UPDATES

വായന/സംസ്കാരം

ഭൂരിപക്ഷവാദമല്ല ഭരണഘടനയാണ് പ്രധാനമെന്ന് ; അഭിഭാഷകന്‍ കാളീശ്വരം രാജ്

വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും ലിംഗ സമത്വത്തെയും രണ്ടു ധ്രുവങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ടുള്ള വാദങ്ങള്‍ ശരിയല്ല

ഭൂരിപക്ഷവാദമല്ല ഭരണഘടനാ മൂല്യങ്ങള്‍ അനുസരിച്ചാണ് നിയമ വ്യവസ്ഥ  നിലകൊള്ളേണ്ടതെന്നു പ്രമുഖ അഭിഭാഷകന്‍ കാളീശ്വരം രാജ്. കൃതിയില്‍ ചരിത്ര വിധികളും വിധികളുടെ ചരിത്രവും എന്ന വിഷയത്തില്‍ മകളും അഭിഭാഷകയുമായ തുളസി കെ. രാജുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീ പ്രവേശന വിധിപോലുള്ള വിഷയങ്ങളില്‍ ഭരണഘടയിലെ വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും ലിംഗ സമത്വത്തെയും രണ്ടു ധ്രുവങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ടുള്ള വാദങ്ങള്‍ ശരിയല്ലെന്നും കാളീശ്വരം രാജ് പറഞ്ഞു.

ഭരണഘടനയുടെ 25ാം വകുപ്പ് മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചു മാത്രമുള്ളതല്ല. വിവിധ ബോധ്യങ്ങള്‍ നിലനിര്‍ത്താനുള്ള വ്യക്തികളുടെ അവകാശത്തിനു വേണ്ടിയുള്ളതാണ്. ഭൂരിപക്ഷത്തിന്റെ ബോധമല്ല ഭരണഘടനാ ധാര്‍മികതയാണ് കോടതികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഭൂരിപക്ഷത്തിന്റെ ആധിപത്യമെന്ന പരമ്പരാഗത ജനാധിപത്യമല്ല ഭരണഘടനാ ജനാധിപത്യം. ലൈംഗിക ന്യൂനപക്ഷങ്ങളുടേതടക്കമുള്ള വിഷയങ്ങളില്‍ ഇക്കാര്യം പ്രസക്തമാണ്. ശബരിമല വിഷയത്തില്‍ പുനപരിശോധനാ ഹരജികള്‍ ഭൂരിപക്ഷവും നിയമപരമായി കഴമ്പില്ലാത്തവയാണ്. ഭരണഘടനയെ കൃത്യമായി പഠിച്ച് പുറപ്പെടുവിച്ചതാണ് കേസിലെ സുപ്രീം കോടതി വിധി. അതിനെതിരായ പുനപരിശോധനാ ഹര്‍ജികള്‍ പരാജയപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്ര വിധികള്‍ മാത്രമല്ല കോടതികള്‍ പുറപ്പെടുവിക്കുന്നത്. ഭരണഘടനക്കകത്തുനിന്നാണ് കോടതി പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും ഭരിക്കുന്നവരുടെ ബോധത്തിന് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ മാറ്റിനിര്‍ത്തുന്ന അവസരങ്ങളുണ്ട്. കഴിഞ്ഞ ആഗസ്തില്‍ ഭീമകൊറേഗാവ് വിഷയവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ കോടതി സ്വീകരിച്ച നിലപാടടക്കം ചര്‍ച്ചയാവേണ്ടതുണ്ട്. പൊതുബോധത്തിനനുസരിച്ച് വിധിപറയുന്ന സംഭവങ്ങളടക്കം ഉദാഹരണങ്ങളായുണ്ട്. ഇത്തരം നടപടികളും ചരിത്ര വിധികള്‍ക്കൊപ്പം ചര്‍ച്ചയാവേണ്ടതുണ്ടെന്നും കാളീശ്വരം രാജ് കൂട്ടിച്ചെര്‍ത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍