UPDATES

വായന/സംസ്കാരം

ചേരയുടെ ഞരമ്പു കൊണ്ടുണ്ടാക്കുന്ന കാന്തകയെ കേട്ടിട്ടുണ്ടോ? മൊകയരുടെ ജീവശ്വാസമാണത്

കാന്തക ഇല്ലാതായിപ്പോകുമെന്നോര്‍ത്ത് ഒരച്ഛന്‍ ആധി കയറ്റുമ്പോള്‍, കുഞ്ഞുകൈകളില്‍ താളം പിടിപ്പിച്ച് അഭിമാനത്തോടെ കലകളെ ചേര്‍ത്തുപിടിക്കുകയാണ് മറ്റൊരച്ഛന്‍

സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് തുളുനാടന്‍ മണ്ണ്. അനവധി ഭാഷകള്‍ക്കൊപ്പം തന്നെ വിവിധങ്ങളായ സംസ്‌ക്കാരങ്ങള്‍ തുളു മണ്ണിനെ പൊതിഞ്ഞു കിടക്കുന്നു. കാസറഗോഡ് ജില്ലയില്‍ അംഗസംഖ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന സമുദായമാണ് മൊകയര്‍ സമുദായം. നാടന്‍ പാട്ടുകളും നാടന്‍ കളികളുമായി ഇഴപിരിയാത്ത ബന്ധമാണ് ഈ സമുദായക്കാര്‍ക്കുള്ളത്. കല്ല്യാണം, ജനനം, പേരുവിളി, കാതുകുത്ത് ഇങ്ങനെ വിവിധങ്ങളായ ചടങ്ങുകള്‍ക്കും, ആയാസം നിറഞ്ഞ ജോലിയെ ലഘൂകരിക്കുവാനുമായി അവരാ കളികളും പാട്ടുകളും പാടിയും, ചുവടുവെച്ചും നാട്ടുവഴികളിലൂടെ നടന്നു.

തുളുഭാഷയില്‍ പാടുന്ന പാട്ടുകള്‍ക്കൊപ്പം, കാന്തകയും, പറുകോലും, ദുഡിയും, ഡോലക്കും ചേര്‍ത്ത് അവര്‍ പാടിക്കൊണ്ടേയിരുന്നു. സഹനവും വേദനയും കണ്ണീരും ദാരിദ്ര്യവും ആഹ്ലാദവും വിശ്വാസവും നിറഞ്ഞു നിന്നിരുന്ന പാട്ടുകള്‍.

കാലത്തിനൊപ്പം പതുക്കെ പതുക്കെ മൊകയക്കുടികളില്‍ നിന്നും പാട്ടുകളും ഉപകരണങ്ങളും അപ്രത്യക്ഷമായി തുടങ്ങി. കുരങ്ങിന്റേയും ഉടുമ്പിന്റേയുമെല്ലാം പുറംതൊലി വലിച്ചുകെട്ടി നിര്‍മ്മിരുന്ന കാന്തകയും ദുഡിയുമെല്ലാം ഓര്‍മ്മകള്‍ മാത്രമാകുമ്പോള്‍, ചോമ തന്റെ കണ്ണുകള്‍ അടച്ച് ഏതോ ഓര്‍മ്മയിലെന്ന പോലെ കാന്തക വായിക്കും. മൊകയ സമുദായത്തിന്റെ കാരണവരാണ് കാട്ടുകുക്കെയിലെ ചോമ. “പണ്ട്‌ള്ളോര്‍ക്കെല്ലം പാട്ടെന്നെ, പണീമ്പം, കല്ലാണം ബെര്മ്പം… പാട്ടെന്നെ പാട്ട്”, തുളു മനസ്സിലാകാതെ നെറ്റി ചുളിച്ചപ്പോല്‍ ചോമ അറിയാവുന്ന മലയാളത്തില്‍ പറഞ്ഞു തുടങ്ങി.

മൊകയന്റെ ജീവിതം സംഗീതത്തോട് ഇഴചേര്‍ന്നതാണ്. ചുവടുകള്‍ക്കൊത്ത ഈണത്തില്‍ മൊകയന്റെ പാട്ടിനൊപ്പം മൊകയത്തിയും കൂട്ടരും ചുവടുവെയ്ക്കും. ഓരോ കുടിയിലും ആഘോഷങ്ങള്‍ കൊട്ടിക്കയറുന്നത് ഹരമായിരുന്നു, അവര്‍ക്ക്. പൊടി പിടിച്ചൊരു തുണിയില്‍ നിന്നും പൊടി തട്ടിക്കുടഞ്ഞുകൊണ്ട് ചോമന്‍ കാന്തക പുറത്തെടുത്തു. നേര്‍ത്തൊരു കമ്പും പുറത്തെടുത്ത് വയലിന്‍ കണക്കെ വായിച്ചു തുടങ്ങി നേര്‍ത്ത ശബ്ദത്തില്‍ തുടങ്ങി ഉച്ചസ്ഥായിയിലേക്ക് ചോമ വായിച്ചുകൊണ്ടേയിരുന്നു. ശോക ഭാവമാണ് കാന്തകയുടെ ശബ്ദത്തിന്… അനന്തതയിലേക്ക് നോക്കി വിഷാദത്തിന്റെ സംഗീതം സമുദായത്തിന്റെ അവശേഷിക്കുന്ന ഒരേയൊരു കാന്തക പറഞ്ഞുകൊണ്ടേയിരുന്നു.

“മലാളം ബെരൂലാ… ചിരിച്ചുകൊണ്ട് ചോമ പറയാന്‍ ശ്രമിച്ചു. നാ.. പാടീന് ആകാശവാണീല്‍. ഇസ്‌കൂളില്‍ എല്ലാം.. നാ ചത്താ കാന്തകേം ചാവും. പിന്നയാര് നോക്കാന്.. ഇതൊന്ന് തീര്‍ക്കാനായാ മതി എനക്ക്.” അകത്ത് നിന്നും പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദുഡി കാണിച്ച് കൊണ്ട് ചോമ പറഞ്ഞു.

ചോമ തുളു ഭാഷയില്‍ പറയുന്ന കാര്യങ്ങള്‍ മക്കള്‍ മലയാളീകരിച്ചുതന്നു. കാന്തകയുണ്ടാക്കാന്‍ വലിയ പ്രയാസമാണ്. കാന്തകയുടെ തന്ത്രി ചേരയുടെ ഞരമ്പാണ്. വലിയ ചിരട്ടയില്‍ ഉടുമ്പിന്റെ തൊലി പൊതിഞ്ഞുകെട്ടണം. നല്ല പ്ലാവിന്റെ മരം വേണം. എന്നിങ്ങനെ…

ചേരകളില്‍ ഏറ്റവും നീളംകൂടിയ മണിച്ചേരയെ പിടിച്ച്, കാട്ടുവള്ളിയില്‍ നിന്ന് പിരിച്ചെടുത്ത നൂലുകൊണ്ട് ചേരയുടെ തല കെട്ടിവെക്കും. അതിന് ശേഷം ഈ ചേരയെ പൊട്ടക്കിണറില്‍ കൊണ്ടുചെന്നിടും. ദിവസങ്ങള്‍ കഴിയുമ്പോള്‍ ശരീരഭാഗങ്ങള്‍ അലിഞ്ഞില്ലാതായി, നൂലുപോലെ ചേരയുടെ ഞരമ്പ് കിട്ടും. ഇങ്ങനെ കിട്ടുന്ന നൂലുപോലുള്ള ഞരമ്പാണ് കാന്തകയില്‍ തന്ത്രിയായി ഉപയോഗിക്കുന്നത്. ചേരയുടെ തലയ്ക്ക് കെട്ടാനുപയോഗിച്ച വള്ളിയില്‍ നിന്നും പിരിച്ചെടുത്ത നൂലുകള്‍ ചേര്‍ത്ത് കാന്തക വായിക്കാനുപയോഗിക്കുന്ന കോലില്‍ വലിച്ച് കെട്ടണം. ആഴ്ചകളുടെ പ്രയത്‌നത്തിനൊടുില്‍ മൊകയന്‍ കാന്തക ഉണ്ടാക്കുന്നത്. അവസാനത്തെ കാന്തകയും ക്ലാവുപിടിക്കാന്‍ ഇനി അധിക കാലമൊന്നും വേണ്ടിവരില്ല. കൂലിപ്പണിക്ക് പോകുന്ന ചോമന്റെ നാല് ആണ്‍മക്കള്‍ക്കും, നാല് പെണ്‍ മക്കള്‍ക്കും കാന്തക വായിക്കാനറിഞ്ഞു കൂടാ… ചോമ പറഞ്ഞപോലെ കാന്തക ചോമയോടൊപ്പം തന്നെ ഓര്‍മ്മയാകും…

കാട്ടുകുക്കെയില്‍ നിന്ന് കന്ന്യാപ്പാടിയിലെത്തിയാല്‍ ജീവിതം തന്നെ നാടന്‍ പാട്ടുകള്‍ക്കും, കലകള്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ച  ശങ്കരസ്വാമി കൃപയേയും കുടുംബത്തേയും കാണാം. വീട്ടുമുറ്റത്ത് മെടഞ്ഞ ഓലയില്‍ ‘കന്നട ജനപദ പരിഷത്ത്, കേരള ഗഡിനാഡ ഘട്ടക കാസര്‍ഗോഡ്’ എന്ന് എഴുതിവെച്ചിരിക്കുന്നതായികാണാം. നാല്‍പതു വയസുകാരനായ ശങ്കരനും ഭാര്യ യശോദയും, മക്കളായ യഗ്നേഷും, യഗ്നീഷയുമെല്ലാം ശ്വാസത്തോടൊപ്പം കുലത്തിന്റെ കലകളായിരുന്ന നാടന്‍ കലകളെ ചേര്‍ത്തു നിര്‍ത്തുന്നവരാണ്. പുതിയ കാലത്ത് അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ കലാരൂപങ്ങളെ കാലത്തിന്റെ മാറ്റത്തോട് ചേര്‍ന്ന് അവതരിപ്പിക്കുകയും ആസ്വാദകന് പുത്തന്‍ അനുഭവം നല്‍കുകയുമാണീ കലാക്കൂട്ടം ചെയ്തുവരുന്നത്.  വൈകുന്നേരങ്ങളില്‍  ശങ്കരന്റെ വീട്ടുമുറ്റമൊരു കളരിത്തട്ടാണ്. സമീപ പ്രദേശങ്ങളിലെ  കുട്ടികളും, ഇതര സമുദായത്തിലെ കുട്ടികളും, വഴിപോക്കരും അങ്ങനെ പലരും ഇവിടെ പഠിക്കാനെത്തും. കുഞ്ഞുനാളില്‍ കണ്ടു പഠിച്ചതും, മുതിര്‍ന്നുകഴിഞ്ഞപ്പോള്‍ അന്വേഷിച്ചറിഞ്ഞതുമായ 10 നാടന്‍ നൃത്തരൂപങ്ങളും,220 പാട്ദന (നാടന്‍ പാട്ടുകള്‍)കളും ഇവര്‍ അവതരിപ്പിച്ചു വരുന്നുണ്ട്.

കേരളാ ഫോക്‌ലോര്‍ അക്കാദമിയിലും, കര്‍ണ്ണാടക ജനപദ പരിഷത്തിലും രജിസ്റ്റര്‍ ചെയ്ത സംഘടന ഇതിനോടകം നിരവധി വേദികള്‍ പിന്നിട്ടുകഴിഞ്ഞു. തുളു, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള നാടന്‍ പാട്ടുകള്‍ ഇവര്‍ പഠിച്ചടുത്തിട്ടുണ്ട്. ശങ്കരന്‍ അനുവദിച്ച ഭൂമിയില്‍ ഗ്രാമ പഞ്ചായത്ത് ഒരു കള്‍ച്ചറല്‍ സെന്റര്‍ തുറന്നുകൊടുക്കാമെന്ന് അനുവദിച്ചതല്ലാതെ മറ്റ് സഹകരണങ്ങള്‍ പൊതുവേ കുറവാണീ കലാ കുടുംബത്തിന്. ദുഡി, പറകോല്‍, ഡോലക്ക്, ഗജ്ജെക്കോല്‍, ബദുറു ചെണ്ടെ തുടങ്ങി നൃത്തത്തിനും, നാടന്‍ പാട്ടിനും വേണ്ട പശ്ചാത്തല സംഗീതമൊരുക്കുന്നതിനായുള്ള സംഗീത ഉപകരണങ്ങള്‍ ശങ്കര നിര്‍മ്മിച്ചിട്ടുണ്ട്.

“പത്താമത്തെ വയസുമുതല് അച്ചന്റെ കൂട പോക്വേനും. അങ്ങനെ പോയിപ്പോയി മൊകയ സമുദായത്തിന്റെ ആചാര രീതിയളും, ഡാന്‍സുമെല്ലും പഠിച്ചു. പിന്ന കൊറേയെല്ലാം പലേടത്ത് നിന്നും സംഘടിപ്പിച്ച്. ഇപ്പൊ എന്റെ കുഞ്ഞ്യള്‍ക്ക് ഞാനീ പാട്ടുകള്‍ പറഞ്ഞു കൊടുത്തുകൊണ്ടിരിക്കുന്നു. അച്ഛന്റെയച്ഛന്‍ അച്ഛന് നല്‍കിയ ദുഡി അച്ഛന്‍ എനിക്ക് തന്നിരുന്നു. ഞാന്‍ ആ ദുഡിയെ ഞാനെന്റ മകന് കൈമാറി. നാല് തലമുറ വായിച്ചു നടന്ന ദുഡിയാണിതെന്ന് ശങ്കരന്‍ പറഞ്ഞു. നാപ്പതോളം പിള്ളേര്ക്ക് ഞങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞു. ഫീസൊന്നും മേടിക്കാത്തോണ്ട് കൊറേ കുട്ട്യള്‍ പടിക്കാനെല്ലം ബെരലിണ്ട്. എപ്പം പരിപാടിക്ക് വിളിച്ചാലും കുഞ്ഞ്യള്‍ വെര്ന്ന്ണ്ട്. വിവിധതരം ഇന്‍സ്ട്രുമെന്‍സ് ഉപയോഗിച്ച് വെസ്‌റ്റേണ്‍ ശൈലിയില്‍ നാടന്‍ പാട്ട് അവതരിപ്പിക്കുന്ന പാട്തനയാണ് സംഘത്തിന്റെ മുഖ്യ ആകര്‍ഷണം. ഓരോ പരിപാടിക്കും 10000 രൂപ ബജറ്റാകും. പരിപാടികള്‍ക്ക് ലഭിക്കുന്ന വരുമാനമാണ് ഏക ആശ്രയം. എസ്.സി പ്രൊമോട്ടറായിരുന്ന ഞാന് പിന്നീട് മുഴുവന്‍ സമയവും പാട്ടിനും ഡാന്‍സിനും വേണ്ടി അത് നിര്‍ത്തി.” ശങ്കരന്‍ പറഞ്ഞു.

കര്‍ണാടക ജനപദ പരിഷത്ത് വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ക്ക് ക്ഷണിക്കാറുണ്ട്. കേരളത്തില്‍ നിന്നും വലിയ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പല ജില്ലകളിലും പരിപാടികള്‍ നടത്തിയിട്ടുണ്ട് ശങ്കരനും കുടുംബവും. കേരള സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍ പാട്ട് ഇനം ചേര്‍ത്തശേഷം നടന്ന മത്സരത്തില്‍ കാസറഗോഡിന് സമ്മാനം ലഭിച്ചത് ശങ്കരന്റെ പ്രയത്‌നം കൊണ്ടായിരുന്നു. പത്താം തരം വിദ്യാര്‍ത്ഥി യഗ്നേഷ് മുത്തച്ഛന്റെ ദുഡി കയ്യിലെടുത്ത് കൊട്ടുന്നുണ്ട്. ഏഴാം ക്ലാസുകാരി യഗ്നീഷ തുളു നാടന്‍ പാട്ട് പാടുകയാണ്. അമ്മ യശോദ താളം പിടിച്ചും കൂടെ പാടിയും അടുത്ത് തന്നെയുണ്ട്. വിവിധങ്ങളായ വാദ്യങ്ങള്‍ പ്രയോഗിക്കുന്ന തിരക്കിലാണ് ശങ്കരന്‍. ശബ്ദം കേട്ട് കുറേ കുഞ്ഞുങ്ങള്‍ ഓടിയെത്തി. അത് ശങ്കരന്റെ സഹോദരങ്ങളുടെ മക്കളാണ് . ഈ ശബ്ദം കേട്ടുകഴിഞ്ഞാല്‍ എവിടെ നിന്നാണെങ്കിലും ഈ കുഞ്ഞുങ്ങള്‍ ഓടിവരുമെന്ന് ശങ്കരന്‍ പറയുന്നു.

തീര്‍ച്ചയായും ആ കുഞ്ഞുകൈകളില്‍ തുളുമണ്ണിലെ മൊകയപ്പാട്ടുകളും, നൃത്തങ്ങളും സുരക്ഷിതമാണ്. കാന്തക ഇല്ലാതായിപ്പോകുമെന്നോര്‍ത്ത് ഒരച്ഛന്‍ ആധി കയറ്റുമ്പോള്‍, കുഞ്ഞുകൈകളില്‍ താളം പിടിപ്പിച്ച് അഭിമാനത്തോടെ കലകളെ ചേര്‍ത്തുപിടിക്കുകയാണ് മറ്റൊരച്ഛന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍