UPDATES

വായന/സംസ്കാരം

ജീവിതാനുഭവങ്ങള്‍ കലയുടെ അതിരുകള്‍ പൊളിച്ചെഴുതുന്നു : സഹപീഡിയ ബൈഠക്

കലാപഠന കേന്ദ്രങ്ങള്‍ പരിശീലിപ്പിക്കുന്ന മനുഷ്യ ചിത്രണ രീതികളോടുള്ള കലഹമായി വേണം ആര്യകൃഷ്ണന്റെ കലാസൃഷ്ടിയെ കാണേണ്ടത് എന്ന് ഡോ .സന്തോഷ് സദാനന്ദന്‍ അഭിപ്രായപ്പെട്ടു.

കലാകൃത്തിന്റെ ജീവിതാനുഭവങ്ങള്‍ കലയുടെ അതിരുകള്‍ പൊളിച്ചെഴുതാന്‍ പര്യാപ്തമാണ് എന്ന് കലാകൃത്തും ക്യൂറേറ്ററും ആയ ആര്യകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സഹാപീഡിയ സംഘടിപ്പിച്ച പ്രതിമാസ ചര്‍ച്ചാ പരിപാടിയായ ബൈഠക്കില്‍ കലാവിമര്‍്ശകനായ ഡോ . സന്തോഷ് സദാനന്ദനുമായി സംസാരിക്കുകയായിരുന്നു ആര്യന്‍ . സമകാലിക കലാപ്രവര്‍ത്തങ്ങളുടെ മണ്ഡലം ശരീരം , സ്വത്വം , ലൈംഗികത തുടങ്ങിയവയാല്‍ പുനര്‍വിചിന്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

2018 കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായ സ്വീറ്റ് മരിയ മോനുമെന്റ് എന്ന പ്രതിഷ്ഠാപനത്തിന്റെ പിറവിയെ കുറിച്ചുള്ള ആര്യകൃഷ്ണന്റെ അവതരണത്തോടെയാണ് സംസാരം ആരംഭിച്ചത്. സ്വീറ്റ് മരിയ എന്ന ലൈംഗിക ന്യൂനപക്ഷ പ്രവര്‍ത്തകയുടെ കൊലപാതകത്തോടുള്ള പ്രതികരണമായാണ് ഈ കലാസൃഷ്ടി സംഭവിച്ചത് .ആര്യകൃഷ്ണന്റെ സുഹൃത്ത് കൂടി ആയിരുന്നു കൊല്ലപ്പെട്ട മരിയ. ഡല്‍ഹിയില്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് എക്‌സ്പ്രഷനിലെ പഠനകാലത്ത് ആണ് ആര്യകൃഷ്ണന്‍ ഈ സൃഷ്ടി ആരംഭിക്കുന്നത് . ‘കാലങ്ങള്‍ കൊണ്ടാണ് ഈ സൃഷ്ടി വളര്‍ന്നത് . അതെന്നില്‍ ഇപ്പോഴും വളരുന്നു’ എന്ന് ആര്യകൃഷ്ണന്‍ പറയുന്നു .

മറ്റ് പല ലൈംഗിക ന്യൂനപക്ഷ കലാകൃത്തുക്കളുടെയും കലാസൃഷ്ടികളെ സംയോജിപ്പിച്ച പ്രതിഷ്ഠാപനം കലാ വസ്തുവായും ക്യൂറേഷനായും ഒരേ സമയം മാറുന്നതായിരുന്നു . സ്വീറ്റ് മരിയയുമൊത്ത് കേരളത്തിലെ തെരുവുകളില്‍ പങ്കിട്ട സമയം കലയുടെ പതിവ് സങ്കേതങ്ങളില്‍ നിന്ന് പുറത്തു വരാന്‍ കലാസൃഷ്ടിയെ സഹായിക്കുന്നതായും ആര്യകൃഷ്ണന്‍ പറഞ്ഞു .

കലാപഠന കേന്ദ്രങ്ങള്‍ പരിശീലിപ്പിക്കുന്ന മനുഷ്യ ചിത്രണ രീതികളോടുള്ള കലഹമായി വേണം ആര്യകൃഷ്ണന്റെ കലാസൃഷ്ടിയെ കാണേണ്ടത് എന്ന് ഡോ .സന്തോഷ് സദാനന്ദന്‍ അഭിപ്രായപ്പെട്ടു .ന്യൂനപക്ഷ ഭാഷയും ചിന്തയും സൃഷ്ടിക്കാന്‍ ഈ കാലാവസ്തുവിന് സാധിക്കുമെന്നും ഡോ .സന്തോഷ് നിരീക്ഷിച്ചു.

ജീവിതാനുഭവങ്ങളാല്‍ പ്രചോദിതമാകുമ്പോഴും അവയുടെ ലളിതമായ ആഖ്യാനത്തെ പ്രതിരോധിക്കുന്ന ഇത്തരം കലാസൃഷ്ടികള്‍ സാര്‍വലൗകിക കലകളുടെ നിര്‍മാണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.,സ്വത്വ വാദവുമായി ബന്ധപ്പെട്ട ലളിത സമവാക്യങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ഈ ശ്രദ്ധ ആവശ്യമാണ് എന്നും ഡോ .സന്തോഷ് അഭിപ്രായപ്പെട്ടു . ദളിത് സാഹിത്യത്തില്‍ സമാനമായ സന്ദര്‍ഭങ്ങള്‍ ഉണ്ടെന്നും സ്വത്വ വാദപരമായി ആരംഭിക്കുന്ന ഭാഷണങ്ങള്‍ സ്വത്വത്തെ മറികടക്കുന്നെണ്ടെന്നും ഡോ .സന്തോഷ് പറഞ്ഞു . വി വി വിനു , കെ പി റെജി തുടങ്ങിയ പ്രമുഖ കലാകാരാര്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍