UPDATES

ട്രെന്‍ഡിങ്ങ്

ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ മിര്‍സ ഖാലിബ് ആരാണ്?

ഈ ലോകം ഒരു ശരീരമാണ്, ഡല്‍ഹി അതിന്റെ ആത്മാവും: മിര്‍സ ഖാലിബിന്റെ 220-ാം ജന്മവാര്‍ഷികമാണ് ഇന്ന്

പ്രശസ്ത ഉറുദു കവി മിര്‍സ ഖാലിബിന്റെ 220-ാം ജന്മവാര്‍ഷികമാണ് ഇന്ന്. സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ അദ്ദേഹത്തിന് വേണ്ടി പ്രത്യേക ഡൂഡില്‍ തയ്യാറാക്കിയാണ് ആദരിച്ചിരിക്കുന്നത്.

1797ല്‍ ആഗ്രയിലാണ് മിര്‍സ ഖാലിബ് എന്ന മിര്‍സ അസദുള്ള ബെയ്ഗ് ജനിച്ചത്. മുഗള്‍ കാലഘട്ടത്തിന്റെ അവസാന നാളുകളില്‍ ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അദ്ദേഹം എഴുതിയ കവിതകള്‍ ഏറെ ആഘോഷിക്കപ്പെട്ടു. ഉറുദു ഭാഷയിലെ ഏറ്റവും സ്വാധീനമുള്ള കവിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. പതിനൊന്നാം വയസ്സിലാണ് ഉറുദുവില്‍ കവിതയെഴുതി തുടങ്ങിയത്. മാതൃഭാഷ ഉറുദു ആണെങ്കില്‍ പേര്‍ഷ്യന്‍, ടര്‍ക്കിഷ് ഭാഷകളും അദ്ദേഹത്തിന്റെ വീട്ടില്‍ സംസാരിച്ചിരുന്നു. പേര്‍ഷ്യന്‍, അറബ് ഭാഷകളിലാണ് വിദ്യാഭ്യാസം നേടിയത്.

മുഗള്‍ വാസ്തു ശൈലിയിലെ ഒരു കെട്ടിടത്തിലെ ജനലിനോട് ചേര്‍ന്ന് പേനയും പേപ്പറും പിടിച്ച് നില്‍ക്കുന്ന ഖാലിബിനെയാണ് ഗൂഗിള്‍ ഡൂഡില്‍ ആക്കിയിരിക്കുന്നത്. ‘വളരെ കുട്ടിക്കാലത്തേ അനാഥനായത് മുതല്‍ മുഗള്‍ ഭരണത്തിനെതിരെ നടന്ന വിപ്ലവത്തില്‍ ഏഴ് മക്കളെയും അവരുടെ ശൈശവകാലത്തേ നഷ്ടമായതു വരെയും അദ്ദേഹത്തിന്റെ ദുരന്ത ജീവിതം തുടര്‍ന്നു. അദ്ദേഹം സാമ്പത്തികമായും ദുരിതമനുഭവിച്ചിരുന്നു. ഒരിക്കലും സ്ഥിരവരുമാനമുള്ള ജോലി ലഭിച്ചിരുന്നില്ല. പകര്‍പ്പവകാശവും സമ്പന്നരായ സുഹൃത്തുക്കളുമായിരുന്നു അദ്ദേഹത്തിന്റെ രക്ഷാധികാരികള്‍’ ഗൂഗിള്‍ തങ്ങളുടെ ബ്ലോഗില്‍ വിവരിക്കുന്നു.

സരസവും ബൗദ്ധികവും ജീവിതത്തോടുള്ള പ്രണയവും കൊണ്ട് ഈ ദുരന്ത ജീവിതത്തെ അദ്ദേഹം തരണം ചെയ്തു. ഉറുദു കവിതയിലും ഗദ്യത്തിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ജീവിതകാലത്ത് ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഭ പിന്നീട് ആഘോഷിക്കപ്പെട്ടു. പ്രത്യേകിച്ചും ഉറുദു ഗസലുകളില്‍ അദ്ദേഹം നല്‍കിയ മാസ്റ്റര്‍പീസുകള്‍’.

തന്റെ വിവാഹം ഒരു രണ്ടാം തടവ് ജീവിതമായിരുന്നുവെന്നും ആദ്യ തടവ് ജീവിതം ജീവിതം തന്നെയായിരുന്നുവെന്നും ഒരു കത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ജീവിതമെന്നത് വേദന നിറഞ്ഞ ഒരു പോരാട്ടമാണെന്നും അത് ജീവിതത്തോടെ മാത്രമേ അവസാനിക്കുകയുള്ളൂവെന്നും അദ്ദേഹത്തിന്റെ കവിതകള്‍ പറയുന്നു. ഈ ലോകം ഒരു ശരീരമാണ്, ഡല്‍ഹി അതിന്റെ ആത്മാവും എന്നാണ് അദ്ദേഹം ഡല്‍ഹിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഡല്‍ഹിയെന്നാല്‍ പലര്‍ക്കും ഖാലിബ് ആണെന്നതില്‍ നിന്നു തന്നെ ഡല്‍ഹിയും അദ്ദേഹവും തമ്മിലുള്ള ബന്ധം വ്യക്തമാകും.

1869ല്‍ ഡല്‍ഹിയിലാണ് അദ്ദേഹം അന്തരിച്ചത്. പഴയ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലെ ബല്ലിമരാനിലുള്ള ഗാലി ഖ്വാസിം ജാനില്‍ ആയിരുന്നു അവസാന നാളുകളില്‍ താമസിച്ചിരുന്നത്. ഖാലിബ് കി ഹവേലി എന്നാണ് അത് ഇപ്പോള്‍ അറിയപ്പെടുന്നത്. ഖാലിബ് സ്മാരകമായി മാറിയിരിക്കുന്ന ഇവിടെ സ്ഥിരമായി ഖാലിബ് എക്‌സിബിഷന്‍ നടക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍