതിന്റെ പുറകില്‍ ആള്‍ക്കാരുണ്ടാകും, അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ഫൈന്‍ ആര്‍ട്‌സ് പഠിക്കണം എന്ന മോഹം ഉണ്ടാകുന്നത്. ഇത് പഠിപ്പിക്കുന്ന സ്ഥലം ഉണ്ടെന്ന കാര്യമൊന്നും എനിക്കറിയില്ലായിരുന്നു. നമുക്ക് അറിയാവുന്ന ലോകത്തിലെ പ്രസിദ്ധ ആര്‍ട്ടിസ്റ്റുകള്‍ എന്നു പറഞ്ഞാല്‍ മൈക്കലാഞ്ചലോവിനെ അറിയാം, ഡാവിഞ്ചിയെ അറിയാം, റാഫേലിനെ കേട്ടിട്ടുണ്ട്. പിന്നെ പിക്കാസോയെ കേട്ടിട്ടുണ്ട്. അല്ലാതെ വേറെ ആരെയും അറിയില്ല. അതിനുള്ള സോഴ്‌സും ഇല്ലായിരുന്നു.

പിന്നെ നമ്മുടെ നാട്ടില്‍ ജേക്കബ് ഫിലിപ്പ് എന്നുപറഞ്ഞ ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നു. സിജെ തോമസിന്റെ കൂട്ടുകാരന്‍. നല്ല പ്രാസംഗികനും ചിന്തകനും കമ്യൂണിസ്റ്റുമായിരുന്നു. ലോകത്തിലെ ഏത് വിഷയത്തെ കുറിച്ചാലും രണ്ടു മണിക്കൂര്‍ സംസാരിക്കാനുള്ള കളക്ഷന്‍ കാണും പുള്ളിയുടെ കയ്യില്‍. ഞാന്‍ അവധിക്കു ചെല്ലുമ്പോള്‍ സ്ഥിരമായി ഇയാളുടെ അടുത്തു പോകുമായിരുന്നു. സിജെയും ഈ മനുഷ്യനുമൊക്കെയായിട്ട് എനിക്ക് അകന്ന റിലേഷന്‍ ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ സി ജെ തോമസിനെ കണ്ടിട്ടൊന്നും ഇല്ല. സിജെ തോമസിന്റെ സുഹൃത്തും ബന്ധുവും എന്ന നിലയില്‍ ഇദ്ദേഹത്തെ കണ്ടിട്ടും ബന്ധപ്പെട്ടിട്ടും ഉണ്ട്. ഇദ്ദേഹം മരിച്ച സമയത്ത് എനിക്ക് ഇദ്ദേഹത്തിന്റെ വക കുറച്ചു സാധനങ്ങള്‍ കിട്ടി. അതില്‍ കുറച്ചു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ക്യാമറ ഉണ്ടായിരുന്നു. ആ മനുഷ്യന് ഒരു ദൂഷ്യം ഉണ്ട്. ഒരു സാധനം നിത്യ ജീവിതത്തില്‍ ഒരു പ്രാവശ്യമെ വാങ്ങിക്കാന്‍ പാടുള്ളൂ. ഒരു സാധനം ഒരാഴ്ച ഉപയോഗിച്ചതിന് ശേഷം രണ്ടാമത്തെ ആഴ്ച അതുതന്നെ വാങ്ങിക്കാന്‍ കടയില്‍ പോകുന്നത് സമയം വേസ്റ്റ് ആക്കലാണ്. എല്ലാ സാധനവും ഏറ്റവും ബെസ്റ്റ് ക്വാളിറ്റി നോക്കി വാങ്ങിക്കുന്ന ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നു കിട്ടിയ പുസ്തകങ്ങളില്‍ ഒന്ന് ‘Notes of a Film Director’ എന്ന ഐസന്‍സ്റ്റീന്റെ പുസ്തകമാണ്. ഐസന്‍സ്റ്റീന്റെ നോട്ട്‌സ് ഒരു ഭാഗത്ത്, മറുഭാഗത്ത് ചാപ്ലിനെ കുറിച്ചിട്ടുള്ളതും. ചാപ്ലിന്റെ ഫ്രണ്ടായിരുന്നല്ലോ അദ്ദേഹം. 1959-ലാണ് ഈ പുസ്തകം ഇറങ്ങുന്നത്.

ഐസന്‍സ്റ്റീനെ കുറിച്ച് ശരിക്കും അറിഞ്ഞതിന് ശേഷമാണ് എനിക്ക് ഈ പുസ്തകം കിട്ടുന്നത്. ഞാനിങ്ങനെ അന്തം വിട്ടുപോയി. ഞാന്‍ ഐസന്‍സ്റ്റീനെ ആദ്യമായിട്ടു കേള്‍ക്കുന്നത് 1975-ലാണ്. തിരുവനന്തപുരംകാരും ഐസന്‍സ്റ്റീനെ കേള്‍ക്കാന്‍ തുടങ്ങിയത് 70-കളുടെ ആരംഭത്തിലായിരിക്കും. പക്ഷേ കൂത്താട്ടുകുളം പോലുള്ള ഒരു കുഗ്രാമത്തില്‍ ഇരുന്ന് ആ കാലത്ത് ഈ പുസ്തകം വാങ്ങാനും അതിനെ കുറിച്ച് ആധികാരികമായി വിലയിരുത്താനും പറ്റുന്ന ഒരു മനുഷ്യന്‍ അവിടെ ജീവിച്ചിരുന്നു എന്നുപറയുമ്പോള്‍ ആ മനുഷ്യന്റെ കാലിബര്‍ എന്താണെന്ന് മനസ്സിലാക്കാമല്ലോ. പിന്നെ നമ്മുടെ നാട്ടില്‍ സ്ഥിരമായി വരുന്ന ഒരു വലിയ മനുഷ്യനാണ് വൈക്കം മുഹമ്മദ് ബഷീര്‍. തലയോലപ്പറമ്പ് അവിടുന്ന് അടുത്തു കിടക്കുന്ന സ്ഥലമാണ്, അവിടുന്നു സൈക്കിളില്‍ വരുമായിരുന്നു. അവിടെ ഒരു ഇന്റലെക്ച്വല്‍ കൂട്ടായ്മ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ വളരെ തീവ്രമായിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു കേന്ദ്രം കൂടെയായിരുന്നു അത്. ഞാനൊക്കെ ഉണ്ടായതിന് ശേഷം എന്റെ അച്ഛനെ കാണാന്‍ വരുന്ന സഖാക്കളെ കാണുമ്പോഴാണ് ഇതൊക്കെ ഓര്‍മ്മ വരുന്നത്. അല്ലങ്കില്‍ ജേക്കബ് ഫിലിപ്പിന്റെ അടുത്തു ചെല്ലണം.

എഡ്യുക്കേഷന്റെ ബേസിക് എന്നു പറഞ്ഞാല്‍ എനിക്ക് ഇതുപോലുള്ള കുറെ നല്ല മനുഷ്യരുമായി പരിചയപ്പെടാന്‍ പറ്റിയിട്ടുണ്ട് എന്നതാണ്. അവരില്‍ നിന്നു കുറെ നല്ല അറിവുകള്‍ കിട്ടിയിട്ടുണ്ട്, ആ കിട്ടിയതു തന്നെയാണ് ഇപ്പോഴും എനിക്ക് അസറ്റായിട്ടുള്ളത്. വാസ്തവത്തില്‍ അതൊക്കെ ഇന്നത്തെ സൊസൈറ്റിയില്‍ എത്രമാത്രം അപകടകരമാണെന്ന് നമ്മളിപ്പോള്‍ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്. ജീവിതം വളരെ സ്മൂത്തായിട്ടു പോകാന്‍ വഴിയില്ലാത്ത ചില കാര്യങ്ങളാണ് അത്. പ്രീഡിഗ്രീ അവസാനം നമ്മള്‍ തീരുമാനിക്കുന്നു ഫൈനാര്‍ട്‌സ് പഠിക്കാമെന്ന്. അന്ന് കരഞ്ഞൊരു കന്യാസ്ത്രീയുണ്ട്. ഞങ്ങള്‍ക്ക് ബോട്ടണി എടുത്തിരുന്ന കന്യാസ്ത്രീ. ഇവര്‍ ശരിക്കും കരഞ്ഞു. കരഞ്ഞിട്ടു പറഞ്ഞു, നീ വല്ല ഡോക്ടറും ആകും എന്നായിരുന്നു എന്റെ ഒരു പ്രതീക്ഷ. നീ പഠിക്കാന്‍ മിടുക്കാനാണ്. നീ എന്തിനാ ആര്‍ക്കും വേണ്ടാത്ത ചിത്രകല പഠിക്കുന്നതെന്ന്. അത് സത്യം പ്രറഞ്ഞാല്‍ കൃത്യമായിട്ടുള്ള ഒരു ചോദ്യമായിരുന്നു. ഈ ചിത്രരചന എന്നു പറഞ്ഞാല്‍ അവര്‍ക്കൊക്കെ അറിയാവുന്നത് അതാത് സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡ് എഴുതുകയും ബാനര്‍ എഴുതുകയും ഒക്കെ ചെയ്യുന്ന ആള്‍ക്കാരെയാണ്. അവരെയാണ് ചിത്രകാരന്മാരായി ഇവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്. ചായക്കടയില്‍ മേശ തുടയ്ക്കാന്‍ പോകുന്നപോലെ ഏറ്റവും മോശപ്പെട്ട ഒരു പണി എന്ന നിലയിലാണ് അവര്‍ അതിനെ എടുത്തിരുന്നത്.

നാടക അനുഭവം
പ്രീഡിഗ്രി കഴിഞ്ഞിട്ടാണ് ഞാന്‍ നാടകക്കാരുടെ കൂടെ കൂടുന്നത്. കുറച്ചുകാലം ‘പെരുമ്പാവൂര്‍ നാടക ശാല’ എന്ന കേരളത്തിലെ ഏറ്റവും തിരക്കുള്ള ഒരു ട്രൂപ്പിന്റെ കൂടെയായിരുന്നു. 1972-ലൊക്കെയായിരുന്നു അത്. അന്നവിടെ നെല്ലിക്കോട് ഭാസ്‌കരന്‍, കുതിരവട്ടം പപ്പുവേട്ടന്‍, മാള അരവിന്ദേട്ടന്‍, എബ്രഹാം മാസ്റ്റര്‍ പിന്നെ അതിനെക്കാളൊക്കെ സീനിയര്‍ ആയിട്ടുള്ള എം എസ് നമ്പൂതിരി എന്ന ഒരു കുറിയ മനുഷ്യന്‍ ഉണ്ടായിരുന്നു. ഇഎംഎസിന്റെയൊക്കെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന നടനായിരുന്നു. അത്രയും പ്രായത്തില്‍ കേരളത്തില്‍ വേറെ ആരെങ്കിലും അഭിനയിച്ചിട്ടുണ്ടോന്നറിയില്ല. നിര്‍മ്മാല്യം സിനിമയില്‍ സ്ഥിരമായി കട്ടിലില്‍ കിടക്കുന്ന ഒരാളില്ലേ, അത് അദ്ദേഹമാണ്. ഞങ്ങളെല്ലാം ഇദ്ദേഹത്തിനെ മുത്തശ്ശന്‍ എന്നാണ് വിളിച്ചിരുന്നത്. അതില്‍ കുറെനാള്‍ ഉണ്ടായിരുന്നു. അതിലെനിക്ക് ഒരു വില്ലന്‍ റോളായിരുന്നു. ട്രൂപ്പിന്റെ മൂന്നു നാടകങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ രണ്ടെണ്ണത്തില്‍ ഞാന്‍ ഉണ്ടായിരുന്നു. രണ്ടും വില്ലന്‍ കഥാപാത്രങ്ങള്‍. അത് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ബോറടിച്ചു. എല്ലാദിവസവും ഒരേ കാര്യം തന്നെ ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുക എന്നത് എനിക്കു ഒട്ടും പറ്റാത്ത കാര്യമായിരുന്നു. ഇടയ്ക്ക് മ്യൂസിക്കിനോട് വല്യ കമ്പം ഉണ്ടായി. എന്റെ ശബ്ദം വളരെ സ്മൂത്തായത് കൊണ്ട് ഒരു സംഘത്തിലും എനിക്കു മ്യൂസിക് പഠിക്കാന്‍ പറ്റിയില്ല.

ഞാന്‍ എത്തിപ്പെട്ട നാടകം എന്നു പറയുന്നത് സോകോള്‍ഡ് സോഷ്യല്‍ നാടകങ്ങളാണ്. അതിന്റെ ഒരുതരം റിജിഡ് ആയിട്ടുള്ള സ്വഭാവങ്ങളും റെപറ്റീഷനും ഇതെല്ലാം കൂടി നാടകം അത്ര രസകരമായ കാര്യം അല്ല എന്നെനിക്ക് തോന്നി. നമ്മള്‍ ഒരു നടന്‍ എന്നുള്ള രീതിയില്‍, ഒരു പ്ലേ റൈറ്റരുടെ സ്‌ക്രിപ്റ്റ് അനുസരിച്ച് നമ്മള്‍ കണ്ടിട്ടുള്ള ഏതെങ്കിലും കുറെ കഥാപാത്രങ്ങളില്‍ നിന്നു കുറച്ചു കാര്യങ്ങള്‍ അഡോപ്റ്റ് ചെയ്ത് പ്ലേ റൈറ്റരുടെ സ്‌ക്രിപ്റ്റ് പ്ലേ ചെയ്തിട്ട് പോകും. അതില്‍ വാസ്തവത്തില്‍ നമുക്ക് നമ്മളെ കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയുണ്ട്. ഇന്നുള്ള ഒരു മനസ്സല്ല നാളെ. സ്റ്റേജില്‍ നിന്നിറങ്ങിക്കഴിഞ്ഞു നമ്മള്‍ മറ്റൊരാളാകും. സ്റ്റേജില്‍ കയറുമ്പോള്‍ വേറൊരു മനുഷ്യന്‍. അങ്ങനെ വളരെ വ്യത്യസ്തമായിട്ടുള്ള അവസ്ഥയാണ്. സിനിമയിലായാലും നാടകത്തിലായാലും നിരന്തരം പല റോളുകള്‍ അഭിനയിക്കുന്ന ഒരാള്‍ക്ക് അവസാനം സ്വന്തം ക്യാരക്ടര്‍ ഏതാണെന്ന് തപ്പിപ്പിടിക്കേണ്ട അവസ്ഥയുണ്ടാകും. പലരായിട്ടിങ്ങനെ അവര്‍ ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടും.

ഇങ്ങനെയൊക്കെ ചിന്തിച്ചപ്പോള്‍ നമുക്ക് നമ്മളെ അടയാളപ്പെടുത്താന്‍ പറ്റും എന്നു കരുതിയിട്ടാണ് പെയിന്റിംഗ് പഠിക്കാന്‍ തീരുമാനിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ മുത്തശ്ശന്‍ എന്നു വിളിക്കുന്ന എംഎസ് നമ്പൂതിരിയാണ് എന്റടുത്തു പറയുന്നത് എടാ മദ്രാസില്‍ ഒരു കോളേജ് ഉണ്ട്, ആ കോളേജിനെ ബൊമ്മക്കോളേജ് എന്നാണ് എല്ലാരും വിളിക്കുന്നത്. അതിന്റെ പേര് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് എന്നാണ്. നീ ഒരു കാര്യം ചെയ്യൂ. ഓള്‍ ഇന്ത്യ ടൂര്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ നിന്നെ അങ്ങോട്ടുള്ള വണ്ടിക്ക് കയറ്റിവിടാം. എന്നെ കൊണ്ടുവന്നിട്ട് ഇവര്‍ ആന്ധ്രയിലെ നെല്ലൂര്‍ എന്ന സ്ഥലത്തിക്കുന്നു. അപ്പോ ആ ട്രൂപ്പിന്റെ പ്രധാനപ്പെട്ട കക്ഷി കാലടി ഗോപി ആയിരുന്നു. അവിടുന്ന് നേരെ മദ്രാസിന് ടിക്കറ്റ് എടുത്തു തന്നു. പോകാന്‍ നേരത്ത്, നീ അഡ്മിഷന്‍ കിട്ടിയാലും ഇല്ലെങ്കിലും തിരിച്ചു വരുമ്പോള്‍ ഒരു പത്തു പ്ലേ ചെയ്തു തരണം എന്നു പറഞ്ഞു. അതിന്റെ ഇടക്ക് ഞങ്ങള്‍ വേറെ ആളെ ട്രയിന്‍ ചെയ്തു തരാം എന്നും പറഞ്ഞു. ഞാന്‍ അവിടെ പോയി തിരിച്ചു കേരളത്തിലേക്ക് വന്നു; ഇവരോട് പറഞ്ഞ വാക്കനുസരിച്ച് ഒരു പത്തു നാടകം കളിച്ചു. വീണ്ടും മദ്രാസിലേക്ക് പോയി.

മദ്രാസ് ജീവിതം
പെയിന്റിംഗിനെ കുറിച്ചൊക്കെ വേഗ് ആയിട്ടുള്ള ഐഡിയാസ് ഉണ്ടെന്നല്ലാതെ നല്ല പെയിന്റേഴ്‌സിനെ കണ്ടിട്ടോ ഒന്നുമില്ല. പിന്നെ അതിലുള്ള ഒരു സവിശേഷത എന്നുപറഞ്ഞാല്‍ ഒറ്റയ്ക്ക് നിന്നിട്ട് ചെയ്യാന്‍ പറ്റും എന്നുള്ളതാണ്. ഇതാകുമ്പോള്‍ ആരുടേയും സഹായം കൂടാതെ ചെയ്യാന്‍ പറ്റും. നാടകം ഒരു ഗ്രൂപ്പിന്റെ വര്‍ക്കാണ്. വേറൊരാളുടെ തോട്ടാണ്. പെയിന്റിംഗ് നമ്മുടെ തന്നെ ആവിഷ്‌ക്കാരമാണ്. വേറൊരാളുടെ സഹായം വേണ്ട. പില്‍ക്കാലത്ത് മനസ്സിലായി ഒത്തിരി പേരുടെ സഹായം നമ്മള്‍ തേടുന്നുണ്ട്. സമൂഹത്തില്‍ നിന്നും പലകാര്യങ്ങളും ഒബ്‌സര്‍വ് ചെയ്തിട്ട് ചെയ്യുന്ന സാധനം ആണ്. പക്ഷേ ആ സമയത്ത് ഇങ്ങനെയൊക്കെ തോന്നിയിട്ടാണ് നമ്മള്‍ ഇത് പഠിക്കാന്‍ തീരുമാനിക്കുന്നത്. എനിക്കവിടെ മദ്രാസ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയില്ല. പകരം അവിടെ കാഷ്വല്‍ സ്റ്റുഡന്റായിട്ട് പഠിക്കേണ്ടി വന്നു. അതേതാണ്ട് ഒന്നൊന്നര വര്‍ഷം ഉണ്ടായിരുന്നു. അതിനിടയ്ക്ക് വീട്ടില്‍ നിന്നു പൈസ വാങ്ങാന്‍ പറ്റാത്ത സാഹചര്യം ഞാന്‍ ഉണ്ടാക്കി. അവര്‍ പൈസ തരുമ്പോള്‍ ഒരു തരത്തില്‍ നമ്മളത് പ്രായത്തിന്റെ ഇതുകൊണ്ട് മിസ് യൂസ് ചെയ്യുന്ന ഒരു പരിപാടി ഉണ്ടല്ലോ. കുറച്ചു പൈസ കിട്ടുമ്പോള്‍ അത് ഓവറായിട്ടു ചിലവാക്കും. അങ്ങനെ വരുമ്പോള്‍ അത് പ്രശ്‌നമാകും. അതുപോലെ തന്നെ നമ്മള്‍ ഒരു അക്കാദമിക് കോഴ്‌സ് പഠിക്കാം എന്നു വിചാരിച്ചിട്ടു വന്നതാണ്. അവിടെ അഡ്മിഷന്‍ കിട്ടാതെ വരിക, കാഷ്വല്‍ സ്റ്റുഡന്റായിട്ടു അവിടെ തന്നെ നില്‍ക്കുക. അത് ശരിക്കും പറഞ്ഞാല്‍ വീട്ടുകാരെ നമ്മള്‍ കളിപ്പിക്കുന്ന ഒരവസ്ഥയിലേക്ക് ഫീല്‍ ചെയ്തിട്ട് ഇടയ്ക്ക് ഞാന്‍ പൈസ വാങ്ങിക്കാതായി.

പൈസ വാങ്ങിക്കാതിരുന്നപ്പോള്‍ സഹായിച്ചിരുന്നത് ഫാദറിന്റെ വളരെ ഡിസ്റ്റന്റ് റിലേറ്റീവ് ആയ ഒരു മ്യൂസീഷ്യന്‍ ആയിരുന്നു. പുള്ളി അന്ന് ഇന്ത്യയില്‍ ജീവിച്ചിരുന്ന രണ്ടു നല്ല പിയാനിസ്റ്റുകളില്‍ ഒരാളാണ്. ഈ മനുഷ്യന്‍ എനിക്ക് ഇടക്ക് പൈസ തരും. പൈസ ഇല്ലെങ്കില്‍ ഞാന്‍ കക്ഷിയുടെ അടുത്തു പോകും. അഥവാ കക്ഷിയുടെ അടുത്തു പോകാന്‍ സമയം കുറവാണെങ്കില്‍ കക്ഷിയുടെ ഒരു ഫ്രണ്ടാണ് എം ഗോവിന്ദന്‍; അങ്ങേരുടെ അടുത്തു പോയി പൈസ വാങ്ങിക്കും. പൈസ എന്റെ കയ്യില്‍ കിട്ടുമ്പോള്‍ ഞാന്‍ ഗോവിന്ദന് കൊണ്ടുപോയി തിരിച്ചു കൊടുക്കും. ഒരിക്കല്‍ എം ഗോവിന്ദന്‍ പറഞ്ഞു, നീ ശരിയാവില്ലെന്ന്. ഇവിടെ ഒരുപാട് മലയാളികള്‍ വന്നിട്ടുണ്ട്. പലരും പൈസ വാങ്ങിച്ചിട്ടുണ്ട്, ഇതുവരെ ആരും തിരിച്ചു തന്നിട്ടില്ല. നീ മാത്രമേ തിരിച്ചു തന്നിട്ടുള്ളൂ. അതുകൊണ്ട് നീ ഗുണം പിടിക്കാന്‍ പോകുന്നില്ല.

കേരളത്തില്‍ നിന്ന് അന്ന് അവിടെ കുറെയധികം ആളുകള്‍ ഉണ്ടായിരുന്നു. പിന്നെ ഒരു പിരീഡ് കഴിഞ്ഞപ്പോള്‍ കുറച്ചുകാലം അവിടെ മലയാളികള്‍ക്ക് അഡ്മിഷന്‍ നിര്‍ത്തലാക്കി. അങ്ങനെ ഒരു തീരുമാനം എടുത്തത് കെസിഎസ് പണിക്കര്‍ക്ക് ശേഷം വന്നിട്ടുള്ള ഒരു പ്രിന്‍സിപ്പലാണ്. കാരണം പണിക്കരുടെ സമയത്ത് കുറെ മലയാളികള്‍ക്ക് സ്‌കോളര്‍ഷിപ് കിട്ടി. വിദേശ സ്‌കോളര്‍ഷിപ് ഒക്കെ കിട്ടി കുറെ മലയാളികള്‍ പുറത്തേക്ക് പോകുകയും തമിഴന്‍മാര്‍ക്ക് അത് കിട്ടാതെ വരികയും ചെയ്തപ്പോഴാണ് അങ്ങനെ ഒരിത് വന്നത്. അത് വാസ്തവത്തില്‍ കെസിഎസ് പണിക്കര്‍ ചെയുത ഒരു കുസൃതി ഒന്നും അല്ല. മലയാളികള്‍ ന്യായമായും കുറച്ചു ബ്രൈറ്റ് ആയിരുന്നു, അതുകൊണ്ട് കിട്ടിയതാണ്. കാനായി കുഞ്ഞിരാമന്‍, സദാനന്ദന്‍ അങ്ങനെ കുറെ കക്ഷികള്‍ ഉണ്ട്.

അങ്ങനെ ഒരു ഒന്നരവര്‍ഷം നിന്നപ്പോള്‍ അങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കണ്ട എന്നു പറഞ്ഞ് ഫാദറും ഫാദറിന്റെ അനുജനും കൂടെ വന്ന് എന്നെ പിടിച്ച് നാട്ടില്‍ കൊണ്ടു വന്നു. പൈസയൊന്നും ഇല്ലാതെ ജീവിതം ഒരു മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നു. ആ സമയത്ത് എം ഗോവിന്ദന്‍ ഒരു കത്ത് തന്നു. അങ്ങനെയാണ് ഞാന്‍ എറണാകുളത്ത് കുഞ്ഞിരാമനും എം വി ദേവനും ഒക്കെയുണ്ടായിരുന്ന കലാപീഠം എന്ന സ്ഥാപനത്തില്‍ പോയി ചേരുന്നത്. അവിടെയും ഒന്നരവര്‍ഷം ഉണ്ടായിരുന്നു. ആദ്യത്തെ മാസം ഫീസ് കൊടുക്കാന്‍ ചെന്നപ്പോള്‍ ദേവന്‍ പറഞ്ഞു, താനിവിടെ റഗുലറായിട്ടു വര്‍ക്ക് ചെയ്യാന്‍ വരുന്ന കക്ഷിയല്ലേ, ബാങ്ക് എപ്ലോയീസ്, പോര്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്നവര്‍, കോളേജ് ലേക്‌ചേഴ്‌സ് അങ്ങനെയുള്ളവരോട് ഇവിടെ ഫീസ് വാങ്ങിക്കും; അങ്ങനെയാണ് റെന്റ് കൊടുക്കുന്നത്. താന്‍ പൈസയൊന്നും തരണ്ടായെന്ന് പറഞ്ഞു. ഒന്നൊന്നര വര്‍ഷം അവിടെ ഉണ്ടായിരുന്നു. അതിനിടക്ക് കുഞ്ഞിരാമനുമായിട്ടൊക്കെ നല്ല കമ്പനിയായി. അങ്ങനെയിരിക്കുന്ന സമയത്താണ് തിരുവനന്തപുരത്ത് ഫൈന്‍ ആര്‍ട്‌സ് കോളേജ് വരുന്നത്. അവിടെ ആദ്യ ബാച്ചില്‍ എനിക്ക് അഡ്മിഷന്‍ കിട്ടുന്നു.

(തുടരും)

ഭാഗം 3- ഫൈന്‍ ആര്‍ട്‌സ് കോളേജ് വിട്ടത്തിന് ശേഷമുള്ള ജീവിതം, ജോണ്‍ എബ്രഹാമായിട്ടുള്ള ബന്ധം

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍