UPDATES

വായന/സംസ്കാരം

ചരിത്രബോധത്തെ ഉണര്‍ത്തുന്നതാവണം ബാലസാഹിത്യം-യു എ ഖാദര്‍

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് സംഘടിപ്പിച്ച ബാലസാഹിത്യശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ചരിത്രബോധത്തെ ഉണര്‍ത്തുന്നതാവണം ബാലസാഹിത്യത്തിന്റെ ലക്ഷ്യമെന്ന് സാഹിത്യകാരന്‍ യു എ ഖാദര്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് സംഘടിപ്പിച്ച ബാലസാഹിത്യശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലേക്ക് അറിവു നല്‍കുന്ന കഥകള്‍ കുട്ടികള്‍ക്കു നല്‍കണം. ചരിത്രബോധത്തെ ഉണര്‍ത്തുന്ന കഥകള്‍ ആവിഷ്കരിക്കുകയാണ് എഴുത്തുകാരുടെ ലക്ഷ്യം.  വരും തലമുറയുടെ ഭാവനയെ മലീമസമാക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതിനാല്‍ ചരിത്രത്ത വികലപ്പെടുത്താനുള്ള ശ്രമങ്ങളെ മറികടക്കുന്നതാവണം പുതിയ കാലഘട്ടത്തിന്റെ ബാലസാഹിത്യം. നമ്മുടെ ചരിത്രത്തിലെ മാനുഷികമൂല്യങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന തരത്തില്‍ ബാലസാഹിത്യത്തെ മാറ്റിത്തീര്‍ക്കണം. അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. സാക്ഷരതാമിഷന്‍ മുന്‍ ഡയറക്ടറും സാഹിത്യകാരനുമായ ഡോ. പ്രഭാകരന്‍ പഴശ്ശി മുഖ്യാതിഥിയായി. ബാലസാഹിത്യത്തിന്റെ ചരിത്രത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സാഹിത്യകാരന്‍ മലയത്ത് അപ്പുണ്ണി, ഭരണസമിതി അംഗങ്ങളായ സി ആര്‍ ദാസ്,  പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എഡിറ്റോറിയല്‍ അസിസ്റ്റന്റ് സഫിയ ഒ സി എന്നിവര്‍ സംസാരിച്ചു.

ബാലസാഹിത്യം ആഖ്യാനവും പ്രമേയവും എന്ന വിഷയത്തില്‍ നാരായണന്‍ കാവുമ്പായി, ബാലസാഹിത്യം ഭാഷയും ശൈലിയും എന്ന വിഷയത്തില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നവര്‍ ശില്പശാല അംഗങ്ങളോട് സംവദിച്ചു. 

പ്രൊഫ. കെ പാപ്പൂട്ടി, ഡോ. കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. അന്‍പതോളം പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പ്രീ-പ്രൈമറി, പ്രൈമറി തലത്തിലുള്ള ബാലസാഹിത്യപുസ്തകങ്ങള്‍ക്ക് ക്യാമ്പില്‍ രൂപം നല്‍കും. ബാലസാഹിത്യ രചനയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശില്പശാല ഡിസംബര്‍ മൂന്നിന് സമാപിക്കും. ഡിസംബര്‍ മൂന്നിന് ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപനസമ്മേളനം സാഹിത്യകാരന്‍ യു കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍