UPDATES

വായന/സംസ്കാരം

കൊല്‍ക്കത്തയുടെ ആസൂത്രണമില്ലാത്ത നിര്‍മ്മാണങ്ങളെ പ്രമേയമാക്കി സ്റ്റുഡന്റ്‌സ് ബിനാലെ

കൊളോണിയല്‍ കാലത്തെ നഗരവാസ്തുകലയും പിന്നീട് ദിശാബോധമില്ലാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദോഷഫലങ്ങളും ‘വേവ് ഓഫ് ദി സിറ്റി’ എന്ന ഈ സൃഷ്ടിയിലൂടെ കലാകാര?ാര്‍ വരച്ചു കാട്ടാന്‍ ശ്രമിച്ചിരിക്കുന്നു.

കൊല്‍ക്കത്ത നഗരത്തിലെ ആസൂത്രണമില്ലാത്ത നിര്‍മ്മാണങ്ങളെ പ്രമേയമാക്കിയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള അഞ്ച് യുവ കലാകാരന്‍മാര്‍ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പ്രതിഷ്ഠാപനം ഒരുക്കിയത്. മട്ടാഞ്ചേരി വികെഎല്‍ വേദിയിലാണ് തിരമാലകളുടെ ചലനങ്ങളോടെയുള്ള ഈ പ്രതിഷ്ഠാപനം.

സ്വതന്ത്ര്യത്തിനു ശേഷം ആഗോളീകരണത്തിന്റെ ഫലമായി കൊല്‍ക്കത്തനഗരത്തിന്റെ വാസ്തുശില്‍പ ഗരിമയ്ക്കുണ്ടാക്കിയ കോട്ടങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പ്രമേയമാക്കിയിരിക്കുന്നത്. കൊളോണിയല്‍ കാലത്തെ നഗരവാസ്തുകലയും പിന്നീട് ദിശാബോധമില്ലാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദോഷഫലങ്ങളും ‘വേവ് ഓഫ് ദി സിറ്റി’ എന്ന ഈ സൃഷ്ടിയിലൂടെ കലാകാര?ാര്‍ വരച്ചു കാട്ടാന്‍ ശ്രമിച്ചിരിക്കുന്നു.

പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ കല്യാണി സര്‍വകലാശാലയില്‍ നിന്നുള്ള ശുഭാശങ്കര്‍ ബാനിക്, അഭി ദത്ത, സുപ്രിയ കര്‍മ്മാക്കര്‍, രബീന്ദ്രഭാരതി സര്‍വകലാശാലയിലെ അസിഫ് ഇമ്രാന്‍, ഗവ. കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റില്‍ നിന്നുള്ള സുചന്ദ്ര കുന്ദു എന്നിവരാണ് ഈ പ്രതിഷ്ഠാപനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. നിറയെ വാഹനങ്ങളുള്ള മേല്‍പ്പാലം, ട്രാം, ബഹുനില കെട്ടിടങ്ങള്‍, പൊളിച്ച കെട്ടിടങ്ങള്‍, പഴക്കം ചെന്ന കെട്ടിടം, ദ്രവിച്ചു തുടങ്ങിയത് എന്നിവയാണ് ഈ സൃഷ്ടിയിലൂടെ കാഴ്ചക്കാരനിലേക്കെത്തുന്നത്.

വിവിധതരം വസ്തുക്കള്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടിട്ടുണ്ടെന്ന് സുചന്ദ്ര കുന്ദു പറഞ്ഞു. സിമന്റ്, പ്ലൈവുഡ്, ലോഹനൂലുകള്‍, പ്ലാസ്റ്റിക് വള്ളികള്‍, ഇലക്ട്രോണിക് മോട്ടോര്‍, റെഡിമെയ്ഡ് ഉത്പന്നങ്ങള്‍, അക്രലിക് ഷീറ്റ് എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്.

കുറ്റങ്ങളും കുറവുകളും നിരവധിയുണ്ടായിരുന്നെങ്കിലും ആരും സ്‌നേഹിച്ചു പോകുന്ന നഗരമായിരുന്നു കല്‍ക്കട്ടയെന്ന കൊല്‍ക്കത്ത എന്ന് സുചന്ദ്ര കുന്ദു ചൂണ്ടിക്കാട്ടി. 1772 മുതല്‍ 1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരമാണിത്. ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോഴും ആത്മാവ് നഷ്ടപ്പെടുത്താതിരുന്ന നഗരം. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നടുവില്‍ രാജകീയമായാണ് കൊളോണിയല്‍ കെട്ടിടങ്ങള്‍ നിലകൊള്ളുന്നത്. സഹവര്‍ത്തിത്വത്തിന്റെ അന്ത:സ്സത്തയിലാണ് ഈ നഗരത്തിന്റെ കിടപ്പെന്നും കുന്ദു പറഞ്ഞു.

സ്വാതന്ത്ര്യത്തിനു ശേഷം നഗരത്തില്‍ തീപ്പെട്ടിക്കൂടുകള്‍ പോലെ കെട്ടിടങ്ങള്‍ ഉയര്‍ന്നു വന്നു. അതിനിടയില്‍ പരമ്പരാഗത വാസ്തു കലയിലുള്ള കെട്ടിടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പുത്തന്‍ കെട്ടിടങ്ങള്‍ക്ക് ആരും എതിരു നില്‍ക്കുന്നില്ല. പക്ഷെ പഴമയെ സംരക്ഷിക്കണമെന്നും കുന്ദു പറഞ്ഞു.തിരമാലയുടെ പ്രതീതി ജനിപ്പിക്കുന്നതിനു വേണ്ടി മെക്കാനിക്കല്‍ മോട്ടോറിന്റെ സഹായം സൃഷ്ടിയില്‍ ഉപയോഗിച്ചിട്ടുണ്ട്. തൂണുകളിലാണ് സൃഷ്ടിയുടെ നിര്‍മ്മാണം. മൂന്നുമാസം കൊണ്ടാണ് സൃഷ്ടി പൂര്‍ത്തിയാക്കിയത്. എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പ്രതീകവത്ക്കരിക്കുന്നതിനു വേണ്ടിയാണ് തിരമാലകളെ സൃഷ്ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൃഷ്ടിയുടെ രൂപകല്‍പ്പനയിലാണ് ഏറ്റവുമധികം സമയമെടുത്തതെന്ന് സുപ്രിയ കര്‍മ്മാക്കര്‍ പറഞ്ഞു. ലളിതമായ സാങ്കേതിക വിദ്യയാണ് ഈ തിരമാലകള്‍ സൃഷ്ടിക്കാനുപയോഗിച്ചത്. വാഹനത്തിലുപയോഗിക്കുന്ന വൈപ്പറുകളാണ് ഇതു വേണ്ടി ഉപയോഗിച്ചതെന്നും സുപ്രിയ പറഞ്ഞു.

ഏറെ അധ്വാനിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഈ കലാസൃഷ്ടി പൂര്‍ണതയിലെത്തിച്ചതെന്ന് സ്റ്റുഡന്റ്‌സ് ബിനാലെ ക്യൂറേറ്റര്‍മാരിലൊരാളായ ആര്‍ട്ടിസ്റ്റ് സഞ്ജയന്‍ ഘോഷ് പറഞ്ഞു. കൊളോണിയല്‍ കാലഘട്ടങ്ങളിലെ കലാലയങ്ങളില്‍ നിന്നാണ് ഈ വിദ്യാര്‍ത്ഥികള്‍ വരുന്നത്. ആഗോളീകരണത്തിന്റെ കാലത്താണ് നഗരവാസ്തുകലയുടെ പശ്ചാത്തലത്തില്‍ ഈ കലാസൃഷ്ടിയ്ക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 200 ഓളം യുവ കലാകാരന്‍മാരാണ് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കുന്നത്. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട്, ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് എന്നിവയുടെ സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് സ്റ്റുഡന്റ്‌സ് ബിനാലെ സംഘടിപ്പിക്കുന്നത്. സമകാലീന കലാകാര?ാരും ഗവേഷകരുമായ എം പി നിഷാദ്, ശ്രുതി രാമലിംഗയ്യ, കൃഷ്ണപ്രിയ സിപി, കെ പി റെജി, ശുക്ല സാവന്ത് എന്നിവരാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍