UPDATES

വായന/സംസ്കാരം

‘തൂണിലും തുരുമ്പിലും കലയുടെ തരിമ്പെങ്കിലും കാണും’; തെരുവുകളെ കലാവേദിയാക്കുന്ന ഫ്രഞ്ചു കലാകാരി വെറോണിക്ക കൊച്ചിയില്‍

നാലാം ബിനാലെയുടെ ഭാഗമായാണ് എബിസിയും സംഘടിപ്പിച്ചിട്ടുള്ളത്.

തൂണിലും തുരുമ്പിലും കലയുടെ തരിമ്പെങ്കിലും കാണുമെന്നു വിശ്വസിക്കുന്ന ഫ്രഞ്ചു കലാകരി വെറോണി ഫില്ലറ്റിനെ പരിചയപ്പെടാം.കൊച്ചി ബിനാലെയിലെത്തിയ വെറോണിക്ക കൊച്ചിയിലെ കുട്ടികള്‍ക്കും പകര്‍ന്നുകൊടുത്തത് കലയുടെ ഇതുവരെ കാണാത്ത പരോപകാരപ്രദവും അമൂല്യവുമായ വശങ്ങളായിരുന്നു.

പാഴ്‌വസ്തുക്കളെന്നും മാലിന്യമെന്നും മനുഷ്യന്‍ മുദ്രകുത്തി തെരുവിലെറിയുന്ന സാധനങ്ങള്‍ പൊന്നുപോലെ പെറുക്കിയെടുക്കും. ചിലപ്പോള്‍ അവ ബാഗില്‍ സൂക്ഷിക്കും. പാനീയ ടിന്നുകളടക്കമുള്ള അത്തരം വസ്തുക്കളില്‍ സ്വന്തം കരവിരുത് പകര്‍ന്ന് താരമാകുകയാണ് അറുപത്താറുകാരിയായ വെറോണിക്ക. വിദ്യ കബ്രാല്‍ യാര്‍ഡില്‍ ബിനാലെയുടെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) എന്ന പരിപാടിയില്‍ ഈ കലാകാരി ഇവ പ്രദര്‍ശനത്തിനെത്തിച്ചു.

‘തകരപ്പാത്രങ്ങള്‍ കൊണ്ട് എന്തു ചെയ്യാനാവും’-വെറോണിക്ക വിദ്യാര്‍ഥികളും മുതിര്‍ന്നവരുമടങ്ങിയ സദസുമായി നടത്തിയ ആശയവിനിമയത്തിന്റെ വിഷയം തന്നെ ഇതായിരുന്നു. കുട്ടികളോടു സംസാരിച്ചശേഷം പിന്നെ മുഴുകിയത് താന്‍ നിധി പോലെ കരുതുന്ന പാഴ്വസ്തുക്കളുപയോഗിച്ചുള്ള പ്രായോഗിക വിദ്യകളിലായിരുന്നു. കോള ടിന്നുകളുപയോഗിച്ച് കമ്മലുകളും പ്രദര്‍ശന വസ്തുക്കളും ചാരുതയോടെ നിര്‍മിച്ച് അവര്‍ സദസിന്റെ മനം കവരുകയായിരുന്നു.

15 വര്‍ഷമായി തെരുവുകളെ കലാവേദിയാക്കുന്ന വെറോണിക്കയുടെ ഇഷ്ടം തൊപ്പികളോടാണ്. ലോകത്ത് എവിടെ പോയാലും ബഹുവര്‍ണത്തിലെന്തു കണ്ടാലും വെറോണിക്ക അവ കൈക്കലാക്കും. പിന്നെ സ്വന്തം ബാഗില്‍ സൂക്ഷിക്കും. പിന്നീട് അവയില്‍നിന്ന് പിറന്നുവീഴുന്നത് വര്‍ണങ്ങള്‍ ചാലിച്ച തൊപ്പികളായിരിക്കും. വിവിധ ഭൂഖണ്ഡങ്ങളിലെ സംസ്‌കാരത്തെ സംയോജിപ്പിക്കുന്ന വേദിയാണ് കൊച്ചി മുസിരിസ് ബിനാലെയെന്നും വെറോണിക്ക അവിടെ ഏവര്‍ക്കും ലഭിക്കുന്നത് ചിന്തകളുടെയും വിചാരങ്ങളുടെയും അക്ഷയഖനിയാണെന്ന് കൂട്ടിച്ചേര്‍ത്തു.

താന്‍ പാഴ് വസ്തുക്കളില്‍നിന്ന് ആഭരണങ്ങളുണ്ടാക്കുന്നത് വില്‍ക്കാനല്ല, ജനങ്ങളുമായി കൂടുതല്‍ അടുക്കാനാണ്. അവര്‍ വേണമെങ്കില്‍ തങ്ങളുടെ ഭാവനയ്ക്കനുസരിച്ചുള്ള കലാവസ്തുക്കളുണ്ടാക്കി വില്‍ക്കട്ടെ. ആ പണം വേദനിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ വിനിയോഗിക്കുകയാണ് വേണ്ടത്- തന്റെ കലയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.

ഒന്നിച്ചിരുന്ന് കലാസൃഷ്ടി നടത്തുന്നതിലെയും അവിടെ കിട്ടുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മുതിര്‍ന്നവര്‍ക്കായാലും കുട്ടികള്‍ക്കായാലും പ്രയോജനപ്പെടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എബിസി മേധാവി ബ്ലെയ്‌സ് ജോസഫ് കുട്ടികളെ വെറോണിക്കയ്ക്ക് പരിചയപ്പെടുത്തി. നാലാം ബിനാലെയുടെ ഭാഗമായാണ് എബിസിയും സംഘടിപ്പിച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍