UPDATES

വായന/സംസ്കാരം

2522 ദിവസങ്ങള്‍, 25,000 ചിത്രങ്ങള്‍; ക്ലിന്റ് എന്ന വിസ്മയം ലോകത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി അവതരിപ്പിക്കുകയാണ് കേരള ടൂറിസം

ക്ലിന്റിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മത്സരം പുതുതലമുറയിലെ ചിത്രകാരന്മാരായ കുട്ടികള്‍ക്കുള്ള വേദിയാണ്.

ജനത്തിനും മരണത്തിനും ഇടയിലെ 2522 ദിവസങ്ങളില്‍ എഡ്മണ്ട് തോമസ് ക്ലിന്റ് വരച്ചു തീര്‍ത്ത 25,000 ചിത്രങ്ങള്‍. 1976 ല്‍ തുടങ്ങി 1983 ല്‍ അവസാനിച്ച ആ കുഞ്ഞു ജീവിതം ലോകത്തിന് അത്ഭുതം പേറുന്നൊരു ചിത്രമാണിന്നും. തന്റെ ഏഴാം ജന്മദിനാഘോഷത്തിനു കാത്തുനില്‍ക്കാതെ വര പെന്‍സില്‍ താഴെവച്ചു വര്‍ണങ്ങളുടെ ലോകം വിട്ട് ക്ലിന്റ് പോയിട്ട് 35 വര്‍ഷങ്ങളാകുന്നു. പക്ഷേ, ഒരു തരിപോലും മങ്ങാതെ ആ പേരിന് ഇന്നുമെത്ര തിളക്കം.

ഇപ്പോഴിതാ കേരള ടൂറിസം വകുപ്പ് ക്ലിന്റിനെ വീണ്ടും ലോകത്തിനു മുന്നിലേക്ക് അവതരിപ്പിക്കുകയാണ്; ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരത്തിലൂടെ. ക്ലിന്റിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മത്സരം പുതുതലമുറയിലെ ചിത്രകാരന്മാരായ കുട്ടികള്‍ക്കുള്ള വേദിയാണ്. ഇന്ത്യക്ക് അകത്തും പുറത്തും നിന്നുമുള്ള കുട്ടികളാണ് ചിത്രരചന ലോകത്തെ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ മത്സരത്തില്‍ പങ്കെടുക്കുക.

പുതിയ കുട്ടികള്‍ അവരുടെ കഴിവ് തെളിയിച്ചു മുന്നോട്ടു വരുമ്പോള്‍ വീണ്ടും ഓര്‍മയിലെത്തുകയാണ് ക്ലിന്റ്. അതിശയകരമായ ആ ജീവിതം. ഒരുപക്ഷേ ലോകത്ത് ക്ലിന്റിനെ പോലെ മറ്റൊരു കുട്ടി ഉണ്ടായിരുന്നോ? ഉണ്ടാകുമോ? സംശയമാണ്. ഒരു ജന്മം; അത് സംഭവിച്ചു, അവസാനിച്ചു. പക്ഷേ, ബാക്കി വച്ചിരിക്കുന്ന ആ ഓര്‍മകള്‍ക്ക് അന്ത്യമില്ല.

ജനിച്ച് ആറുമാസം കഴിയും മുന്നേ വരച്ചു തുടങ്ങി ക്ലിന്റ്. വീടിനു സമീപത്തെ ക്ഷേത്രങ്ങളിലെ ആഘോഷങ്ങളിലായിരുന്നു ആ കുഞ്ഞുചിത്രകാരന്റെ കണ്ണും മനസും ആദ്യം ഉടക്കിയത്. നെറ്റിപ്പട്ടം കെട്ടിയ ആനകളും ഉത്സവാന്തരീക്ഷങ്ങളും ക്ലിന്റ് വരച്ചിട്ടു. കഥകേള്‍ക്കാന്‍ കൊതിയേറെയുണ്ടായിരുന്ന ആ കുഞ്ഞ് അച്ഛനുമ്മയും പറഞ്ഞുകൊടുത്ത പഴങ്കഥകളിലെ കാഴ്ച്ചകളും പെന്‍സില്‍ തുമ്പ് കൊണ്ട് വരച്ചിട്ടു. ആനകള്‍, അമ്പലങ്ങള്‍, ദൈവങ്ങള്‍, തെയ്യങ്ങള്‍, കാറുകള്‍; ക്ലിന്റിന്റെ ചിത്രങ്ങളൊരോന്നും കാഴ്ച്ചക്കാരനെ അതിശയിപ്പിച്ചുകൊണ്ടേയിരുന്നു.

18 വയസിനു താഴെയുള്ളവര്‍ക്കായി നടത്തിയ ചിത്രരചന മത്സരത്തില്‍ പങ്കെടുത്ത് വിജയായികുമ്പോള്‍ ക്ലിന്റ് വെറും അഞ്ചു വയസുകാരന്‍ മാത്രമായിരുന്നു എന്നറിയുന്നിടത്താണ് ഈ ജീവിതം ഒരത്ഭുതമായി തോന്നുന്നത്. എത്രയോ കാലമെടുത്ത് ഒരാള്‍ ചിത്രരചയില്‍ സ്വായത്തമാകുന്ന പ്രതിഭാസ്പര്‍ശമാണ് എംടി ജോസഫിന്റെയും ചിന്നമ്മയുടെയും മകന്‍ ആ ചെറുപ്രായത്തില്‍ പ്രകടിപ്പിച്ചത്! ഒരു ചിത്രം വരയ്ക്കാന്‍ ആ കുഞ്ഞിന് സമയം അധികം വേണ്ടിയിരുന്നില്ല. എന്നാലാകട്ടെ, വരച്ചതത്രയും ജീവസുറ്റതും.

ഒടുവില്‍, വിസ്മയിപ്പിച്ചവരെയത്രയും വേദനിപ്പിച്ച് ക്ലിന്റ് പോയി. 1983 എപ്രില്‍ 15 ലെ വിഷുദിനത്തില്‍. മരണം ക്ലിന്റിനെ കൊണ്ടുപോകാന്‍ വൃക്കരോഗമായി ആ കരുന്ന് ശരീരത്തില്‍ കയറിക്കൂടിയിരുന്നു. ആരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ഫലമില്ലാതെ എഡ്മണ്ട് തോമസ് ക്ലിന്റ് പോയി.

ക്ലിന്റ് ഒരുപക്ഷേ ഈ ഭൂമിയില്‍ ഇല്ലായിരിക്കാം. പക്ഷേ, ആ ഓര്‍മകള്‍, ചിത്രങ്ങള്‍ ഒന്നും ഒരു നിമിഷം പോലും മറവിയിലേക്ക് പോകുന്നില്ല. ക്ലിന്റിനെ കുറിച്ച് പറയുന്നവര്‍, പറഞ്ഞുകൊണ്ടേയിരിക്കുന്നവര്‍ ഏറെയാണ്. ചിത്രങ്ങളുടെ കുഞ്ഞുമാലാഖയായി ക്ലിന്റ് ഇവിടെ തന്നെയുണ്ട്. ലോകം ആ കുഞ്ഞിനെയോര്‍ത്ത് അതിശയിക്കുന്നുണ്ട് ഇന്നും. ഹോളിവുഡ് നടന്‍ ക്ലിന്റ് ഈസ്റ്റ്‌വുഡിനോടുള്ള ഇഷ്ടമാണ് ജോസഫിനെ മകന് ക്ലിന്റ് എന്നു പേരു നല്‍കാന്‍ പ്രേരിപ്പിച്ചത്. അതേ ക്ലിന്റ് ഈസ്റ്റ്‌വുഡ് തന്റെയതേ പേരുകാരനായ അത്ഭുതബാലനെ കണ്ട് വിസ്മയിച്ചു എന്നത് മറ്റൊരു വാസ്തവം. ആംസ്റ്റര്‍ഡാമില്‍ പ്രദര്‍ശിപ്പിച്ച ക്ലിന്റ് എ ബ്രീഫ് അവര്‍ ബ്യൂട്ടി എന്ന ഡോക്യുമെന്ററിയിലൂടെയാണ് ക്ലിന്റ് ഈസ്റ്റ്വുഡ് വരകളുടെ ലോകത്തെ ആ ചെറുസൂര്യനെ കണ്ട് വിസ്മയിച്ചത്. തന്റെ ചിത്രത്തില്‍ കൈയൊപ്പിട്ട് ജോസഫിനും ചിന്നമയ്ക്കും ഒരു സന്ദേശമയക്കാനും ഹോളിവുഡിലെ വിഖ്യാത താരം മറന്നില്ല. അവിടെയാണ് ക്ലിന്റ് എന്ന പ്രതിഭാസത്തിന്റെ മഹത്വം ഒരിക്കല്‍ കൂടി തെളിയുന്നത്.

കേരള ടൂറിസം വകുപ്പിന്റെ ഉദ്യമത്തിലൂടെ ക്ലിന്റ് ഇനിയും ലോകത്തിനു മുന്നില്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരട്ടെ. ആസ്വാദകര്‍ക്കൊപ്പം പ്രതിഭകളെയും ക്ലിന്റ് സൃഷ്ടിക്കട്ടെ… അവരുടെ ചിത്രങ്ങള്‍ നിറയുന്ന ലോകത്തിന്റെ മുറിയില്‍ ക്ലിന്റ് ഒരു വിസ്മയ ചിത്രമായി മാറട്ടെ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍