UPDATES

വായന/സംസ്കാരം

ആറ്റുകാല്‍ പൊങ്കാലയിട്ട് സൗയൂജ്യമടയുന്ന സിനിമ നടികള്‍ക്ക് മാറാരോഗം പിടിപെടട്ടേ എന്നാശംസിക്കുന്നു; വൈശാഖന്‍

കേരളത്തിലെ ജനത പേടിയുള്ള സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്

ശാസ്ത്രചിന്തകള്‍ മാറ്റിവച്ച് അന്ധവിശ്വാസങ്ങള്‍ക്കൊപ്പം പോകുന്ന സമൂഹത്തിനെ വിമര്‍ശിച്ച് കൃതി പുസ്തകോത്സവവേദിയില്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍. ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കപ്പെടുന്ന സമൂഹത്തില്‍ സ്ത്രീവിമോചനം സാധ്യമല്ല. വര്‍ഷാവര്‍ഷം ആറ്റുകാലില്‍ പൊങ്കാലയിട്ട് സായൂജ്യം നേടുന്ന സിനിമ നടിമാര്‍ക്ക് അന്ധവിശ്വാസത്തില്‍ നിന്ന് രക്ഷനേടാന്‍ മാറാരോഗങ്ങള്‍ പിടിപെടട്ടെ എന്നാശംസിക്കുന്നതായും വൈശാഖന്‍ പറഞ്ഞു. ശാസ്ത്ര അവബോധത്തില്‍ നിന്ന് ഇത്തരം അനാചാരങ്ങളെ മാറ്റിനിര്‍ത്താന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയണമെന്നും വൈശാഖന്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ അഭിപ്രായപ്പെട്ടു.

തന്റെ പരാമര്‍ശങ്ങള്‍ മറ്റുള്ളവരെ ചൊടിപ്പിക്കുമെന്നും അതിനെ പ്രതിരോധിക്കാന്‍ വായനക്കാരുണ്ടാകുമെന്നും കലയും സമൂഹവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടത്തിയ സംഭാഷണത്തില്‍ വൈശാഖന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനത പേടിയുള്ള സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ആസ്‌ട്രോഫിസിക്‌സ് പഠിച്ചവര്‍ ജ്യോതിഷികളാകുന്ന കാലമാണ് ഇന്ന്. കേരളത്തില്‍ ആത്മാവിശ്വാസമുള്ള ജനത കുറഞ്ഞുവരികയാണ്. ദൈവത്തിന്റേത് മാത്രമല്ല ചെകുത്താന്റേത് കൂടിയാണ് കേരളം. ജനസംഖ്യ വര്‍ധിക്കുന്നത് ഈ പ്രശ്‌നത്തിന് കാരണമാണ്.

ആഗോളവത്കരണത്തെയും വിപണിസംസ്‌കാരത്തെയും വൈശാഖന്‍ നിശിതമായി വിമര്‍ശിച്ചു. മനുഷ്യന്റെ ആര്‍ത്തി നികത്താനുള്ള വിഭവങ്ങള്‍ ഭൂമിയിലില്ല എന്ന ഗാന്ധിജിയുടെ പ്രസ്താവന ഓര്‍ത്തുകൊണ്ട് മനുഷ്യന്റെ ആര്‍ത്തിയാണ് ലോകത്തെ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന് വൈശാഖന്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ജാതി നിലനില്‍ക്കുന്നുണ്ടെന്നത് വിവാഹപ്പരസ്യങ്ങള്‍ മുന്‍നിര്‍ത്തി കഥാകൃത്ത് ചൂണ്ടിക്കാട്ടി. ഈഴവ സുന്ദരി എന്നപേരില്‍ വിവാഹപരസ്യം നല്‍കുന്ന കേരളം ജാതിവിവേചനങ്ങള്‍ കൂടുന്ന നാടാണെന്ന് വൈശാഖന്‍ അഭിപ്രായപ്പെട്ടു. അതോടൊപ്പം വിപണിയുടെ കെണിയില്‍വീണ് സൗന്ദര്യസങ്കല്പങ്ങള്‍ക്ക് പണംതുലയ്ക്കുന്ന പ്രവണത തെറ്റാണെന്നും വൈശാഖന്‍ പറഞ്ഞു.

കേരളത്തിലെ മതനിരപേക്ഷതയുടെ ഉദാഹരണമായി ശ്രീനാരായണഗുരുവിന്റെ ജീവിതകഥകള്‍ കഥാകൃത്ത് പങ്കുവച്ചു. കുട്ടിച്ചാത്തന് കത്തു നല്‍കിയതും വിഗ്രഹാരാധനയെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്ത ശിഷ്യരെ കൂടെനിര്‍ത്തുകയും ചെയ്തയാളാണ് ശ്രീനാരായണഗുരു. സിനിമാക്കാര്‍ വിജയത്തിനായി കുട്ടിച്ചാത്തന് പണം നല്‍കുന്ന കാലമാണിത്.

സിനിമ ദൃശ്യമാധ്യമമേഖലകള്‍ വിപണിയുടെ തന്ത്രങ്ങള്‍ക്ക് അടിപ്പെടുകയാണെന്നും വൈശാഖന്‍ പറഞ്ഞു. വയലന്‍സ് പരസ്യപ്പെടുത്തുന്ന സിനിമകള്‍ക്ക് കേരളത്തിലെ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയസഹചര്യങ്ങള്‍ തുറന്നുകാട്ടാതെ അമ്മായിയമ്മ മരുമകള്‍ പോരിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ ടിവിക്ക് സാധിക്കുന്നതായും കഥാകൃത്ത് പറഞ്ഞു.

കര്‍ദ്ദിനാളന്മാരും ഇന്ത്യന്‍ പൗരന്മാരാണെന്നും അവരുടെ തെറ്റുകള്‍ നിയമവ്യവസ്ഥപ്രകാരം ശിക്ഷിക്കപ്പെടണമെന്നും സദസ്സിന്റെ ചോദ്യത്തിന് മറുപടിയായി വൈശാഖന്‍ പറഞ്ഞു. സമൂഹത്തില്‍ അരാഷ്ട്രീയാവസ്ഥ നിലനില്‍ക്കുന്നതില്‍ ഭരണകൂടത്തിന് പങ്കുണ്ട്. മതസ്ഥാപനങ്ങളിലല്ല മതചിന്തകളിലാണ് വിശ്വാസം ഉണ്ടാകേണ്ടതെന്നും വൈശാഖന്‍ കൂട്ടിച്ചേര്‍ത്തു.

കേരളസമൂഹത്തിലെ നവോത്ഥാനമൂല്യങ്ങള്‍ നശിച്ചിട്ടില്ലെന്ന പ്രഖ്യാപനമായിരുന്നു വൈശാഖന്റെ പ്രസംഗം. സമൂഹത്തിലെ നിരവധി മേഖലകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശാസ്ത്ര അവബോധം നേടിയ തലമുറയ്‌ക്കെ ഇവയെ മറികടക്കാനാകൂ എന്ന് കഥാകൃത്ത് നിരീക്ഷിച്ചു. വായന മരിക്കാതിരിക്കണമെന്ന അഭിപ്രായപ്രകടനത്തോടെയാണ് വൈശാഖന്‍ തന്റെ സംഭാഷണം അവസാനിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍