UPDATES

വീഡിയോ

മരങ്ങളായും ചില്ലകളായും പക്ഷികളായും മാറുന്ന കുട്ടികള്‍; നാടകമല്ല, ഇവിടെ പഠിപ്പിക്കുന്നത് ജീവിതം; കോഴിക്കോട്ടെ പൂക്കാട് കലാലയത്തില്‍ നടക്കുന്ന വിദ്യാഭ്യാസ വിപ്ലവം

നാല്‍പ്പത്തിയഞ്ചു വര്‍ഷക്കാലമായി ഒരു പ്രദേശത്തെ എല്ലാ ബാല്യങ്ങളെയും കലയുടെ വഴിയിലേക്ക് കൈപിടിച്ചെത്തിക്കുകയാണ് പൂക്കാട് കലാലയം

ശ്രീഷ്മ

ശ്രീഷ്മ

“അവിടെയാണെങ്കില്‍ കുറേ മരങ്ങളുണ്ട്. മരങ്ങളൊക്കെ എങ്ങനെയാണ്? കുറേ ഇലകളെല്ലാം ഉണ്ടാവും, അല്ലേ? ദാ ഇങ്ങനെ? മരങ്ങളിലേക്ക് ധാരാളം കിളികളൊക്കെ വരും. കൈയൊക്കെ ഉയര്‍ത്തി കാണിച്ചേ എല്ലാരും?’ നൂറോളം കുട്ടികളെ ചുറ്റുമിരുത്തി അബൂബക്കര്‍ മാഷ് നിര്‍ത്താതെ കഥ പറയുകയാണ്. കഥയ്‌ക്കൊപ്പം തലയാട്ടി മരങ്ങളായും, കൈ വിരിച്ച് ചില്ലകളായും, പക്ഷികളായി ചിറകുവീശിയും നിമിഷനേരം കൊണ്ട് കുട്ടികള്‍ മാറുന്നു. കഥ കേള്‍ക്കുന്നതിനൊപ്പം തന്നെ കഥാപാത്രങ്ങളാകുന്നു, പൊട്ടിച്ചിരിക്കുന്നു, പാട്ടുകള്‍ പാടുന്നു. പൂക്കാട് കലാലയത്തിലെ കാഴ്ചകളാണിത്.

ഒരു നാട്ടിലെ കുട്ടികളെല്ലാം തന്നെ ഞായറാഴ്ചകളില്‍ കലാലയത്തില്‍ ഒത്തുകൂടുന്നത് കഥ കേട്ട് തലയാട്ടാന്‍ മാത്രമല്ല. പാട്ടും നൃത്തവും അഭ്യസിക്കുന്നവരും, ചിത്രകല പഠിക്കുന്നവരും, വാദ്യങ്ങള്‍ പരിശീലിക്കാനെത്തുന്നവരും കലാലയത്തിലുണ്ട്. അക്കൂട്ടത്തില്‍ അബൂബക്കര്‍ മാഷിനു ചുറ്റും കൂടിയിരുന്ന കഥയായും കഥാപാത്രങ്ങളായും സ്വയം മാറുന്നത് നാടകം പരിശീലിക്കാനെത്തുന്ന കുട്ടികളാണ്. മറ്റു കലകളെപ്പോലെ, സ്ഥിരമായി നാടകത്തിനും ഒരു ക്ലാസ്സു നടത്തുന്ന ചുരുക്കം ചിലയിടങ്ങളിലൊന്നായിരിക്കും കോഴിക്കോട്ടെ പൂക്കാട് കലാലയം. നാടകക്കളരികളില്‍ നിന്നും ഇവിടത്തെ കുട്ടികള്‍ നടന്നുകയറിയിട്ടുള്ളത് കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളിലേക്കും.

നാല്‍പ്പത്തിയഞ്ചു വര്‍ഷക്കാലമായി ഒരു പ്രദേശത്തെ എല്ലാ ബാല്യങ്ങളെയും കലയുടെ വഴിയിലേക്ക് കൈപിടിച്ചെത്തിക്കുകയാണ് പൂക്കാട് കലാലയം. ആദ്യ കാലത്ത് വിദ്യാര്‍ത്ഥികളായിരുന്നവരില്‍ പലരും പിന്നീട് മക്കളേയും അവരുടെ മക്കളേയും കലാലയത്തില്‍ വിട്ടു പഠിപ്പിച്ചു. നൃത്ത, സംഗീതം, വാദ്യകല, ചിത്രകല എന്നിങ്ങനെ പല മേഖലകളിലും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന കലാലയത്തിലെ ഏറെ സജീവമായ ഒരു വിഭാഗമാണ് ചില്‍ഡ്രന്‍സ് തിയേറ്റര്‍. ഞായറാഴ്ചകളില്‍ പാട്ടും നൃത്തവും പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാടകം പഠിക്കാനും കുട്ടികളെത്തുന്നത് പുറത്തുള്ളവര്‍ക്ക് കൗതുകമാണെങ്കിലും, കലാലയത്തിലുള്ളവര്‍ക്ക് അതങ്ങനെയല്ല. ‘കളി ആട്ടം’ എന്ന വാര്‍ഷിക നാടക ക്യാമ്പും, ആഴ്ചക്കളരിയില്‍ വച്ചു പരിശീലിച്ചെടുക്കുന്ന നാടകങ്ങള്‍ പലയിടങ്ങളിലായി അവതരിപ്പിക്കാനുള്ള യാത്രകളുമായി ഏറെ തിരക്കിലാണ് ചില്‍ഡ്രന്‍സ് തിയേറ്ററിലെ കുട്ടിക്കൂട്ടം. കളിയില്‍ അല്പം കാര്യം എന്ന പോലെ, കേരള സംഗീത നാടക അക്കാദമിയുടെ തിയേറ്റര്‍ ട്യൂട്ടോറിയലിന്റെ മൂന്നു വേദികളില്‍ ഒന്നായി മാറിയിരിക്കുകയാണിപ്പോള്‍ പൂക്കാട് കലാലയം. ആഴ്ച തോറുമുള്ള നാടകക്കളരികളില്‍ പഠിക്കാനെത്തുന്ന കുട്ടികളില്‍ നിന്നും അറുപതു പേരെ അക്കാദമിയുടെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. മുപ്പതു പേരടങ്ങുന്ന ഒരു ക്ലാസ് എന്ന അക്കാദമിയുടെ നിബന്ധനയെ, പ്രത്യേകം അപേക്ഷ നല്‍കി മുപ്പതു പേര്‍ വീതമുള്ള രണ്ടു ബാച്ചുകളാക്കി മാറ്റിയെഴുതിച്ചാണ് ചില്‍ഡ്രന്‍സ് തിയറ്ററിലെ മിടുക്കന്മാരും മിടുക്കികളും പരിശീലനത്തിന് തയ്യാറെടുത്തിരിക്കുന്നത്.

നാടകം എന്ന സങ്കേതത്തെ ജീവിതത്തില്‍ നിന്നും വേറിട്ട മറ്റൊന്നായി കാണാതെ, പഠനത്തിലും ദൈനംദിന പ്രവര്‍ത്തികളിലും ഇഴുകിച്ചേര്‍ത്തു കൊണ്ടുള്ള പഠനരീതിയാണ് ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ അടിസ്ഥാനമെന്നാണ് നാടകാധ്യാപകരായ മനോജ് നാരായണന്റെയും എ അബൂബക്കറിന്റെയും പക്ഷം. തന്നില്‍ നിന്നും വേറിട്ട ഒന്നാണ് നാടകം എന്നു തോന്നിക്കാത്തതിനാല്‍, കുട്ടികള്‍ക്കും നാടകപഠനവും പരിശീലനവും ഏറെ ആസ്വാദ്യമാകുന്നുണ്ടെന്നാണ് ഇവര്‍ നിരീക്ഷിക്കുന്നത്. “പൂക്കാട് കലാലയത്തില്‍ ആദ്യകാലത്ത് ബാലഭവന്‍ എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള ഒരു നാടകവേദി ഉണ്ടായിരുന്നു. അന്ന് രംഗപ്രഭാതിലെ കൊച്ചു നാരായണപിള്ളസാറും രാമാനുജന്‍സാറും ഇവിടെ വന്ന് ക്യാമ്പൊക്കെ നടത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് ചില്‍ഡ്രന്‍സ് തിയേറ്റര്‍ ആരംഭിച്ചത്. ആദ്യമായി അവതരിപ്പിച്ചത് ടോട്ടോച്ചാന്‍ ആയിരുന്നു. വിദ്യാഭ്യാസസംബന്ധിയായി വലിയൊരു ആശയം മുന്നോട്ടു വയ്ക്കുന്ന, ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ള പുസ്തകമാണ്. നാടകവും എല്ലാവരും നന്നായി സ്വീകരിക്കുക തന്നെ ചെയ്തു. സ്‌കൂളുകളിലും മറ്റു വേദികളിലുമെല്ലാം മികച്ച അഭിപ്രായം ലഭിച്ചിരുന്നു. കുട്ടികളുടെ നാടകം എപ്പോഴും വളരെ പ്രത്യേകതകളുള്ളതാണ്. അവരുടെ വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിന്റെ തന്നെയും ഭാഗമായി മാറേണ്ടതാണ്. തീയേറ്റര്‍ കുട്ടികള്‍ക്കായി ഉപയോഗിക്കുന്നതും അതിനാണ്. കൂട്ടം കൂടുന്നതു തന്നെ കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് വളരെ ആവശ്യമാണ്. കളി, കൂട്ട്, പാട്ട്, ആട്ടം, ചിത്രം എല്ലാം തിയേറ്ററിന്റെ ഭാഗവുമാണല്ലോ. കുട്ടികള്‍ക്കായി ഞായറാഴ്ച ദിവസങ്ങളില്‍ ചില്‍ഡ്രന്‍സ് തിയേറ്റര്‍ പരിശീലനം നടത്തുന്നുണ്ട്. നൂറോളം കുട്ടികള്‍ അതിന്റെ ഭാഗമായി സ്ഥിരമായിട്ടുണ്ട്. അതല്ലാതെ, കളി ആട്ടം എന്ന പേരില്‍ കുട്ടികള്‍ക്കായി നടത്തുന്ന വലിയൊരു നാടകോത്സവം തന്നെയുണ്ട്. നാനൂറിലധികം കുട്ടികള്‍ ഇവിടെനിന്നും പുറത്തു നിന്നുമായി കളിയാട്ടത്തില്‍ പങ്കുചേരാന്‍ വരും. വേനലവധിക്കാലത്ത് നടക്കുന്ന ഏഴു ദിവസത്തെ നാടകക്കളരിയാണത്. കുട്ടികള്‍ മാത്രമല്ല, നാട്ടുകാരും രക്ഷിതാക്കളുമെല്ലാം അതിന്റെ ഭാഗമാണ്. കളിച്ചു പഠിക്കുന്ന രീതിയാണിവിടെ, ക്ലാസ്‌റൂം പഠനമല്ല. സമൂഹവുമായി ഇടപെടുമ്പോഴാണ് ഇവിടെ നിന്നുള്ള പാഠങ്ങള്‍ അവര്‍ക്ക് ഗുണകരമാകുക. ഇതിന്റെയെല്ലാം തുടര്‍ച്ച എന്ന നിലയിലാണ് ഇപ്പോള്‍ സംഗീത നാടക അക്കാദമി തിയേറ്റര്‍ ട്യൂട്ടോറിയല്‍ എന്ന തരത്തില്‍ കുട്ടികള്‍ക്കായി നാടക പരീശീലനം ഏര്‍പ്പെടുത്തുന്നത്. അക്കാദമിയായാലും, കലാലയമായാലും ഉദ്ദേശിക്കുന്നത് നാടകത്തിനപ്പുറത്തേക്കും നാടകത്തിന്റെ സ്വാധീനമെത്തിക്കാനാണ്. നാലോ അഞ്ചോ ദിവസത്തെ ക്യാമ്പുകളല്ല, മറിച്ച് ഒരു പ്രോസസ്സാണ്. അത്തരത്തിലാണ് നാല്‍പ്പത്തിയെട്ടാഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി വരുന്നത്. മനസ്സിനെയും ശരീരത്തിനെയും പാകപ്പെടുത്തുന്ന പരിപാടികളാണ് അതിലുണ്ടാകുക. വ്യക്തമായ കരിക്കുലം വച്ചു കൊണ്ടുള്ള പരിശീലനത്തിനാണ് പദ്ധതിയിടുന്നത്. കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന നാടകപ്രവര്‍ത്തകരാണ് കുട്ടികള്‍ക്കായി ഇവിടെയെത്തുക.”

ഒരു പ്രൊഫഷണല്‍ നാടകവേദിയുടെ എല്ലാ മികവുകളോടും കൂടി, എന്നാല്‍ കുട്ടികള്‍ക്ക് അത്യധ്വാനമായി തോന്നാത്ത രീതിയില്‍ ചിട്ടപ്പെടുത്തിയെടുത്തിട്ടുള്ളതാണ് ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ എല്ലാ അവതരണങ്ങളും. ടോട്ടോച്ചാനില്‍ ആരംഭിച്ച ഈ യാത്ര, മലയാള കവിതകളെ പരിചയപ്പെടുത്തുന്ന കാവ്യകൈരളി, ബഷീറിന്റെ കൃതികളെ ആസ്പദമാക്കിയുള്ള ‘ഹേ അജസുന്ദരി’, പാരിസ്ഥിതിക അവബോധം നാടകത്തിലൂടെ സൃഷ്ടിക്കുന്ന ‘നിശ്ശബ്ദ വസന്തം’ എന്നിവയെല്ലാം കടന്ന് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ലോകപ്രസിദ്ധമായ നാടോടിക്കഥകള്‍ അവതരിപ്പിക്കുന്ന ‘കഥകളിവണ്ടി’യിലാണ്. ഓരോ നാടകവും അവതരിപ്പിക്കുന്നയാള്‍ക്കും പ്രേക്ഷകനും ഓരോ പാഠങ്ങളാവുകയാണ്. ഈ നാടകങ്ങളുമായി വേദിയില്‍ നിന്നും വേദിയിലേക്കുള്ള പ്രയാണത്തിലാണ് പൂക്കാടിന്റെ ചില്‍ഡ്രന്‍സ് തിയേറ്റര്‍. നാടകത്തോടൊപ്പം പുതിയ ചിന്തകളും വീക്ഷണങ്ങളും കുട്ടികളില്‍ രൂപപ്പെട്ടു വരുന്നതിന് സാക്ഷികളാണ് മനോജും അബൂബക്കറും. കൂട്ടുകൂടാനുള്ള ഒരു വേദിയെന്ന നിലയില്‍ നിന്നും, ഓരോരുത്തരും ചില്‍ഡ്രന്‍സ് തിയേറ്ററിനെ സമീപിക്കുന്ന രീതിയില്‍ത്തന്നെ കാലക്രമേണ വ്യത്യാസമുണ്ടായി വരുന്നു. നാടകക്കളരികള്‍ നേരംപോക്കോ പഠനത്തെ പിന്നോട്ടു വലിക്കുന്ന അധികഭാരമോ അല്ലെന്നാണ് ഇവിടത്തെ അധ്യാപകരുടെ അനുഭവം. ചില്‍ഡ്രന്‍സ് തിയേറ്ററിലെ കുട്ടികള്‍ സ്‌കൂളുകളില്‍ മറ്റു വിദ്യാര്‍ത്ഥികളേക്കാള്‍ മിടുക്കരായി പഠിച്ചു മുന്നേറിയിട്ടുള്ളതിന്റെ കഥകള്‍ ഇവര്‍ പങ്കുവയ്ക്കുമ്പോള്‍, നാടകക്കളരിയിലെ പൂര്‍വവിദ്യാര്‍ത്ഥികളായ ഗംഗയും ശ്രേയയും അതു ശരിവയ്ക്കുന്നു. “ഞങ്ങള്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ഇവിടെത്തന്നെയാണ്. ഇവിടെ ഞങ്ങള്‍ ബോധപൂര്‍വ്വം എന്തെങ്കിലും പഠിക്കുകയാണെന്നൊന്നും തോന്നിയിട്ടില്ല. പക്ഷേ, ഓരോ നിമിഷവും ശാസ്ത്രവും സാഹിത്യവുമെല്ലാം പഠിക്കുകയായിരുന്നു എന്നതാണ് സത്യം. നാടകത്തിലെ ഡയലോഗുകള്‍ അതേപടി എഴുതിവച്ച് പരീക്ഷയ്ക്ക് പാസ്സായിട്ടുപോലുമുണ്ട്. ട്യൂഷനും പരീക്ഷയുമൊക്കെ മാറ്റിവച്ചും നാടകം കളിച്ചിട്ടുണ്ട്. നാടകം വേദിയില്‍ കളിക്കണമല്ലോ എന്ന ടെന്‍ഷനല്ല തോന്നാറ്. മറിച്ച്, ആളുകള്‍ക്കു മുന്നില്‍ അത് അവതരിപ്പിക്കാനുള്ള സന്തോഷമാണ് ഞങ്ങള്‍ക്കെല്ലാം. ആ സന്തോഷം ആവുന്ന വിധത്തില്‍ കാണികളിലേക്കും പകര്‍ന്നു കൊടുക്കുന്നു എന്നുമാത്രം.”

കലോത്സവങ്ങളില്‍ അവതരിപ്പിച്ച് ഗ്രേഡു നേടാനുള്ള ഉപാധി എന്നതില്‍ നിന്നും മോചിപ്പിച്ച്, നാടകത്തെ ഒരു സംസ്‌കാരമായി കുട്ടികളില്‍ എത്തിക്കാനുള്ള ചിന്തയെക്കുറിച്ച് ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ അമരക്കാരിലൊരാളായ അബൂബക്കര്‍ മാഷിന് ചിലതു പറയാനുണ്ട്. “കുട്ടികള്‍ അകപ്പെട്ടിരിക്കുന്ന വല്ലാത്തൊരു പ്രതിസന്ധിയ്‌ക്കെതിരായാണ് ഞങ്ങള്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. മിക്ക വിദ്യാര്‍ത്ഥികളുടെയും ജീവിതമെന്നാല്‍ പുലര്‍ച്ചെ മുതല്‍ പാതിര വരെ പഠനം തന്നെയാണ്. അധ്യാപകരോടും മാതാപിതാക്കളോടുമെല്ലാമുള്ള വെറുപ്പാണ് കുട്ടികളില്‍ അതുണ്ടാക്കുക. അവസരങ്ങള്‍ കിട്ടിയാല്‍ ഏറ്റവും തെറ്റായ വഴികളിലേക്കാണ് കുട്ടികള്‍ നീങ്ങുന്നത്. സാധാരണ രീതിയിലുള്ള വിദ്യാഭ്യാസത്തിനു പകരം കളിച്ചു കൊണ്ട് പഠിച്ചു കൂടേ എന്ന ചിന്തയാണ് ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ടോട്ടോച്ചാന്‍ നാടകം ഈ നീക്കത്തിനായി ആദ്യം തെരഞ്ഞെടുക്കുന്നത്. പലയിടത്തും ഈ കുട്ടികള്‍ക്കൊപ്പം പോയി അതു കളിച്ചു. നൂറിലധികം വേദികളില്‍ ടോട്ടോച്ചാന്‍ നാടകമായി അവതരിപ്പിച്ചു. പാട്ടും കളിയുമായി കുട്ടികളുടെ നാടകം. സ്‌കൂളുകളില്‍ നിന്നും മലയാള ഭാഷയെ ഒഴിവാക്കുന്നതിനെതിരായ സന്ദേശമായിരുന്നു രണ്ടാമത്തെ നാടകം. കാവ്യകൈരളിയെന്നാണ് അതിനു പേരിട്ടത്. കാവ്യകൈരളി ഇന്നും പല വേദികളില്‍ അവതരിപ്പിക്കുന്നുണ്ട്. ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള ഹേ അജസുന്ദരി, ദേശീയോദ്ഗ്രഥനത്തിനായി ദേശ് ഹമാരാ ദേശ്, കുട്ടികള്‍ക്കായി നോട്ടം എന്ന മറ്റൊന്ന്, വിശപ്പ്, നിശ്ശബ്ദ വസന്തം ഇതെല്ലാം ചില്‍ഡ്രന്‍സ് തിയേറ്റര്‍ അവതരിപ്പിച്ചിട്ടുള്ള നാടകങ്ങളാണ്. പഠിക്കുന്ന കുട്ടികളാണ് ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ഉദാഹരണത്തിന്, കാവ്യകൈരളി എന്ന നാടകത്തിന്റെ ഭാഗമായിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഹൈസ്‌കൂള്‍ ക്ലാസ്സുകളിലെ മലയാള പദ്യങ്ങള്‍ പ്രത്യേകമായി പഠിക്കേണ്ടി വരില്ല. നാടകം തന്നെയാണ് പാഠം. മറ്റൊരര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇവര്‍ നാടകമല്ല പഠിക്കുന്നത്, ജീവിതമാണ്.’

ജീവിതത്തിന്റേയും പഠനത്തിന്റേയും അനുബന്ധമായി നാടകങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഇവര്‍ സാധ്യമാക്കുന്നത്, മറ്റെവിടെയും കാണാനാകാത്തത്ര പങ്കാളിത്തവും സ്വീകാര്യതയുമാണ്. ഒരു തരത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ തരത്തില്‍ അവതരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുമ്പോള്‍, നാടകം എന്ന സങ്കേതം വീണ്ടും വീണ്ടും ജനപ്രിയമായി മാറുകയാണ്. പോയ കാലഘട്ടത്തിന്റെ ജനകീയ കലയായി ഓര്‍മിക്കപ്പെടുന്ന അവസ്ഥയില്‍ നിന്നും, നാടകങ്ങള്‍ കുട്ടികളിലൂടെ തിരിച്ചുവരവ് നടത്തുകയാണിവിടെ. തിയറ്റര്‍ ഇന്‍ എജ്യുക്കേഷന്‍, തിയറ്റര്‍ ഇന്‍ ലൈഫ് എന്നീ ആശയങ്ങളുടെ പുറത്ത് കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള ചില്‍ഡ്രന്‍സ് തിയറ്റര്‍ കുട്ടികളിലുണ്ടാക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളാണെന്നതാണ് വാസ്തവം. “ഏതു കാര്യവും പഠിച്ചു ചെയ്യുമ്പോഴാണ് ആത്മവിശ്വാസം കിട്ടുക. മറ്റു കലകളെപ്പോലെ നാടകവും പഠിച്ചു തന്നെ ചെയ്യേണ്ടതാണ്. ആ പഠനത്തില്‍ നിന്നും പല കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു വേണം മുന്നോട്ടു പോകാന്‍. നാടകവും ജീവിതവും തമ്മില്‍ അത്രയേറെ ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. ശ്രദ്ധ, നിരീക്ഷണ പാടവം എല്ലാം മെച്ചപ്പെടുത്തിയാണ് ഇവിടെ നാടക പരിശീലനം നടക്കുന്നത്. കുട്ടികള്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയം ചെലവഴിക്കുന്നത് സ്‌കൂളുകളിലാണല്ലോ. ശാരീരികവും മാനസികവുമായ വളര്‍ച്ചയിലേക്ക് അവരെത്തുന്നതും ഇതേ കാലഘട്ടത്തില്‍ത്തന്നെ. വായന, വീക്ഷണം, നിലപാടുകള്‍ എല്ലാത്തിലേക്കും എത്തിക്കുന്നത് കുട്ടിക്കാലത്തെ അനുഭവങ്ങളാണ്. അതുണ്ടാക്കിക്കൊടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അമ്പതു കുട്ടികള്‍ ഒരുമിച്ചു ചേര്‍ന്നിരുന്ന് സംസാരിച്ചാല്‍ത്തന്നെ അതൊരു അനുഭവമാണ്. കൂട്ടുകൂടാനുള്ള ആ ഒരിടം ഇപ്പോള്‍ അവര്‍ക്കില്ല. കുട്ടികളുടേതായ ഒത്തുചേരലുകള്‍ തിരിച്ചു കൊണ്ടുവരണം. അതിനു കൂടി വേണ്ടിയിട്ടാണ് ഇത്തരം തിയേറ്റര്‍ കളരികള്‍. കാണുന്നവര്‍ക്കും സന്തോഷം കിട്ടുകയും ചെയ്യുന്നു. നാടകക്കളരിയില്‍ വരുന്നവരുടെ പഠനത്തെ അതു ബാധിക്കുന്നില്ല എന്നു മാത്രമല്ല, ഇവര്‍ സ്‌കൂളുകളില്‍ ഏറ്റവും മിടുക്കരുമാണ്. എല്ലാറ്റിലുമുപരി, അവര്‍ സന്തോഷിക്കുന്നുണ്ട്. സാമൂഹ്യജീവിയായി ഓരോ കുട്ടിയെയും രൂപപ്പെടുത്തിയെടുക്കുക കൂടിയാണ് ചെയ്യുന്നത്. അല്ലാതെ എല്ലാവരേയും നല്ല നടിമാരും നടന്മാരുമാക്കുക എന്നതല്ല ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ ഉദ്ദേശം. സന്തോഷത്തിന്റെ കളരിയാണിത്”, മനോജ് നാരായണന്‍ പറയുന്നതിങ്ങനെ.

നാടക പരിശീലനത്തിനെത്തുന്ന കുട്ടികളെ നിരീക്ഷിച്ചും, അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തും, നാടക ക്യാമ്പുകളില്‍ പങ്കാളികളായും ഒപ്പമുള്ള വലിയൊരു കൂട്ടം രക്ഷിതാക്കളും നാട്ടുകാരും ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ മറ്റൊരു മുഖമാണ്. ഒരുപക്ഷേ, പൂക്കാട് കലാലയത്തെയും ചില്‍ഡ്രന്‍സ് തിയേറ്ററിനെയും വേറിട്ടു നിര്‍ത്തുന്ന പല ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നു തന്നെയാണിത്. മുന്‍പു സൂചിപ്പിച്ചതു പോലെ, കുട്ടികള്‍ക്കൊപ്പം ഇവിടെയെത്തുന്ന രക്ഷിതാക്കളില്‍ ഭൂരിഭാഗവും, മുന്‍പ് കലാലയത്തിലെത്തന്നെ വിദ്യാര്‍ത്ഥികളായിരുന്നിട്ടുള്ളവരാണ്. പൂക്കാട് കലാലയം കുട്ടികള്‍ക്കു നല്‍കുന്നത് എത്രയേറെ വിലപ്പെട്ട പാഠങ്ങളാണെന്ന് അവര്‍ക്കറിയാം. “എല്ലാവരും നമ്മുടെ കുട്ടികള്‍ തന്നെ. അവരുടെ സന്തോഷം കാണുന്നതും, അവര്‍ വേദികളില്‍ അവതരിപ്പിക്കുന്ന നാടകം കാണുന്നതും നമുക്ക് അഭിമാനമല്ലേ”, എന്ന് ഒരു പുഞ്ചിരിയോടെ അവര്‍ പറയുന്നു.

നാല്‍പ്പത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ പൂക്കാട് കലാലയം നേടിയിട്ടുള്ളതില്‍ ഏറ്റവും വിലപ്പെട്ടത് ഒരു നാടിന്റെയാകെ പങ്കാളിത്തമാണെന്ന് കലാലയത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരിലൊരാളായ കാശി പൂക്കാട് പറയുന്നുണ്ട്. “നാട്ടിന്‍പുറത്തെ ഒരു സാധാരണ കലാസമിതി പോലെയാണ് ഇതു തുടങ്ങിയത്. വളരെക്കുറച്ചു കുട്ടികള്‍ നൃത്തം, സംഗീതം, വാദ്യം ഒക്കെ പഠിക്കുന്ന ഒരിടം. ഗുരു ചേമഞ്ചേരി, മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, ശിവദാസ് ചേമഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് കലാലയം തുടങ്ങിയത്. അവര്‍ കുട്ടികളെ അഭ്യസിപ്പിക്കാന്‍ ആരംഭിച്ച ചെറിയൊരു വിദ്യാലയം എന്നു പറയാം. നാട്ടിലെ ഒരുപാട് കലാപ്രവര്‍ത്തകര്‍ പിന്നീട് ഇത് ഏറ്റെടുക്കുകയായിരുന്നു. 1974ല്‍ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. അവിടെ നിന്നും പടിപടിയായി ഉയര്‍ന്ന് നാല്‍പ്പത്തിയഞ്ചാം വര്‍ഷത്തിലെത്തുമ്പോള്‍ ഇവിടേയും ഉള്ള്യേരിയിലെ സബ്‌സെന്ററിലുമായി മൂവായിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. പ്രതിമാസം നൂറും നൂറ്റമ്പതും രൂപ മാത്രം ഫീസായി വയ്ക്കുന്നതുകൊണ്ട് തീര്‍ത്തും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്കും കലാലയത്തില്‍ പഠിക്കാന്‍ സാധിക്കുന്നുണ്ട്. നൂറ്റിയമ്പതോളം അംഗങ്ങളുള്ള ജനറല്‍ ബോഡിയും പത്തൊന്‍പതു പേരുള്ള എക്‌സിക്യൂട്ടീവ് ബോഡിയും രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടുകാരില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്. ഇതില്‍ മിക്കപേരും ഇവിടത്തെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായിരുന്നിരുന്നവര്‍ തന്നെയാണ്. ആര്‍ക്കും സ്വകാര്യ ലാഭമില്ലാത്തതിനാല്‍ മറ്റു കുഴപ്പങ്ങളുമില്ല.”

കലാലയം മുന്നോട്ടു വയ്ക്കുന്ന നാടകസംസ്‌കാരം പ്രാദേശിക ചുറ്റുപാടുകളില്‍ നിന്നും പുറത്തേക്കും എത്തിക്കാന്‍ പ്രതിവര്‍ഷം നടക്കുന്ന ‘കളി ആട്ടം’ ക്യാമ്പും ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. ചില്‍ഡ്രന്‍സ് തിയേറ്ററിനെക്കുറിച്ചു കേട്ടറിഞ്ഞും, പല വേദികളില്‍ ഇവരുടെ നാടകങ്ങള്‍ കണ്ടും നാനൂറിലധികം വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും കളിയാട്ടത്തില്‍ പങ്കു ചേരാനെത്തുന്നത്. ക്യാമ്പില്‍ നാടകങ്ങള്‍ പരിശീലിച്ചും അവ ചുറ്റുവട്ടത്തു തന്നെയുള്ള പല വേദികളിലും അവതരിപ്പിച്ചും ക്രിയാത്മകമായ ഒരു വേനല്‍ക്കാലമാണ് കുട്ടികള്‍ ഇവിടെ ചെലവഴിക്കുക. തിയേറ്റര്‍ എന്ന സങ്കേതത്തെ അതിന്റേതായ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തില്‍ നോക്കിക്കാണുന്ന ഒരു തലമുറ പൂക്കാട് വളര്‍ന്നുവരികയാണ്. മനോജ് നാരായണന്‍ പറയുന്നതു പോലെ, നല്ല നടന്മാരും നടികളുമായില്ലെങ്കില്‍പ്പോലും, നല്ല സാമൂഹ്യജീവികളായി മാറുന്ന ഒരു തലമുറ.

Read More: പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നരക്കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ കാടെടുക്കുന്നു; എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാസര്‍ഗോഡെ ഒരു പഞ്ചായത്ത് ചെയ്യുന്നത്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍