UPDATES

വായന/സംസ്കാരം

കാനായിയുടെ യക്ഷിയുടെ കാലുകളുടെ ഉടമ ഇന്നും മലമ്പുഴയിലുണ്ട്; ഒപ്പം ജോലി ചെയ്തവര്‍ വെളിപ്പെടുത്തുന്നു

50 വര്‍ഷം പൂര്‍ത്തിയാക്കിയ മലമ്പുഴ യക്ഷിയെയും കാനായി കുഞ്ഞിരാമനെയും ആദരിക്കുകയാണ് സര്‍ക്കാര്‍; യക്ഷിയാനത്തിലേക്ക് ക്ഷണം പ്രതീക്ഷിച്ച് ഒരു വിളിപ്പാടകലെ ഇരിക്കുകയാണ് വേലായുധനും പഴനിസ്വാമിയും

മാറ് വിരിച്ച്, കാലുകള്‍ വിടര്‍ത്തി, കൈകള്‍ പിന്നോട്ടാച്ച് നഗ്നസ്ത്രീ ഉടല്‍; മലമ്പുഴയില്‍ കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത യക്ഷി. ‘എനിക്ക് മാതൃകകളുണ്ടായിരുന്നില്ല. ഇവള്‍ മലയുടെ മകളാണ്.’ എന്ന് ശില്പി വാഴ്ത്തിയ ശില്പം. ‘മലയുടെ മകള്‍’ ജനിച്ചിട്ട് അമ്പത് വര്‍ഷം പിന്നിടുകയാണ്. മാതൃകകളില്ലായിരുന്നു എന്ന് കാനായി പറഞ്ഞ യക്ഷിയുടെ കാലുകളുടെ ഉടമ ഇന്നും മലമ്പുഴയിലുണ്ട്. ആ സ്ത്രീയാണ് നബിസ. മാനസികാസ്വാസ്ഥ്യം പിടിപെട്ട് മകളോടൊപ്പം കഴിയുന്ന നബീസയ്ക്ക് യക്ഷിയുടെ കാലിന് മാതൃകയായ ഓര്‍മ്മകളൊന്നും അവശേഷിക്കുന്നില്ല. യക്ഷിയുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ശില്പിയ്ക്ക് വിട്ടു നല്‍കിയ അഞ്ച് ജീവനക്കാരില്‍ ഒരാളായിരുന്നു നബീസയും. എന്നാല്‍ യക്ഷിയെ കാണാനെത്തുന്നവര്‍ക്കോ കാനായി കുഞ്ഞിരാമന്റെ ശില്പവൈദഗ്ദ്ധ്യത്തെ വാഴ്ത്തുന്നവര്‍ക്കോ നബീസയെ അറിയില്ല. മലമ്പുഴക്കാര്‍ക്ക് പോലും അറിയില്ല. അറിയാവുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അവരില്‍ രണ്ട് പേരാണ് വേലായുധനും പഴനിസ്വാമിയും. ആധുനിക കേരള ശില്പകലാ ചരിത്രത്തിലെ ആദ്യ പൊതുവിട ബൃഹദാകാര ശില്പമായ മലമ്പുഴ ഉദ്യാനത്തിലെ യക്ഷിയുടെ അമ്പതാം ജന്‍മ വര്‍ഷം ‘ യക്ഷിയാന’ ത്തിലൂടെ ആഘോഷിക്കുന്ന സര്‍ക്കാരും ലളിതകലാ അക്കാദമിയും മറന്നത് ഇവരുടെ പേരുകളാണ്.

ഇറിഗേഷന്‍ വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന വേലായുധന് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മയുണ്ട്. രണ്ട് വര്‍ഷത്തോളം കാനായിയോടൊപ്പം നിന്ന് ശില്പം പണി തീര്‍ത്തതിന്റെ, അതിന് സ്വീകരിച്ച മാതൃകകളുടെ, എന്തിന് അന്ന് ശില്പം നിര്‍മ്മിക്കാനുപയോഗിച്ച കമ്പിയുടേയും സിമന്റിന്റേയും, ഇഷ്ടികയുടേയും കണക്ക് പോലും 71 വയസ്സുള്ള വേലായുധന് ഇന്നും നിശ്ചയമാണ്. ’48 കിലോ കമ്പിയും 98 ചാക്ക് സിമന്റും പൊട്ട് ഇഷ്ടികകളും കൊണ്ടാണ് യക്ഷി ശില്പം തീര്‍ത്തത്. ഇറിഗേഷന്‍ വകുപ്പില്‍ ജോലി ചെയ്യുമ്പോഴാണ് ഞങ്ങള്‍ ആറ് പേര്‍ക്ക് കാനായിയോടൊപ്പം ജോലി ചെയ്യാന്‍ സര്‍ക്കാരില്‍ നിന്ന് കത്ത് വരുന്നത്. ഞാന്‍, പഴനിസ്വാമി, നബീസ, മീനാക്ഷി, കിട്ട, രാജു, ഐശുമ്മ. സിമന്റ് കുഴക്കുന്നതും, കമ്പി കെട്ടുന്നതും ഇഷ്ടിക നിരത്തുന്നതും, അതില്‍ സിമന്റ് കുഴച്ച് കട്ടിയായി തേച്ചു പിടിപ്പിക്കുന്നതുമെല്ലാം ഞങ്ങളുടെ ജോലിയായിരുന്നു. കാനായി വേണ്ട നിര്‍ദ്ദേശങ്ങള്‍ തരും. ഞങ്ങള്‍ ശില്പം പണിയും. അങ്ങനെയായിരുന്നു അത്. സിമന്റ് തേച്ചത് ഉളി വച്ച് ചെത്തി ഫിനിഷിങ് വരുത്തും. ഞങ്ങള്‍ ഉണ്ടാക്കിയത് എന്തെങ്കിലും തൃപ്തിക്കുറവ് വന്നാല്‍ കാനായി അത് പൊട്ടിക്കും. പിന്നെ ഞങ്ങളത് രണ്ടാമത് പണിയും. അങ്ങനെ രണ്ട് വര്‍ഷത്തോളമെടുത്തു ആ ശില്പം പൂര്‍ത്തിയാക്കാന്‍. അതിനിടക്ക് എട്ടുമാസം പണി നിര്‍ത്തി വച്ചു. ഞങ്ങളെ ഇടക്ക് സര്‍ക്കാര്‍ ഈ ജോലിയില്‍ നിന്ന് മറ്റ് ജോലികള്‍ ഏല്‍പ്പിച്ചു. പക്ഷെ ‘അവര്‍ തന്നെ വേണം പണിക്ക്. അല്ലെങ്കില്‍ ശരിയാവില്ല’ എന്ന് കാനായി പറഞ്ഞതിനനുസരിച്ച് ഞങ്ങളെ തന്നെ വീണ്ടും പണിയേല്‍പ്പിച്ചു. ഇടക്ക് എട്ടുമാസത്തോളം പണി നിര്‍ത്തി വച്ചു. ആ സമയത്ത് കാനായിക്ക് വേറെ രാജ്യത്തെല്ലാം പോവണ്ടി വന്നു. തിരിച്ച് വന്നത് തുണിയുടുക്കാത്ത ഒരു പെണ്ണിന്റെ പടവുമായിട്ടാണ്. ഒരു ബുക്ക് ആയിരുന്നു അത്. ആ ബുക്കില്‍ ഒരു പടം ബോഡി കാണിച്ച് ഇരിക്കുന്ന പെണ്ണിന്റെയായിരുന്നു. ആ പെണ്ണിന്റെ മാറാണ് യക്ഷിക്ക് പണിതത്. അത്തരം പടങ്ങളൊന്നും ഇവിടെന്നും കിട്ടാനില്ലായിരുന്നല്ലോ. അതോണ്ട് ആണുങ്ങള്‍ പണിക്കാര്‍ക്ക് നല്ല ഹരമായിരുന്നു. അത് നോക്കി രസിക്കും. ചിലരെല്ലാം ആര്‍ത്തിയോടെ ആ പെണ്ണിനെ നോക്കീട്ടുണ്ട്. ആ ഇംഗ്ലീഷുകാരിയുടെ മുലകളാണ് യക്ഷിക്ക് വേണ്ടി മോഡലാക്കിയത്.

നബീസ ഞങ്ങടെ കൂടെയുണ്ടായിരുന്ന പണിക്കാരത്തിയായിരുന്നു. അവളാണ് കാല് നിവര്‍ത്തിവച്ച് ഇരുന്നത്. കാല് മുട്ടിന് കീഴ്‌പ്പോട്ട് മാത്രം. പാവാട മെല്ലെ പൊന്തിച്ച് മുട്ടിന് കീഴ്‌പ്പോട്ടുള്ള ഭാഗം പുറത്ത് കാണിച്ച് അവള്‍ ഇരുന്നു. അതാണ് യക്ഷിയുടെ കാല്‍ ആയത്. കുറച്ച് വയസ്സുള്ള സ്ത്രീയായിരുന്നു അവള്. അതുകൊണ്ട് അത് പ്രശ്‌നമില്ലായിരുന്നു. പറഞ്ഞപ്പോ തന്നെ അവള്‍ കേള്‍ക്കുകയും ചെയ്തു. വേറെ മൂന്ന് പേരുണ്ടായിരുന്നവര്‍ മരിച്ചുപോയി. ഇനി ഞങ്ങള്‍ മൂന്ന് പേരെ ബാക്കിയുള്ളൂ.

അന്ന് ഡാം കാണാന്‍ വരുന്നവര്‍ ‘കൊള്ളാമല്ലോ, നല്ലതാണല്ലോ’ എന്നൊക്കെ പറഞ്ഞ് വരുമായിരുന്നു. വേറെ ചിലര്‍ ‘ പണി കഴിഞ്ഞാ ഉഷാറായിരിക്കുമല്ലേ, ഇതിപ്പോ കഴിഞ്ഞിട്ടില്ലല്ലോ’ എന്ന് പറഞ്ഞ് ഒന്ന് നോക്കീട്ട് പോവും. കോളേജ് പിള്ളേരെക്കൊണ്ടായിരുന്നു വലിയ എടങ്ങേറ്. പണിയാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ക്ക് ഐസ്‌ക്രീമും ഒക്കെ വാങ്ങിത്തന്നിട്ട് ബോഡി കാണിക്കാന്‍ പറയും. ചിലര്‍ക്ക് ഞങ്ങള്‍ കാട്ടിക്കൊടുത്തിട്ടുണ്ട്. ചിലപ്പോ പറ്റില്ലെന്ന് പറയും. നാട്ടിലെ ദൈവിക സങ്കല്‍പ്പങ്ങളെല്ലാം അമ്പലത്തിലൊക്കെ ഇങ്ങനെയൊക്കെ തന്നെയാണല്ലോ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് കാണുന്നവര്‍ക്കൊന്നും അത്ര പ്രശ്‌നമൊന്നുമില്ലായിരുന്നു.’

ഇതെല്ലാം സന്തോഷത്തോടെ, ഇടക്ക് ചിരിച്ചും കൊണ്ടാണ് വേലായുധന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഒരു സങ്കടമാണ് പറഞ്ഞത്. അമ്പതാം വാര്‍ഷികം വലിയതോതില്‍ ആഘോഷിക്കുമ്പോള്‍ പേരിനെങ്കിലും ഒരു ക്ഷണം വേലായുധന്‍ പ്രതീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ വിളിച്ചില്ലെങ്കിലും കാനായി കുഞ്ഞിരാമന്‍ വിളിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടാവാത്തതിലുള്ള വിഷമം വേലായുധന്‍ പങ്കുവച്ചു. ‘ഇത്ര കാര്യായിട്ട് അമ്പതാം വാര്‍ഷികം ഒക്കെ ആഘോഷിക്കുമ്പോള്‍.. ബുദ്ധിമുട്ടി പണിതതാണ്.. വെറുതെയാണെങ്കിലും ഒന്ന് വിളിക്കാമായിരുന്നു.. കനായിയെ ഞാന്‍ പിന്നെ കണ്ടിട്ടേയില്ല. മൂന്നാല് കൊല്ലം മുമ്പ് മലമ്പുഴയില്‍ വന്നിരുന്നു എന്ന് പറഞ്ഞുകേട്ടു. കാനായിയെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ വിളിച്ചില്ലല്ലോ. അല്ലാതെ അങ്ങോട്ട് പോയി കാണാന്‍ ഒരു രസവുമില്ല. പോവണമെന്നാണ് ആദ്യം കരുതിയത്. പിന്നെ പോവണ്ടന്ന് വച്ചു.’

83 വയസ്സുള്ള പഴനിസ്വാമിക്ക് കാഴ്ച നഷ്ടപ്പെട്ടു. സംസാരവും അത്ര വ്യക്തമല്ല. പഴനിസ്വാമിയുടെ ഭാര്യ കണ്ണമ്മയും പറഞ്ഞത് സങ്കടമാണ്, ‘ഒന്ന് പോണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അവര് വിളിച്ചിട്ടില്ല. യക്ഷി ചെയ്തത് മൂപ്പരും കൂടീട്ടാണ്. ഞാന്‍ ആ സമയത്ത് ഗാര്‍ഡനില്‍ ജോലിക്കാരിയായിരുന്നു. നേരിട്ട് കണ്ടിട്ടുണ്ട് അവരുടെ അധ്വാനം. കാനായി പറഞ്ഞുകൊടുക്കുന്നതെല്ലാം ചെയ്യുന്നത് അവരാണ്. നാല് കൊല്ലത്തിന് മുമ്പ് കാനായി മലമ്പുഴയില്‍ വന്നപ്പോ വണ്ടി വിട്ടിരുന്നു. ഞാനും മൂപ്പരും കൂടീട്ട് അവിടെ പോയി. കാനായിയും സൂപ്പര്‍വൈസറും സൂപ്പര്‍വൈസറുടെ ഭാര്യയും എല്ലാം അവിടെയുണ്ടായിരുന്നു. പോരാന്‍ നേരത്ത് ഒരു നൂറ് രൂപ നോട്ട് പോക്കറ്റില്‍ ഇട്ടുകൊടുത്തു. അത്രേയുള്ളൂ.’

സര്‍ക്കാരും ലളിതകലാ അക്കാദമിയും മറന്നവരെ പാലക്കാട് സാംസ്‌കാരിക സാഹിതി ആദരിച്ചു. ഇനിയും ലളിതകലാ അക്കാദമി ഇവരെ വിളിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആഘോഷ പരിപാടിയുടെ അവസാന ദിവസം മലമ്പുഴയില്‍ വച്ച് ജനകീയ കൂട്ടായ്മ ഇരുവര്‍ക്കും സ്വീകരണം നല്‍കുമെന്ന് സാംസ്‌കാരിക സാഹിതി പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുന്തറ പറഞ്ഞു. ‘ അമ്പത് ലക്ഷം ചെലവഴിച്ചുള്ള അമ്പതാം വാര്‍ഷികാഘേഷമാണ്. ഒറീസയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമെല്ലാം കലാകാരന്‍മാര്‍ എത്തുന്നുണ്ട്. കാനായിയുമായി സംവാദങ്ങളും സംഭാഷണങ്ങളും എ്ല്ലാമുണ്ട്. എല്ലാം നല്ലത് തന്നെ. എന്നാല്‍ ഇതൊക്കെ ചെയ്യുമ്പോള്‍ ശില്പ നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കാളികളായ രണ്ട് പേര്‍ ക്ഷണം കാത്തിരിക്കുകയാണ്. അവരെ വിളിക്കാന്‍ മാത്രം എന്തിനാണ് മടി കാട്ടുന്നത്? ശില്പത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതുണ്ടാക്കാന്‍ പരിശ്രമിച്ചവരെക്കൂടി ഓര്‍മ്മിക്കേണ്ടതല്ലേ. അവരും കൂടി ഉണ്ടാവുമ്പോഴല്ലേ ആഘോഷം പൂര്‍ത്തിയാവുക. പക്ഷെ കാനായി പോലും അവരെ വിളിച്ചില്ല. അതുകൊണ്ടാണ് ഞങ്ങള്‍ അവര്‍ക്ക് സ്വീകരണം നല്‍കിയത്. ഇനിയെങ്കിലും അക്കാദമി അവരെ വിളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുണ്ടായില്ലെങ്കില്‍ പരിപാടിയുടെ അവസാന ദിവസം മലമ്പുഴയില്‍ വച്ച് ജനകീയ കൂട്ടായ്മ അവരെ ആദരിക്കും.’

യക്ഷിയാനത്തിലേക്ക് ക്ഷണം പ്രതീക്ഷിച്ച് ഒരു വിളിപ്പാടകലെ ഇരിക്കുകയാണ് വേലായുധനും പഴനിസ്വാമിയും.

Read More: ഒരു ‘പോണോഗ്രാഫി’ ശില്‍പ്പത്തിന്റെ 50 വര്‍ഷം ആഘോഷിക്കാന്‍ സര്‍ക്കാര്‍ 50 ലക്ഷം പൊടിക്കണോ?

Read More: നൂറിലധികം യോനികളുടെ മോള്‍ഡ് എടുത്ത് കാസ്റ്റ് ചെയ്ത് നിര്‍മ്മിച്ച ശില്പം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്; യക്ഷിയില്‍ പോണോഗ്രഫി കാണുന്നവര്‍ 50 കൊല്ലം പിന്നിലേക്ക് പോവുകയാണ്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍