UPDATES

വായന/സംസ്കാരം

ചമ്പാരൻ പ്രക്ഷോഭം നാടകമാവുന്നു; കര്‍ഷക വിരുദ്ധ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ ഓര്‍മ്മപ്പെടുത്തലായി

കെ. പി. സി. സിയുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി പാലക്കാട് ചാപ്റ്ററാണ് നാടകം അരങ്ങിലെത്തിക്കുന്നത്

കർഷകവിരുദ്ധ നിലപാടുകളെടുക്കുന്ന ഭരണകൂടങ്ങൾക്കുള്ള താക്കീതെന്നോണം ഇന്ത്യയിലെ ആദ്യ അഹിംസാത്മക സമരമായ ചമ്പാരൻ നീലം കർഷക സമരം “ചമ്പാരൻ” എന്നപേരിൽ നാടകരൂപത്തിൽ വേദിയിലെത്തുന്നു. കെ. പി. സി. സിയുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി പാലക്കാട് ചാപ്റ്ററാണ് നാടകം അരങ്ങിലെത്തിക്കുന്നത്. കൃഷിഭൂമി നിലനിർത്തുന്നതിനായി സമരം ചെയ്യേണ്ടി വരുന്ന വയൽക്കിളികളുടെയും, കർഷകാവകാശങ്ങൾക്കായി പോരാടേണ്ടി വരുന്ന കർഷകരുടെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് 100 വർഷം മുൻപ് നടന്ന ആദ്യ ജനകീയ കർഷക സമരത്തെ സാഹിതി പ്രവർത്തകർ വേദിയിലെത്തിക്കുന്നത്. ഭരണകൂടങ്ങൾക്ക് സ്ഥാനമാറ്റം വന്നെങ്കിലും കർഷകരുടെ അവസ്ഥ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്ന് നിസംശയം ഓർമപ്പെടുത്തുന്നു നാടകം.

“ചമ്പാരന്‍റെ” രചന നിർവഹിച്ച ഡോ. മനോജ് കല്ലൂർ നാടകത്തെക്കുറിച്ച്

“ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾ പൊതുജീവിതത്തിൽ നീരാളി കൈകളാഴ്ത്തിയിരിക്കുന്ന സമകാലികതയിൽ ഇന്ത്യയിലെ ആദ്യ അഹിംസാത്മക സത്യാഗ്രഹത്തിന്റെ ഓർമ്മ പുതുക്കലാണ് ചമ്പാരൻ നാടകം. ഒപ്പം അധികാരത്തിന്റെ ആലസ്യത്തിലും അഹങ്കാരത്തിലും സ്വന്തം ജനതയെ മറന്നുപോകുന്ന ഭരണാധികാരികൾക്കുള്ള താക്കീതും”.

ചമ്പാരൻ സമരം

1917 വരെ ബീഹാറിലെ ചമ്പാരൻ എന്ന സ്ഥലം വിശാലമായ നീലം കൃഷിയിയുടെ കേന്ദ്രമായിരുന്നു. പ്രദേശത്തെ കർഷകർക്കു തങ്ങൾ കൃഷി ചെയ്യുന്ന ഭൂമിയുടെ 20ൽ മൂന്നു ഭാഗം നിർബന്ധിത നീലം കൃഷിക്കായി മാറ്റിവയ്‌ക്കേണ്ടി വന്നു. “തീൻ കഥിയ വ്യവസ്ഥ” എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഇത്തരത്തിൽ കർഷകർ സ്വന്തം കൃഷിയിടത്തിൽ മാറ്റിവയ്ക്കപ്പെട്ട സ്ഥലത്ത് ഇറക്കുന്ന കൃഷിയുടെ ഉൽപ്പാദനം വളരെ തുച്ഛമായ വിലയ്ക്കാണ് ബ്രിട്ടീഷുകാർ വാങ്ങിയിരുന്നത്. അക്കാലത്ത് യൂറോപ്പിലേക്ക് വൻതോതിൽ നീലം ആവശ്യമായി വന്നതാണ് കൃഷിയിടം വൻതോതിൽ നീലം കൃഷിക്കായി ഉപയോഗപ്പെടുത്താൻ കാരണം. നിയമങ്ങളും ചട്ടങ്ങളുമെല്ലാം ബ്രിട്ടീഷുകാരുടേതായിരുന്നു. ആയിരക്കണക്കിന് കർഷകർ കൊടും പട്ടിണികൊണ്ടു വലയുന്ന സമയത്തായിരുന്നു ഇത്തരത്തിൽ ജമീന്ദാർമാരും ബ്രിട്ടീഷുകാരും ചേർന്ന് കർഷകരുടെ ഭൂമി ഉപയോഗപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ നീതിരഹിതമായ “തീൻ കഥിയ വ്യവസ്ഥ”ക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ കർഷകർ നടത്തിയ സമരമാണ് ഒന്നാം ചമ്പാരൻ സമരം. പിന്നീട് സിന്തറ്റിക് നീലം ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയതോടെ ബീഹാറിലെ കൃഷിസ്ഥലത്ത് നീലം കൃഷി ചെയ്യുന്നത് നിർത്തി. കർഷകർക്ക് നഷ്ടപരിഹാരം പോലും നൽകാതെ ഒറ്റയടിക്ക് കൃഷി നിർത്തിയത് കർഷകരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ടാം ചമ്പാരൻ സമരവും തുടങ്ങി. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന രണ്ടു സമരങ്ങളും വിജയം കണ്ടു.

ലോങ്ങ്മാർച്ചില്‍ ത്രസിച്ചത് ചമ്പാരൻ പ്രക്ഷോഭ സ്മരണകൾ

പുതിയ കാലത്തിൽ ചമ്പാരൻ നാടകത്തിന്റെ പ്രസക്തി

“കോർപ്പറേറ്റുകളുടെ വ്യാവസായിക താൽപ്പര്യങ്ങൾക്ക് വേണ്ടി കർഷകരെ ഇല്ലാതാക്കുന്ന നയമാണ് ഇന്ന് ഭരണകൂടങ്ങൾ സ്വീകരിക്കുന്നത്. മുൻപ് ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് കർഷക ചൂഷണങ്ങൾക്കെതിരെയാണ് സമരങ്ങൾ നടന്നിരുന്നതെങ്കിൽ ഇന്ന് കർഷകർ തങ്ങളുടെ നിലനിൽപ്പിനായി കാർഷിക ഭൂമിക്കുവേണ്ടി തന്നെയും സമരം ചെയ്യുന്ന അവസ്ഥയിലാണ്. ചമ്പാരൻ സമരം കഴിഞ്ഞു 100 വർഷം പിന്നിടുമ്പോൾ ഏത് രീതിയിലായാലും കർഷകരുടെ അവസ്ഥക്ക് മാറ്റം വരുന്നില്ലെന്നതാണ് യാഥാർഥ്യം”. സംസ്‌കാരസാഹിതിയുടെ ജില്ലാ ചെയർമാനും ചമ്പാരൻ നാടകത്തിന്റെ സംവിധായകനുമായ ബോബൻ മാട്ടുമന്ത പറയുന്നു.

മഹാത്മാഗാന്ധി നൂറ്റി അന്‍പതാം ജന്മവാർഷികത്തോടും ചമ്പാരൻ സമരത്തിന്റെ നൂറാം വാർഷികത്തോടുമനുബന്ധിച്ചാണ് നാടകം അരങ്ങിലെത്തുന്നത്. ഇന്ത്യയിൽ ഗാന്ധിജി നയിച്ച ആദ്യ സമരത്തിന്റെ നൂറാം വാർഷികം ഒരുപക്ഷേ, മനപ്പൂർവ്വമോ അല്ലാതെയോ കോൺഗ്രസ് പാർട്ടി പോലും മറന്നുപോയിടത്താണ് സമരത്തിന് സംസ്‌കാര സാഹിതി രംഗാവിഷ്കാരം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഡോ. കെ. വി. മനോജ് കല്ലൂരിന്റേതാണ് രചന. ബോബൻ മാട്ടുമന്ത സംവിധാനം നിർവഹിച്ചിരിക്കുന്നു. അഖിലേഷ് കുമാർ, മുരളി മങ്കര, ബിനീഷ് കാടൂർ, ജെയ്‌സൺ ചാക്കോ, രമേഷ് മങ്കര, ദീപം സുരേഷ്, രാമൻ മങ്കര, സുനിൽ തിരുനെല്ലായ്, ഉമേഷ് കൊല്ലങ്കോട്, അഡ്വ. ഗിരീഷ് നൊച്ചുള്ളി, സെലിൻ സെബാസ്റ്റ്യൻ, ബീനാ ജയൻ, വി. റാണി, ഗീതാമ്മ, ഷൈജു മരുതറോഡ്, റാഫി ജൈനിമേട്, സുഗന്ധരാജ്, ദിലീപ് മാത്തൂർ, ടി. ആർ. രതീഷ്, കലാധരൻ ഉപ്പുംപാടം, അഭിജിത് ദ്രോണ, കെ. എൻ. സഹീർ, പുത്തൂർ രാമചന്ദ്രൻ, വി. പ്രദീപ്, പി. എസ്‌. രാമനാഥൻ, മണ്ണൂർ ബാലകൃഷ്ണൻ, മഹേഷ്, ബിനോയ് ജേക്കബ്, എസ്‌. മുഹമ്മദ് റാഫി, ഷാക്കിർ അഹമ്മദ് എന്നിവർ കഥാപാത്രങ്ങളാകുന്നു.

സഹസംവിധാനം അഡ്വ. ലിജോ പനങ്ങാടൻ.
പശ്ചാത്തല സംഗീതം- കെ. എ. ബാബുരാജ്, നീരജ് എം. രമേഷ്.
മേക്കപ്പ്- റഫീഖ് കാറൽമണ്ണ.
കല- ബി ആൻഡ് എം. മനോജ്.
ആലാപനം- ഗീതു പ്രവീൺ, നിധിൻ ദണ്ഡപാണി. ഡ്രാമ കോ- ഓർഡിനേറ്റർ- മച്ചിങ്ങൽ ഹരിദാസ്.
പി. ആർ. ഒ.- കെ. സദ്ദാം ഹുസ്സൈൻ.

ഏപ്രിൽ 7 ന് പാലക്കാട്‌ ചെമ്പൈ സംഗീത കോളേജിൽ വൈകീട്ട് അഞ്ചിനാണ് നാടകം.

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍