UPDATES

വിവാദ ഫ്രാങ്കോ കാര്‍ട്ടൂണ്‍; മതപ്രതീകങ്ങളെ അവഹേളിക്കുന്നതെന്ന് കത്തോലിക്ക സഭ, കാര്‍ട്ടൂണ്‍ പുരസ്കാരങ്ങള്‍ പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍

വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താല്‍പര്യങ്ങളുടെ കണ്ണടകളിലൂടെ നര്‍മത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണെന്ന് കാര്‍ട്ടൂണ്‍ അക്കാദമി

2018-19 ലെ കേരള ലളിതകല അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരം വിവാദത്തില്‍. കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വിമര്‍ശിച്ചുകൊണ്ട് കെ കെ സുഭാഷ് വരച്ച കാര്‍ട്ടൂണിനായിരുന്നു ഇത്തവണ ലളിതകല അക്കാദമി പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. പ്രസ്തുത കാര്‍ട്ടൂണ്‍ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണന്ന വിമര്‍ശനവുമായി കത്തോലിക്ക സഭ രംഗത്തു വന്നതോടെ കെ കെ സുഭാഷിന് പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കാനാണ് സര്‍ക്കാര്‍ ലളിതകല അക്കാദമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ പ്രഖ്യാപിക്കപ്പെട്ട എല്ലാ കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങളിലും പുനഃപരിശോധന നടത്താന്‍ അക്കാദമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അവഹേളനപരമായ ഉള്ളടക്കം എന്നാണ് സുഭാഷിന്റെ കാര്‍ട്ടൂണിനെ മന്ത്രി പരാമര്‍ശിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാര്‍ട്ടൂണിലെ പ്രമേയത്തെ അംഗീകരിക്കുമ്പോഴും അതില്‍ മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.

കാര്‍ട്ടൂണിന്റെ പേരില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന രീതിയില്‍ കത്തോലിക്ക സഭ വന്നതോടെയാണ് പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ പിന്‍വലിക്കാമെന്ന നിലപാടിലേക്ക് സാംസ്കാരിക വകുപ്പ് എത്തിയത്. ക്രിസ്ത്യന്‍ ന്യൂനപക്ഷം ഇലക്ഷനില്‍ ഒപ്പം നിന്നില്ല എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നിലുള്ള പ്രചോദനം എന്നായിരുന്നു കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സിലിന്റെ കുറ്റപ്പെടുത്തല്‍. ഇങ്ങനെയാണോ ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും നടത്തുന്നതെന്ന പരിഹാസവും കെസിബിസി ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സഭയുടെ അപ്രതീ ഇല്ലാതാക്കാനെന്നവണ്ണം കലാകാരന്മാര്‍ക്കെതിരായ നിലപാടിലേക്ക് സര്‍ക്കാര്‍ പോയത്.

‘വിശ്വാസം രക്ഷതി’ എന്ന തലവാചകത്തോടെയുള്ള സുഭാഷിന്റെ കാര്‍ട്ടൂണില്‍ ബിഷപ്പ് ഫ്രാങ്കോയെ കൂടാതെ, സിപിഎം എഎല്‍എ പി കെ ശശി, പി സി ജോര്‍ജ് എന്നിവരും കഥാപാത്രങ്ങളായിട്ടുണ്ട്. ഭയന്നോടുന്ന കന്യാസ്ത്രീകളെയും കാര്‍ട്ടൂണില്‍ കാണാം. ഡിജിപിയുടെ തൊപ്പിക്ക് മുകളില്‍ പൂവന്‍ കോഴിയുടെ രൂപത്തില്‍ നില്‍ക്കുന്നതായാണ് ഫ്രാങ്കോയെ ചിത്രീകരിച്ചിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ കൈയില്‍ പിടിച്ചിരിക്കുന്ന മതപ്രതീകമായ ദണ്ഡാണ് വിവാദമായത്. ഇത് ക്രൈസ്തവ വിശ്വാസത്തെ ആകെ അപമാനിക്കുന്നതാണെന്നാണ് സഭയുടെ ആരോപണം. പ്രകോപനം ഉണ്ടാക്കുന്ന പുരസ്‌കാര പ്രഖ്യാപനം എന്നായിരുന്നു കെസിബിസി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ലളിത കല അക്കാദമിയെ കുറ്റപ്പെടുത്തുന്നത്. ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്ന എന്ന ലക്ഷ്യത്തോടെ കേരള ലളിതകല അക്കാദമി പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷം ഇലക്ഷനില്‍ ഒപ്പം നിന്നില്ല എന്ന മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ പേരുപറഞ്ഞ് ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനു പകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നത്. പുരസ്‌കാരം പിന്‍വലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിന് പൊതുസമൂഹത്തോടും മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പു പറയാന്‍ കേരള ലളിതകല അക്കാദമി ഭാരവാഹികള്‍ തയ്യാറാകണം. ഇതാണോ ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണം; ഇതായിരുന്നു കെസിബിസി മീഡിയ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറയുന്നത്.

കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ ജൂണ്‍ 10 നാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകളായ പി വി കൃഷ്ണന്‍, സുകുമാര്‍, മധു ഓമല്ലൂര്‍ എന്നിവിരടങ്ങിയ ജൂറിയാണ് കെ കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നിശ്ചയിച്ചത്. എ. സതീഷ് കുമാറിന്റെ ‘സുഖമീ യാത്ര’ എന്ന കാര്‍ട്ടൂണിനും കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്റെ ‘പുലിപ്പാല്‍’ എന്ന രചനയ്ക്കും കാര്‍ട്ടൂണ്‍ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ അക്കാദമികള്‍ സ്വതന്ത്രമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അവാര്‍ഡ് നിര്‍ണയം ഉള്‍പ്പെടെ അക്കാദമികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരുവിധത്തിലുള്ള ഇടപെടലുകളും നടത്തുന്നില്ലെന്നും സാംസ്‌കാരിക മന്ത്രി പറയുന്നതിനൊപ്പം തന്നെയാണ് ഇത്തവണ പ്രഖ്യാപിച്ച പുരസ്‌കാരങ്ങളുടെ കാര്യത്തില്‍ പുനപരിശോധന വേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ മന്ത്രി എ കെ ബാലന്‍ ഈ വിഷയത്തെ ന്യായീകരിക്കുന്നത് ഇപ്രകാരമാണ്;

ഈ വര്‍ഷത്തെ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരം ലഭിച്ച കെ കെ സുഭാഷിന്റെ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിനെ സംബന്ധിച്ച് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക മതപ്രതീകങ്ങളെ അവഹേളിക്കുന്ന രീതിയിലും പ്രകോപനപരവുമായാണ് പ്രസ്തുത കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് ആക്ഷേപത്തിന്റെ കാതലായ ഭാഗം. അത്തരമൊരു ആക്ഷേപം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയുണ്ടായി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട വിഷയമാണ് കാര്‍ട്ടൂണിന്റെ പ്രമേയം. അത്തരത്തില്‍ ഒരു പ്രമേയത്തെ അധികരിച്ച് ഒരു രചന നിര്‍വ്വഹിക്കുന്നതിനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. പക്ഷെ, ക്രിസ്തീയ മതാചാര പ്രകാരമുള്ള ചില മതചിഹ്നങ്ങളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്ന ചില ഭാഗങ്ങള്‍ കൂടി പ്രസ്തുത കാര്‍ട്ടൂണില്‍ ഉള്ളതായി കാണുന്നുണ്ട്. ഇതിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. വ്യത്യസ്ത മത വിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഒത്തൊരുമയോട് കൂടി സമാധാനപരമായി ജീവിച്ചുപോരുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ഒരു മതത്തിന്റെയും വിശ്വാസങ്ങളെ ഹനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത്തരം നീക്കങ്ങള്‍ ഏത് ഭാഗത്തുനിന്നുണ്ടായാലും അതിനോട് സര്‍ക്കാര്‍ യോജിക്കുന്നുമില്ല.

കഴിഞ്ഞ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരം നല്‍കിയത്  ഗോപീകൃഷ്ണന്റെ കടക്കുപുറത്ത് എന്ന കാര്‍ട്ടൂണിനാണ്. പ്രസ്തുത കാര്‍ട്ടൂണില്‍ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കുമ്മനം രാജശേഖരനെയുമെല്ലാം അവഹേളിക്കുന്ന രീതിയില്‍ ആണെന്ന് വ്യാഖ്യാനിക്കാവുന്നതാണ്. പക്ഷെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ഏറ്റവും മാതൃകാപരമായാണ് മുഖ്യമന്ത്രി ഇക്കാര്യത്തെ കണ്ടത്. വിജെടി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി തന്നെയാണ് ഗോപീകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചത്.

ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ ഓണറബിള്‍ മെന്‍ഷന്‍ ലഭിച്ച കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്റെ പുലിപ്പാല്‍ എന്ന കാര്‍ട്ടൂണില്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. അതെല്ലാം രാഷ്ട്രീയ സഹിഷ്ണുത പാലിച്ചുകൊണ്ടും ആവിഷ്‌കാര സ്വാതന്ത്ര്യം മാനിച്ചുകൊണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. പക്ഷെ, ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാര്‍ട്ടൂണിലെ പ്രമേയത്തെ അംഗീകരിക്കുമ്പോഴും അതില്‍ മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുകയാണ്. ഈ അതീവ ഗൗരവമായ വിഷയം മുന്‍നിര്‍ത്തി ലളിതകലാ അക്കാദമിയോട് ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവഹേളനപരമായ ഉള്ളടക്കമുള്ള പ്രസ്തുത സൃഷ്ടിക്ക് നല്‍കിയ പുരസ്‌കാരം അക്കാദമി പുനഃപരിശോധിക്കുന്നതാണ്.

അതേസമയം ഈ വിഷയത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയും പ്രതികരണവുമായി രംഗത്തു വന്നിരുന്നു. കാര്‍ട്ടൂണിന്റെ കൈ കെട്ടരുതെന്നായിരുന്നു കാര്‍ട്ടൂണ്‍ അക്കാദമി വിവാദത്തില്‍ പ്രതികരി്ച്ചത്. വിമര്‍ശനകലയായ കാര്‍ട്ടൂണിന്റെ കൈ കെട്ടിയാല്‍ അതിന്റെ അര്‍ത്ഥം തന്നെ നഷ്ടമാകുമെന്നും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താല്‍പര്യങ്ങളുടെ കണ്ണടകളിലൂടെ നര്‍മത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണെന്നുമാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി തോമസ് ആന്റണി പ്രസ്താവനയില്‍ പറഞ്ഞത്. പ്രസ്താവനയുടെ പൂര്‍ണ രൂപം;

കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡിനെ കുറിച്ച് ഉണ്ടായ വിവാദം അത്യന്തം ഖേദകരമാണ്.അവാര്‍ഡ് നിര്‍ണയിച്ചത് കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട സമിതിയാണ്.അത് അംഗീകരിക്കേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയാണ്. വിമര്‍ശനകലയായ കാര്‍ട്ടൂണിന്റെ കൈ കെട്ടിയാല്‍ അതിന്റെ അര്‍ത്ഥം തന്നെ നഷ്ടമാകും.ഇന്ത്യയിലെത്തന്നെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ നാടാണ് കേരളം. തന്റെ കലയിലൂടെആരെയും തുറന്ന് വിമര്‍ശിച്ച കുഞ്ചന്‍ നമ്പ്യാരുടെ മഹനീയ പൈതൃകം കേരളത്തിനുണ്ട്.പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ നിരന്തരം വരകളിലൂടെ വിമര്‍ശിക്കാന്‍ സുഹൃത്തു കൂടിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മടി കാണിച്ചിട്ടില്ല. അതിന്റെ പിന്തുടര്‍ച്ച മലയാളത്തിലെ കാര്‍ട്ടൂണിനുമുണ്ട് എന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.

വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താല്‍പര്യങ്ങളുടെ കണ്ണടകളിലൂടെ നര്‍മത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണ്. തുറന്ന വിമര്‍ശനത്തിലൂടെ ഭരണകര്‍ത്താക്കളെ ഉള്‍പ്പടെ നിശിതമായി വിമര്‍ശിച്ച തിരഞ്ഞെടുപ്പ് കാലമാണ് ഈയടുത്ത് കഴിഞ്ഞത് . ചിരി വരയുടെ കൈ കെട്ടരുത് എന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. തുറന്ന മനസോടെ വിമര്‍ശനവരകള്‍ ആസ്വദിക്കാനുള്ള അന്തരീക്ഷം പുലരട്ടെ. ചിരിയും ചിന്തയും മായാതിരിക്കട്ടെ.

Read More: ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ഒരു മരണം കൂടി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍