UPDATES

വായന/സംസ്കാരം

കലാ പ്രകടനത്തെ പോണ്‍ വീഡിയോയാക്കി പ്രസിഡന്‍റ് ബോൾസോനാരോയുടെ ട്വീറ്റ്; ബ്രസീലില്‍ ലൈംഗിക ന്യൂനപക്ഷം ആക്രമിക്കപ്പെടുന്നു

ബോൾസോനാരോയുടെ പിന്തിരിപ്പൻ വാചാടോപങ്ങൾ രാജ്യത്തെ ഒരു സാംസ്കാരിക യുദ്ധത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്

ബ്രസീലിന്‍റെ തീവ്ര വലതുപക്ഷ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒരു ലൈംഗിക വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. സാവോ പോളോ കാർണിവലിൽവെച്ച് ചിത്രീകരിച്ച ഒരു ഗേ സ്ട്രീറ്റ് പാർട്ടിയിൽ നിന്നുള്ള 40 സെക്കൻഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പായിരുന്നു അത്. 3.5 ദശലക്ഷം ആളുകളാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ‘ഇത് കാണിക്കാന്‍ ഒട്ടും താല്‍പര്യപ്പെടുന്നില്ലെങ്കിലും സത്യം തുറന്നുകാട്ടേണ്ടതുണ്ട്. ഇതാണ് ബ്രസീലിയൻ കാർണിവലിന്‍റെ അവസ്ഥ’ എന്ന് അദ്ദേഹം വീഡിയോക്ക് അടിക്കുറിപ്പും എഴുതി.

പോൾക്സ് കാസ്റ്റെല്ലോ എന്ന കലാകാരനായിരുന്നു ആ വീഡിയോക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ബോൾസോനാരോ ട്വീറ്റ് ചെയ്തത് അദ്ദേഹത്തിന്‍റെ വീഡിയോയാണ്. യഥാർത്ഥത്തിൽ ആറ് പേരുള്ള ഒരു കലാ കൂട്ടായ്മയുടെ മൂന്ന് മണിക്കൂർ ദൈര്‍ഘ്യമുള്ള ഒരു ഗറില്ലാ കലാ പ്രകടനത്തിന്‍റെ ഭാഗമായിരുന്നു ആ ക്ലിപ്പ്. അജ്ഞാതനായ ആരോ അതിന്‍റെ ഒരു ഭാഗം മൊബൈൽ ഫോണിൽ പകർത്തി ട്വിറ്ററിൽ പോസ്റ്റു ചെയ്യുകയായിരുന്നു.

ഭിന്നലിംഗക്കാരെയും സ്വര്‍ഗ്ഗാനുരാഗികളേയും എപ്പോഴും തുറന്നെതിര്‍ത്തിരുന്ന ബോൾസോനാരോ പ്രസിഡന്‍റായതിനു ശേഷവും അവര്‍ക്കെതിരെയുള്ള അധിക്ഷേപം തുടരുകയാണ്. അതോടെ പലര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായി. വീഡിയോ വൈറലായതോടെ ‘ഞങ്ങൾ വ്യക്തിപരമായി ആക്രമിക്കപ്പെടുകയാണെന്ന്’ പോൾക്സ് കാസ്റ്റെല്ലോ പറയുന്നു.

‘ഇത്തരത്തിലുള്ള കാര്യങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത പൊതു ഇടങ്ങളില്‍ ഇങ്ങനെയുള്ള കലാ പ്രകടനം നടത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ –എന്ന് കൂട്ടായ്മയിലെ അംഗമായ ജെഫ് പറഞ്ഞു. ‘നമ്മുടെ ഭാവനയുടെ ഹാക്കിംഗ്’ എന്നാണ് അവരതിനെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ ബോൾസോനാരോയുടെ പിന്തിരിപ്പൻ വാചാടോപങ്ങൾ രാജ്യത്തെ ഒരു സാംസ്കാരിക യുദ്ധത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. നിരവധി ആർട്ട് എക്സിബിഷനുകളും നാടക പ്രകടനങ്ങളുമെല്ലാം നിര്‍ത്തിവെക്കാന്‍ കലാകാരന്മാര്‍ നിർബന്ധിതരായി. നേരിട്ടുള്ള രാഷ്ട്രീയ ഇടപെടലുകളോ, കലാപ്രകടനം നടത്തുന്നവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളോ ഒക്കെയായിരുന്നു കാരണം. റിയോ ഗവർണറും പ്രസിഡന്‍റിന്‍റെ അടുത്ത സഖ്യകക്ഷിയുമായ വിൽസൺ വിറ്റ്സലിന്‍റെ ഇടപെടലിനെത്തുടർന്ന് നഗ്നത പ്രമേയമായിവരുന്ന ഒരു ഷോ അടുത്തിടെ റദ്ദാക്കിയിരുന്നു.

ബ്രസീലിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷകങ്ങളിൽ ഒന്നാണ് അവിടുത്തെ കാർണിവലുകള്‍. രാജ്യം സന്ദര്‍ശിക്കാന്‍ സ്വവർഗ്ഗാനുരാഗികളായവരെ സ്വാഗതം ചെയ്യരുതെന്നാണ് ബോൾസോനാരോ പറയുന്നത്. ‘നിങ്ങൾ ഇവിടെ വന്ന് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതാകാം. എന്നാൽ ഈ സ്ഥലം ഒരു സ്വവർഗ്ഗാനുരാഗികളുടെ ഒരു പറുദീസയായി അറിയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

‘സ്വവർഗ്ഗാനുരാഗികളുടെ, സ്വവർഗ്ഗ ടൂറിസത്തിന്‍റെ രാജ്യമായി മാറാന്‍ ബ്രസീലിന് കഴിയില്ല. ഞങ്ങൾക്കെല്ലാം കുടുംബങ്ങളുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നിട്ടും, എല്ലാ അപകടങ്ങൾക്കിടയിലും, കലാകാരന്മാർ പിന്മാറിയിട്ടില്ല. കഴിഞ്ഞ മാസം സെൻട്രൽ സാവോ പോളോയിലെ കലാകേന്ദ്രമായ എസ്പോഞ്ചയിൽ അവര്‍ വീണ്ടും ഒത്തുകൂടി കാലാ പ്രകടനം നടത്തി. എഴുപതോളം കാണികള്‍ ഉണ്ടായിരുന്നു. പ്രകടനത്തിന്‍റെ ഭൂരിഭാഗവും ഒരു പോണ്‍ വെബ്‌സൈറ്റ് വഴി തത്സമയം പ്രക്ഷേപണം ചെയ്യുകയും ചെയ്‌തു. നമ്മുടെ സ്വകാര്യതകളുടെ ലിസ്റ്റില്‍ നിന്നും ലൈംഗീകത നീക്കം ചെയ്യണമെന്നാണ് ഇത്തരം പ്രകടനങ്ങളെ അനുകൂലിക്കുന്നവര്‍ പറയുന്നത്. കലയും ലൈംഗികതയും തമ്മില്‍ ബന്ധമുണ്ട്. രണ്ടും സമൂഹത്തിന്‍റെ ആഗ്രഹത്തിന്‍റെ ഉപോല്‍പ്പന്നങ്ങളാണ്. നമ്മുടെ ലൈംഗികതയെക്കുറിച്ച് ഏല്ലാവര്‍ക്കും ഒരു തുറന്ന കാഴ്ചപ്പാടുണ്ടായിരിക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

Read More: ലോകം ‘കാലാവസ്ഥാ വിവേചന’ത്തിന്‍റെ പിടിയില്‍; സമ്പന്നർ രക്ഷപ്പെടുന്നു, കഷ്ടപ്പാട് ദരിദ്രര്‍ക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍