UPDATES

വായന/സംസ്കാരം

മലയാള സിനിമയില്‍ യേശുദാസ് യുഗം അവസാനിക്കുകയാണോ?

അതേ സ്വരം സിനിമയ്ക്ക് പുറത്തു വാ തുറക്കാതിരുന്നെങ്കില്‍ എന്നും തോന്നിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ് വലിയ കോമഡി.

വളരെ നിശബ്ദമായി, മലയാള സിനിമയില്‍ ഒരു യുഗം അവസാനിക്കുകയാണ്. വലിയ പേരുകളായ യേശുദാസ്, ജയചന്ദ്രന്‍, എംജി ശ്രീകുമാര്‍, വേണുഗോപാല്‍, ചിത്ര, സുജാത, അങ്ങനെ ഈ തലമുറയുടെ തുടക്കം വരെ നമ്മുടെ പിന്നണി ഗാന രംഗം അടക്കി വാണ സ്വരങ്ങള്‍ പതിയെ പിന്‍വാങ്ങുകയാണ്. ഈ മാറ്റം ഏതാണ്ട് പൂര്‍ത്തിയായി എന്ന് തന്നെ പറയാം. ഇക്കൂട്ടത്തില്‍ യേശുദാസിനും ജയചന്ദ്രനും മറ്റുള്ളവരെക്കാള്‍ ഒരു തലമുറ കൂടി പ്രായമുണ്ട്. യേശുദാസ് പക്ഷെ അങ്ങനെ തന്നെയൊരു ഗാനശാഖയാണ്. സിനിമാ ഗാനങ്ങള്‍ക്ക് പുറത്തു സജീവമാണെങ്കിലും, അദ്ദേഹം സിനിമയില്‍ പാടുന്നത് ഏതാണ്ട് അവസാനിപ്പിച്ച പോലെയാണ്.

അരനൂറ്റാണ്ട് അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞു നിന്ന കരിയറില്‍ അദ്ദേഹം എത്ര പാട്ടുകള്‍ക്ക് ജീവന്‍ നല്‍കിയെന്ന് കൃത്യമായൊരു നിശ്ചയം ആര്‍ക്കുമില്ല. അരലക്ഷമെന്നും ഒരു ലക്ഷമെന്നും പറയുന്നവരുണ്ട്. കശ്മീരിയും അസമീസും കൊങ്ങിണിയുമല്ലാത്ത എല്ലാ ഇന്ത്യന്‍ ഭാഷകളിലും യേശുദാസിന്റേതായി പാട്ടുകളുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറത്ത് ഇംഗ്ലീഷ്, അറബി, ലാറ്റിന്‍, റഷ്യന്‍ ഭാഷകളിലും ആ സ്വരത്തില്‍ ഗാനങ്ങളുണ്ട്. തന്റെ കാലം, തന്റെ മാത്രം കാലമാക്കിയ അനന്യ പ്രതിഭ.

ഓള്‍ ഇന്ത്യാ റേഡിയോ തിരുവനന്തപുരം നിലയത്തില്‍ ഓഡിഷന്‍ ടെസ്റ്റ് നടത്തി അധികൃതര്‍ പ്രക്ഷേപണ യോഗ്യമല്ല എന്ന് വിലയിരുത്തിയ ശബ്ദമാണ് പിന്നീട് അഞ്ചു ദശകങ്ങളോളം മലയാളിയുടെ ഊണിലും ഉറക്കത്തിലും ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഒന്നുപോലെ സംഗീതം നിറച്ചത്. ചരിത്രമാണ് ചിലപ്പോഴൊക്കെ ഏറ്റവും വലിയ ട്രോളന്‍. ഒരുപക്ഷെ യേശുദാസിന്റെ തലമുറയില്‍ പെട്ടതുകൊണ്ടു ഏറ്റവും കൂടുതല്‍ നിര്‍ഭാഗ്യങ്ങള്‍ നേരിട്ടത് ജയചന്ദ്രനാവും. കഴിവിന്റെ ധാരാളിത്തമുണ്ടായിട്ടും യേശുദാസെന്ന ടവറിങ് ഫിഗറിന്റെ കീഴിലായി ഒതുങ്ങിപ്പോവേണ്ട ഗതികേട് ഒരു വല്ലാത്ത അവസ്ഥയാണ്. പക്ഷെ ചാവുമ്പോഴും മോതിരമിട്ട കൈകൊണ്ടു ചാവണം എന്ന് പറയും കാരണവന്മാര്‍. എന്നിരിക്കിലും ഭാവഗായകന് പകരം വെയ്ക്കാന്‍ ഇപ്പോഴും നമുക്ക് ആളെ കിട്ടിയിട്ടില്ല.

സാമ്പ്രദായിക പുരുഷ സ്വരമാണ് യേശുദാസിന്റെതെന്നും, കഴിവേറിയ മറ്റു സമകാലികരേക്കാളും യേശുദാസ് മുന്നേറിയത് അദ്ദേഹമൊരു കരിയറിസ്റ്റായതു കൊണ്ടുമാണ് എന്ന ആക്ഷേപങ്ങളുണ്ട്. സിനിമാ ഗാന ശാഖ അപ്ലെയിഡ് മ്യൂസിക്കാണ്. ഒരു കൃത്യമായ സാഹചര്യത്തിന് ഇണങ്ങും വിധമായിരിക്കണം അതിന്റെ എക്‌സിക്ക്യൂഷന്‍. യേശുദാസിന്റെ മികവും അവിടെയാണ്. രാഗങ്ങളുടെ മേലുള്ള കൃത്യമായ നിയന്ത്രണം. അതിനോട് ചേര്‍ന്ന് ഭാവ സാന്ദ്രമായി, ഉച്ചാരണ ശുദ്ധിയോടെ, തെളിഞ്ഞ സ്വരത്തിലാണ് ആലാപനം. യേശുദാസിനെക്കാളും മികച്ച ഗായകരുണ്ട്. നിസ്സംശയമുണ്ട്. പക്ഷെ പിന്നണി ഗായകരുണ്ടോ എന്നതാണ് ചോദ്യം. യേശുദാസിന് ഒരു സ്വരമേ ഉള്ളുവെന്നും സാഹചര്യത്തിന് അനുസരിച്ചു സ്വരം മാറ്റാന്‍ അറിയില്ല എന്നും കളിയാക്കുന്നവരുണ്ട്. സ്വരം മാറ്റിപ്പാടാന്‍ പിന്നണി ഗാനം മിമിക്രിയല്ലല്ലോ.

ഫ്രഞ്ച് ലെജന്‍ഡ് ത്രൂഫോ, അമിതാഭ് ബച്ചനെക്കുറിച്ചു പറഞ്ഞത് വണ്‍ മാന്‍ ഇന്‍ഡസ്ട്രിയെന്നാണ്. ആ വിശേഷണം ഒരുപക്ഷെ തന്റെ മേഖലയില്‍ ഏറ്റവും ചേരുന്നത് യേശുദാസിനായിരിക്കും (യേശുദാസിനേക്കാള്‍ ചേരുന്നത് എസ്പിബിക്കും). അര ലക്ഷം പാട്ടുകള്‍. ഓരോ പാട്ടും കുറഞ്ഞത് മൂന്നര മിനിട്ടുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെ തുടര്‍ച്ചയായി നാല് മാസം, രാവും പകലും കേള്‍ക്കണം യേശുദാസിന്റെ മുഴുവന്‍ പാട്ടുകളും ഒന്ന് കേട്ട് തീരാന്‍. സാമ്പ്രദായിക പുരുഷ സ്വരവും, പ്രേം നസീറിന്റെ സുദീര്‍ഘ നായക സ്ഥാനവും അദ്ദേഹത്തിന്റെ കരിയറിന്റെ ഗതി നിര്‍ണ്ണയിച്ചിട്ടുണ്ട്. പക്ഷെ അറുപതു വര്‍ഷക്കാലം തന്റെ സംഗീതത്തില്‍ ഒരു ജനതയെ മുഴുവന്‍ പിടിച്ചിരുത്താന്‍ അത് മാത്രം പോരല്ലോ. പക്ഷെ അതേ സ്വരം സിനിമയ്ക്ക് പുറത്തു വാ തുറക്കാതിരുന്നെങ്കില്‍ എന്നും തോന്നിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ് വലിയ കോമഡി.

യേശുദാസിന്റെയും മറ്റു മുന്‍തലമുറ ഗായകരുടെയും പാട്ടില്ലാത്ത മലയാള സിനിമ കടക്കുന്നത് പുതിയൊരു യുഗത്തിലേക്കാണ്. ഹിന്ദിയിലൊക്കെ ഈ മാറ്റം ഏതാണ്ട് പത്തുവര്‍ഷം മുന്‍പ് തന്നെ വന്നു കഴിഞ്ഞതാണ്. റിയാലിറ്റി ഷോകള്‍ കാരണം കേരളത്തിലിപ്പോള്‍ തേങ്ങയെക്കാളും കൂടുതല്‍ ഗായകരാണ്. അതുകൊണ്ടു തന്നെ ഇനിയങ്ങോട്ട് കൂടുതലും ഉണ്ടാകാന്‍ പോകുന്നത് വണ്‍ സോങ് വണ്ടറുകളാവാനാണ് സാധ്യത. ഒറ്റപ്പാട്ടുകൊണ്ട് ട്രെന്‍ഡ് ഉണ്ടാക്കി പിന്നീട് മണ്മറഞ്ഞു പോകുന്നവര്‍. പിന്നീടവരെ കാണണമെങ്കില്‍ ഓണത്തിന് കൈരളി ചാനലിലെ ഓണപ്പാട്ട് പരിപാടി വെയ്ക്കണം എന്ന അവസ്ഥയാണ്.

(ആര്‍ജെ സലീം ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആര്‍ജെ സലിം

ആര്‍ജെ സലിം

സാമൂഹ്യ നിരീക്ഷകന്‍, ഇപ്പോള്‍ യുഎഇ റാസ് അല്‍ ഖൈമയില്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍