UPDATES

വായന/സംസ്കാരം

കൂട്ടിത്തുന്നല്‍ തൊഴിലിന്റെ കലാപരമായ ഔന്നിത്യത്തിന് അംഗീകാരമായി പ്രിയ രവീഷ് മെഹ്‌റ

സത്യത്തിന്റെ പ്രതീകവത്കരണമാണ് പ്രിയയുടെ പ്രതിഷ്ഠാപനത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്

കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രിയ രവീഷ് മെഹ്‌റയുടെ പ്രതിഷ്ഠാപനം കൂട്ടിത്തുന്നല്‍ വിദ്യയ്ക്കുള്ള അംഗീകാരം കൂടിയാണ്. അര്‍ബുദബാധയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രിയയുടെ ബിനാലെ പ്രതിഷ്ഠാപനം കൗതുകങ്ങളുടെ കലവറ കൂടിയാണ്.

നൂലിഴകളുമായി പ്രിയയ്ക്കുള്ള സ്‌നേഹബന്ധം തുടങ്ങുന്നത് ഉത്തര്‍പ്രദേശിലെ നജീബാബാദിലെ കുട്ടിക്കാലത്ത് നിന്നുമാണ്. കീറല്‍ വസ്ത്രങ്ങളെ അതേ നിറത്തില്‍ ഇഴകോര്‍ത്ത് തുന്നി ശരിയാക്കുന്ന നിരവധി പേര്‍ ദൈനംദിനമെന്നോണം ഇത്തരം നഗരങ്ങളില്‍ വീട്ടുപടിക്കല്‍ കൂടിയെത്തും. ഇക്കൂട്ടത്തില്‍് കശ്മീരില്‍ നിന്നും കൂട്ടിത്തുന്നല്‍ കലയുടെ പ്രതീകമായ ഷാളുകളുമായി വരുന്നവരുമുണ്ടാകും. വളരെ സങ്കീര്‍ണതകളുള്ള ഈ തുന്നല്‍ രീതി പരമ്പരാഗതമായി കൈമാറി വരുന്നതാണ്. ഇതില്‍ നിന്നുമാണ് വസ്ത്രങ്ങളുടെ ലോകത്തേക്ക് പ്രിയ രവീഷ് മെഹ്‌റ കടന്നു വന്നത്.

സത്യത്തിന്റെ പ്രതീകവത്കരണമാണ് പ്രിയയുടെ പ്രതിഷ്ഠാപനത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ഹിന്ദിയില്‍ ഋത് എന്ന വാക്ക് കൊണ്ട് ഇതിനെ വിശേഷിപ്പിക്കുന്നു. ഇതിന്റെ സാര്‍വലൗകീക താളം കണ്ടെത്താനുള്ള ശ്രമമാണ് പ്രിയ നടത്തുന്നതെന്ന് കൊച്ചി ബിനാലെ ക്യൂറേറ്റര്‍ അനിത ദുബെ ചൂണ്ടിക്കാട്ടി. തുണിക്കഷണങ്ങള്‍ കൊണ്ട് കാഴ്ചയ്ക്കറിയാത്ത വിധം ശരിപ്പെടുത്തിയെടുക്കുന്ന വിദ്യയാണ് ഇവിടെ അവതരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മരം, കടലാസ്, നാരുകള്‍, വസ്ത്രം എ്ന്നിവ കൊണ്ടാണ് പ്രിയയുടെ സൃഷ്ടികള്‍ അധികവും. കൈ കൊണ്ട് തുന്നിയെടുത്ത പഷ്മിന ഷാളാണ് ഇതിലെ ശ്രദ്ധാകേന്ദ്രം. പ്രകൃതിദത്തമായ നിറങ്ങള്‍ മാത്രമേ ഇതില്‍ ഉപയോഗിച്ചിട്ടുള്ളൂ. അതിലെ തുന്നല്‍ പണികള്‍ നൂല്, കടലാസ് പള്‍പ്പ് എന്നിവ കൊണ്ടു നിര്‍മ്മിച്ചതുമാണ്.

പ്രിയയുടെ സൃഷ്ടികള്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാലറി ത്രെഷോള്‍ഡിന്റെ ഡയറക്ടര്‍ ടുന്റി ചൗഹാന്‍ പറഞ്ഞു. പ്രിയയുടെ 56 സൃഷ്ടികളാണ് ഈ ഗാലറി ബിനാലെയ്ക്കു വേണ്ടി നല്‍കിയത്.

തുണി ഉപയോഗിച്ചുള്ള കലാപഠനത്തില്‍ പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലെ സസക്‌സ് വെസ്റ്റ് ഡീന്‍ കോളേജ്, റോയല്‍ കോളേജ് ഓഫ് ആര്‍ട്‌സ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ഉപരിപഠനവും നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍