UPDATES

വായന/സംസ്കാരം

രാഷ്ട്രീയം, കല; കൊച്ചി-മുസിരിസ് ബിനാലെയിലെ ഈ സ്റ്റുഡന്റ്സ് ബിനാലെ ശ്രദ്ധേയമാകുന്നത് ഇങ്ങനെയാണ്

മെയ്ക്കിംഗ് ആസ് തിങ്കിങ്’ എന്ന ആശയത്തെ മുൻ നിറുത്തി, ഇന്ത്യയെ ആറ് മേഖലകളായി തിരിച്ച് ഓരൊന്നിനും ഒരാൾ എന്ന നിലയിൽ ആറ് ക്യൂറേറ്റർമാര്‍ വിദ്യാർത്ഥികളിൽ നിന്ന് പ്രോജക്ടുകൾ ക്ഷണിക്കുകയായിരുന്നു

ലോകമാകെയുള്ള കലാ തത്പരരുടെ ശ്രദ്ധയെ കൊച്ചിയുടെ നേർക്കാകർഷിച്ച് കൊച്ചി-മുസിരിസ്സ് ബിനാലെയുടെ നാലാം പതിപ്പിന് തുടക്കമായി കഴിഞ്ഞു. അനവധി പ്രത്യേകതകൾ അവകാശപ്പെടാനാവുന്ന ഈ ബിനാലെയിലെ ഒരു പ്രധാന ഘടകം മുൻപെന്നത്തേക്കാളും പങ്കാളിത്തത്തോടും പ്രാധാന്യത്തോടും കൂടി സംഘടിപ്പിക്കപ്പെടുന്ന സ്റ്റുഡന്റ്സ് ബിനാലെയാണ്. ആറ് വേദികളിലായി എൺപതോളം പ്രോജക്ടുകളാണ് ഈ ബിനാലെയിൽ ഉൾപ്പെടുന്നത്. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളോടൊപ്പം സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കൂടി ഇക്കുറി ബിനാലെയിൽ പങ്കാളികളാകുന്നു. വിദ്യാ‍ർത്ഥികൾ ഒറ്റക്കും കൂട്ടായും പങ്കാളികളാകുന്ന പ്രോജക്ടുകൾ ഉള്ളടക്ക വൈപുല്യത്താലും വൈവിധ്യത്താലും ഏറെ ശ്രദ്ധേയങ്ങളാണ്. ഒരനുബന്ധ സംരംഭം എന്നതിൽ നിന്ന് വ്യത്യസ്തമായി പ്രധാന ബിനാലെക്ക് സമാന്തരമായി സമകാലിക കലയുടെ സാധ്യതകളെ ഗൌരവ്വപൂർവ്വം സമീപിക്കുന്ന ഒരു സമാന്തര കലാവിരുന്നാകാൻ സ്റ്റുഡന്റസ് ബിനാലെയുടെ 2018ലെ പതിപ്പിന് സാധിക്കുന്നു.

ബിനാലെയുടെ രണ്ടാം പതിപ്പിനോടനുബന്ധിച്ചാണ് മുപ്പത്തിയഞ്ച് ആർട്ട് സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സ്റ്റുഡൻസ് ബിനാലെക്ക് തുടക്കമാകുന്നത്. ഭാവി കലയുടെ ഊർജ്ജ കേന്ദ്രങ്ങളായ സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ കണ്ടെത്തി പ്രോഹത്സാഹിപ്പിക്കാനും അന്തർദ്ദേശീയ വേദിയിൽ അവരുടെ നിർമ്മിതികൾക്ക് പ്രദർശനാവസരങ്ങൾ ഒരുക്കാനും ലക്ഷ്യമിടുന്നതാണ് പ്രധാന ബിനാലെക്ക് സമാന്തരമായി തുല്യ പ്രാധാന്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന സ്റ്റുഡൻസ് ബിനാലെകൾ. ആദ്യ രണ്ട് പതിപ്പുകളിലും ഇന്ത്യയിലെ വിവിധ ആർട്ട് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്. ലോകകലാ ഭൂപടത്തിൽ നിർണ്ണായക ഇടം നേടി കഴിഞ്ഞ കൊച്ചി ബിനാലെയുടെ ഗുണഫലം തെക്ക് കിഴക്കൻ എഷ്യയിലെ മുഴുവൻ കലാശാലകളിലേക്കും വ്യാപിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായി സ്റ്റുഡന്റസ് ബിനാലെയുടെ മൂന്നാം പതിപ്പിനെ അന്തർദ്ദേശീയവത്ക്കരിക്കുകയായിരുന്നു. കാശ്മീർ മുതൽ കേരളം വരെ ഇന്ത്യയിലെ ഏതാണ്ട് എല്ലാ ആർട്ട് സ്കൂളിൽ നിന്നുമുള്ള പ്രാതിനിധ്യത്തിനൊപ്പം അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, മ്യാന്മാർ, ശ്രീലങ്ക, നേപ്പാൾ ,പാക്കിസ്ഥാൻ എന്നീ സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ കൂടി പങ്കെടുക്കുന്നതോടെ കൊച്ചി സ്റ്റുഡന്റ്സ് ബിനാലെയുടെ മൂന്നാം പതിപ്പ് ഇന്റർനാഷണൽ ബിനാലെ ആയി തീരുന്നു.

‘മെയ്ക്കിംഗ് ആസ് തിങ്കിങ്’ എന്ന ആശയത്തെ മുൻ നിറുത്തി, ഇന്ത്യയെ ആറ് മേഖലകളായി തിരിച്ച് ഓരൊന്നിനും ഒരാൾ എന്ന നിലയിൽ ആറ് ക്യൂറേറ്റർമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്ന് പ്രോജക്ടുകൾ ക്ഷണിക്കുകയായിരുന്നു. സഞ്ചയൻ ഘോഷ്, ശ്രുതി രമലിംഗയ്യാ, കൃഷ്ണപ്രിയ സി.പി, ശുക്ലാ സാവന്ത്, കെ.പി റജി, എം.പി നിഷാദ് എന്നിവരാണ് സർവ്വകലാശാലകൾ നേരിൽ സഞ്ചരിച്ച് പ്രോജക്ടുകൾ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്. സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള പ്രോജക്ടുകൾ ക്യൂറേറ്റ് ചെയതത് ചിത്രകാരനും, ബിനാലെ ഫൌണ്ടേഷൻ പ്രസിഡണ്ടും ആയ കൃഷ്ണമാചാരി ബോസ് ആണ്. “പലപ്പോഴും വിദ്യാർത്ഥികളുടെ പഠനവും അതിൽ നിന്നുള്ള രൂപപ്പെടലുകളും തമ്മിൽ വലിയ വിടവുകൾ ദൃശ്യമാകാറുണ്ട്, എന്നാൽ വിദ്യാർഥികളുടെ സ്വകീയ ചിന്തകളുടെയും പ്രാക്ടീസിന്റെയും സ്വാഭാവിക തുടർച്ചയാകാനാണ് ഈ സ്റ്റുഡന്റ്സ് ബിനാലെ ശ്രമിച്ചിട്ടുള്ളത്, മാത്രമല്ല അവ ഒരു അന്തർദ്ദേശീയ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാനായി എന്നതും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്”, സ്റ്റുഡന്റ്സ് ബിനാലെയുടെ പ്രാധാന്യം വിശദീകരിച്ച് ക്യൂറേറ്റർമാരിൽ ഒരാളായ സഞ്ചയൻ ഘോഷ് പറയുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒട്ടുമിക്ക ആർട്ട് ക്യാമ്പസുകളുടെയും പ്രാതിനിധ്യത്തിനൊപ്പം കലാലോകത്തിന്റെ യാതൊരുവിധ ശ്രദ്ധയും അംഗീകാരവും ലഭിക്കാതെ തുടരുന്ന കർണ്ണാടകയിലെ ‘തുംഗൂർ’ പോലെ ഉൾനാടുകളിലുള്ള കലാശാലകളുടെ വരെ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിച്ചത് സ്റ്റുഡന്റ്സ് ബിനാലെയുടെ ഈ മൂന്നാം പതിപ്പിന്റെ മേന്മയായി തന്നെ കണക്കാക്കാവുന്നതാണ്.

ക്യാമ്പസുകളിൽ നിന്നും വിദ്യാർത്ഥികളെ നേരിട്ട് തെരഞ്ഞെടുക്കുക എന്നതിൽ നിന്നും വിഭിന്നമായി ഇത്തവണ ക്യൂറേറ്റോറിയൽ കൺസെപ്റ്റ് ആയ “മെയ്ക്കിംഗ് ആസ് തിങ്കിങ്” എന്ന പരികല്പനയെ മുൻ നിറുത്തി ക്യാമ്പസുകളിൽ നിന്നും പ്രോജക്ടുകൾ ക്ഷണിക്കുകയായിരുന്നു. അവയിൽ നിന്നും മികച്ചവ തെരഞ്ഞെടുക്കുക എന്നതായിരുന്നു സെലക്ഷൻ രീതി, അതിൽ എൺപതോളം പ്രോജക്ടുകൾ ബിനാലെ ഫൌണ്ടേഷൻ ഫണ്ട് ചെയ്യുന്നവയാണ്. കൂടാതെ വിദ്യാർഥികൾ പരസ്പരം ഫണ്ട് ഷെയർ ചെയ്ത് കൂടുതൽ പ്രൊജക്ടുകൾ ഉൾക്കൊള്ളിക്കനും കഴിഞ്ഞിട്ടുണ്ട്. ബിനാലെ ഫൌണ്ടേഷന്റെ സാമ്പത്തിക സഹായം ഇക്കുറി വലിയ പ്രോജക്ടുകളെ കുറിച്ച് ചിന്തിക്കാനും, അത് ആവിഷ്ക്കരിക്കാനും വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ട്. വെന്യൂകളുടെ പരിമിതികളെയും സാധ്യതകളെയും ഗുണപരമായി പരിവർത്തനം ചെയ്യുന്നതിൽ മികവും സാമർത്ഥ്യവും പ്രകടിപ്പിക്കുന്നവയാണ് ഇത്തവണത്തെ സ്റ്റുഡന്റ്സ് ബിനാലെയിൽ ഉൾപ്പെടുന്ന വർക്കുകളിൽ പലതും.

ജയ്പൂർ, രാജസ്ഥാൻ സർവ്വകലാശായിൽ നിന്നും ബിനാലെയുടെ ഭാഗമാകുന്ന ആദ്യത്തെ വിദ്യാർത്ഥിനിയാണ് ആകാംക്ഷ അഗർവാൾ, വിഭിന്നങ്ങളായ ചിന്തകളും, കലാസങ്കല്പങ്ങളും, പ്രാക്ടീസുകളും പരസ്പരം വിനിമയം ചെയ്യപെടുന്ന കലയുടെ അന്താരാഷ്ട്ര വേദിയിൽ എത്തിപ്പെട്ടതിന്റെ ആവേശം ആകാംക്ഷയുടെ വാക്കുകളിൽ പ്രകടമാണ്. “ഇത്തരം ഒരു വേദിയിൽ ഞാനാദ്യമാണ്, ലോകമെമ്പാടുമുള്ള നിരവധി പേരെ ഞാനിവിടെ കണ്ടുമുട്ടുകയാണ്, നിരവധിയായ പുതിയ സാധ്യതകളാണിവിടെ കാണാനാകുന്നത്, അതിരുകളെ ഭേദിച്ചുള്ള വിഭിന്ന സാധ്യതകളുമായി, വ്യക്തികളുമായി ഇടപഴകാൻ എനിക്ക് കഴിയുന്നുണ്ട്“. വിഭിന്ന മേഖകളിൽ നിന്ന് വരുന്ന പ്രോജക്ടുകളെ മുൻ കൊല്ലങ്ങളിൽ നിന്നും വിഭിന്നമായി ഇട കലർത്തി അവതരിപ്പിക്കുവാനായിരുന്നു ക്യൂറേറ്റോറിയൽ ടീമിന്റെ തീരുമാനം. വ്യതിരിക്തങ്ങളായ കലാ ഭാഷകളുടെയും, സാമൂഹ്യ ചിന്തകളുടെയും തീർത്തും കാലികമായ ഒരു പരിപ്രേക്ഷ്യത്തെ അവതരിപ്പിക്കാനും ഭാവി കലയുടെ നിർമ്മിതിയിലേക്ക് സംഭാവന ചെയ്യാനും അതിനാല്‍ തന്നെ സ്റ്റുഡന്റ്സ് ബിനാലെയുടെ മൂന്നാം പതിപ്പിന് കഴിഞ്ഞിട്ടുണ്ട്. തന്നെയുമല്ല, വിദ്യാർത്ഥികൾക്ക് പരസ്പരം ഇടപഴകാനും വ്യത്യസ്തങ്ങളായ അക്കാദമിക്ക്, ആർട്ട് പ്രാക്ടീസുകൾക്ക് തമ്മിൽ സംവദിക്കാനും ഈ തീരുമാനം വഴിയൊരുക്കുകയും ചെയ്യുന്നു. “പ്രോജക്ടുകളുടെ സെലക്ഷൻ ഓപ്പൺ കോളിലൂടെ ആയിരുന്നുവെങ്കിലും, പലപ്പോഴും ഇൻസ്റ്റിറ്റ്യൂഷനുകൾ നേരിൽ സന്ദർശിച്ച്, വർക്കുകൾ കണ്ട് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കേണ്ടി വന്നു. ഒരു ക്യൂറേറ്റർ എന്ന നിലയിൽ എനിക്കുണ്ടായ എക്സ്പീരിയൻസ് പല ഇൻസ്റ്റിറ്റ്യൂഷനുകളെയും, അവിടങ്ങളിലെ വ്യത്യസ്തങ്ങളായ കരിക്കുലങ്ങളും,അദ്ധ്യയന രീതികളും പരിചയപ്പെടാൻ സാധിച്ചു എന്നതാണ്. ഇവ ഓരോന്നും മറ്റൊന്നിൽ നിന്നും തീർത്തും വ്യത്യസ്തങ്ങളാണ് എന്നതിനാൽ തന്നെ വർക്കിന്റെ രീതികളും വ്യത്യസ്തങ്ങളാണ്. പല ഇൻസ്റ്റിറ്റ്യൂഷനുകൾക്കും പരിമിതികളേറെയാണ്, ഇൻഫ്രാസ്ട്രക്ച്ചറിന്റെ കാര്യത്തിലൊക്കെ പിന്നാക്കം നിൽക്കുന്ന സ്ഥാപനങ്ങളുടെ പരിമിതികളെ ഉൾകൊണ്ട് കൊണ്ടാണ് ഇക്കുറി സെലക്ഷൻ നടത്തിയിരിക്കുന്നത്”, വ്യത്യസ്തങ്ങളായ പ്രോജക്ടുകളിലേക്ക് എത്തിച്ചേൻ രീതിയെ കുറിച്ച് ക്യൂറേറ്റർമാരിൽ ഒരാളായ ചിത്രകാരൻ കെ.പി. റജി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളിൽ പലതും വിദ്യാർത്ഥികളുടെ സ്വന്തം ജീവിത സാഹചര്യങ്ങളെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നവയും, ആൾക്കൂട്ട കൊല , ജാതീയ അതിക്രമങ്ങൾ, ലൈംഗിക വിവേചനങ്ങൾ തുടങ്ങിയ കാലിക പ്രസക്തങ്ങളായ സംഗതികളെ അടയാളപ്പെടുത്തുന്നവയുമാണ്. തങ്ങളുടെ വർത്തമാന പരിസരങ്ങളെ കണ്ടമ്പററി ആർട്ട് ലാംഗ്വേജിലൂടെ തന്നെ ആവിഷ്ക്കരിക്കാനുള്ള വിദ്യാർത്ഥികൾ നടത്തിയ പരിശ്രമങ്ങൾ ശ്രദ്ധേയമാണ്.

30 രാജ്യങ്ങള്‍, 90 സൃഷ്ടികള്‍; കൊച്ചി-മുസിരിസ് ബിനാലെ എന്തുകൊണ്ട് ജനകീയമാകുന്നു- ബോസ് കൃഷ്ണമാചാരി സംസാരിക്കുന്നു

ബീഹാറിലെ ഭോജ്പൂർ സ്വദേശിയും ഹൈദരാബാദ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ഉമേഷ് കുമാറിന്റെ വർക്ക് ശ്രദ്ധേയമാണ്, മുഖം മറയ്ക്കപ്പെട്ട മനുഷ്യരുടെ ഫോട്ടോ പ്രിന്റുകളും, മരഭാഗങ്ങളെ തദ്ദേശീയങ്ങളായ കാർഷികായുധങ്ങളുമായി ഘടിപ്പിച്ചുള്ള അനേകം ചെറു ശില്പങ്ങളും അടങ്ങുന്നതാണത്. അനുദിനം ദുഷ്ക്കരമായി കൊണ്ടിരിക്കുന്ന കാർഷിക ജീവിതവും ക്രൈമും കൂടിക്കുഴയുന്ന ഗ്രാമീണ ബീഹാറിന്റെ പ്രാദേശിക യാഥാർത്ഥ്യത്തിന്റെ അർത്ഥപൂർണ്ണമായ ആവിഷ്ക്കാരമാണത്. തലമുറകളായി കാർഷിക വൃത്തിയിൽ എർപ്പെട്ടു പോന്ന കുടുംബ പശ്ചാത്തലമാണ് ഉമേഷിന്റേത്. കൃഷി ചെയ്ത് ജീവിതം നയിച്ചു പോന്ന ഉമേഷിന്റെ പിതാവിന് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ കൃഷി ഉപേക്ഷിച്ച് സെക്ക്യൂരിറ്റി ജോലിക്കായി പോകേണ്ടി വരുന്നു. തങ്ങളുടെ നിലനില്പിനെ തന്നെ അപായപ്പെടുത്തുന്ന സമകാലീന സാഹചര്യങ്ങളോടുള്ള രോഷമാണ് തന്റെ വർക്കിലൂടെ പ്രതിഫലിപ്പിക്കാൻ ഉമേഷ് ശ്രമിക്കുന്നത്. “വയലുകളിൽ കാളകളുടെ മുഖത്ത് ഇടാറുള്ള മാസ്ക്ക്, ഞങ്ങളുടെ ഭാഷയിൽ ‘ജാപ്പ്’ ധരിപ്പിച്ചാണ് ഈ പ്രിന്റുകളിൽ ഞാൻ മനുഷ്യരെ അവതരിപ്പിച്ചിരിക്കുന്നത്. പണിയെടുക്കുന്ന നേരത്ത് കാളകൾ പുല്ല് തിന്നാതിരിക്കാനായാണ് അവയെ ‘ജാപ്പ്’ ധരിപ്പിക്കുന്നത്, ഏതാണ്ട് ഇതിനു സമാനമാണ് ഇന്ന് കർഷകരുടെയും അവസ്ഥ, രാപകൽ പണിയെടുക്കുന്നു പക്ഷേ ഭക്ഷണമില്ലാത്ത അവസ്ഥ” തന്റെ വർക്കിലെ രാ‍ഷ്ട്രീയത്തെ കുറിച്ച് ഉമേഷ് സംസാരിക്കുന്നു. ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട ആർട്ട് ഇവന്റുകളിൽ ഒന്നായ കൊച്ചി ബിനാലെയിൽ പങ്കെടുക്കാനായതിന്റെയും അനേകം ആളുകളോട് അടുത്തിടപഴകാന്‍ സാധിച്ചതിന്റെയും ആവേശം രുപേഷിന്റെ വാക്കുകളിലും കാണാം.

ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവടങ്ങളിൽ നിന്നും പ്രോജക്ടുകൾ കോ-ഓർഡിനേറ്റ് ചെയ്ത ക്യൂറേറ്റർമാരിൽ ഒരാളായ ശുക്ലാ സാവന്ത് സംസാരിക്കുന്നു: “പഴയതും പുതിയതുമായ സങ്കേതങ്ങളെ ഉപയോഗിക്കപ്പെടുത്തിയിട്ടുള്ള പതിന്നാല് പ്രോജക്ടുകളാണ് മൂന്ന് സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ നിന്നായി തെരഞ്ഞെടുത്തിട്ടുള്ളത്. അവയിൽ ഇൻസ്റ്റലേഷനുകളും, പെയിന്റിംഗുകളും, ശില്പങ്ങളും മ്യൂറലുകളും, ടെക്നോളജിയെ ഉപയോഗപ്പെടുത്തിയുള്ള വീഡിയോ വർക്കുകളും ഉൾപ്പെടും. പുതിയ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തുന്നതിനൊപ്പം പഴയ ചില സങ്കേതങ്ങളെ കാലിക കലാവ്യവഹാരങ്ങളോട് കൂട്ടിയിണക്കി പുനരുപയോഗിക്കാനും പരിശ്രമങ്ങളുണ്ടായിട്ടുണ്ട്. ജാമിയ ഇസ്ലാമിയയിലെ കുട്ടികൾ മട്ടാഞ്ചേരി ക്ഷേത്ര വളപ്പിനോട് ചേർന്നുള്ള വെന്യൂവിൽ ഒരുക്കിയിട്ടുള്ള കൂറ്റൻ ശില്പം ശ്രദ്ധേയമാണ്”. കാശ്മീർ തുടങ്ങി മിസോറാം മേഘാലയ മുതൽ കേരളം വരെ രാജ്യമാകെ വ്യാപിക്കുന്ന ഒരു കലാശ്രേണിയോടൊപ്പം സാർക്ക് രാജ്യങ്ങളിലെ വിദ്യാർത്ഥികളെ കൂടി ഒന്നിപ്പിച്ചു കൊണ്ടുള്ള പരിശ്രമം തികച്ചും അർത്ഥവത്താണെന്നും ശുക്ലാ സാവന്ത് നിരീക്ഷിക്കുന്നു, “തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വിഭിന്ന ഭൂപ്രദേശങ്ങളായി വേർപിരിഞ്ഞ് നിൽക്കുമ്പോഴും, രാഷ്ട്രങ്ങൾക്കിടയിലെ പൊതുമയെ രാഷ്ട്രീയ താത്പര്യങ്ങൾ റദ്ദ് ചെയ്യുകയും ചെയ്യുന്ന യാഥാർത്ഥ്യങ്ങൾക്കിടയിലും ഇന്ത്യയിലെന്ന പോലെ തന്നെ ധാക്കയിലും, ലഹോറിലും, കൊളംബോയിലുമെല്ലാം ഒരേ കൊളോണിയൽ പാരമ്പര്യത്തിൽ നിന്നും രൂപം കൊണ്ട ആർട്ട് സ്കൂളുകളിൽ നിന്നും ഉയിരെടുത്ത കലാവിചാരങ്ങൾക്ക് പൊതുവിൽ പങ്ക് വെയ്ക്കാൻ അനേകം സവിശേഷതകൾ ഉണ്ടാകാം. അവിടങ്ങളിൽ നിന്നുള്ള പങ്കാളിത്തം ആ വിധത്തിൽ കൌതുകകരവുമാണ്”.

സ്റ്റുഡന്റ്‌സ് ബിനാലെ; വിദ്യാര്‍ഥികള്‍ പ്രതികരിക്കുന്നു/ വീഡിയോ കാണാം..

ബംഗാളിൽ നിന്നും അസാം, ത്രിപുര, മണിപ്പൂർ തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ആർട്ട് കോളേജുകളിൽ നിന്നുമായി പതിനെട്ട് പ്രോജക്ടുകൾ ഈ ബിനാലെയിൽ ഉൾപ്പെടുന്നു. നഗരവത്ക്കരണത്തിന്റെ ആകുലതകളും, തദ്ദേശീയതയുടെ സ്വയം വെളിപ്പെടലുകളും, അതിർത്തി ജീവിതത്തിന്റെ അടയാളപ്പെടത്തലും തുടങ്ങി ഭാഷാപരവും, വംശീയവുമായ വിവിധ തരം വിഹ്വലതകളെയും, ബോധ്യങ്ങളെയും ഗുണപരമായി സ്വാംശീകരിക്കുവാൻ ഈ പ്രോജക്ടുകൾക്ക് സാധിച്ചിരിക്കുന്നുവെന്ന് പൊതുവിൽ പറയാൻ സാധിക്കും. “വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അവർക്ക് തങ്ങളുടെ ക്ലാസ് മുറികളിൽ നിന്നും വിഭിന്നമായ വെല്ലുവിളിയാണ് ബിനാലെ. തങ്ങളുടെ പരിഗണനകളെ, ചിന്തകളെ തികച്ചും കാലികമായ പരിസരത്ത് എപ്രകാരം ആവിഷ്ക്കരിക്കാമെന്ന തിരിച്ചറിവ് കൂടിയാണ് ബിനാലെ. നമ്മുടെ നാട്ടിലെ കലാലയങ്ങൾ പലതും ഒട്ടും സമകാലികവും പ്രായോഗികവും അല്ലാത്ത കൊളോണിയൽ കലാ ധാരണകളുടെ പാരമ്പര്യം ഇന്നും തുടരുന്നവയാകുന്ന സാഹചര്യത്തിൽ വിശേഷിച്ചും, അങ്ങനെയുള്ള വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കലയിലെ പുതിയ ചിന്തകളെയും,ആവിഷക്കാര സാധ്യതകളെയും പരിചയപ്പെടാനുള്ള അവസരമാണിത്”, ക്യൂറേറ്റർമാരിൽ ഒരാളായ കൃഷ്ണപ്രിയ നിരീക്ഷിക്കുന്നു.

കർണ്ണാടകയിൽ നിന്നും കേരളത്തിൽ നിന്നുമായി ഇരുപത്തിയേഴ് പ്രൊജക്ടുകൾ ഉള്ളതിൽ പതിനഞ്ചോളം വർക്കുകൾ തിരുവനന്തപുരം, മാവേലിക്കര, തൃപ്പൂണിത്തുറ, കാലടി, തൃശ്ശൂർ എന്നീ ആർട്ട് കോളേജ്ജുകളിൽ നിന്നുള്ളവയാണ്. ഇവ കൂടാതെ തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥി ആയിരുന്ന അന്തരിച്ച ജീസ് രാജിന്റെ വർക്കുകളും ഈ സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമാകും. വളരെ വ്യത്യസ്തങ്ങളായ പ്രശ്നപരിസരങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ് ഈ വർക്കുകൾ ഓരോന്നും. കേരള, കർണ്ണാടക റീജിയൺ കോ‍ർഡിനേറ്റ് ചെയ്ത എം.പി. നിഷാദിന്റെ അഭിപ്രായത്തിൽ, “ഒന്നിനൊന്ന് വ്യത്യസ്തമായ ഭാഷയാണ് പ്രോജക്ടുകൾക്ക്, കേരളത്തിൽ നിന്നു തന്നെയാണെങ്കിലും വ്യത്യസ്ത പ്രദേശങ്ങളിൽ, ലോക്കലുകളിൽ നിന്ന് കൊണ്ട് സാഹിത്യം, ഫിലോസഫി തുടങ്ങി പലതരത്തിലുള്ള വിഷയങ്ങളുമായുള്ള അവരുടെ വിനിമയങ്ങളിൽ നിന്നും ഉരുത്തിരിയുന്ന ഇടങ്ങളാണ് വർക്കുകളിൽ പ്രതിഫലിക്കുന്നത്“.

 

സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍ പ്രതികരിക്കുന്നു/ വീഡിയോ കാണാം..

ജീസ് എന്തിന് ജീവിതമവസാനിപ്പിച്ചു? ആര്‍ക്കുമറിയില്ല; പക്ഷേ, അയാള്‍ കൊച്ചി ബിനാലെയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്

.

 

 

സുനില്‍ ഗോപാലകൃഷ്ണന്‍

സുനില്‍ ഗോപാലകൃഷ്ണന്‍

എഴുത്തുകാരന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍