UPDATES

പ്രവാസം

‘ജലതരംഗം’ വായിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാള്‍; പ്രവാസിയായ ജലീല്‍ മാളിയേക്കലിന്റെ സംഗീത പരീക്ഷണങ്ങള്‍

അന്നൊന്നും കലാകാരന്‍മാരുടെ ജാതിയും മതവും ഒന്നും ആരും നോക്കാറില്ലായിരുന്നു. ‘ദശരഥ നന്ദന ജാനകി മോഹന ജയ ജയ ശ്രീരാമ’ എന്ന പാട്ട് ഞാന്‍ പണ്ട് അമ്പലത്തിലൊക്കെ പാടിയിട്ടുണ്ട്. അത് ഭയങ്കര ഹിറ്റായിരുന്നു.

കുട്ടിക്കാലത്ത് തലശ്ശേരിയിലെ മാളിയേക്കല്‍ തറവാട്ടില്‍ പറമ്പ് കിളക്കുമ്പോഴൊക്കെ പൊട്ടിയ കോപ്പകളുടെ (പിഞ്ഞാണം) കഷ്ണങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട് ജലീല്‍ മാളിയേക്കല്‍. അതൊക്കെ ബാപ്പ ടിസി മൊയ്തു എന്ന സംഗീതജ്ഞന്‍റെ ജലതരംഗം മ്യൂസിക് ഇന്‍സ്ട്രുമെന്‍റിന്‍റെ ശേഷിപ്പുകളായിരുന്നു. ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കെ ഉരുവില്‍ കയറ്റിക്കൊണ്ട് വന്ന കോപ്പകളുടെ അവശിഷ്ടങ്ങളായിരുന്നു അത്. ബാപ്പ ജലതരംഗം വായിക്കുന്നത് രണ്ട് തവണയെ ജലീല്‍ കണ്ടിട്ടുള്ളൂ. ഒന്ന് ബാപ്പയുടെ സുബൈദ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് സജീവമായിരുന്ന കാലത്ത്. അന്ന് ജലീല്‍ ചെറിയ കുട്ടിയായിരുന്നു. പിന്നീട് തലശ്ശേരി ടൌണ്‍ ഹാളില്‍ വെച്ചു നടന്ന ഒരു പരിപാടിയില്‍ ബാപ്പ വര്‍ഷങ്ങള്‍ക്ക് ശേഷം ജലതരംഗം വായിക്കുന്നത് ജലീല്‍ ഒരിക്കല്‍ കൂടി കണ്ടു. ഉത്തരേന്ത്യന്‍ സംഗീത ഉപകരണമായ ജലതരംഗം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജലീലിന്‍റെ ബാപ്പ ടിസി മൊയ്തുവാണ്. ഉത്തരേന്ത്യയിലൊക്കെ ഒരു സംഗീത ഉപകരണം എന്ന നിലയില്‍ ചില രാഗങ്ങള്‍ മാത്രമേ ജലതരംഗത്തില്‍ വായിക്കാറുള്ളൂ. എന്നാല്‍ ജലീലിന്‍റെ ഉപ്പ ടിസി മൊയ്തു ജലതരംഗം വായിക്കുന്നത് പാട്ടിനെ അകമ്പടി ചെയ്തുകൊണ്ടാണ്. അന്ന് ഇന്ത്യയില്‍ പാട്ടിന് അകമ്പടിയായി ജലതരംഗം വായിക്കുന്ന ഒരേ ഒരാളെ  ഉണ്ടായിരുന്നുള്ളൂ. അത് ടിസി മൊയ്തുവായിരുന്നു. ഇപ്പോള്‍ ആ സ്ഥാനത്ത് ജലീല്‍ മാത്രമേയുള്ളൂ.

എല്ലാ അര്‍ഥത്തിലും ഒരു കലാകാരനായിരുന്ന ബാപ്പയില്‍ നിന്നു പകര്‍ന്നു കിട്ടിയ കലയുടെ വെളിച്ചത്തില്‍ തന്നെയാണ് ജലീലിന്റെയും ജീവിതം മുന്നോട്ട് പോകുന്നത്. ഹാര്‍മോണിസ്റ്റ്, ഗിറ്റാറിസ്റ്റ്, പിയാനിസ്റ്റ്, തബല വാദകന്‍, മൌത്ത് ഓര്‍ഗന്‍ വായിക്കുന്നയാള്‍, ജലതരംഗം വായിക്കുന്നയാള്‍, ഗായകന്‍, മ്യൂസിക് കമ്പോസര്‍, പാട്ടെഴുത്തുകാരന്‍, മജീഷ്യന്‍, കരകൌശല വിദഗ്ധന്‍, ഫോട്ടോ ഗ്രാഫര്‍, വാച്ച് മെക്കാനിക് എന്നിങ്ങനെ ഒരു സകലകലാ വല്ലഭന്‍ എന്നു നമുക്ക് ജലീലിനെ വിശേഷിപ്പിക്കാം.

ജലീല്‍ ഉപ്പയെ കുറിച്ചും തന്റെ സംഗീത ജീവിതത്തെ കുറിച്ചും സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ വേറൊരു കാര്യവും ആ വായില്‍ നിന്നു കേള്‍ക്കില്ല. അത്രമേല്‍ ആഴത്തില്‍ സംഗീതത്തോടുള്ള ഇഷ്ടം ജലീലിന്‍റെ രക്തത്തില്‍ അലിഞ്ഞു കിടപ്പുണ്ട്.

എന്റെ ഉപ്പ-മ്യൂസിഷ്യന്‍, മജീഷ്യന്‍, ഫോട്ടോഗ്രാഫര്‍, നാടക കമ്പനി ഉടമ, സിനിമാ തിയറ്റര്‍ ഉടമ അങ്ങനെ അങ്ങനെ..

“എന്റെ ഉപ്പ ടിസി മൊയ്തു ഒരു മ്യൂസീഷ്യന്‍ ആയിരുന്നു. എല്ലാ ഇന്‍സ്ട്രുമെന്‍റും  വായിക്കും. അസാമാന്യ ബുദ്ധിയായിരുന്നു. മൂപ്പര്‍ക്ക് അറിയാത്ത ഒരു തൊഴിലും ഇല്ല. വേസ്റ്റ് സാധനങ്ങള്‍ കൊണ്ട് ഒരുപാട് കരകൌശല വസ്തുക്കള്‍ ഉണ്ടാക്കും. ആശാരിപ്പണി മുതല്‍ എല്ലാ പണിയും എടുക്കും. തലശ്ശേരിയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ സുബൈദ മ്യൂസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉപ്പയുടേതായിരുന്നു. എവിഎം സ്റ്റുഡിയോയിലെ പിയാനിസ്റ്റായിരുന്നു അവിടെ പിയാനോ വായിച്ചിരുന്നത്. മ്യൂസിക് ഡയറക്ടര്‍ ബാബുരാജിന്റെ ഉപ്പയായിരുന്നു ഹാര്‍മോണിസ്റ്റ്. മാപ്പിളപ്പാട്ടില്‍ പല പരിവര്‍ത്തനവും വരുത്തിയ കെജി സത്താര്‍ ഉപ്പയുടെ ട്രൂപ്പില്‍ മാപ്പിളപ്പാട്ട് എഴുതുന്നയാളായിരുന്നു. അതിനു മ്യൂസിക് ചെയ്യുന്നത് ഉപ്പയായിരുന്നു. ഒവി അബ്ദുള്ളയുടെ പെങ്ങളെയാണ് ഉപ്പ ആദ്യം കല്യാണം കഴിച്ചത്. അവര്‍ മരിച്ചു പോയതിന് ശേഷമാണ് എന്‍റെ ഉമ്മയെ ഉപ്പ കല്യാണം കഴിക്കുന്നത്. ഉപ്പയ്ക്ക് ആദ്യ ഭാര്യയില്‍ ഉണ്ടായ മകളുടെ പേരാണ് സുബൈദ. അതാണ് മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിനു കൊടുത്തത്.

അന്ന് സാമ്പത്തികമായിട്ടു നല്ല നിലയിലായിരുന്നു ഞങ്ങള്‍. ഒരു നാടക കമ്പനിയും ഉണ്ടായിരുന്നു. സ്വന്തമായി നാടകം ഉണ്ടാക്കുമായിരുന്നു. സ്വന്തം മോളെ അഭിനയിപ്പിച്ചിരുന്നു. ഈ കാര്യങ്ങളില്‍ അന്ന് മുസ്ലിം സമുദായത്തില്‍ നിന്നു ഭയങ്കര എതിര്‍പ്പെല്ലാം ഉണ്ടായിരുന്നു. ഉപ്പയുടെ വീട്ടുകാര്‍ വിദ്യാഭ്യാസപരമായിട്ടും മറ്റും ഫോര്‍വേഡ് ആയിട്ടുള്ള ആളുകളായിരുന്നു. നമ്മളുടെ തറവാട്ടിലെ സ്ത്രീയായിരുന്നു ആദ്യത്തെ മുസ്ലിം വനിതാ ഡോക്ടര്‍. അവര്‍ അന്ന് കോണ്‍വെന്‍റില്‍ പഠിക്കുന്ന കാലത്ത് പിയാനോ ഒക്കെ വായിക്കുമായിരുന്നു.

ഫോട്ടോഗ്രാഫറായിരുന്നു. ബിജെ സ്റ്റുഡിയോ എന്നൊരു ഫോട്ടോ സ്റ്റുഡിയോ സ്വന്തമായിട്ട് ഉണ്ടായിരുന്നു. സുപ്പീരിയര്‍ സിനിമ എന്ന പേരില്‍ സ്വന്തമായി സിനിമ ടാക്കീസ് ഉണ്ടായിരുന്നു. പിന്നെ നല്ലൊരു മജീഷ്യനായിരുന്നു ഉപ്പ. മാജിക് എന്നുപറഞ്ഞാല്‍ ഇപ്പോ ആരും കാണിക്കാത്ത തരത്തിലുള്ള മാജിക്കുകളാണ്. കരിന്തമിഴ് പഠിച്ചിട്ടു തമിഴിലെ കണ്ടമാനം ബുക്കുകള്‍ വായിച്ചിട്ട് അങ്ങനെ മൂപ്പര്‍ക്ക് അറിയാത്ത കാര്യങ്ങള്‍ ഇല്ല. കരിന്തമിഴിലെ കുറെ പുസ്തകങ്ങള്‍ ഇവിടെ ഉണ്ട്. ഒരിക്കല്‍ മുതുകാട് എന്നോടു ചോദിച്ചിരുന്നു. ഞാന്‍ കൊടുത്തില്ല. പിന്നീട് അത് തിരിച്ചു കിട്ടിയില്ലെങ്കിലോ എന്നു കരുതി. അത്ര വിലപിടിച്ച സാധനമാണ്. അതിനകത്തുള്ള കുറെ കാര്യങ്ങള്‍ എനിക്കു പഠിപ്പിച്ചു തന്നിട്ടുണ്ട്. പിന്നെ ഫോട്ടോഗ്രാഫിയെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നു.

പിന്നീട് കുറെ സാമ്പത്തിക പ്രശ്നങ്ങള്‍ ഒക്കെ വന്നു.മ്യൂസിക് ക്ലബ് പ്രവര്‍ത്തനം നിലച്ചു. ദാരിദ്ര്യവും കഷ്ടപ്പാടും കൂടിയപ്പോള്‍  ഉപ്പ വാച്ച് റിപ്പയറിംഗ് ചെയ്യാന്‍ തുടങ്ങി. ആരും പഠിപ്പിച്ചിട്ടല്ല ഉപ്പ അത് പഠിച്ചത്. സമ്പത്തുള്ള കാലത്ത് വാച്ചും മറ്റും ഒക്കെ ഒരുപാട് ഉണ്ടായിരുന്നു. അതെല്ലാം അഴിച്ചു പരിശോധിക്കുമായിരുന്നു. അങ്ങനെ സ്വയം പഠിച്ചതാണ്. അങ്ങനെ കഷ്ടപ്പാടിന്‍റെ കാലത്ത് വാച്ചും ഗ്രാമഫോണും ഒക്കെ റിപ്പയര്‍ ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. അപ്പോ ഞാനും ചെറുപ്പത്തിലെ വാച്ച് റിപ്പയറിംഗ് പഠിച്ചു. സാമ്പത്തികമായി തകര്‍ന്നതിന് ശേഷം എന്‍റെ ഓര്‍മ്മയില്‍ ഉപ്പ ജലതരംഗം വായിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ജലതരംഗം വായിക്കുന്നതില്‍ ഇന്ത്യയില്‍ തന്നെ കുറെ ആള്‍ക്കാരുണ്ട്. പാട്ടിനെ അകമ്പടി ആയിട്ടാണ് എന്റെ ഉപ്പ ജലതരംഗം വായിച്ചിരുന്നത്. അങ്ങനെ വായിക്കുന്ന ആരും ഉണ്ടായിട്ടില്ല. അത് ഇന്ത്യയില്‍ തന്നെ എന്‍റെ ഉപ്പ മാത്രമേ ഉണ്ടായിട്ടുള്ളൂ.”

ജലതരംഗം

“ജലതരംഗം എന്നു പറഞ്ഞാല്‍ ഒരു പെര്‍ക്യൂഷന്‍ ഇന്‍സ്ട്രുമെന്റാണ്. പത്തു പതിനഞ്ച് കോപ്പ വേണം അതിന്. ചില ആള്‍ക്കാരൊക്കെ പത്തു പന്ത്രണ്ടു കോപ്പ വെറുതെ ഇങ്ങനെ വെച്ചിട്ട് വെറുതെ വായിക്കലാണ്. ജലതരംഗത്തിന്റെ പ്രത്യേകത അതിന്‍റെ കോപ്പയാണ്. ഒരു കോപ്പ കിട്ടിക്കഴിഞ്ഞാല്‍ ഇത് ജലതരംഗത്തിന് പറ്റുമോ എന്നു മനസ്സിലാക്കാന്‍ കഴിയും. വളരെ ശ്രദ്ധിച്ചിട്ട് എടുക്കേണ്ടതാണ്. ജലതരംഗത്തിന്‍റെ കോപ്പ, നാദം നോക്കി വേണം കോപ്പ സെലക്ട് ചെയ്യേണ്ടത്. ചില കോപ്പ ഭയങ്കര തടിയുണ്ടാകും. അപ്പോ അതിന്‍റെ ടോണ്‍ ശരിയായിരിക്കില്ല. ജപ്പാന്‍റെ കോപ്പയും ചൈനയുടെ കോപ്പയും വളരെ നേരിയതാണ്. അത് പെട്ടെന്ന് പൊട്ടിപ്പോകും. പക്ഷേ അതിന്റെ ടോണ്‍ വളരെ നല്ലതാണ്. ഇന്ത്യന്‍ കോപ്പയുടെ ടോണ്‍ അടഞ്ഞിരിക്കും. കോപ്പ സെലക്ട് ചെയ്തു എടുക്കുന്നത് വലിയ വെല്ലുവിളിയാണ്. സാധാരണ  ഇതില്‍  കവുങ്ങിന്‍റെ വടിയാണ് ഉപയോഗിക്കുക. അതിന്‍റെ ഉള്ള് നല്ല കട്ടിയുണ്ടാകും. അതുകൊണ്ട് അതിനു നല്ല നാദം ഉണ്ടാകും. ഇപ്പോള്‍ കവുങ്ങിന്‍റെ വടി കിട്ടാത്തത് കൊണ്ട് ചില ഡ്രം സ്റ്റിക്കുകള്‍ ഉപയോഗിക്കാറുണ്ട്.  ജലതരംഗം പഠിക്കുമ്പോള്‍ കണ്ടമാനം കോപ്പകള്‍ പൊട്ടിപ്പോകും. അത്ര സൂക്ഷ്മായി ചെയ്യേണ്ട ഒന്നാണ് അത്. അതുകൊണ്ട് അധികമാരും ഇത് പഠിക്കാന്‍ ശ്രമിക്കില്ല. മറ്റുള്ള ഇന്‍സ്ട്രുമെന്‍റൊക്കെ ഓള്‍റെഡി റെഡിയായിട്ടുള്ളതാണ്. അത് നമുക്ക് എടുത്ത് വായിക്കുകയെ വേണ്ടൂ. ജലതരംഗം എന്നു പറഞ്ഞാല്‍ ഓഡിയന്‍സിന്റെ മുന്നില്‍ വെച്ചു നമ്മള്‍ ഒരു ഇന്‍സ്ട്രമെന്‍റ് ഉണ്ടാക്കലാണ്. ഇവിടുന്ന് ഞാന്‍ വായിക്കുന്ന പോലെ ആയിരിക്കില്ല വേറൊരു സ്ഥലത്തു വെച്ചു വായിക്കുമ്പോള്‍.  ഓരോ സ്ഥലത്തെയും വെള്ളത്തിന്റെ വ്യത്യാസം അനുസരിച്ചു ടോണ്‍ മാറും. എല്ലാ സ്ഥലത്തെ വെള്ളവും ചിലപ്പോള്‍ ജലതരംഗം വായിക്കാന്‍ കൊള്ളില്ല. പിന്നെ എല്ലാവരും ഞാന്‍  നേരത്തെ പറഞ്ഞപോലെ ജലതരംഗം വെറുതെ വായിക്കുകയാണ് ചെയ്യുക. മാപ്പിളപ്പാട്ടിന് അകമ്പടി ആയിട്ടും ആരും വായിക്കാറില്ല. ഇപ്പോള്‍ കേരളത്തില്‍ ആരെങ്കിലും ജലതരംഗം വായിക്കുന്നതായി അറിവില്ല. കാരണം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഓരോ കോപ്പയിലെയും വെള്ളത്തില്‍ ഒരു തുള്ളിയുടെ വ്യത്യാസം ഉണ്ടാകുമ്പോള്‍ അത് നമ്മള്‍ അറിയണം. അത്ര ബുദ്ധിമുട്ടുണ്ട് ഇത് വായിക്കുന്നതിന്. ചിലരൊക്കെ വായിക്കുന്നത് ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട്. അവരൊക്കെ ചില രാഗങ്ങള്‍ വായിക്കുന്നതല്ലാതെ പാട്ടിനെ അക്കമ്പനി ചെയ്തിട്ട് ഇപ്പോള്‍ ആരും വായിക്കുന്നില്ല. ഒരു കാര്യം എനിക്കു ചലഞ്ച് ചെയ്യാന്‍ പറ്റും. മാപ്പിളപ്പാട്ടിനെ അകമ്പടി ആയിട്ട് ഇപ്പോള്‍ ആരും ജലതരംഗം വായിക്കുന്നില്ല. ജലതരംഗം വായിക്കുമ്പോള്‍ ആദ്യമായി മാപ്പിളപ്പാട്ട് പാടിയത് പീര്‍ മുഹമ്മദാണ്.”

വളരെ ചെറുപ്പത്തില്‍ ഉപ്പ ജലതരംഗം വായിക്കുന്നത് കണ്ടതില്‍ പിന്നെ ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ജലീല്‍ വീണ്ടും ഉപ്പയുടെ ജലതരംഗം വായിക്കുന്നത് കാണുന്നത്. ആശ്ചര്യത്തോടെയാണ് അന്ന് ജലതരംഗം വായന കണ്ടതെന്നും എനിക്കും അത് പഠിക്കണം എന്ന ആഗ്രഹം ഉണ്ടായെന്നും ജലീല്‍ പറഞ്ഞു.

“ഞാന്‍ എന്‍റെ ഓര്‍മ്മയില്‍ ജലതരംഗം രണ്ടാമത് കാണുന്നത് അയലത്തെ പള്ളിയോട് ചേര്‍ന്നുള്ള മദ്രസയിലേക്കുള്ള ധനശേഖരണാര്‍ത്ഥം നടത്തിയ പരിപാടിയില്‍ പലരുടേയും നിര്‍ബ്ബന്ധത്തിന് വഴങ്ങി എന്റെ ഉപ്പ തലശ്ശേരി ടൌണ്‍ ഹാളില്‍ വീണ്ടും ജലതരംഗം വായിച്ചപ്പോഴാണ്. പണ്ട് ജലതരംഗം വായിക്കുന്ന പരിപാടി ഉണ്ടായിരുന്നല്ലോ വായിക്കണമെന്ന് എല്ലാരും ഉപ്പയോട് പറഞ്ഞു. അന്നത്തെ കോപ്പ എന്നുപറഞ്ഞാല്‍ ജപ്പാന്‍റെ  കോപ്പയാണ്. ജപ്പാന്‍റെ  കോപ്പയുടെ പ്രത്യേകത എന്താന്നു വെച്ചാല്‍  നല്ല ടോണാണ്. മറ്റ് കോപ്പകള്‍ക്ക് നാദം കിട്ടില്ല. ജലതരംഗം ട്യൂണ്‍ ചെയ്യാന്‍ വേണ്ടി ഉപ്പാന്‍റടുത്തു ഇന്‍സ്ട്രുമെന്‍റ് ഒന്നും ഉണ്ടായിരുന്നില്ല. അതിന് ഹാര്‍മോണിയം അങ്ങനെ എന്തെങ്കിലും വേണം. അതില്ലാഞ്ഞിട്ടു ആരുടെയോ ബുള്‍ബുള്‍ കൊണ്ട് വന്നിട്ട് വീട്ടില്‍ വെച്ചു പ്രാക്ടീസ് ഒക്കെ ചെയ്തു. ഞാന്‍ അഞ്ചിലൊ ആറിലോ പഠിക്കുമ്പോഴായിരുന്നു അത്. അങ്ങനെ പ്രോഗ്രാം നടന്നു. ഞാനും മാളിയേക്കലെ ഷാഹിദയും പാട്ടൊക്കെ പാടി. അന്നേരം ഉപ്പ ജലതരംഗം വായിക്കുന്നത് കണ്ടപ്പോള്‍ എനിക്കു വലിയ ആശ്ചര്യമായിരുന്നു. എങ്ങനെയെങ്കിലും ഇത് പഠിക്കണം എന്ന ആഗ്രഹവുമുണ്ടായി. ഒരു ദിവസം ഉപ്പ തറവാട്ടില്‍ ഉറങ്ങുന്ന സമയത്ത് ഞാന്‍ ബുള്‍ബുള്‍ എടുത്തു. നീ എന്തിനാ ബുള്‍ബുള്‍ എടുത്തത് എന്നുചോദിച്ചു ഭയങ്കരമായി  ദേഷ്യപ്പെട്ടു. അത് വേറെ ആളുടെ സാധനമാണ് സ്പ്രിംഗ് പൊട്ടിപ്പോയിട്ടുണ്ടെങ്കിലോ എന്നൊക്കെ പറഞ്ഞു. എനിക്കു ഭയങ്കര വിഷമമായി. ഞാന്‍ അത് അതുപോലെ മടക്കി വെച്ചു. കുറച്ചു കഴിഞ്ഞു മൂപ്പരുടെ ദേഷ്യം മാറിയപ്പോള്‍ എന്നോടു പറഞ്ഞു നീ എടുത്തു വായിച്ചു നോക്കിക്കൊ. ശ്രദ്ധിച്ച് വായിക്കണം എന്നു പറഞ്ഞു. ഞാന്‍ ഇത് പഠിക്കും എന്ന് മൂപ്പര്‍ക്ക് തോന്നിക്കാണും. അങ്ങനെ എനിക്കു കുറെ ട്യൂണുകള്‍ പറഞ്ഞു തന്നു. അന്ന് കുറെനേരം ഞാന്‍ വായിച്ചു നോക്കി. പിന്നെ ഊണും ഉറക്കവുമില്ലാതെ ഞാന്‍ അതിന്‍റെ പിറകെ ആയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ബുള്‍ബുള്‍ അതിന്‍റെ ആള്‍ക്കാര് കൊണ്ട് പോയി.”

എന്റെ സംഗീത പരീക്ഷണങ്ങള്‍

ജലീല്‍ കുട്ടിക്കാലം മുതലേ അങ്ങനെയായിരുന്നു. ഒരു കാര്യം പഠിക്കണം  എന്നു തോന്നിയാല്‍ എന്തു ത്യാഗം സഹിച്ചും അത് പഠിച്ചെടുക്കുമായിരുന്നു. സ്വന്തമായി മ്യൂസിക് ഇന്‍സ്ട്രുമെന്‍റ്സ് ഒന്നും ഇല്ലെങ്കിലും കൂട്ടുകാരുടെ കയ്യില്‍ നിന്നു കടം വാങ്ങിയൊക്കെയാണ് ജലീല്‍ എന്ന കുട്ടി ഓരോ മ്യൂസിക് ഇന്‍സ്ട്രുമെന്‍റും പഠിച്ചു ലക്ഷ്യത്തില്‍ എത്തിയത്. അതും ഒരു ഗുരുവിന്റെയും സഹായം ഇല്ലാതെ തന്നെ.

“ഞാന്‍ ഹാര്‍മോണിയം എല്ലാം റിപ്പയര്‍ ചെയ്യുമായിരുന്നു. 1959 ല്‍ സ്ഥാപിച്ച ജനതാ മ്യൂസിക് ക്ലബ് എന്നൊരു ക്ലബ് ഉണ്ടായിരുന്നു തലശ്ശേരിയില്‍. അവരുടെ ഹാര്‍മോണിയം റിപ്പയര്‍ ചെയ്യാന്‍ കൊണ്ട് വന്നപ്പോള്‍ ഞാന്‍ ഇങ്ങനെ തൊട്ട് നോക്കും. ഞാന്‍ ആറാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്‍റെ ക്ളാസ്സില്‍ ഒരു അബൂബക്കര്‍ ഉണ്ടായിരുന്നു. ഞാന്‍ ബുള്‍ബുള്‍ വായിക്കുന്നത് സ്കൂളില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അവന്‍ എന്നോടു പറഞ്ഞു എന്‍റെ കയ്യില്‍ ഒരു ഹാര്‍മോണിയം ഉണ്ട്. അങ്ങനെ ഞാന്‍ അവന്റെ വീട്ടില്‍ പോയി. ബുള്‍ബുള്‍ വായിക്കുന്നത് ലെഫ്റ്റ് ഹാന്‍ഡ് കൊണ്ടാണ്. അങ്ങനെ ഞാന്‍ ലെഫ്റ്റ് ഹാന്‍ഡ് കൊണ്ട് വായിച്ചു നോക്കി. എനിക്കു വായിക്കാന്‍ കഴിഞ്ഞു. എടാ നിന്റെ  ഹാര്‍മോണിയം എനിക്കൊന്നു തരുമോന്നു ഞാന്‍ അവനോടു ചോദിച്ചു അവന്‍ പെട്ടെന്നു തന്നെ തന്നു. ഞാന്‍ അതും ചുമലില്‍ വെച്ചിട്ടു കായ്യത്ത് നിന്നു നടന്ന് മാളിയേക്കല്‍ എത്തി. ഞാന്‍ ലെഫ്റ്റ് ഹാന്‍ഡ്  കൊണ്ട് ഹാര്‍മോണിയം വായിക്കുന്നത് കണ്ടിട്ടു എന്‍റെ ഉപ്പ പറഞ്ഞു. ഹാര്‍മോണിയം ലെഫ്റ്റ് ഹാന്‍ഡ് കൊണ്ടല്ല വായിക്കേണ്ടത് റൈറ്റ് ഹാന്‍ഡ് കൊണ്ടാണെന്ന്. അങ്ങനെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കിങ്ങനെ ട്യൂണ്‍ കിട്ടാന്‍ തുടങ്ങി. പിന്നെ ഞാന്‍ ഹാര്‍മോണിയം കൂടുതല്‍ പഠിക്കുന്നത് സ്ട്രീറ്റ് ബോയ്സ് ഹാര്‍മോണിയം വായിക്കുന്നത് കണ്ടിട്ടാണ്. അവരുടെ  വായന അസാദ്ധ്യ വായനയാണത്. സാധാരണ വായിക്കുന്ന ആള്‍ക്കാരും അവരുടെ വായനയും തമ്മിലുള്ള പ്രത്യേകത എന്താണെന്ന് വെച്ചാല്‍ അവരുടേത് ഭയങ്കര സ്പീഡ് വായനയാണ്. അവരുടെ തൊഴില്‍ ഇത് തന്നെയാണല്ലോ. അവരുടെ വായന ഞാന്‍ എപ്പോഴും പോയി കേള്‍ക്കുമായിരുന്നു. അങ്ങനെ ഞാന്‍ ഇവരുടെ ഹാര്‍മോണിയത്തിന്‍റെ സ്റ്റൈല് കുറച്ചു  മനസ്സിലാക്കി. വാമ്പിംഗ് എന്നാണ് പറയുക. ഓരോരുത്തര്‍ക്കും ഹാര്‍മോണിയം വായിക്കുന്നതില്‍ ശ്രുതി വ്യത്യാസം ഉണ്ടാകും. ഇപ്പോ കീബോര്‍ഡ് വായിക്കുന്നതില്‍ ചില ആള്‍ക്കാര്‍ക്ക് സ്കെയില്‍ മാത്രമേ വായിക്കാന്‍ പറ്റൂ. സിംഗിള്‍ കീയില്‍ വായിക്കുന്നതിന് പകരം മൂന്നു കീകള്‍ ഒന്നായി പഠിച്ച് വായിക്കുന്ന ഒരു രീതിയുണ്ട്. അപ്പോള്‍ ഹാര്‍മോണിയം വായിക്കുന്നത് വേറെ തന്നെ ഒരു ഇന്‍സ്ട്രമെന്‍റ് വായിക്കുന്നതുപോലെ തോന്നും. അങ്ങനെ ഞാന്‍ വെസ്റ്റേണ്‍ കലര്‍ത്തിക്കൊണ്ട് ഹാര്‍മോണിയം വായിക്കാന്‍ തുടങ്ങി. ഏഴാം ക്ളാസ്സില്‍ എത്തുമ്പോഴേക്കും ഞാന്‍ ബുള്‍ബുളും ഹാര്‍മോണിയവും വായിക്കാന്‍ തുടങ്ങി. പിന്നെ കുറച്ചു തബല വായിക്കാന്‍ പഠിച്ചു. പിന്നെ ബോംഗോസ് പഠിച്ചു.”

ജലീലിന് മാഡ്ലിന്‍ പടിക്കണമെന്ന മോഹം കലാശലായപ്പോഴാണ് ഒരു കൂട്ടുകാരന്‍റെ കയ്യില്‍ മാഡ്ലിന്‍ കാണുന്നത്. അവനോടു മാഡ്ലിന്‍ ചോദിച്ചു വാങ്ങി ഊണും ഉറക്കവും ഇല്ലാതെ ഇരുപത്തിനാല് മണിക്കൂറും വായിച്ചാണ് ജലീല്‍ മാഡ്ലിന്‍. പഠിച്ചെടുത്തത്.

“ആ സമയത്ത് എന്‍റെ ഉപ്പാന്റെ ജേഷ്ടന്‍ കുട്ടുക്കാക്ക കല്‍ക്കത്തയില്‍ നിന്നു ബാഞ്ചിയോ എന്നോരു ഇന്‍സ്ട്രമെന്‍റ് കൊണ്ട് വന്നു. ബാഞ്ചിയോ എന്നുപറഞ്ഞാല്‍ മെക്സിക്കോയിലൊക്കെയുള്ള ജിപ്സികളുടെ പ്രത്യേക ഡാന്‍സിന് വായിക്കുന്ന ഒരു ഇന്‍സ്ട്രുമെന്റാണ്. ഞാന്‍ അവിടെപ്പോയി അത് ചോദിച്ചു വാങ്ങി അതും പഠിച്ചു. മാഡ്ലിനെ പോലെയുള്ള വേറെ തന്നെ ഒരു ശബ്ദമാണ്. ചിലര്‍ മൌത്ത് ഓര്‍ഗന്‍ വായിക്കുന്നത് കണ്ടപ്പോള്‍ എനിക്കു ഭയങ്കര അതിശയമായി. എന്‍റെ കൂട്ടുകാരന്‍ പികെ അബൂട്ടിയുടെ കയ്യില്‍ മൌത്ത് ഓര്‍ഗന്‍ ഉണ്ടായിരുന്നു. എല്ലാരും സാധാരണ മൌത്ത് ഓര്‍ഗന്‍ വായിക്കുന്നത് പ്ലെയിനായിട്ടാണ്. എന്നാല്‍ നാവുകൊണ്ട് ഒരു വാമ്പിംഗ് ഉണ്ട്. അപൂര്‍വ്വം ചിലരെ അങ്ങനെ വായിക്കാറുള്ളൂ. അധികമാര്‍ക്കും അത് അറിയില്ല. ഞാന്‍ മൌത്ത് ഓര്‍ഗന്‍ വാമ്പ് ചെയ്തിട്ട് വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഇവര്‍ക്കെല്ലാം അതിശയമായി.”

എട്ടാം ക്ളാസ്സില്‍ എത്തുമ്പോഴേക്കും ജലീല്‍ ഒരുവിധം ഇന്‍സ്ട്രുമെന്‍റ്സ് ഒക്കെ വായിക്കാന്‍ പഠിച്ചു കഴിഞ്ഞിരുന്നു. എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ പ്രോഗ്രാമുകള്‍ക്ക് ഹാര്‍മോണിയം വായിക്കാന്‍ പോകാന്‍ തുടങ്ങി.

“ആ സമയത്താണ് ഞാന്‍ ബാബുരാജുമായിട്ടു ബന്ധമുണ്ടാകുന്നത്. ബാബുരാജിന് എന്നെ അറിയാമായിരുന്നു. ബാബുരാജിന്റെ ഉപ്പ എന്‍റെ ഉപ്പയുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ബാബുരാജ് പലതവണ ഇവിടെ വന്നിട്ടുണ്ട്. അതിനിടക്ക് ബാബുരാജിന്റെ പ്രോഗ്രാമിന് മാഡ്ലിന്‍ വായിക്കാന്‍ ഞാന്‍ പോകുമായിരുന്നു. മാഡ്ലിന്‍ മാപ്പിളപ്പാട്ടിന് വളരെ സുഖം കിട്ടുന്ന ഒരു ഇന്‍സ്ട്രുമെന്റാണ്. അങ്ങനെ ഞാന്‍ ഒരു വിധമൊക്കെ അറിയപ്പെട്ട് തുടങ്ങി. അന്ന് കേരളത്തിലെ എല്ലാ കോളേജുകളിലും ഞാന്‍ ഹാര്‍മോണിയം വായിക്കുമായിരുന്നു. ഓരോരുത്തരും ഓരോ ഇന്‍സ്ട്രമെന്‍റ് വായിക്കാനാണ് എന്നെ വിളിക്കുക. മറ്റുള്ളവര്‍ക്കൊക്കെ പാട്ട് പാടാനോ ഗിറ്റാറോ, ഹാര്‍മോണിയമോ, തബലയോ, മാത്രം വായിക്കാനൊ അവസരം കിട്ടുമ്പോള്‍ എനിക്കു കുറെ വര്‍ക്കുകള്‍ കിട്ടുമായിരുന്നു. ആ സമയത്ത് ഗിറ്റാര്‍ വായിക്കാന്‍ തുടങ്ങിയിട്ടില്ല. അപ്പോള്‍ എനിക്കു ഗിറ്റാര്‍ പഠിക്കണം എന്നു തോന്നി. അന്ന് തലശ്ശേരിലെ ഏറ്റവും നല്ല ഗിറ്റാറിസ്റ്റ് എറാള്‍ഡാണ്. എറാള്‍ഡിന്റെ വായന കേട്ടു കേട്ടു എനിക്കു ഗിറ്റാര്‍ പഠിക്കണം എന്ന തോന്നല്‍ ഉണ്ടായി. നിര്‍മ്മലഗിരി കോളേജില്‍ ഞാന്‍ പ്രോഗ്രാം ചെയ്യുന്ന സമയത്ത് എനിക്കു ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ദിവാകരന്‍. അവന്‍ കോഴിക്കോട് പോയിട്ട് ഒരു ഗിറ്റാര്‍ വാങ്ങിച്ചു. അതിന്‍റെ ഫിംഗര്‍ ബോര്‍ഡ് കുറച്ചു പൊക്കം കൂടുതലായിരുന്നു. അങ്ങനെ ഞാന്‍ വീടിന്‍റെ  പിറക് വശത്ത് ഇരുന്നു ഗിറ്റാര്‍ വായിക്കുമ്പോള്‍ എന്തു ഉച്ചത്തിലാ വായിക്കുന്നത് എന്നു പറഞ്ഞു ഉപ്പ വന്നു വഴക്കു പറഞ്ഞു. ഞാന്‍ ഗിറ്റാറും എടുത്തു ഓടി. ഗിറ്റാര്‍ വായിച്ചു വായിച്ചു എന്‍റെ കയ്യൊക്കെ കീറിയിരുന്നു. ഞാന്‍ പല പരീക്ഷണങ്ങളും നടത്തി നോക്കുമായിരുന്നു.  ആദ്യം ഗിറ്റാര്‍ ബാക്കില്‍ വെച്ചു വായിച്ചു. പിന്നെ ഈ സ്പാനിഷ് ഗിറ്റാറും ഹവായി ഗിറ്റാറും ഉണ്ട്. ഹവായി ഗിറ്റാര്‍ രുദ്ര വീണയൊക്കെ വായിക്കുന്ന പോലെയാണ്. ഞാന്‍ ഗിറ്റാറിന്‍റെ ബ്രിഡ്ജ് പോക്കിയിട്ടു വായിക്കുമായിരുന്നു. ഒന്‍പതാം ക്ളാസ്സില്‍ എത്തുമ്പോഴേക്കും എല്ലാ മത്സരത്തിനും എനിക്കു ഫസ്റ്റ് കിട്ടുമായിരുന്നു.”

സ്വന്തമായി ഗിറ്റാര്‍ വേണം എന്ന ആഗ്രഹത്തിന്റെ പുറത്തു ഗിറ്റാര്‍ ഉണ്ടാക്കിയ കഥയും  ജലീല്‍ പറഞ്ഞു.

“എനിക്കന്നു ഗിറ്റാര്‍ ഉണ്ടായിരുന്നില്ല. മരം വാങ്ങി കട്ട് ചെയ്തു സ്വന്തമായി ഗിറ്റാര്‍ ഉണ്ടാക്കുകയായിരുന്നു. ഞാന്‍ മരം കട്ട് ചെയ്യുന്നത് കണ്ടിട്ടു ഇളയാപ്പ പറഞ്ഞു എടാ നിനക്കു പ്രാന്തുണ്ടോ എന്നു ചോദിച്ചു. ഒറ്റയിരുപ്പിന് ഞാന്‍ അത് കട്ട് ചെയ്തു. കട്ട് ചെയ്തപ്പോള്‍ ഇവര്‍ക്കെല്ലാം അത്ഭുതമായി. ഇവന്‍ കഷ്ടപ്പെട്ട് കട്ട് ചെയ്തല്ലോ എന്നു പറഞ്ഞു. ഗിറ്റാറിന് സ്ട്രച്ച്സ് ഇന്നൊരു സാധനം ഉണ്ട്. പിച്ചളക്കമ്പി വാങ്ങി അടിച്ചു പരത്തിയിട്ടു അതുണ്ടാക്കി. ഗിറ്റാറിന്റെ പിടിക്കുന്ന സാധനം ഞാനുണ്ടാക്കിയത് കുപ്പി പൊട്ടിച്ചിട്ടു അതിന്‍റെ കഷ്ണങ്ങള്‍ അതിനെക്കൊണ്ട് ചിപ്ലിപോലെയാക്കിയിട്ട് ഇത് ഷേപ് ചെയ്തു എടുത്തു. `പിന്നെ ഇതിന്റെ ഫിംഗര്‍ ഡോറ്റ്സ് ഞാന്‍ ഉണ്ടാക്കിയത് പണ്ടത്തെ ഒരു പ്രത്യേകതരം കുടുക്ക് ഉപയോഗിച്ച് കൊണ്ടാണ്. പിന്നെ ഗോള്‍ഗേറ്റ് പെസ്റ്റിന്റെ അടപ്പ് കൊണ്ട് വോള്യം കണ്ട്രോളര്‍ ഉണ്ടാക്കി. വൈബ്രേറ്റര്‍ ഉണ്ടാക്കിയത് ഉമ്മയുടെ പ്ലാസ്റ്റിക് തൊട്ടിയുടെ കമ്പി വെച്ചിട്ടാണ്. പ്രോഗ്രാമിലൂടെ പൈസയൊക്കെ കിട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ സ്വന്തമായി വാച്ച് റിപ്പയറിംഗ് കട തുടങ്ങി. അതിനിടയില്‍ എനിക്കു മുബാറക് സ്കൂളില്‍ മ്യൂസിക് ടീച്ചറായി നിയമനം കിട്ടി. ഞാന്‍ ക്വാളിഫൈഡ് മ്യൂസിക് ടീച്ചര്‍ ഒന്നുമല്ല. പക്ഷേ എന്‍റെ ഇന്‍സ്ട്രുമെന്‍റ് വായനയും എനിക്കുള്ള അറിവും ഒക്കെ വെച്ചിട്ടു കിട്ടിയതാണ്.  അപ്പോഴേക്കും ഞാന്‍ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങിയിരുന്നു.”

തലശ്ശേരിയില്‍ ഉണ്ടായിരുന്ന ജനതാ മ്യൂസിക് ക്ലബ്ബ് പൊളിഞ്ഞ സമയമായിരുന്നു അത്. കൊളത്തായി ഉസ്മാന്‍ എന്നയാളുടെ വീട്ടിലാണ് ക്ലബ്ബിന്‍റെ സംഗീത ഉപകരങ്ങളൊക്കെ വെച്ചിരുന്നത്. ജലീല്‍ സംഗീത രംഗത്ത് സജീവമായതോടെ ജനതാ മ്യൂസിക് ക്ലബ് വീണ്ടും തുടങ്ങി. അക്കാലത്ത് ക്ലബ്ബിന് ധാരാളം പ്രോഗ്രാമുകള്‍ കിട്ടുമായിരുന്നു. കണക്കുകളൊന്നും നോക്കാതെയാണ് ജലീല്‍ ക്ലബ്ബിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നത്. എന്നിട്ടും കൊളത്തായി ഉസ്മാനില്‍ നിന്നു ജലീലിന് നേരിടേണ്ടിവന്നത് തിക്താനുഭവമാണ്. അക്കഥ ജലീല്‍ തന്നെ പറയുന്നു.

“ജനത രണ്ടാമതും തുടങ്ങിയ സമയത്ത് ഞാനും  നന്നായി ഹാര്‍മോണിയം വായിക്കുകയും പാടുകയും ചെയ്യുന്ന വടേക്കണ്ടി മാമുക്ക എന്നൊരാളും പിന്നെ ഉമ്മൂട്ടി എളാപ്പയുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്ക് എന്നെക്കാള്‍ പ്രായവും എക്സ്പീരിയന്‍സും ഉള്ളതുകൊണ്ട്  അവര്‍ക്ക് എന്നോടു ഒരുമാതിരി പുച്ഛമായിരുന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍  ഉമ്മൂട്ടിയാപ്പാക്ക് സുഖമില്ലാണ്ടായതോടെ മൂപ്പര്‍ പോയി. പിന്നെ എന്തോ കാരണത്താല്‍ മാമുക്കയെ ക്ലബ്ബില്‍ നിന്ന്‍ പുറത്താക്കി. പിന്നെ ഞാന്‍ മാത്രമായി. അന്നേരം ഞാന്‍ മ്യൂസിക്കില്‍ വലിയ മാറ്റം വരുത്തി. അങ്ങനെ ക്ലബ്ബിന് നല്ല പേരായി. നല്ല പൈസയും കിട്ടാന്‍ തുടങ്ങി. എന്നാല്‍ കൊളത്തായി ഉസ്മാനിക്ക എനിക്കു പൈസ തരില്ല.  എന്തെങ്കിലും നക്കാപ്പിച്ച തരും. ഞാന്‍ ഒന്നും പറയാറുമില്ല. അങ്ങനെ ഞാന്‍ എസ്എല്‍എല്‍സി എത്തി. ആ സമയത്ത് മട്ടന്നൂരില്‍ വെച്ചു ഒരു നാടകം കളിക്കുന്നുണ്ടായിരുന്നു. കാലടി ഗോപി എഴുതിയ ‘തിളക്കുന്ന കടല്‍’ എന്ന നാടകം. മട്ടന്നൂര്‍ എസ് എന്‍ കോളേജില്‍ ഞാന്‍ നടത്തിയ പ്രോഗ്രാം എല്ലാം കണ്ടിട്ട് അവര്‍ പറഞ്ഞു ഈ നാടകത്തിന്റെ മ്യൂസിക് നീ കമ്പോസ് ചെയ്യണം എന്നു. ആദ്യമായിട്ടാണ് അങ്ങനെ ഒരവസരം എനിക്കു കിട്ടുന്നത്. ഞാന്‍ ട്രൂപ്പിലെ ഉസ്മാനിക്കയോട് പോയി പറഞ്ഞു. എനിക്കു ഇങ്ങനെ ഒരു ചാന്‍സ് കിട്ടിയിട്ടുണ്ട്. ആദ്യമായിട്ടു  കിട്ടിയ ചാന്‍സാണ് എന്നൊക്കെ. അതുകൊണ്ട് എനിക്കു ഹാര്‍മോണിയം തരണം. ഉടനെ തന്നെ അയാള്‍ പറഞ്ഞു. നീ എങ്ങിനെയാണ് ആ നാടകം ഏറ്റെടുക്കല് അത് ക്ലബ്ബിന് കിട്ടേണ്ട നാടകമാണത്. പൈസയും ക്ലബ്ബിന് കിട്ടേണ്ടതാണ് എന്ന്. ഞാന്‍ കുറേ താണുകേണ് പറഞ്ഞു. പക്ഷേ അയാള്‍ തന്നില്ല. അതെനിക്ക് വല്യ വിഷമമായി. പിന്നെ എനിക്കു ഭയങ്കര ദേഷ്യം വന്നു. നിങ്ങള്‍ക്ക് പൈസ മാത്രമേ വേണ്ടൂ എന്നൊക്കെ പറഞ്ഞിട്ടു ഞാന്‍ അവിടന്ന് ഇറങ്ങി. അന്നേരം ക്ലബ്ബിന്‍റെ താക്കോല്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഞാന്‍ മറിയത്താത്തയുടെ (മാളിയേക്കല്‍ മറിയുമ്മ) മകന്‍ മഷൂദിനോട് പറഞ്ഞു അങ്ങനെ വിട്ടാല്‍ പറ്റില്ല, അവിടെപ്പോയിട്ട് ഹാര്‍മോണിയം എടുക്കണമെന്ന്. എന്നിട്ട് ഞങ്ങള്‍ ക്ലബ്ബില്‍ പോയി നോക്കുഴേക്കും അയാള്‍ എല്ലാം എടുത്തു അയാളുടെ വീട്ടില്‍ കൊണ്ടുവെച്ചിരുന്നു. രണ്ട് ഫോട്ടോയും കുറച്ചു പായയുമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അതോടെ ക്ലബ്ബ് പൊളിഞ്ഞു. ക്ലബ്ബ് പൊളിഞ്ഞപ്പോള്‍ എനിക്കു ഹാര്‍മോണിയം ഇല്ല. വാങ്ങാനുള്ള സാമ്പത്തികവും ഇല്ല. നമ്മള്‍ക്ക് ഒരു ക്ലബ്ബ് സ്റ്റാര്‍ട്ട് ചെയ്യണം എന്നു പറഞ്ഞു ഞങ്ങള്‍ സുബൈദ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട് എന്നു പറഞ്ഞു ക്ലബ്ബ് തുടങ്ങി. ടൌണ്‍ ഹാളില്‍ ഒരു പ്രോഗ്രാം നടത്തി. അതിനിടയില്‍ ഞാന്‍ ഇക്കാസ് കഫെ എന്ന നാടകം ചെയ്തു. അങ്ങനെ എനിക്കു കുറെ വര്‍ക്കുകള്‍ കിട്ടുന്നുണ്ടായിരുന്നു. ടൌണ്‍ ഹാളിലെ പ്രോഗ്രാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ഹാര്‍മോണിയം വാങ്ങി. അങ്ങനെ പ്രോഗ്രാമൊക്കെ ചെയ്യുന്നഹ്റ്റിനിടയില്‍ ഞങ്ങളുടെ ക്ലബ്ബിന്‍റെ  പേര് മാറ്റണം എന്നു തീരുമാനിച്ചു. സുബൈദ ഒരു പഴയ പേരാണ്. അങ്ങനെയാണ് ബ്ലൂ ജാക്ക്സ് എന്ന പേരിടുന്നത്. എന്‍റെ ഉപ്പയുടെ അനിയന്‍ ടിസി ബാബുക്കായാണ് ഈ പേരിടുന്നത്.”

മട്ടന്നൂര്‍ കോളേജിലും കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലും കണ്ണൂര്‍ എസ്എന്‍ കോളേജിലും ഒക്കെ  ജലീല്‍ പ്രോഗ്രാം അവതരിപ്പിക്കുമായിരുന്നു. വിഷക്കാറ്റ്, തൂക്കുമരത്തിന്റെ നിഴലില്‍, കാഞ്ചന സീത അടക്കം നിരവധി നാടകങ്ങള്‍ക്ക് ജലീല്‍ സംഗീതം ചെയ്തു. പണ്ട് കാലത്ത് മാപ്പിളപ്പാട്ട് പാടുന്ന സമയത്ത് ആ പാട്ട് തന്നെ ഫോളോ ചെയ്യലാണ്. പശ്ചാത്തല സംഗീതം ഉണ്ടായിരുന്നില്ല. അന്ന് മാപ്പിളപ്പാട്ടിന് പശ്ചാത്തല സംഗീതം ജലീല്‍ പരീക്ഷിച്ചു തുടങ്ങി.

അന്ന് പാട്ടുകള്‍ക്ക്  ജാതിയില്ലായിരുന്നു

“ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള പാട്ടുകള്‍ക്ക് ഞാന്‍ മ്യൂസിക് കൊടുത്തിട്ടുണ്ട്. ശ്രീനാരായണ ഗുരു ജയന്തിക്ക് ഇവിടെയൊക്കെ ഒരുപാട് പ്രോഗ്രാം ഉണ്ടാകും പല ക്ഷേത്രങ്ങളിലും ഞാന്‍ പാടിയിട്ടുണ്ട്. അന്നൊന്നും കലാകാരന്‍മാരുടെ ജാതിയും മതവും ഒന്നും ആരും നോക്കാറില്ലായിരുന്നു. അമ്പലത്തിലും ചര്‍ച്ചിലും എല്ലായിടത്തും പോകാമായിരുന്നു. ‘ദശരഥ നന്ദന ജാനകി മോഹന ജയ ജയ ശ്രീരാമ’ എന്ന പാട്ട് ഞാന്‍ പണ്ട് അമ്പലത്തിലൊക്കെ പാടിയിട്ടുണ്ട്. അത് ഭയങ്കര ഹിറ്റായിരുന്നു. ഇപ്പോള്‍ ഞാന്‍ ശ്രീനാരായണ ഗുരുവിനെ കുറിച്ച് രണ്ട് പാട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഞാന്‍ ഉണ്ടാക്കിയ പല പാട്ടുകളും പിന്നീട് പലരുടേയും പേരിലായിട്ടുണ്ട്. പീര്‍ മുഹമ്മദ് പാടിയ രണ്ട് പാട്ടുകള്‍ ഉണ്ട്. ഒന്നു ആനന്ദക്കുളിര്‍വീശും എന്നുള്ളതും, ഒന്ന് അഴകേറും മോളെ വാ എന്ന പാട്ടും ഈ രണ്ട് പാട്ടും എന്‍റേതാണ്. അഴകേറും മോളെ വാ എന്ന പാട്ടിന്‍റെ ട്യൂണ്‍ ഗുല്‍മോഹര്‍ സര്‍ എഴുതിയ പാട്ടിന് എന്റെ ഉപ്പ ചെയ്ത ട്യൂണ്‍ ആണ്. ആ ട്യൂണില്‍ ഞാന്‍ എന്‍റെ എളാപ്പയുടെ കല്യാണത്തിന് വേണ്ടി ഉണ്ടാക്കിയ പാട്ടാണ് അത്. ആനന്ദക്കുളിര്‍ വീശും വാഴയിലെ മുസ്തഫ എന്ന കൂട്ടുകാരന്റെ കല്യാണത്തിന് വേണ്ടിയിട്ട് ഞാന്‍ ഉണ്ടാക്കിയ പാട്ടാണ്. ഇത് എവിഎം റെക്കോഡാക്കി. മ്യൂസിക് എടി ഉമ്മറും പാട്ടെഴുതിയത് ഒവി അബ്ദുള്ളയും ആക്കി. എന്‍റെ കയ്യില്‍ വേറെ പ്രൂഫ് ഒന്നും ഉണ്ടായിരുന്നില്ല. അത് അറിയുന്ന പലരും ഉണ്ട്. പലരും എന്നോടു കേസ് കൊടുക്കാനൊക്കെ പറഞ്ഞു. പക്ഷേ ഞാന്‍ അതിനൊന്നും പോയില്ല. എരഞ്ഞോളി മൂസക്കൊക്കെ അതറിയാം. പിന്നെ എരഞ്ഞോളി മൂസക്ക് ആദ്യമായി ഹാര്‍മോണിയം വായിച്ചു കൊടുത്തത് ഞാനാണ്. എന്‍റെ ഒരു കൂട്ടുകാരന്‍ പറഞ്ഞു എരഞ്ഞോളി മൂസ നല്ലോണം പാടും നിന്റെ വീട്ടിലൊക്കെ വരുന്നതല്ലേന്ന്. അന്ന് ആദ്യം എരഞ്ഞോളി മൂസ ആദ്യം പാടിയത് പാമ്പുകള്‍ക്ക് മാളമുണ്ട് എന്ന പാട്ടാണ്. അതൊക്കെ കഴിഞ്ഞു ഒരുപാട് കൊല്ലം കഴിഞ്ഞതിന് ശേഷം 1970 ലാണെന്ന് തോന്നുന്നു എരഞ്ഞോളി മൂസയുടെ ആദ്യത്തെ  കേരളത്തിന് പുറത്തുള്ള  പരിപാടി എന്‍റെ കൂടെയായിരുന്നു. ഞാന്‍, എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, ജെഫ്രി, എന്‍റെ എളാപ്പ ഞങ്ങളെല്ലാരും കൂടെ ബോംബെ, സേലം, പുതുക്കോട്ട, തൃശിനാപ്പള്ളി, മദ്രാസ് തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം പോയി. അന്ന് പീര്‍ മുഹമ്മദ് നന്നായി പാടുന്ന സമയമായിരുന്നു. ആ സമയത്ത് പീര്‍മുഹമ്മദിന്റെ സൌണ്ട് അടഞ്ഞുപോയി. അന്ന് മൂസ നന്നായിട്ട് പാടി. കഴിഞ്ഞ തവണ വന്നപ്പോള്‍ ഞാന്‍ ഇതെല്ലാം മൂസയോട് പറഞ്ഞിരുന്നു. അന്നത്തെ നോട്ടീസൊക്കെ ഞാന്‍ കാണിച്ചു കൊടുത്തപ്പോള്‍ മൂസ അത്ഭുതപ്പെട്ടുപോയി.

തലശേരിയില്‍ മുസ്ലിം മഹിളാ സമാജം തുടങ്ങിയ കാലത്ത് അവര്‍ക്ക് വേണ്ടി പാട്ടുകള്‍ ട്യൂണ്‍ ചെയ്തത് ഞാനാണ്. കോഴിക്കോടുള്ള ആകാശവാണിയില്‍ നിന്നു റെക്കോര്‍ഡ് ചെയ്യാന്‍ വരുമ്പോള്‍ ഉമ്മൂട്ടി എളാപ്പ ഹാര്‍മോണിയം വായിക്കും ഞാന്‍ മഡ്ലീന്‍ വായിക്കും മഷൂദ് തബല വായിക്കും. മാളിയേക്കല്‍ നിസാറാണ് ആദ്യമായി തലശ്ശേരിയില്‍ വെസ്റ്റേണ്‍ ഡാന്സ് തുടങ്ങിയത്. ബാബുക്കാക്കയും മഷൂദും ഞങ്ങള്‍ വീട്ടുകാരെല്ലാം കൂടി ടൌണ്‍ഹാളില്‍ പരിപാടി നടത്തി. അസാദ്ധ്യ വിജയമായിരുന്നു. എന്നുവെച്ചാല്‍ വേറേതന്നെ സ്റ്റൈല്‍ ആണ്. അന്ന് ഹെരാള്‍ഡ് മാത്രമാണു ഗിറ്റാര്‍ വായിക്കുന്നത്. മുസ്ലിംകള്‍ക്കിടയിലൊന്നുമ് അന്ന് ആരും ഗിറ്റാര്‍ വായിക്കുന്നുണ്ടായിരുന്നില്ല. ഞാനാണ് ആദ്യമായി വായിക്കുന്നത്.”

ഫോട്ടോഗ്രാഫര്‍ ജലീല്‍

35 വര്‍ഷത്തോളം ജലീല്‍ മസ്ക്കറ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു.  ഉപ്പയില്‍ നിന്നു കിട്ടിയ പരിമിതമായ ഫോട്ടോഗ്രാഫി അറിവുകള്‍ ജലീലിന് ഫോട്ടോഗ്രാഫിയില്‍ താത്പര്യം ഉണ്ടാക്കി. അങ്ങനെയാണ് ജലീല്‍ തലശ്ശേരിയിലെ ഒരു സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫി പഠിക്കാന്‍ ചെല്ലുന്നത്. അവിടത്തെ അനുഭവത്തെ കുറിച്ചും സ്വന്തമായി ഫോട്ടോഗ്രാഫി പഠിച്ചതിനെ കുറിച്ചും ജലീല്‍ പറയുന്നു.

“ഫോട്ടോഗ്രാഫി പഠിക്കാനുള്ള ആഗ്രഹം കാരണം ഞാന്‍ ഇവിടെയുള്ള ഒരു സ്റ്റുഡിയോയില്‍ പോയി. അയാള്‍ എന്നെ പഠിപ്പിച്ചൊന്നും തന്നില്ല. വേറെ പല ജോലിയും ചെയ്യിക്കും. അങ്ങനെയാണ് ഞാന്‍ സ്വന്തമായി ഡാര്‍ക്ക് റൂം ഉണ്ടാക്കിയത്. കട്ടില്‍ ചെരിച്ച് വെച്ചിട്ടു പ്ലൈവുഡ് അടിച്ചിട്ടു ചെറിയൊരു ടോര്‍ച്ചൊക്കെ വെച്ചിട്ടാണ് ഡാര്‍ക്ക് റൂം. അങ്ങനെ സ്വന്തമായി പ്രയത്നിച്ചിട്ടു ഫോട്ടോഗ്രാഫി പഠിച്ചു. മസ്ക്കറ്റില്‍ എത്തിയപ്പോള്‍ ആദ്യം എനിക്കു കിട്ടിയ ജോലി ഫോട്ടോ ഗ്രാഫറുടെതാണ്. എന്‍റെ പരിമിതമായ അറിവ് വെച്ചിട്ടു ഞാന്‍ അത് ചെയ്തു. പിന്നെ അവര്‍ക്ക് എന്നെ വിടാന്‍ പറ്റാത്ത രീതിയിലേക്ക് മാറി.”

ജലീലിനെ കണ്ടാല്‍ പ്രായം 70 തോന്നില്ല. അത്രമേല്‍ ഉത്സാഹത്തോടെയും ചുറുചുറുക്കോടെയാണ് ജലീല്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. അഞ്ചാം ക്ലാസ്സുമുതല്‍ ജലീല്‍ സ്റ്റാമ്പ് കളക്ഷന്‍ തുടങ്ങിയതാണ്. അതൊരു ആല്‍ബമാക്കി സൂക്ഷിച്ചിട്ടുണ്ട്. ആക്രിയായി കൊണ്ടുകളയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മനോഹരമായ രൂപങ്ങള്‍ ഉണ്ടാക്കുന്നതില്‍ ജലീലിനുള്ള വൈദഗ്ദ്യം ആരെയും അത്ഭുതപ്പെടുത്തും. ഷിപ്പിന്റെ മോഡല്‍, പിയാനോ മോഡല്‍, ഹാര്‍മോണിയം ഗിറ്റാര്‍ മോഡലുകള്‍, പീരങ്കിയുടെ മോഡല്‍ ബോട്ടിന്റെ മോഡല്‍, ചര്‍ക്കയുടെ മോഡല്‍ തബലയുടെ മോഡല്‍, ഗ്രാമഫോണിന്റെ മോഡല്‍ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് ജലീല്‍. ഹിന്ദുസ്ഥാന്‍ മ്യൂസിക്കും കര്‍ണാട്ടിക് മ്യൂസിക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിച്ചു  ഒരു പുസ്തകവും എഴുതിവെച്ചിട്ടുണ്ട് ജലീല്‍.

മസ്ക്കറ്റില്‍ വെച്ചു നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുമ്പോള്‍ തന്നെ നിരവധി കുട്ടികളെ മ്യൂസിക് ഇന്‍സ്ട്രുമെന്‍റും കോല്‍ക്കളിയും ഒക്കെ ജലീല്‍ പഠിപ്പിച്ചു. കൈരളി ടിവിയുടെ പരിപാടിയില്‍ ബന്ധുവിന്റെ നിര്‍ബ്ബന്ധപ്രകാരം ജലതരംഗം വായിച്ചു. അന്ന് സദസ്സില്‍ ഉണ്ടായിരുന്ന യേശുദാസ് തന്നെ വിളിച്ച് അഭിനന്ദിച്ച സംഭവം അഭിമാനത്തോടെ ജലീല്‍ പറഞ്ഞു. ജലീലിന്റെ ഭാര്യ ആയിഷയും നന്നായി പാടും. ഭര്‍ത്താവിന് എല്ലാ പിന്തുണയും നല്കി ആയിഷ കൂടെയുണ്ട്. മൂന്നു മക്കളാണ് ജലീല്‍ ആയിഷ ദമ്പതികള്‍ക്ക്. രണ്ടാണും ഒരു പെണ്ണും. മൂത്തമകന്‍ ജലീലിനോടൊപ്പം കലാരംഗത്തുണ്ട്.

ജലീല്‍ ഫിലോസഫി

“1973 ലാണ് ഞാന്‍ കല്യാണം കഴിച്ചത്. എന്നെപോലെ പാട്ടില്‍ താത്പര്യം ഉള്ളവളാണ് ആയിഷയും. നല്ല പാട്ടുകാരിയാണ്. അറബിക് പാട്ടൊക്കെ പാടിയിട്ടു ഗള്‍ഫില്‍ നിന്നു സമ്മാനമൊക്കെ കിട്ടിയിട്ടുണ്ട്. എനിക്കു മൂന്ന് മക്കളുണ്ട്. രണ്ടാണും ഒരു പെണ്ണും. മൂത്ത മോനാണ് ഷാജഹാന്‍. അവന് ചെറുപ്പത്തിലെ മ്യൂസിക്കില്‍ ഭയങ്കര താത്പര്യമായിരുന്നു. ആശാ ഭോസ്ലെ, കല്യാണ്‍ ജി ഇവര്‍ക്ക് വേണ്ടിയൊക്കെ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. മൌത്ത് ഓര്‍ഗനും ഗിറ്റാറും എല്ലാ ഇന്‍സ്ട്രുമെന്‍റും വായിക്കും. തബലയിലാണ് അവന്‍ ആദ്യമായിട്ട് തുടങ്ങിയത്. മകന്റെ ഭാര്യയും പാടും. രണ്ടാമത്തെ മകനും മ്യൂസിക്കില്‍ താത്പര്യം ഉണ്ട്. അവന്‍ ജാസ്സ് ഒക്കെ വായിക്കും. മോളും നന്നായിട്ടു പാടും. ഞങ്ങള്‍ക്ക് ഒന്നിനോടും ആര്‍ത്തിയൊന്നും ഇല്ല. സന്തോഷത്തോടെ ജീവിക്കണം അത്രേയുള്ളൂ. മസ്ക്കറ്റില്‍ ഉള്ളപ്പോള്‍ എല്ലാ വ്യാഴാഴ്ചയും ആളുകള്‍ വരും പത്തു നാല്പതു ആളുണ്ടാകും. അവര്‍ക്കെല്ലാം ഇവള്‍ ഭക്ഷണം ഉണ്ടാക്കി കൊടുക്കും. പാട്ടും ഭക്ഷണവും ഒക്കെയായി അങ്ങനെ പോകും. എനിക്കിപ്പോള്‍ 70 വയസ്സു കഴിഞ്ഞു. നാലര മണിക്ക് എണീക്കും. എന്നിട്ട് ഞാന്‍ ഇരിക്കില്ല. ഞാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാക്കും. എന്നോടു പലരും ചോദിക്കും നീ എങ്ങിനെയാ ഇത്ര ആരോഗ്യത്തോടെ ഇരിക്കുന്നതെന്ന്. ഞാന്‍ പറയും നമ്മള്‍ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരുന്നാലാണ് പ്രായത്തെ തോല്‍പ്പിക്കാന്‍ കഴിയുക എന്നു.”

തലശ്ശേരിയുടെ സംഗീത ചരിത്രത്തില്‍ മാറ്റിനിര്‍ത്താനാവാത്ത മുദ്രകള്‍ പതിപ്പിച്ച ജീവിതമാണ് ജലീല്‍ മാളിയേക്കലിന്‍റേത്. ഈ എഴുപതാം വയസ്സിലും സംഗീത സാന്ദ്രമാണ് ജലീലിന്റെ ജീവിതം.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍