UPDATES

വായന/സംസ്കാരം

കര്‍ഷകരുടെ ദുരിതവും നഗരവത്കരണത്തിന്റെ കെടുതികളും പ്രതിഷ്ഠാപനമാക്കി ശാംഭവി സിംഗ്

അരിവാളുകള്‍, വിശറികള്‍, ജലഹാരം(തൊട്ടികള്‍ കൂട്ടിക്കെട്ടി വെള്ളം കോരുന്നതിനുള്ള ഗ്രാമീണ സംവിധാനം) എന്നിവയാണ് ശാംഭവിയുടെ പ്രതിഷ്ഠാപനത്തിലെ പ്രധാന ഭാഗങ്ങള്‍

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ആര്‍ട്ടിസ്റ്റ് ശാംഭവി സിംഗിന്റെ പ്രതിഷ്ഠാപനം ഒറ്റ നോട്ടത്തില്‍ തന്നെ സന്ദര്‍ശകരുമായി സംവദിക്കുന്നതാണ്. നിറയെ അടുക്കി വച്ചിരിക്കുന്ന അരിവാളുകളും വിശറികളും കാര്‍ഷിക മേഖലയുടെ പ്രതിസന്ധിയും അതിനു കാരണമായ നഗരവത്കരണത്തെയും സൂചിപ്പിക്കുന്നു. ബിഹാറിലെ ഒരു കര്‍ഷക ഗ്രാമത്തില്‍ ജനിച്ച ശാംഭവി സിംഗിന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് പിന്നീട് അവരുടെ കലാസൃഷ്ടികള്‍ക്ക് പ്രമേയമായത.് മാട്ടി മാ(ഭൂമിദേവി) എന്ന പേരിട്ടിരിക്കുന്ന ബിനാലെ പ്രതിഷ്ഠാപനം കര്‍ഷകരുടെ ദുരിതപൂര്‍ണമായ ജീവിതത്തെയാണ് കാണിക്കുന്നത്.

അരിവാളുകള്‍, വിശറികള്‍, ജലഹാരം(തൊട്ടികള്‍ കൂട്ടിക്കെട്ടി വെള്ളം കോരുന്നതിനുള്ള ഗ്രാമീണ സംവിധാനം) എന്നിവയാണ് ശാംഭവിയുടെ പ്രതിഷ്ഠാപനത്തിലെ പ്രധാന ഭാഗങ്ങള്‍. അരിവാളിലൂടെ കര്‍ഷകന്റെ ദുരിതത്തെയും അവന്റെ പോരാട്ട വീര്യത്തെയും ശാംഭവി കാണിച്ചു തരുന്നു. വിശറി കര്‍ഷകന് ആശ്വാസം പകരുന്നതാണ്. കര്‍ഷകന്റെ ജീവിതത്തിലെ കറുത്ത ഏടാണ് പ്രതിഷ്ഠാപനം പ്രദര്‍ശിപ്പിക്കുന്നതെന്ന് ശാംഭവി പറഞ്ഞു.

അരിവാളിനെ പ്രതിരോധത്തിന്റെ പ്രതീകമാക്കുന്നതു പോലെ തന്നെ ജലഹാരത്തെ മണ്‍മറഞ്ഞ് പോയ വിത്തുകളുടെ തിരിച്ചു വരവിനെ കാണിക്കുന്നു. സാമൂഹ്യ ചരിത്ര പശ്ചാത്തലത്തില്‍ കൂടി വേണം ഈ പ്രതിഷ്ഠാപനത്തെ കാണാനെന്ന് ശാംഭവി പറഞ്ഞു.സാധാരണക്കാരുമായാണ് തന്റെ പ്രതിഷ്ഠാപനം ഏറ്റവും കൂടുതല്‍ സംവദിക്കുന്നതെന്ന് ശാംഭവി പറഞ്ഞു. നഗരവത്കരണത്തിലൂടെ ജനസംഖ്യ വര്‍ധിച്ചു. ജനങ്ങള്‍ കൃഷിയില്‍ നിന്ന് വ്യതിചലിച്ച് മറ്റ് വാണിജ്യമാര്‍ഗങ്ങളിലേക്ക് കടന്നു. ക്രമേണ കൃഷിഭൂമിയും കൃഷിയും അപ്രത്യക്ഷമായി മാറുന്ന കാഴ്ചയാണ് ഇന്നുള്ളതെന്ന് അവര്‍ പറഞ്ഞു.

ഭക്ഷണം പ്ലാസ്റ്റിക് പാക്കറ്റുകളിലെത്തുന്ന മായാജാലകാലത്താണ് ഇന്നത്തെ തലമുറ ജീവിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എങ്ങിനെയാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നതെന്ന് കുട്ടികള്‍ക്കറിയില്ല. തന്റെ പ്രതിഷ്ഠാപനത്തിലൂടെ ലോകം കര്‍ഷകനെ ഓര്‍ക്കും. സ്വന്തം കുടുംബത്തോട് മാത്രമല്ല, സമൂഹത്തോടും ഭൂമി ദേവിയോടുമുള്ള അവന്റെ പ്രതിബദ്ധതയും സന്ദര്‍ശകര്‍ ഓര്‍മ്മിക്കുമെന്നും ശാംഭവി പറഞ്ഞു.

ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലുള്‍പ്പെടെ ശാംഭവിയുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബിരുദപഠനത്തിനു ശേഷം ബിഹാറില്‍ നിന്നും ഡല്‍ഹിയിലെത്തിയപ്പോള്‍ ഗ്രാമീണ ജീവിതത്തെയും നഗരജീവിതത്തെയും അടുത്തു നിന്ന് നിരീക്ഷിക്കാന്‍ ശാംഭവിക്ക് കഴിഞ്ഞിട്ടുണ്ട്. കാര്‍ഷിക പ്രമേയത്തിലധിഷ്ഠിതമായാണ് എണ്‍പതുകളില്‍ കലാജീവിതം തുടങ്ങിയ ശാംഭവിയുടെ സൃഷ്ടികളിലധികവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍