UPDATES

വായന/സംസ്കാരം

30 രാജ്യങ്ങള്‍, 90 സൃഷ്ടികള്‍; കൊച്ചി-മുസിരിസ് ബിനാലെ എന്തുകൊണ്ട് ജനകീയമാകുന്നു- ബോസ് കൃഷ്ണമാചാരി സംസാരിക്കുന്നു

കലാപ്രദര്‍ശനങ്ങള്‍ ഗ്യാലറികളിലെ വൈറ്റ് ക്യൂബ് സ്‌പേസുകളില്‍ മാത്രം ഒതുങ്ങി നിന്ന കാലത്ത്, ആ വരേണ്യതയെ റദ്ദ് ചെയ്യാന്‍ കൊച്ചി ബിനാലേക്ക് സാധിച്ചു എന്നത് നിര്‍ണ്ണായകമാണ്- സുനില്‍ ഗോപാലകൃഷ്ണന്റെ ബിനാലെ പങ്തി- ഭാഗം 1

ഇന്ന് (12-12-2018) വൈകുന്നേരം തുടക്കമാകുന്ന കൊച്ചി-മുസിരിസ്സ് ബിനാലെയുടെ നാലാം പതിപ്പ്, പങ്കാളിത്തത്തിലെ വൈവിധ്യം കൊണ്ടും ഉള്ളടക്കത്തിലെ വൈപുല്യത്താലും മറ്റനവധി പ്രത്യേകതകളാലും കലാസ്വാദകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്ന ഒന്നായി കഴിഞ്ഞിരിക്കുന്നു.

ഇതാദ്യമായി കൊച്ചി മുസിരിസ്സ് ബിനാലെക്ക് ഒരു വനിതാ ക്യൂറേറ്റര്‍ എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യന്‍ കലാ വിമര്‍ശന ലോകത്തിന് സുപരിചിതയായ അനിതാ ദുബേയാണ് ഈ നാലാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. ”അന്യവത്ക്കരണമുക്ത ജീവിതത്തിന്റെ സാധ്യതകള്‍” എന്ന രാഷ്ട്രീയ ആശയം മുന്നോട്ട് വെച്ചു കൊണ്ടു മുപ്പത് രാജ്യങ്ങളില്‍ നിന്നായി 90-ഓളം കലാസൃഷ്ടികളും, അഞ്ച് ഇന്‍ഫ്രാ പ്രോജക്ടുകളും (തെരഞ്ഞെടുക്കപ്പെട്ട ആര്‍ട്ട് കളക്ഷനുകള്‍) അണിനിരത്തുന്ന ബിനാലെയുടെ നാലാം പതിപ്പിന്റെ സര്‍വ്വതല സംഘാടനത്തിലും അനിതയുടെ മുദ്ര ഇക്കുറി ദൃശ്യമാകുമെന്നത് നിശ്ചയം.

1980-കളില്‍ ബറോഡ എം.എസ് യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് ശില്പി കെ.പി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം മലയാളി കലാകാരന്മാരുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്‌സ് ആന്റ് സ്‌ക്കള്‍പ്‌ച്ചേഴ്‌സ് അസോസിയേഷന്റെ പ്രധാന മുഖവും ഏക വനിതയും എന്ന നിലയിലാണ് അനിതാ ദുബെയെ കേരളീയ കലാലോകം ആദ്യമായി പരിചയപ്പെടുന്നത്. 1987ല്‍ എഴുതപ്പെട്ട അസോസിയേഷന്റെ പൊളിറ്റിക്കല്‍ മാനിഫെസ്റ്റോ എന്ന് വിളിക്കാവുന്ന ‘ക്വസ്റ്റ്യന്‍സ് ആന്‍ഡ് ഡയലോഗ്‌സ്’ എന്ന പ്രബന്ധത്തിന്റെ രചയിതാവെന്ന നിലയിലും ആ പേര് കേരളീയ കലയിലും ബൌദ്ധിക ലോകത്തും പരിചിതമാണ്. റാഡിക്കല്‍ മൂവ്‌മെന്റിന്റെ തകര്‍ച്ചക്ക് ശേഷവും നിരവധി വിമര്‍ശനാത്മക പഠനങ്ങളിലൂടെയും കലാ സംരംഭങ്ങളിലൂടെയും ഇന്ത്യന്‍ കലാ ലോകത്ത് നിറഞ്ഞ് നിന്ന അനിത പില്‍ക്കാലം കലാ നിര്‍മ്മിതിയിലേക്കും തിരിഞ്ഞു, അവരുടെ അനേകം ഇന്‍സ്റ്റലേഷന്‍ വര്‍ക്കുകള്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കപ്പെട്ടു. ഒരേ സമയം കലാവിമര്‍ശകയും കലാകാരിയുമാണെന്നതാണ് ലോകം ഉറ്റ് നോക്കുന്ന കൊച്ചി ബിനാലെയുടെ നാലാം പതിപ്പ് ക്യൂറേറ്റ് ചെയ്യുമ്പോള്‍ അനിതാ ദുബേയുടെ കൈമുതല്‍. ഒപ്പം അനേക കൊല്ലത്തെ അനുഭവപരിചയത്തിലൂടെ ഉരുവപ്പെട്ട സമകാലീന കലയുടെ രാഷ്ട്രീയ പരിസരത്തെ കുറിച്ചുള്ള സുദൃഢമായ കാഴ്ചപ്പാടും.

Anita Dube

തന്റെ ക്യൂറേറ്റോറിയല്‍ സങ്കല്പത്തെ അവതരിപ്പിച്ചു കൊണ്ട് അനിതാ ദുബെ പറയുന്നു, “കൂടുതല്‍ മെച്ചപ്പെട്ടൊരു ജീവിതത്തെ ഭൂമിയില്‍ നാം കാംക്ഷിക്കുന്നുവെങ്കില്‍ മറ്റെന്നെത്താക്കാളും സശ്രദ്ധം അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും അമര്‍ച്ച ചെയ്യപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും മൂന്നാം ലിംഗക്കാര്‍ക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും വിമര്‍ശന ശബ്ദങ്ങള്‍ക്കും പ്രപഞ്ചം നല്‍കുന്ന വിപല്‍ സൂചനകള്‍ക്കും നാം ചെവികൊടുക്കേണ്ടിയിരിക്കുന്നു”. അനിതയുടെ സമകാലിക രാഷ്ട്രീയത്തെയും പങ്കാളിത്ത കര്‍ത്തൃ ബോധത്തെയും അടിവരയിടുന്നതാണ് പ്രസ്തുത വാക്കുകള്‍. കലാകാരന്മാരുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലും അനിതയുടെ ഈ കാഴ്ചപാടുകള്‍ സുവിദിതവുമാണ്. ബിനാലെയുടെ മുന്‍ പതിപ്പുകളില്‍ നിന്നും ആസകലം വിഭിന്നമായ ഉള്ളടക്കം ഈ ബിനാലെക്കുണ്ട്. അമ്പത്തിയഞ്ച് ശതമാനത്തിലധികം സ്ത്രീ പ്രാതിനിധ്യം അവകാശപ്പെടാനാകും 2018 ബിനാലേക്ക്, കൂടാതെ സ്വ്വര്‍ഗ്ഗാനുരാഗികളായ കലാകാരന്മാരുടെയും, മറ്റ് ബഹിഷ്‌കൃത സ്വത്വ പ്രതിനിധാനങ്ങള്‍ക്കും നിര്‍ണ്ണായക സാന്നിധ്യം നല്‍കാന്‍ അനിത ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീകളില്‍ തന്നെ ആസ്‌ടേലിയന്‍ കലാകാരിയായ വാലി എക്‌സ്‌പോര്‍ട്ടിനെ പോലുളള മുതിര്‍ന്നവരുടെ പങ്കാളിത്തം പ്രത്യേക നിഷ്‌ക്കര്‍ഷയോടെ പാലിക്കപ്പെട്ടിരിക്കുന്നു.എണ്ണത്തില്‍ പുരുഷന്മാരെക്കാളധികം സ്ത്രീകള്‍ക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും പങ്കാളിത്തം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ വിപുലമായൊരു ആര്‍ട്ട് ഇവന്റ് ഒരു പക്ഷേ ഈ ബിനാലെയാകാം. ആഫ്രിക്കന്‍, സൌത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ കലാകാരന്മാരുടെ സജീവ സാന്നിധ്യവും ഈ ബിനാലെയുടെ മറ്റൊരു പ്രത്യേകതയാണ്. കാലങ്ങളായി തുടരുന്ന അടിച്ചമര്‍ത്തലിനോടും അന്യവത്ക്കരണത്തോടുമുള്ള പ്രതീകാത്മക കലാപ പ്രഖ്യാപനമാണ് ബോധപൂര്‍വ്വമുള്ള ഈ തെരഞ്ഞെടുപ്പിലൂടെ അനിത ലക്ഷ്യമാക്കുന്നത്, കലയുടെ മണ്ഡലത്തില്‍ നിന്നുമുരുവം കൊള്ളുന്ന സംവാദങ്ങളെ ഭാവിയിലേക്കുള്ള തുറവിയായി അവര്‍ കണക്കാക്കുന്നു. ലോക കലയുടെ സമകാലിക ചരിത്രത്തില്‍ സവിശേഷമായ ഇടം നേടുന്നതിന് കൊച്ചി ബിനാലെയുടെ ഈ നാലാം പതിപ്പിന് സാധിക്കുകയും ചെയ്യുന്നു.

Bose Krishnamachari

കൊച്ചി മുസിരിസ് ബിനാലെ 2018-നെപ്പറ്റി ബിനാലെ ഫൌണ്ടേഷന്‍ പ്രസിഡന്റും, പ്രശസ്ത കലാകാരനുമായ ബോസ് കൃഷ്ണമാചാരി സംസാരിക്കുന്നു.

വനിത ക്യൂറേറ്റര്‍

”ബിനാലെ ഫൌണ്ടേഷന്‍ എല്ലാ കൊല്ലവും രൂപീകരിക്കാറുള്ള ആര്‍ട്ടിസ്റ്റിക്ക് അഡ്വൈസറി കമ്മറ്റിയാണ് ഓരോ പതിപ്പിന്റെയും ക്യൂറേറ്ററെ തെരഞ്ഞെടുക്കുക. ഇക്കുറി എട്ടംഗ കമ്മറ്റി ഏകകണ്ഠമായി അനിതാ ദുബെയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ആദ്യമായി ഒരു സ്ത്രീ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെയുടെ ഈ പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത അമ്പത്തിയഞ്ചോളം സത്രീ കലാകാരികളുടെ സാന്നിധ്യം തന്നെയാണ്. തൊണ്ണൂറ് കലാകാരന്മാരുടെ സൃഷ്ടികളും അത് കൂടാതെ അഞ്ച് ഇന്‍ഫ്രാ പ്രോജക്ടും അടങ്ങുന്നതാണ് ഇത്തവണത്തെ ബിനാലെ. അനിതാ ദുബെ തെരഞ്ഞെടുത്ത അഞ്ച് കലാകാരന്മാരുടെ ക്യൂറേറ്റഡ് പ്രോജക്ടുകളാണ് ഇന്‍ഫ്രാ പ്രോജക്ടുകള്‍. ഉദാഹരണത്തിന് ശ്രീനഗര്‍ ബിനാലെ, അവര്‍ അത് നേരത്തെ കണ്‍സപ്ച്വലൈസ് ചെയ്തുവെങ്കിലും നടക്കാതെ പോയി, ആ ബിനാലെയെ അനിത ഇങ്ങോട്ടേക്ക് ക്ഷണിക്കുകയായിരുന്നു, അങ്ങനെ ആ ഷോയും ഈ ബിനാലെയുടെ ഭാഗമാകുന്നു. മറ്റൊന്ന് ഭക്ഷണത്തെ കുറിച്ച് റിസര്‍ച്ച് ചെയ്യുന്ന ഒരു ഗ്രൂപ്പ് ഓര്‍ഗനൈസ് ചെയ്യുന്ന എഡിബിള്‍ ആര്‍ക്കൈവ് എന്ന പ്രോജക്ട് ആണ്. ഇത്തരത്തിലുള്ള മറ്റ് മൂന്ന് പ്രോജക്ടുകള്‍ കൂടിയുണ്ട് ഇത്തവണ.

പതിനെട്ട് വെന്യൂകള്‍

മൊത്തം 18 വെന്യൂകളിലായാണ് ബിനാലെ നടക്കുന്നത്, ആസ്പിന്‍ വാള്‍ ഉള്‍പ്പടെ 10 പ്രധാന വെന്യൂകളിലായി മെയിന്‍ ബിനാലെ നടക്കും, ഏഴിടത്തായി സ്റ്റുഡന്‍സ് ബിനാലെ, മട്ടാഞ്ചേരിയിലെ ഹെറിറ്റേജ് ഹൌസ് റസിഡന്‍സി വെന്യൂവും. ബിനാലെ ഫൌണ്ടേഷന്റെ വളരെ പ്രധാനപ്പെട്ട സംരംഭമാണ് സ്റ്റുഡന്‍സ് ബിനാലെ, ബിനാലെയുടെ രണ്ടാം പതിപ്പില്‍ തുടങ്ങിയ ആദ്യ സ്റ്റുഡന്‍സ് ബിനാലെയില്‍ 35 കോളേജുകളാണുണ്ടായിരുന്നത്, രണ്ടാമത്തേതില്‍ 55 കോളേജുകളില്‍ നിന്നായി 469 വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. ഇക്കുറി ആറ് ക്യൂറേറ്റര്‍മാരുടെ മേല്‍നോട്ടത്തില്‍ ‘മേക്കിംഗ് ആസ് തിങ്കിംഗ്’ എന്ന ടെറ്റിലില്‍ ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുമുള്ള നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. ബിനാലെ ഫൌണ്ടേഷന്റെ മറ്റൊരു പ്രധാന പ്രോജക്ട് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) പ്രോഗ്രാം, ഇത്തവണ കബ്രാള്‍ യാര്‍ഡിലെ മെയില്‍ പവലിയന്റെ അടുത്തായി ഒരു സ്‌പെഷ്യലി ക്രിയേറ്റഡ് ഏരിയയില്‍ ബ്ലെയ്‌സ് ജോസഫ് എന്ന കലാകാരന്റെ കീഴില്‍ അനവധി എക്‌സ്‌പെര്‍ട്ടുകളൊക്കെ പങ്കെടുക്കുന്ന വര്‍ക്ക്‌ഷോപ്പ് കുട്ടികള്‍ക്കായി ഒരുങ്ങുന്നു.

ക്യൂറേറ്റോറിയല്‍ വിഷന്‍

അനിതാ ദുബെയുടെ ക്യൂറേറ്റോറിയല്‍ വിഷന്‍, ”സീക്കിംഗ് പോസിബിലിറ്റീസ് ഓഫ് എ നോണ്‍-എലിയനേറ്റഡ് ലൈഫ്” എന്ന ടൈറ്റിലില്‍ നിന്നും വ്യക്തമാണ്. അനിതാ ദുബെയെ ഈ ചുമതലയ്ക്കായി തെരഞ്ഞെടുക്കുമ്പോള്‍ എണ്‍പതുകളില്‍ ഏതാണ്ട് രണ്ട് കൊല്ലത്തെ സജീവ ചരിത്രം കൊണ്ട് തന്നെ ഇന്ത്യന്‍ കലാ ചരിത്രത്തിലെ സുപ്രധാന ഏടായി അടയാളപ്പെടുത്തപ്പെട്ട ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്‌സ് ആന്‍ഡ് സ്‌ക്കള്‍പ്‌ച്ചേഴ്‌സ് അസോസിയേഷനിലെ ഏക വനിത എന്ന നിലയിലുള്ള അനിതയുടെ സുപ്രധാന പങ്കാളിത്തം പരിഗണിക്കപ്പെട്ടു. മാത്രമല്ല ഒരു ക്യൂറേറ്ററെ തെരഞ്ഞെടുക്കുമ്പോള്‍ അതൊരു കലാകാരനോ കലാകാരിയോ ആയിരിക്കണമെന്ന നിര്‍ബന്ധം ഫൌണ്ടേഷനുണ്ടായിരുന്നു, പ്രാക്ടീസും തിയറിയും തോള്‍ ചേര്‍ന്ന് പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഫൌണ്ടേഷന് വ്യക്തതയുണ്ടായിരുന്നു. അത് തന്നെയാരുന്നു ആര്‍ട്ടിസ്റ്റിക്ക് അഡ്വൈസറി കമ്മറ്റിക്ക് ഫൌണ്ടേഷന്‍ നല്‍കിയ നിര്‍ദ്ദേശം. റാഡിക്കല്‍ ഗ്രൂപ്പിലെ സജീവസാന്നിധ്യം എന്ന നിലയില്‍ കേരളത്തിന്റെ രാഷ്ട്രീയ പരിസരത്തെ കുറിച്ച് അനിതക്കുള്ള അവബോധവും പരിഗണിക്കപ്പെട്ടു, തന്നെയുമല്ല, കലാ ചരിത്ര വിദ്യാര്‍ത്ഥിയായി തുടങ്ങി പിന്നീട് കലാകാരിയായി തീര്‍ന്ന അനിതയ്ക്ക് തിയറിയിലും പ്രാക്ടീസിലുമുള്ള അനുഭവവും അറിവും കണക്കിലെടുക്കപ്പെട്ടു. അതിനാല്‍ തന്നെ അനിതയുടെ പേര് ഐക്യകണ്‌ഠേന നിര്‍ദ്ദേശിക്കപ്പെടുകയായിരുന്നു. ബിനാലെയുടെ നാലാം പതിപ്പ് ക്യുറേറ്റ് ചെയ്യുന്നത് അനിത ദുബേ ആണെന്നത് അഭിമാനാര്‍ഹമായ ഒരു വസ്തുതയായി ഞങ്ങള്‍ കാണുന്നു.

നൂറ്റിമുപ്പത്തിയെട്ട് കലാകാരന്മാര്‍

പത്ത് വെന്യൂകളിലായി നൂറ്റിയെട്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ബിനാലെയില്‍ പ്രശസ്തരായ ഒട്ടനവധി കലാകാരന്മാര്‍ പങ്കെടുക്കുന്നു. കൊച്ചി ബിനാലെയുടെ ആദ്യ മൂന്ന് പതിപ്പുകളില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം വര്‍ക്കുകളും ബിനാലെ സൈറ്റില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടവ ആയിരുന്നെങ്കില്‍ ഇക്കുറി അപൂര്‍വ്വം ചിലതൊഴികെ ബാക്കി വര്‍ക്കുകള്‍ അനിത സ്റ്റുഡിയോകള്‍ സന്ദര്‍ശിച്ച് സ്വയം തെരഞ്ഞെടുത്തവയാണ്. 32 രാജ്യങ്ങള്‍ യാത്ര ചെയ്താണ് അനിത തന്റെ റിസര്‍ച്ച് പൂര്‍ത്തിയാക്കിയത്. അനവധിയായ വിദേശ സര്‍വ്വകലാശാലകളും മറ്റ് ഇന്‍സ്റ്റിറ്റ്യൂഷനുകളും ബിനാലെ ഫൌണ്ടേഷനോട് കാണിച്ച താത്പര്യഫലമായാണ് വിപുലമായ റിസര്‍ച്ച് സാധ്യമായത്. ഒരു സാംസ്‌ക്കാരിക കേന്ദ്രം എന്ന നിലയില്‍ കൊച്ചിക്ക് ലോക വ്യാപകമായി ലഭിക്കുന്ന സ്വീകാര്യതയുടെ ലക്ഷണമാണിത്. സമകാലീന കലയെ കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും അനുയോജ്യമായ കേന്ദ്രം എന്ന നിലയിലേക്ക് മാറാന്‍ കൊച്ചിക്ക് സാധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്റര്‍നാഷണന്‍ ബിനാലെ അസോസിയേഷന്‍ (ഐ.ബി.എ) ബ്യൂണസ് ഐറിസില്‍ വെച്ച് നടത്താനിരുന്ന ആന്വല്‍ കോണ്‍ഫറന്‍സ് കൊച്ചിയിലേക്ക് മാറ്റി എന്നത് കൊച്ചി ബിനാലെയുടെ വര്‍ദ്ധിച്ച് വരുന്ന ലോകശ്രദ്ധയുടെ പ്രതിഫലനമാണ്.

Guerrilla Girls

ഗറില്ലാ ഗേള്‍സ്

ഈ ബിനാലെയുടെ മറ്റൊരു ഹൈലൈറ്റ് നിരവധി പെര്‍ഫോമല്‍ ആര്‍ട്ട് കളക്ടീവുവകളാണ്. നൃത്തത്തിലൂടെ ആര്‍ട്ട് പ്രൊഡ്യൂസ് ചെയ്യുന്ന, പ്രിന്റുകള്‍ നിര്‍മ്മിക്കുന്ന മലേഷ്യന്‍ സംഘം ഒരു ഉദാഹരണം, 80-കള്‍ തുടങ്ങി ലോകമാകെ ശ്രദ്ധിക്കപ്പെട്ട ‘ഗറില്ലാ ഗേള്‍സ്’ ആണ് മറ്റൊന്ന്, മുഖം മൂടി അസ്തിത്വത്തെ മറച്ച് അരങ്ങില്‍ പ്രത്യക്ഷപ്പെട്ട് സംവാദ രൂപത്തിലുള്ള പെര്‍ഫോമന്‍സിലുടെ ശക്തമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍, വിശേഷിച്ച് ലിംഗ രാഷ്ട്രീയത്തെ കുറിച്ച് ശക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഇവരുടെ പെര്‍ഫോമന്‍സ് ഈ ബിനാലയുടെ പ്രധാന ഇവന്റ് ആണ്. സ്വിസ് ആര്‍ട്ടിസ്റ്റായ തോമസ് ഹെര്‍ഷോണ്‍ ഒരു മാസക്കാലം ബിനാലെയില്‍ പങ്കെടുത്ത് വര്‍ക്ക്‌ഷോപ്പ് നടത്തുന്നുണ്ട്. ലോകകല ആരാധനയോടു കൂടി നോക്കിക്കാണുന്ന സമകാലീന കലയിലെ എറ്റവും ശ്രദ്ധേയമായ പേരുകളില്‍ ഒന്നായ മെര്‍ലിന്‍ ഡുമാസ് ഈ ബിനാലെയിലെ വലിയ പ്രത്യേകതയാണ്. അതുപോലെ തന്നെ അബോര്‍ജിനല്‍ ആര്‍ട്ടിന്റെ നാട്ടില്‍ നിന്ന് വരുന്ന ബ്രൂക്ക് ആന്‍ഡ്രൂ, കഴിഞ്ഞ കൊച്ചി ബിനാലെയുടെ ക്യൂറേറ്റര്‍ ആയിരുന്ന ജിതീഷ് കല്ലാട്ട് എന്നിങ്ങനെ മൊത്തം 109- ഓളം പ്രോജക്ടുകള്‍, അവയില്‍ തന്നെ ചിലതെല്ലാം കളക്ടീവുകളും; അങ്ങനെ നോക്കുമ്പോള്‍ ആകെ നൂറ്റി മുപ്പത്തിയെട്ട് കലാകാരന്മാര്‍ ഈ ബിനാലെയില്‍ അവരുടെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നു.

marlene Dumas

Thomas Hirschhorn

മലയാളി സാന്നിധ്യം

ബിനാലെയിലെ മലയാളി സാന്നിധ്യങ്ങളുടെ തെരഞ്ഞെടുപ്പും കൌതുകകരമാണ്, അതിലൊന്ന് വിപിന്‍ ധനിരുദ്ധന്‍ ആണ്, സെല്‍ഫ് ടോട്ട് ആയിട്ടുള്ള കലാകാരനാണ്, ആദ്യ ബിനാലെയില്‍ ഒരു വോളന്റിയറായി വന്ന വിപിന്‍ ഈ ബിനാലെയില്‍ തന്റെ വര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നു. മറ്റൊന്ന് വിനു വി.വി ആണ്. വിസ്മയകരമായ വര്‍ക്കാണ് ഈ ബിനാലെയില്‍ വിനുവിന്റേത്, വളരെ ശ്രദ്ധേയമായ നിലയില്‍ വര്‍ക്കുകള്‍ ചെയ്യുന്ന യങ് ആര്‍ട്ടിസ്റ്റാണ് വിനു. മറ്റൊരാള്‍ ശാന്തയാണ്, അവരുടെ തെരഞ്ഞെടുപ്പ് വളരെ യാദൃശ്ചികമായിരുന്നു, അവരുടെ സഹോദരന്റെ ക്ഷണപ്രകാരം കോഴിക്കോട് തസറാ എന്ന ആര്‍ട്ട് സെന്റര്‍ സന്ദര്‍ശിക്കാനായാണ് ഞാനും അനിതയും അവിടെ ചെല്ലുന്നത്, അവിടെയുണ്ടായിരുന്ന കളക്ഷനുകള്‍ കണ്ട് താത്പര്യം തോന്നിയ അനിത ആരുടേതാണ് ഇവ എന്ന് ചോദിക്കുകയും ശാന്തയെ കുറിച്ച് മനസിലാക്കുകയുമായിരുന്നു. വളരെയധികം പൊളിറ്റക്കലായി ജെന്‍ഡര്‍, സോഷ്യല്‍ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന മറ്റൊരു ആര്‍ട്ടിസ്റ്റാണ് ആര്യകൃഷ്ണന്‍, കഴിഞ്ഞ തവണ സ്റ്റുഡന്‍സ് ബിനാലെയുടെ ക്യൂറേറ്ററില്‍ ഒരാളായിരുന്ന ആര്യന്‍ ഇക്കുറി ബിനാലെയുടെ ഭാഗമാണ്. മൂന്നാറിലെ ബൈസണ്‍ വാലിയില്‍ താമസിക്കുന്ന സതീഷ് മറ്റൊരു കണ്ടെത്തലാണ്, ഒട്ടനേകം കലാകാരന്മാരുടെ പ്രൊഫൈലുകളും, പ്രോജക്ടുകളും പരിശോധിച്ചതില്‍ നിന്ന് അനിത തെരഞ്ഞെടുത്തവരുടെ സ്റ്റുഡിയോകള്‍ സന്ദര്‍ശിച്ച് വര്‍ക്കുകള്‍ നേരില്‍ കണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കൂടാതെ സമകാലീന കേരളത്തോട് പാട്ടിലൂടെ സംവദിക്കുന്ന ജനകീയ ബാന്‍ഡായ ഊരാളിയും ബിനാലെയുടെ ഭാഗമാകുന്നു. അനിതയുടെ ക്യൂററ്റോറിയല്‍ വിഷന്‍ തന്നെ സവിശേഷമാണ്, ഒരു ആര്‍ട്ടിസ്റ്റിന്റെ ക്രിയേറ്റീവ് പൊട്ടന്‍ഷ്യാലിറ്റിയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പതിവ് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി തന്റെ കലാകാരന്മാരെയും അവരുടെ വര്‍ക്കുകളെയും സംബന്ധിച്ച് അവ എങ്ങനെയാകും അല്ലെങ്കില്‍ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് വളരെ നിയതവും തെളിമയുമുള്ള കാഴ്ചപ്പാട് അനിതയ്ക്കുള്ളതായി കാണാം. കെ.പി കൃഷ്ണകുമാര്‍, മൃണാലിനി മുഖര്‍ജി, ബംഗാളി കലാകാരന്‍ ചിത്തപ്രസാദ് തുടങ്ങി മണ്മറഞ്ഞ കലകാരന്മാരും ഈ ബിനാലെയില്‍ ഇടം നേടിയിട്ടുണ്ട്. കൂടാതെ വളരെയധികം ഇന്‍സ്റ്റലേഷനുകളും, പ്രത്യേകിച്ച് ചെലവ് കുറഞ്ഞ മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ‘Arte povera’ ഗണത്തില്‍ പെടുന്ന വി.ബി സുരേഷ്, കൌശിക്ക് മുഖോപാധ്യായ തുടങ്ങിയ കലാകാരന്മരുടെ ഇന്‍സ്റ്റ്‌ലേഷന്‍ വര്‍ക്കുകളും ഇത്തവണ കാണാം, ഇത്തരത്തില്‍ വളരെ വ്യത്യസ്തവും വിപുലവുമാണ് ബിനാലെ യുടെ നാലാം പതിപ്പിന്റെ ഉള്ളടക്കം.

KP Krishnakumar

Arte povera

ജനകീയ ബിനാലെ

എന്റെയൊക്കെ വിദ്യാഭ്യാസ കാലത്ത് ലോക ചിത്രകലയോ ശില്പകലയോ ഒന്നും നേരില്‍ കാണാനുള്ള സാധ്യതകള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല, എന്നാല്‍ ഇന്ന് കേരളത്തിലെ എതൊരാള്‍ക്കും സമകാലീന ലോക കലയെ അടുത്ത് കാണുവാനും അറിയുവാനുമുള്ള അവസരം ബിനാലെ നല്‍കുന്നു. സമ്പന്നമായ സാംസ്‌ക്കാരിക പാരമ്പര്യത്തിനുടമകളായ കേരളം കണ്ടംപററി ആര്‍ട്ടിനെ കുറിച്ച് തികച്ചും അജ്ഞമായിരുന്ന കാലത്താണ് കൊച്ചി-മുസിരിസ്സ് ബിനാലെ തുടങ്ങുന്നത്. അത് ഇന്ന് ജനകീയ ബിനാലെ ആയി കൊണ്ടാടപ്പെടുന്നു. ജനകീയ ബിനാലെ എന്ന് കൊച്ചി ബിനാലെയെ വിളിക്കപ്പെടുന്നതിനു കാരണങ്ങളുമുണ്ട്, കലാപ്രദര്‍ശനങ്ങള്‍ ഗ്യാലറികളിലെ വൈറ്റ് ക്യൂബ് സ്‌പേസുകളില്‍ മാത്രം ഒതുങ്ങി നിന്ന കാലത്ത്, ആ വരേണ്യതയെ റദ്ദ് ചെയ്യാന്‍ കൊച്ചി ബിനാലേക്ക് സാധിച്ചു എന്നത് നിര്‍ണ്ണായകമാണ്.

മറ്റ് ബിനാലെകള്‍ കാണാന്‍ പോയിട്ടുള്ള എന്റെ ഒരനുഭവം പറയട്ടെ, വിദേശത്ത് ഒരു ബിനാലെയുടെ ഓപ്പണിംഗിന്റെ അന്ന്, അത് നടക്കുന്ന മ്യൂസിയത്തിനു തൊട്ടു വെളിയില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടികളോട്, ”എന്താണ് അവിടെ?” എന്ന് ഞാന്‍ ചോദിച്ചു, അവര്‍ക്കറിയില്ലായിരുന്നു, ഒരു വലിയ സാംസ്‌ക്കാരികോത്സവം അവിടെ നടക്കുകയാണെന്ന് അവര്‍ക്കറിയില്ല. ഈ അനുഭവം മനസ്സില്‍ വെച്ച് കൊണ്ടാണ് ആദ്യ ബിനാലെക്ക് മുന്നോടിയായി ”എന്താണ് ബിനാലെ? എന്തിനാണ് ബിനാലെ നടത്തുന്നത്, ലോകത്തിലെ മറ്റ് പ്രശസ്ത ബിനാലെകള്‍ എതെല്ലാം” എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞ് പൊതുസമൂഹത്തെ ബോധവത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. അത് നമുക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയം സമ്മാനിച്ചു. വിവാദങ്ങളൊക്കെ നമ്മള്‍ പ്രതീക്ഷിച്ചതാണ്, വിമര്‍ശനങ്ങള്‍ ഉള്ളപ്പോള്‍ തന്നെ കേരളത്തിലെ കലാ ലോകത്തിന് ഒറിജിനല്‍ ആര്‍ട്ട് കാണാനും അറിയാനുമുള്ള ടെംപററി മ്യൂസിയം ആകാന്‍ ബിനാലെയുടെ ഓരോ പതിപ്പിനും കഴിയുന്നു. ആദ്യ ബിനാലെയില്‍ നാല് ലക്ഷം പേര്‍ കാണാനെത്തിയെങ്കില്‍ രണ്ടാം പതിപ്പിന് അഞ്ചും, മൂന്നാം പതിപ്പിന് ആറ് ലക്ഷം പേരും വന്നു, ഇക്കുറി അത് വര്‍ദ്ധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ”.

സുനില്‍ ഗോപാലകൃഷ്ണന്‍

സുനില്‍ ഗോപാലകൃഷ്ണന്‍

എഴുത്തുകാരന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍