UPDATES

വായന/സംസ്കാരം

‘കൃതി’ സാഹിത്യോത്സവത്തിന് ഇന്ന് കൊച്ചിയില്‍ കൊടികയറും

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ആശയങ്ങളും ആവേശവും പകരുന്നതാകും ഇത്തവണത്തെ കൃതി.

സംസ്ഥാന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സംഘടിപ്പിക്കുന്ന രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവവും വിജ്ഞാനോത്സവവും ഇന്ന് ആരംഭിക്കും. വൈകീട്ട് 6 മണിക്ക് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്യും.

ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രൊഫ. എം. കെ. സാനു ആമുഖ പ്രഭാഷണം നടത്തും. കൊച്ചി മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എംഎല്‍എ, പ്രൊഫ. കെ. വി. തോമസ് എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സംസാരിക്കും. പ്രമുഖ കഥാകൃത്തായ ടി.പത്മനാഭനെ ഗവര്‍ണര്‍ ചടങ്ങില്‍ ആദരിക്കും.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ആശയങ്ങളും ആവേശവും പകരുന്നതാകും ഇത്തവണത്തെ കൃതിയെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഇത് കണക്കിലെടുത്ത് ഭാവിയിലേയ്ക്കൊരു മടക്കയാത്ര എന്നതായിരിക്കും കൃതി 2019-ന്റെ ഇതിവൃത്തം. 175-ഓളം എഴുത്തുകാരും വിവിധ വിഷയ വിദഗ്ധരുമുള്‍പ്പെട്ട 70 സെഷനുകള്‍ വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും. ഇതില്‍ത്തന്നെ കേരളം 2.0 എന്ന ലക്ഷ്യത്തിനായി സാംസ്‌കാരികം, പാരിസ്ഥിതികം, സാമ്പത്തികം, അടിസ്ഥാനസൗകര്യ മേഖല എന്നിങ്ങനെ നാല് മാനങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സെഷനുകള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.

കൃതി ഒന്നാം പതിപ്പിന് ഏറെ ജനപ്രീതി നല്‍കിയ ആര്‍ട് ഫെസ്റ്റിവലിന് ഇക്കുറി കൂടുതല്‍ വൈവിധ്യം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നവകേരളം, പ്രമുഖ വെസ്റ്റേണ്‍ മ്യൂസിക് ബാന്‍ഡായ മദ്രാസ് മെയിലിന്റെ സംഗീത പരിപാടി, മിധുന്‍ ജയരാജ്, ബേണി, സമീര്‍ ഉമ്പായി എന്നിവര്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ, പാലക്കാടു നിന്നുള്ള രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, പ്രശസ്ത നര്‍ത്തകി ലാവണ്യ അനന്തിന്റെ ചിന്താവിഷ്ടയായ സീത ഭരതനാട്യം,സദനം കൃഷ്ണന്‍കുട്ടിയുടേയും സംഘത്തിന്റെയും കീചകവധം കഥകളി,
നാട്യധര്‍മിയുടെ കര്‍ണഭാരം നാടകം, ബോംബെ ജയശ്രീയുടെ സംഗീതക്കച്ചേരി, ജൂലിയസ് സീസര്‍, ചവിട്ടുനാടകം, വയലാര്‍, പി. ഭാസ്‌കരന്‍, ഓഎന്‍വി ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനസന്ധ്യ എന്നിവയാണ് ഇത്തവണ അരങ്ങേറുന്ന കലാപരിപാടികള്‍. പത്തു ദിവസവും വൈകീട്ട് 6-30 മണിക്കാണ് പ്രദര്‍ശന നഗരിയോട് ചേര്‍ന്ന പ്രത്യേക വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറുക. ഇവയ്ക്കു പുറമെ പകല്‍ സമയങ്ങളില്‍ തെരഞ്ഞെടുത്ത സ്‌കൂള്‍-കോളജേ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, പുസ്തക പ്രകാശനങ്ങള്‍, ബുക്ക് പിച്ചിംഗ് തുടങ്ങിയവും അരങ്ങേറും.

ഫെബ്രുവരി 11-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള സന്ദര്‍ശിക്കും, അന്ന് 3 മണിക്ക് നവകേരളം, നവോത്ഥാനം, സഹകരണം എന്ന വിഷയത്തില്‍ മുഖ്യമന്ത്രി സംസാരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍