UPDATES

വായന/സംസ്കാരം

ഇന്ത്യയില്‍ ജാതിവ്യവസ്ഥയും ബ്രാഹ്മണാധികാരവും പുനഃസ്ഥാപിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു; ഡോ. പി കെ പോക്കര്‍

നമ്മള്‍ സൂക്ഷിക്കുന്ന എത്തിക്കല്‍ ന്യൂട്രാലിറ്റി വളരെ അപകടകരമാണ്

ഇന്ത്യയില്‍ ജാതിവ്യവസ്ഥയുടെയും ബ്രാഹ്മണാധികാരത്തിന്റെയും എല്ലാം പുനഃസ്ഥാപനം നടത്താനുള്ള സജീവമായ ശ്രമം ഭരണകൂട തലത്തില്‍ തന്നെ നടക്കുന്നതായി കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറും ചിന്തകനുമായ ഡോ. പി കെ പോക്കര്‍. കൃതി സാഹിത്യോത്സവത്തില്‍ എം പി പോള്‍ വേദിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക ഫാസിസം എന്ന സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലയിലൂടെ ജനങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ എം.എഫ് ഹുസൈന് നാടുവിടേണ്ടി വരുമ്പോള്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്താന്‍ നമുക്കായില്ല. സാംസ്‌കാരിക ഫാസിസത്തിന് അനുകൂലമായൊരു സാഹചര്യം ഇവിടെയുണ്ടോ എന്നറിയാനുള്ള ലിറ്റ്മസ് ടെസ്റ്റായിരുന്നു അത്. അന്ന് ഇവിടെ പുലര്‍ന്ന നിസംഗത അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കുന്നത് പോലെയുള്ള, അദ്ദേഹത്തിന്റെ മരണത്തില്‍ ലഡു വിതരണം ചെയ്യുന്നത് പോലെയുള്ള പ്രവൃത്തികള്‍ക്ക് ധൈര്യം പകരുകയായിരുന്നു. നമ്മള്‍ സൂക്ഷിക്കുന്ന ഈ എത്തിക്കല്‍ ന്യൂട്രാലിറ്റി വളരെ അപകടകരമാണ്. ഒരു രാജ്യത്തിന്റെ ദേശത്തിന്റെ ജനതയുടെ നിലനില്‍പ്പ് വാസ്തവത്തില്‍ അവരുടെ ആവിഷ്‌കാരങ്ങളിലുള്ള സ്വാതന്ത്യങ്ങളിലാണ്; ഡോ. പി കെ പോക്കര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ ജാതിവ്യവസ്ഥയുടെ, ബ്രാഹ്മണാധികാരത്തിന്റെ ഒക്കെ പുനഃസ്ഥാപനം നടത്താനുള്ള സജീവമായ ശ്രമം ഭരണകൂട തലത്തില്‍ തന്നെ നടക്കുന്നുണ്ടെന്നും പി കെ പോക്കര്‍ വ്യക്തമാക്കി. പ്രാദേശികമായ സാഹചര്യങ്ങള്‍ക്കും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങള്‍ക്കും പുറമെയാണ് ആള്‍ക്കൂട്ടങ്ങളുടെ ഹിംസാത്മകത കൂടി ഉപയോഗിക്കുന്നത്. എല്ലാ വിയോജിപ്പുകള്‍ക്കും പുറമെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും കവിത എഴുതാനും ജീവിക്കാനും അതിജീവിക്കാനും ജാഗ്രതയോടെ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്.

എവിടെ കൂടിയാലും സംവാദത്തിലേര്‍പ്പെടുന്ന, രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. ഇപ്പോള്‍ ഫേസ്ബുക്കില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നും ചെയ്യുന്നുമുണ്ട്. പക്ഷേ മധുവിനെ അടിച്ച് കൊല്ലുമ്പോള്‍ ഫേസ്ബുക്ക് ഉണ്ടാകില്ലല്ലോ. ഫേസ്ബുക്കില്‍ അയ്യായിരം സുഹൃത്തുക്കളുണ്ടാകും, പക്ഷേ ഞാനിവിടെ വീണു കിടക്കുമ്പോള്‍ എടുക്കണമെങ്കില്‍ മനുഷ്യത്യമുള്ള ആരെങ്കിലും ഇവിടെ വേണം.

സിനിമ തിയേറ്ററില്‍ ആദ്യം കേള്‍പ്പിക്കുന്ന ദേശീയ ഗാനം കൂടാതെ സിനിമയ്ക്കകത്തുള്ള ദേശീയ ഗാനത്തിനും ജനം എണീറ്റ് നിക്കുകയും അത് ചെയ്യാത്തവനെ കായികമായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന തരം അവസ്ഥയാണ്. അത്തരം വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഒരാളെ തല്ലുന്നത് കണ്ടാല്‍ തടയാനുള്ള ശാരീരിക സ്ഥിതി ഇല്ലാത്തത് കൊണ്ട് അക്കാലത്ത് ഞാര്‍ തിയേറ്റില്‍ പോക്ക് നിര്‍ത്തിയിരുന്നു; പി കെ പോക്കര്‍ പറഞ്ഞു.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍