എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഗീത സാന്ത്വന പരിപാടി രവീന്ദ്രന്‍ മാഷിനുള്ള അനുസ്മരണമായി.
മലയാള സിനിമയ്ക്ക് മാത്രമല്ല, മലയാള ലളിതഗാന ശാഖയ്ക്ക് തന്നെ രവീന്ദ്രന്‍ മാഷിന്റെ സംഗീതം വിലമതിക്കാനാവാത്ത സംഭാവനയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഗീത സാന്ത്വന പരിപാടി രവീന്ദ്രന്‍ മാഷിനുള്ള അനുസ്മരണമായി.
സിനിമ ലോകത്തെ 26 വര്‍ഷത്തെ സംഗീത സപര്യയില്‍ രവീന്ദ്രന്‍ മാഷ് തീര്‍ത്തത് മലയാള സിനിമ ഗാനശാഖയിലെ രണ്ടാം തലമുറ സിംഹാസനമാണ്. കര്‍ണാടക-ഹിന്ദുസ്ഥാനി സംഗീതത്തെ ഇത്രയധികം സമന്വയിപ്പിച്ച മറ്റൊരു സംഗീത സംവിധായകന്‍ മലയാളത്തിലുണ്ടായിട്ടില്ലെന്നു തന്നെ പറയാം. രവീന്ദ്രന്‍ മാഷിന്റെ അനുസ്മരണ പരിപാടിയ്ക്ക ്പാടാനെത്തിയത് നിഷ വര്‍മ്മ, നൗഷാദ് സുലൈമാന്‍, യഹ്യ അസീസ് എന്നിവരാണ്.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 258-ാമത് ലക്കമായിരുന്നു ബുധനാഴ്ച.
സൗപര്‍ണ്ണികാമൃത…, എന്ന ഗാനത്തോടെ യഹ്യയാണ് പരിപാടി തുടങ്ങിയത്. നന്ദനത്തിലെ കാര്‍മുകില്‍ വര്‍ണന്റെ മുന്നില്‍…, എന്ന ഗാനത്തോടെ നിഷ തുടങ്ങി. ഇന്നുമെന്റെ കണ്ണുനീരില്‍…, എന്ന ഗാനമാണ് നൗഷാദ് ആദ്യം പാടിയത്.
എല്ലാ ഗാനശാഖകളിലും പെട്ട രവീന്ദ്രന്‍ മാഷിന്റെ പാട്ടുകളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ തു ബഡി മഷാ അള്ളാ…, എന്ന ഗാനത്തോടെ യഹ്യയും നൗഷാദുമാണ് പരിപാടി അവസാനിപ്പിച്ചത്. ആകെ 15 പാട്ടുകളാണ് മൂന്നു ഗായകരും ചേര്‍ന്ന് പാടിയത്.
തൃപ്പൂണിത്തുറ സ്വദേശിയായ നിഷ വര്‍മ്മ സ്‌ക്കൂള്‍ കോളേജ് തലം മുതല്‍ക്ക് തന്നെ ശ്രദ്ധേയ ഗായികയാണ്. ആകാശവാണിയില്‍ 12 വര്‍ഷം ഗായികയായിരുന്നു. കലാഭവന്‍ ട്രൂപ്പിലും അംഗമായിട്ടുണ്ട്.
ഗസല്‍ ഗാനങ്ങളിലൂടെ കൊച്ചിക്കാര്‍ക്ക് സുപരിചിതനാണ് നൗഷാദ് സുലൈമാന്‍. ബിനാലെയിലെ സ്ഥിരം സാന്നിദ്ധ്യമായ യഹ്യ അസീസ്, ഹിന്ദി, തമിഴ്, ഗാനങ്ങള്‍ പാടുന്നതിലൂടെ ശ്രദ്ധേയനാണ്.